Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവർ കലഹിച്ചു പിരിഞ്ഞത് മുഖ്യമന്ത്രി പദത്തെ ചൊല്ലി; എൻസിപിയെ പിളർത്താനുള്ള ഓപ്പറേഷൻ താമര പൊളിഞ്ഞപ്പോൾ ശിവസേനയെ ഉന്നമിട്ട രണ്ടാം ഘട്ടം സമ്പൂർണ വിജയം; ഭരണപക്ഷത്തെ ഞെട്ടിച്ച തന്ത്രങ്ങൾ മെനഞ്ഞ ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി

ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവർ കലഹിച്ചു പിരിഞ്ഞത് മുഖ്യമന്ത്രി പദത്തെ ചൊല്ലി; എൻസിപിയെ പിളർത്താനുള്ള ഓപ്പറേഷൻ താമര പൊളിഞ്ഞപ്പോൾ ശിവസേനയെ ഉന്നമിട്ട രണ്ടാം ഘട്ടം സമ്പൂർണ വിജയം; ഭരണപക്ഷത്തെ ഞെട്ടിച്ച തന്ത്രങ്ങൾ മെനഞ്ഞ ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലായിരുന്നു ശിവേസന- ബിജെപി സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം സഖ്യം നേടുകയും ചെയ്തു. എന്നാൽ, അവിടെ നിന്നും ഫഡ്‌നാവിസിന് തിരിച്ചടിയേറ്റു. മുഖ്യമന്ത്രി പദവി വേണമെന്ന സേനയുടെ ആവശ്യം അംഗീകരിക്കാൻ ബിജെപി തയ്യാറായില്ല. ഇതോടെ സേന മറുകണ്ടം ചാടുകയും ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആകുകയും ചെയ്തു. ഇതിനിടെ എൻസിപിയെ പിളർത്താനുള്ള ശ്രമങ്ങൾ അജിത് പവാറിനെ മുന്നിൽ നിർത്തി നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഇതോടെ രണ്ടര വർഷം ഉദ്ധവ് താക്കറെ മുഖ്യമന്ത്രി കസേരയിലായി.

ഒരിക്കൽ കൈവിട്ട കസേര തിരിച്ചു പിടിക്കാൻ ഒരുങ്ങുയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. ഓപ്പറേഷൻ താമരയെ ഇക്കുറി നേരിട്ടു നയിച്ചത് ഫഡ്‌നാവിസായിരുന്നു. ഉദ്ധവ് താക്കറെ രാജിവച്ച സാഹചര്യത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ജുലൈ 1ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ബിജെപിയും ശിവസേന വിമതരും സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി. ഉദ്ധവിന്റെ രാജി ജനങ്ങളുടെ വിജയമെന്ന് ബിജെപി പ്രതികരിച്ചു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയെ ഉദ്ധവ് താക്കറെ അപമാനിച്ചുവെന്നും അതുകൊണ്ടാണു രാജിവയ്‌ക്കേണ്ടി വന്നതെന്നും ബിജെപി നേതാവ് സയ്ദ് ഷാനവാസ് ഹുസൈൻ പറഞ്ഞു. ജനവിധിയെ ബഹുമാനിച്ചില്ലെങ്കിൽ എന്താണു സംഭവിക്കുകയെന്ന് അവർ പഠിച്ചതിൽ സന്തോഷമുണ്ടെന്നും സയ്ദ് പറഞ്ഞു.

ഉദ്ധവ് താക്കറെ രാജിപ്രഖ്യാപിച്ചതിനു പിന്നാലെ മുംബൈയിലെ ഹോട്ടലിൽ മഹാരാഷ്ട്ര മുന്മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടിൽ തുടങ്ങിയവർ മധുരം നൽകി സന്തോഷം പങ്കിട്ടു. വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്നു സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെ ഫേസ്‌ബുക്കിലൂടെ രാജി പ്രഖ്യാപിച്ചത്.

അതേസമയം ഒരു പ്രതിപക്ഷ ശബ്ദത്തെ കൂടിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങളിലൂടെ ഇല്ലാതായിരിക്കുന്നത്. ഇനി രാജസ്ഥാനിലേക്കും ഓപ്പറേഷൻ താമര നീളുമോ എന്നേ കണ്ടറിയേണ്ടതുള്ളൂ. രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ദിവസങ്ങൾ ബാക്കി നിൽക്കെ പ്രതിപക്ഷ സ്ഥാനാർത്ഥികൾക്കായി ഡൽഹിയിൽ യോഗങ്ങൾ ചേരുന്നതിനിടെയായിരുന്നു കാലിനിടയിൽ നിന്ന് അഘാഡി സർക്കാരിന്റെ മണ്ണൊഴുകി പോവാൻ തുടങ്ങിയത്. പക്ഷെ തിരിച്ചറിയാൻ വൈകിപ്പോയി.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തായിട്ട് പോലും മൂന്ന് സീറ്റുകൾ ബിജെപി. സ്വന്തമാക്കിയതിൽ തുടങ്ങിയ മഹാവികാസ് അഘാഡി സർക്കാരിന്റെ ഞെട്ടലിൽ നിന്ന് തുടങ്ങുന്നു മഹാരാഷ്ട്രയിലെ പുതിയ നാടത്തിന്റെ ആരംഭം. പിന്നെ കണ്ടത് ഉദ്ധവിന്റെ വിശ്വസ്തൻ കൂടിയായിരുന്ന ശിവസേനാ നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്ദേയുടെ കളിയാണ്. വിമതരെ കൂടെ നിർത്തി ഉദ്ധവിനെ വെല്ലുവിളിച്ച് റിസോർട്ട് രാഷ്ട്രീയത്തിന് തുടക്കമായി. ആദ്യം ഗുജറാത്തിലെ റിസോർട്ടിൽ, പിന്നെ ഗുവാഹാട്ടിയിലെ റിസോർട്ടിൽ, അവിടെ നിന്നും ഗോവയിലേക്ക്.

റിസോർട്ട് രാഷ്ട്രീയത്തിൽ മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങിമറിഞ്ഞതും ഒടുവിൽ മഹാവികാസ് അഘാഡി സഖ്യത്തിന് ഭരണം നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതും കേവലം കുറച്ചു ദിവസത്തെ ചരടുവലി കൊണ്ടല്ല. ആകെയുള്ള 288 അംഗനിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ഭീഷണിയുണ്ടാവില്ലെന്ന് വിശ്വസിച്ചിരുന്ന ശിവസേനാ നേതാക്കളുടെ പോലും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടായിരുന്നു ഏക്‌നാഥ് ഷിന്ദേയുടെ ചരടുവലികൾ. ഒടുവിൽ ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് തന്നെ ട്വിറ്ററിലൂടെ മന്ത്രിസഭയുടെ രാജിക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടും പലത തവണ ഉദ്ധവ് രാജിക്കൊരുങ്ങിയിട്ടും പിടിച്ച് നിൽക്കുമെന്ന് തോന്നിയിടത്ത് നിന്നാണ് പതനത്തിലേക്ക് അഘാഡി സർക്കാർ എത്തിയിരിക്കുന്നത്.

ശിവസേന ഹിന്ദുത്വ അജണ്ടയിലേക്ക് തിരിച്ചുപോവുക, കോൺഗ്രസ്-എൻ.സി.പി. സഖ്യം ഉപേക്ഷിക്കുക, ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കുക. ഇത്രയും നിബന്ധനകൾ ഏക്നാഥ് ഷിന്ദേയും വിമതരും മുന്നോട്ട് വെച്ചപ്പോൾ അതെല്ലാം അംഗീകരിക്കാൻ തയ്യാറായിരുന്നു ഉദ്ധവ് താക്കറെ. പക്ഷ ഒറ്റ നിബന്ധന, വിമതരെയും കൂട്ടി മുംബൈയിൽ തിരിച്ചെത്തണം. പക്ഷെ ഇത് നിരസിച്ച ഷിന്ദേയ്ക്കും കൂട്ടർക്കുമെതിരെ അയോഗ്യതയെന്ന അവസാന വടിയും ഉദ്ധവ് താക്കറേയും ശിവസേനയുമെടുത്തപ്പോഴും പ്രതീക്ഷയിലായിരുന്നു അഘാഡി സഖ്യം. ജൂലായ് 12 വരെ അയോഗ്യതയിൽ മറുപടി നൽകാൻ സുപ്രീംകോടതി വിമതർക്ക് സമയം അനുവദിച്ചതിനാൽ അതുവരെ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഉദ്ധവും സംഘവും. പക്ഷെ, വ്യാഴാഴ്ച വിശ്വാസം തെളിയിക്കണമെന്ന ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നിലപാടാണ് അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും രക്ഷയില്ലാതായി. അവസാനം രാജിയിലുമെത്തി.

ഉദ്ധവ് താക്കറെയുമായി നല്ല ബന്ധമായിരുന്നുവെങ്കിലും ഉദ്ധവിന്റെ മകനും കാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെയുടെ ഇടപെടലാണ് ഏകനാഥ് ഷിന്ദേയെ ചൊടിപ്പിച്ചത്. മകൻ വന്നപ്പോൾ തന്നെ തഴയുന്നുവെന്ന ഏക്നാഥ് ഷിന്ദേയുടെ പരാതിക്ക് പരിഹാരം കാണാൻ ഉദ്ധവിനായില്ല. ഒപ്പം സഞ്ജയ് റാവുത്തിനോടുള്ള വിരോധവും കടുംകൈയ്ക്ക് പ്രേരിപ്പിച്ചു. ഇതെല്ലാം നിരീക്ഷിച്ച് അവസരം കാത്തിരുന്ന ബിജെപി. ദേവേന്ദ്ര ഫട്‌നാവിസിലൂടെ ഷിന്ദേയെ ഒപ്പം ചേർക്കുകയും ചെയ്തു.

ശിവസേനാ മന്ത്രിസഭയിൽ മന്ത്രിയായിട്ടുപോലും ഷിന്ദേ നിരാശനായിരുന്നു. തന്റെ വകുപ്പിൽ പോലും ശിവസേനാ നേതാവ് സഞ്ജയ് റാവുത്തും ആദിത്യ താക്കറെയും ഇടപെടുന്നുവെന്ന പരാതിയായിരുന്നു ഷിന്ദേയ്ക്കുണ്ടായത്. മാത്രമല്ല, ആദിത്യ താക്കറെയ്ക്ക് കാബിനറ്റ് പദവി കൊടുത്തപ്പോൾ പോലും ഷിന്ദേയ്ക്ക് വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകിയിരുന്നില്ല. ഇതിലെല്ലാം നിരാശനായിരുന്ന ഷിന്ദേയാണ് ഒരു സുപ്രഭാതത്തിൽ എംഎ‍ൽഎമാരെ ചാക്കിലാക്കി റിസോർട്ടിലേക്ക് പറന്നത്.

2019-ൽ ശിവസേന- എൻ.സി.പി. സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന സമയത്ത് മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഏക്നാഥ് ഷിന്ദേ. പക്ഷെ, പാർട്ടി നേതാവ് സഞ്ജയ് റാവുത്തും സുഭാഷ് ദേശായി അടക്കമുള്ള നേതാക്കളും ഇടപെട്ട് ഉദ്ധവ് താക്കറെയുടെ പേര് നിർദേശിക്കുകയായിരുന്നു. അന്ന് ശിവസേന, എൻസിപി എംഎ‍ൽഎമാരെ സംരക്ഷിക്കേണ്ട ചുമതല ഏക്നാഥ് ഷിന്ദേയ്ക്കായിരുന്നു പാർട്ടി നൽകിയത്. അതനുസരിച്ച് എംഎ‍ൽഎമാരെ മുംബൈയിലെ വിവിധ റിസോർട്ടുകളിൽ താമസിപ്പിച്ചതും ഷിന്ദേ ആയിരുന്നു. അതേ ഷിന്ദേയെക്കൊണ്ടു തന്നെ ഇത്തവണ ഉദ്ധവ് താക്കറെ സർക്കാരിനെ മറിച്ചിടാനുള്ള എംഎ‍ൽഎമാരെ റിസോർട്ടിൽ താമസിപ്പിച്ചുവെന്നതും ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ തന്ത്രമാണ്.

അധികാരമുണ്ടെങ്കിലും എല്ലാത്തിന്റേയും അവസാനവാക്ക് സഞ്ജയ് റാവുത്താണെന്ന പരാതിയാണ് ഷിന്ദേയ്ക്കുള്ളത്. സഖ്യസർക്കാരായിട്ടും എൻ.സി.പി. എംഎ‍ൽഎമാരോ ശരദ് പവാറോ സഹകരിക്കുന്നില്ലെന്നും ഷിന്ദേ ചൂണ്ടിക്കാട്ടുന്നു. ബിജെപി. നേതാവും മഹാരാഷ്ട്ര പ്രതിപക്ഷനേതാവുമായ ദേവേന്ദ്ര ഫട്നാവിസുമായി ഷിന്ദേയ്ക്കുള്ള അടുത്ത ബന്ധവും എംഎ‍ൽഎമാരെ ചാക്കിലാക്കാൻ ബിജെപിക്ക് എളുപ്പമായി എന്നാണ് കരുതുന്നത്.

288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരാൾ മരിച്ചതോടെ ഇത് 55 ആയി. എൻ.സി.പിക്ക് 52 ഉം കോൺഗ്രസിന് 44 ഉം എംഎ‍ൽഎമാരുണ്ട്. എൻ.സി.പിയുടെ രണ്ട് മുതിർന്ന അംഗങ്ങൾ ജയിലിൽ കഴിയുന്നതിനാൽ നിയമസഭയിൽ നിലവിൽ 285 അംഗങ്ങളാണുള്ളത്. അങ്ങനെ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടത്. ആദ്യം ഷിന്ദേയോടൊപ്പം 22 പേരാണുള്ളതെന്ന വിവരം വന്നപ്പോൾ പോലും മന്ത്രിസഭയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ശിവസേന. അവർ രാജിവച്ചാൽ പോലും 132 അംഗങ്ങളുടെ പിന്തുണ മാത്രമായിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എന്നാൽ, തന്നോടൊപ്പം 46 പേരുണ്ടെന്ന് ഏക്‌നാഥ് ഷിന്ദേ വ്യക്തമാക്കിയതോടെയാണ് അവരുടെ പ്രതീക്ഷ തെറ്റിയത്. ഷിന്ദേയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ പരാജയപ്പെടുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP