Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

മഹാരാഷ്ട്രയെ കൈപ്പിടിയിലൊതുക്കിയ കുടുംബ രാഷ്ട്രീയം: മന്ത്രിസഭാ വികസനം പൂർത്തിയായപ്പോൾ കുടുംബത്തിൽ മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെ; മിനി കാബിനറ്റായി മാറി താക്കറെ കുടുംബം: രാഷ്ട്രീയത്തിൽ കുടുംബവാഴ്ച നിലനിർത്തി പോകുന്നതിൽ മഹാരാഷ്ട്ര മുന്നിലോ ?

മഹാരാഷ്ട്രയെ കൈപ്പിടിയിലൊതുക്കിയ കുടുംബ രാഷ്ട്രീയം: മന്ത്രിസഭാ വികസനം പൂർത്തിയായപ്പോൾ കുടുംബത്തിൽ മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെ; മിനി കാബിനറ്റായി മാറി താക്കറെ കുടുംബം: രാഷ്ട്രീയത്തിൽ കുടുംബവാഴ്ച നിലനിർത്തി പോകുന്നതിൽ മഹാരാഷ്ട്ര മുന്നിലോ ?

മറുനാടൻ മലയാളി ബ്യൂറോ

മുംബെെ: കുടുംബ രാഷ്ട്ട്രീയത്തിന്റെ തുടർച്ചകളുടെ വിളനിലമായി അറിയപ്പെടുന്ന രാജ്യമാണ്  നമ്മുടേത്. ദേശിയ രാഷ്ട്രീയത്തിൽ എല്ലായിടത്തും പാരമ്പര്യമായി അധികാരം നിലനിർത്താൻ കുടുംബ രാഷ്ട്രീയം നമുക്ക് കാണാം. അതിൽ ആദ്യം എടുത്ത് പറയേണ്ടത് നെഹ്‌റു കുടുംബമാണ്. കുടുംബവാഴ്ച അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ബിജെപിയും അതിൽ നിന്നും വ്യത്യസ്തരല്ല. രാഷ്ട്രീയത്തിൽ കുടുംബവാഴ്ച നിലനിർത്തി പോകുന്നതിൽ മുന്നിലാണ് മഹാരാഷ്ട്ര. സംസ്ഥാനങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ പ്രാദേശിക രാഷ്ട്രീയം നിയന്ത്രിക്കുന്ന ഒരുപാട് കുടുബ ഭരണകൂടം തന്നെ കാണാൻ സാധിക്കും.

ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായിരുന്ന ശിവസേനയുടെ കാര്യമെടുത്താൽ സ്ഥാപകൻ ബാൽ താക്കറെയുടെ മകൻ ഉദ്ദവ് താക്കറെയാണ് ഇപ്പോൾ പാർട്ടി ഭരിക്കുന്നത്. അടുത്ത തമലുറക്കാരനായ ആദിത്യ ഉദ്ദവ് താക്കറെയെ വളർത്തിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് പിതാവും. ഏറെ നാളെത്തെ അനിശിത്വത്തിന് ശേഷമാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം പൂർത്തിയായപ്പോൾ കുടുംബ രാഷ്ട്രീയത്തിന്റെയും മക്കൾ രാഷ്ട്രീയത്തിന്റെയും തുടർച്ചയാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി മുതൽ പുതിയ മന്ത്രിമാർ വരെയുള്ളവരുടെ പട്ടിക പരിശോധിച്ചാൽ പാരമ്പര്യത്തിനാണ് ഊന്നലെന്നു വ്യക്തമാവും. അച്ഛൻ മുഖ്യമന്ത്രി. മകൻ മന്ത്രി. താക്കറെ കുടുംബം മിനി കാബിനറ്റ് തന്നെയായി മാറി. സുപ്രധാന വകുപ്പുകളോടെ സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്ക് ഒപ്പം കാബിനറ്റിൽ ഇനി ഇരുപത്തൊമ്പതുകാരൻ മകൻ ആദിത്യ താക്കറെയും.

കന്നിയങ്കത്തിൽ തന്നെ ജയിച്ചുകയറിയ ആദിത്യ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുമെന്നായിരുന്നു അണികളുടെ പ്രതീക്ഷ. സഖ്യം തന്നെ തകർന്ന് പുതിയ ചേരിയും ഏകീകരണവും രൂപംകൊണ്ടപ്പോഴും ആദിത്യക്ക് മന്ത്രിക്കസേരയാണ് വന്നുചേർന്നതും. മറുവശത്ത് കോൺഗ്രസിലും സ്ഥിതി വ്യത്യസ്തമല്ല. അഹമ്മദ് നഗർ അടക്കിവാഴുന്നത് ഏഷ്യയിലെ ആദ്യ കോപറേറ്റിവ് പഞ്ചാസര ഫാക്ടറി സ്ഥാപിച്ച വിത്തൽറാലു വിഖേ പാട്ടീലിന്റെ നാലാംതലമുറയാണ്. അദ്ദേഹത്തിന്റെ മകൻ ബാലാസാഹേബ് വിഖേ പാട്ടീൽ എന്നറിയപ്പെടുന്ന എൻകത് റാവു ആദ്യ എൻഡിഎ മന്ത്രിസഭയിൽ അംഗമായിരുന്നു. അദ്ദേഹത്തിന്റെ മകൻ രാധാകൃഷ്ണ വിഖേ പാട്ടീൽ പ്രതിപക്ഷ നേതാവാണ്. രാധാകൃഷ്ണയുടെ മകൻ സുജയും ഇപ്പോൾ രാഷ്ട്രീയത്തിലുണ്ട്.

മുൻ മുഖ്യമന്ത്രിയും പി.സി.സി. പ്രസിഡന്റും ആയിരുന്നു അശോക് ചവാനും മന്ത്രിസഭയിൽ ഇടംപിടിച്ചു. അശോക് ചവാന്റെ പിതാവ് ശങ്കർ റാവു ചവാനും സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകൻ അമിത് ദേശ്മുഖും മന്ത്രിസഭയിൽ ഇടം കണ്ടെത്തി. കാബിനറ്റ് റാങ്കാണ് അമിത്തിന് ലഭിച്ചത്. ലത്തൂർ സിറ്റി സീറ്റിൽനിന്ന് തുടർച്ചയായി മൂന്നാം തവണയാണ് അമിത് വിജയിച്ച് എംഎ‍ൽഎയായത്. സഹോദരൻ ധീരജ് ദേശ്മുഖും നിയമസഭാംഗമാണ്.

ഒരു മാസത്തിനിടെ രണ്ട് സർക്കാരുകളിലായി രണ്ടാമതും ഉപമുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച അജിത് പവാറിന്റെ രാഷ്ട്രീയവേരുകളും പടർന്ന് പന്തലിച്ചത് ശരദ് പവാർ എന്ന മറാത്ത നേതാവിന്റെ തണലിലായിരുന്നു. പവാറിന്റെ സഹോദരന്റെ മകനായ അജിത് പവാർ പാർട്ടിയുടെ ഫണ്ട് മാനേജറായിട്ടാണ് അറിയപ്പെടുന്നത്. ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി 80 മണിക്കൂർ സമയം കൊണ്ട് 40,000 കോടിയുടെ ജലസേചന വകുപ്പിലെ അഴിമതിക്കേസിൽ നിന്ന് തലയൂരിയാണ് പുതിയ സർക്കാരിന്റെ ഭാഗമായത്.

മഹാരാഷ്ട്ര ബിജെപിയുടെ തല മുതിർന്ന നേതാവായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ ബന്ധുവാണ് എൻ.സി.പിയിൽനിന്ന് മന്ത്രിസഭയിലെത്തിയ ധനഞ്ജയ മുണ്ടെ. ഫഡ്നാവിസ് സർക്കാരിൽ മന്ത്രിയായിരുന്ന പങ്കജ മുണ്ടയെ ആണ് തിരഞ്ഞെടുപ്പിൽ ധനഞ്ജയ പരാജയപ്പെടുത്തിയത്. എൻ.സി.പിയിൽനിന്ന് മന്ത്രിപദവിയിലേക്കെത്തിയ അദിതി തത്കറെ റായ്ഗഡ് എംപിയും എൻ.സി.പി. നേതാവുമായ സുനിൽ തത്കറെയുടെ മകളാണ്.

സഹമന്ത്രിസ്ഥാനമാണ് അദിതിക്ക് ലഭിച്ചത്. മഹാരാഷ്ട്ര കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന അന്തരിച്ച പതംഗറാവു കദത്തിന്റെ മകനാണ് സഹമന്ത്രി സ്ഥാനം ലഭിച്ച വിശ്വജിത്ത് കദം. ക്രാന്തികാരി ശേത്കരി പക്ഷ് നേതാവ് ശങ്കർറാവു ഗദക്കിനും കാബനിറ്റ് റാങ്കോടെ മന്ത്രിപദവി നൽകി. എൻ.സി.പി. നേതാവായിരുന്ന യശ്വന്ത് റാവു ഗദക്കിന്റെ മകനാണ് ശങ്കർറാവു. എൻ.സി.പി. എംഎ‍ൽഎയായിരുന്ന ശങ്കർറാവു പാർട്ടിയിൽനിന്ന് രാജിവച്ച് സ്വന്തം സംഘടന ഉണ്ടാക്കുകയായിരുന്നു.

നവംബർ 28 ന് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉദ്ധവ് താക്കറെ 32 ദിവസത്തിനു ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നിയമസഭാ മന്ദിരത്തിൽ പൂർത്തിയായി. ധാരണപ്രകാരം ശിവസേനയ്ക്ക് മുഖ്യമന്ത്രിയെ കൂടാതെ 15 മന്ത്രിമാരും എൻസിപിക്കും കോൺഗ്രസിനും യഥാക്രമം 14, 12 മന്ത്രിസ്ഥാനങ്ങളും ഉണ്ടാകും. നിലവിൽ മുഖ്യമന്ത്രിക്കു പുറമെ 3 പാർട്ടികളിൽ നിന്നുമായി 2 വീതം മന്ത്രിമാരാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP