Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രളയ ദുരന്തം: കേരളത്തെ കരകയറ്റാൻ വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്രസർക്കാർ വഴിതുറക്കുമോ? വിവിധ സംഘടനകളും ഫൗണ്ടേഷനുകളും വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്നതിൽ അപാകതയില്ലെന്ന് വാദം; ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് കേരളത്തിന് വിദേശ സഹായം സ്വീകരിക്കാമെന്നും റിപ്പോർട്ട് ചെയ്ത് എൻഡി ടിവി; നിലപാട് മാറ്റം വിഷയം വിവാദമായതോടെയെന്നും സൂചന

പ്രളയ ദുരന്തം: കേരളത്തെ കരകയറ്റാൻ വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്രസർക്കാർ വഴിതുറക്കുമോ?  വിവിധ സംഘടനകളും ഫൗണ്ടേഷനുകളും വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്നതിൽ അപാകതയില്ലെന്ന് വാദം; ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് കേരളത്തിന് വിദേശ സഹായം സ്വീകരിക്കാമെന്നും റിപ്പോർട്ട് ചെയ്ത് എൻഡി ടിവി; നിലപാട് മാറ്റം വിഷയം വിവാദമായതോടെയെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രളയദുരിതത്തിലായ കേരളത്തെ കരകയറ്റാൻ വിദേശ സഹായവും മാനുഷിക സഹായവും സ്വീകരിക്കുന്നതിന് കേന്ദ്ര സർക്കാർ വാതിൽ തുറക്കുമെന്ന് സൂചന. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കേരളത്തിനകത്തും പുറത്തും വിവാദം ചൂടുപിടിച്ചതോടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ആലോചന. കേരളത്തിനു വിദേശ സഹായം സ്വീകരിക്കാൻ തടസമില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഒരു രാജ്യവും ഇതുവരെ ഔദ്യോഗികമായി സഹായം വാഗ്ദാനം ചെയ്തിട്ടില്ല. വിവിധ സംഘടനകളും ഫൗണ്ടേഷനുകളുമാണ് സഹായം വാഗ്ദാനം ചെയ്തത്. ഈ സഹായങ്ങൾ നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് കേരളത്തിനു സ്വീകരിക്കാമെന്ന് എൻഡിടിവി പറയുന്നു.

.പ്രളയദുരിതാശ്വാസത്തിനായി കേരളത്തിനു വിദേശരാജ്യങ്ങൾ നൽകുന്ന സഹായം സ്വീകരിക്കേണ്ടെന്നു കേന്ദ്ര സർക്കാർ നിലപാടെടുത്തിരുന്നു. വിദേശ രാജ്യങ്ങളുടെയും ഏജൻസികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം മാറ്റേണ്ടതില്ലെന്ന നിലപാടാണു കേന്ദ്രത്തിനുള്ളത്. കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യമറിയിച്ചു.

യുഎഇയിൽനിന്നാണ് പ്രധാനമായും വിദേശ സഹായ വാഗ്ദാനം ഉണ്ടായത്. ഇവിടെനിന്നും 700 കോടി രൂപയാണ് നൽകാമെന്ന് അറിയിച്ചത്. ഇത്തരത്തിൽ നിരവധി രാജ്യങ്ങൾ കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്നെങ്കിലും കേന്ദ്രം തടസം ഉന്നയിക്കുകയായിരുന്നു.
വിദേശരാജ്യത്തു നിന്നും പണം വാങ്ങേണ്ടന്ന കേന്ദ്രസർക്കാറിന്റെ ഒന്നര പതിറ്റാണ്ട് നീണ്ട നിലപാട് കേരളത്തിന് വേണ്ടി തിരുത്തേണ്ട കാര്യമില്ലെന്നാണ് കേന്ദ്രസർക്കാർ നേരത്തെ നിലപാടെടുത്തത്. ഇതോടെ യുഎഇ കേരളത്തിന് ഓഫർ ചെയ്ത 700 കോടിയുടെ കേന്ദസഹായം ലഭിക്കില്ലെന്നാണ് ആശങ്ക. വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം പതിനഞ്ച് വർഷം മുൻപാണ് ഇന്ത്യ സ്വീകരിച്ചത്. ഈ നയത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്. അതേസമയം വ്യക്തിപരമായി യുഎഇ ഭരണാധികാരികൾക്ക് ഇന്ത്യയെ സഹായിക്കാം എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലുണ്ടായ പ്രളയത്തെ തുടർന്ന് യുഎഇ ഇന്ത്യയ്ക്ക് 700 കോടിയുടെ സാമ്പത്തികസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിദേശരാജ്യങ്ങളുടെ സംഭാവനകൾ സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യൻ നയം അനുസരിച്ച് ഈ സഹായം കേരളത്തിന് കിട്ടില്ല എന്ന സ്ഥിതി വന്നു. ഇതിനെതിരെ വൻതോതിൽ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഇന്നലെ രാത്രി തന്നെ ഡൽഹിയിൽ ഉന്നത യോഗം ചേർന്നിരുന്നു. ഇതിനപ് ശേഷമാണ് ധനസഹായം വാങ്ങേണ്ട കാര്യമില്ലെന്ന നിലപാട് സ്വീകരിച്ചത്.

യുഎഇ ഇത്രയും വലിയ തുക സഹായമായി പ്രഖ്യാപിച്ചതും അവരുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധവും ഇക്കാര്യം പുനപരിശോധിക്കാൻ കാരണമായി. യുഎഇയെ കൂടാതെ ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായവാഗ്ദാനവുമായി രംഗത്തു വന്നിരുന്നു. എന്നാൽ ദുരന്തഘട്ടങ്ങളിൽ വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന പതിനഞ്ച് വർഷത്തെ നയം മാറ്റേണ്ടതില്ലെന്നാണ് ചർച്ചകൾക്കൊടുവിൽ കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്ന നയം.

നേരത്തെ ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലും പ്രളയമുണ്ടായപ്പോഴും വിദേശരാജ്യങ്ങളുടെ സഹായം ഇന്ത്യ നിഷേധിച്ചിരുന്നു. ഇതേ നിലപാട് ഇപ്പോഴും തുടരാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. അതേസമയം വ്യക്തിപരമായി യുഎഇ ഭരണാധികാരികൾക്ക് കേരളത്തെ സഹായിക്കുന്നതിൽ ഒരു തടസ്സവുമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. യുഎഇ ഭരണാധികാരികൾക്കോ ദുബായ്,അബുദാബി കിരീടാവകാശികൾക്കോ മുഖ്യമന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ ദുരിതാശ്വാസനിധിയിലേക്ക് വ്യക്തിപരമായി സഹായം നൽകുന്നതിൽ തടസമില്ലെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വരും ദിവസങ്ങളിൽ ലഭിക്കും.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ നൽകിയ സഹായവും വേണ്ടെന്ന് നിലപാടിലാണ് കേന്ദ്രസർക്കാർ. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് യു.പി.എ സർക്കാരിന്റെ നയം മാറ്റേണ്ടതില്ലെന്ന് കേന്ദ്രം നിലപാടെടുക്കുകയായിരുന്നു. വായ്പയായി മാത്രമേ പണം സ്വീകരിക്കാൻ കഴിയുകയുള്ളൂ. കേരളത്തിനാണെങ്കിൽ യു.എ.ഇയിൽ നിന്ന് നേരിട്ട് വായപയെടുക്കാനും സാധിക്കില്ല.

നേരത്തെ യു.എൻ ഉൾപ്പെടെയുള്ള ഏജൻസുകളുടെ സഹായവും കേന്ദ്രസർക്കാർ വേണ്ടെന്നുവെച്ചിരുന്നു. വർഗീയ രാഷ്ട്രീയത്തെ എന്നും അകറ്റി നിർത്തിയിട്ടുള്ള കേരളത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികാര നടപടിയുടെ ഭാഗമാണിതെന്ന വിമർശനം ഇതിനകം തന്നെ ഉയർന്നുവന്നിട്ടുണ്ട്. പ്രളയദുരിതം നേരിടുന്ന കേരളത്തിന് അനുവദിച്ച അരിക്ക് പണമീടാക്കാനുള്ള കേന്ദ്രനീക്കം കഴിഞ്ഞദിവസം വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കു വഴിവെച്ചിരുന്നു.

കേന്ദ്രസഹായമായി ഒരു ലക്ഷം മെട്രിക് ടൺ അരിയാണ് സംസ്ഥാനം ആവശ്യപ്പെട്ടതെങ്കിലും, അനുവദിച്ചത് 89549 മെട്രിക് ടൺ അരിയാണ്. എന്നാൽ ഇത് സംബന്ധിച്ച് വന്ന ഉത്തരവിൽ അരിവിലയും, ഗതാഗത ചെലവും സംസ്ഥാന സർക്കാർ വഹിക്കണം എന്നാണ് ഉണ്ടായിരുന്നത്. ഇത് മാധ്യമങ്ങൾ പുറത്തുകൊണ്ടുവരികയായിരുന്നു. പ്രതിഷേധം ശക്തമായതോടെ സർക്കാർ ഈ തീരുമാനം പിൻവലിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം കേന്ദ്രസർക്കാർ നടപടി കേരളത്തെ കുടുത്ത നിരാശയിലാക്കുന്നുണ്ട്. ബിജെപി രാഷ്ട്രീയത്തെ എന്നും അകറ്റി നിർത്തിയിട്ടുള്ള കേരളത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികാര നടപടിയുടെ ഭാഗമാണിതെന്നാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്നും ഉയരുന്ന വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP