Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202302Thursday

നാടകീയമായി മുഖ്യമന്ത്രി പദത്തിൽ; പിതാവിന്റെ പാതയിൽ ചരിത്രം ആവർത്തിച്ച് ബസവരാജ് എസ് ബൊമ്മെ; മെക്കാനിക്കൽ എൻജിനീയർ ഇനി കർണാടകയുടെ നായകൻ; ലിംഗായത്ത് സമുദായത്തെ പിണക്കാതെ ബിജെപി; ഇനി ലക്ഷ്യം ഭരണത്തുടർച്ച

നാടകീയമായി മുഖ്യമന്ത്രി പദത്തിൽ; പിതാവിന്റെ പാതയിൽ ചരിത്രം ആവർത്തിച്ച് ബസവരാജ് എസ് ബൊമ്മെ; മെക്കാനിക്കൽ എൻജിനീയർ ഇനി കർണാടകയുടെ നായകൻ; ലിംഗായത്ത് സമുദായത്തെ പിണക്കാതെ ബിജെപി; ഇനി ലക്ഷ്യം ഭരണത്തുടർച്ച

ന്യൂസ് ഡെസ്‌ക്‌

ബംഗളുരു: ഒട്ടു പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ ഭരണാധികാരം തേടിയെത്തുക. ഒരിക്കൽ തന്റെ അച്ഛനെ തേടിയെത്തിയ ആ 'ഭാഗ്യം' അല്ലെങ്കിൽ ഉത്തരവാദിത്വം മകനെയും തേടിയെത്തുക. കർണാടകയുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ബസവരാജ് എസ് ബൊമ്മെയുടെ കടന്നുവരവ് ഒരു ചരിത്രം ആവർത്തിക്കലാണ്.

പിതാവ് എസ് ആർ ബെമ്മെയും മകൻ ബസവരാജ് എസ് ബൊമ്മെയും നാടകീയമായാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത് എന്നത് തീർത്തും യാദൃശ്ചികമായിരിക്കാം. പക്ഷെ ചരിത്രമാണ് ആവർത്തിക്കപ്പെട്ടത്.

1988 ൽ ഫോൺ ചോർത്തൽ വിവാദത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി സിഎം രാമ കൃഷ്ണ ഹെഗ്‌ഡെ രാജി പ്രഖ്യാപിക്കുമ്പോൾ സീനിയർ മന്ത്രിമാരിൽ ഒരാളായ എസ് ആർ ബൊമ്മെ വീട്ടിൽ സിഗരറ്റും വലിച്ച് ഹിന്ദി സിനിമയായ സഞ്ജീർ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മറ്റ് മന്ത്രിമാരാകട്ടെ മുഖ്യമന്ത്രി പദത്തിനായി സമ്മർദം ചെലുത്തുന്നതിന്റെ തിരക്കിലായിരുന്നു. പക്ഷെ ഹെഗ്ഡയുടെ പിൻഗാമിയായി എത്തിയത് ബൊമ്മെ

മകൻ ബസവരാജ് എസ് ബൊമ്മെ അധികാരത്തിൽ ഏറുന്നതും അപ്രതീക്ഷിതമായ സമയത്താണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി പലരും സ്വാധീനം ചെലുത്തിയപ്പോഴും ബസവരാജ ബൊമ്മൈ നിശബ്ദമായിരുന്നു. ആർഎസ്എസ് പശ്ചാത്തലമില്ലാത്ത, താരതമ്യേനെ ബിജെപി യിൽ പുതുതായ ബസവരാജ ബൊമ്മെക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ബിഎസ് യെദ്യൂരപ്പ സർക്കാരിൽ ബസവരാജക്ക് ആഭ്യന്തര വകുപ്പ് ലഭിച്ചതോടെയാണ് രാഷ്ട്രീയ വളർച്ചയുടെ പടവുകളിൽ യെദ്യൂരപ്പയുടെ ഏറ്റവും സ്വീകര്യനെന്ന സൽപ്പേര് ലഭിക്കുന്നത്. യെദ്യൂരപ്പക്ക് ഒപ്പം ഒരു നിഴലായി അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. എല്ലാ വിഷയങ്ങളിലും ബസവരാജിന്റെ അഭിപ്രായവും യെദ്യൂരപ്പ തേടുമായിരുന്നു. മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പം പുലർത്തിയപ്പോഴും അദ്ദേഹം തന്നിലേക്ക് മാധ്യമങ്ങളുടെയും മറ്റും അമിതമായ ശ്രദ്ധ വരാതെ നോക്കിയിരുന്നു. ഇത് തന്നെയാണ് ബസവരാജിന് നേട്ടമായി മാറിയത്

യെദ്യൂരപ്പക്ക് തന്നിലുള്ള വിശ്വാസം ഒടുവിൽ മുഖ്യമന്ത്രി പ്രഖ്യാപനത്തിലേക്കുള്ള ചവിട്ടുപടിയായി. യെദിയൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ അഭിപ്രായ വ്യത്യാസങ്ങളേതുമില്ലാതെയായിരുന്നു ബസവരാജ് ബൊമ്മയുടെ സ്ഥാനാരോഹണം. കർണാടകയിൽ ലിംഗായത്ത് രാഷ്ട്രീയത്തിൽ ചുറ്റിപ്പറ്റി ബിജെപി കരു ഉറപ്പിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനം.

ലിംഗായത്ത് സമുദായത്തെ രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനിക്കാൻ കഴിയുന്ന നേതാവാകണം മുഖ്യമന്ത്രിയാകേണ്ടതെന്ന ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റുകയും ചെയ്തില്ല. കാരണം യെദിയൂരപ്പയെ പടിയിറക്കിയ നടപടിയിൽ എതിർപ്പറിയിച്ച ലിംഗായത്ത് മഠാധിപതികൾ ബൊമ്മൈയുടെ മുഖ്യമന്ത്രി സ്ഥാനത്തോടെ അടങ്ങുകയായിരുന്നു. ലിംഗായത്ത് നേതാവ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് ലിംഗായത്ത് സമുദായം വാശിപിടിച്ചിരുന്നു.

സംസ്ഥാന ജനസംഖ്യയിൽ 16 ശതമാനമാണ് ലിംഗായത്ത് സമുദായം. അതിനാൽ തന്നെ കർണാടക നിയമസഭയിലെ മുഖ്യ സാന്നിധ്യവും ലിംഗായത്തിൻേറതാണ്. ലിംഗായത്ത് നേതാവ് എന്നതോടൊപ്പം യെദിയൂരപ്പയോട് ഏറ്റവും അടുത്ത വ്യക്തിത്വമെന്ന പരിഗണനയും ബൊമ്മൈക്ക് തുണയാകുകയായിരുന്നു. യെദിയൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തരം, നിയമം, പാർലമെന്ററി കാര്യം എന്നിവ കൈകാര്യം ചെയ്തത് 61കാരനായ ബൊമ്മൈയായിരുന്നു.

പ്രഫഷനിൽ മെക്കാനിക്കൽ എൻജിനീയറാണ് ബൊമ്മൈ. പുണെയിലെ ടെൽകോ കമ്പനിയിലാണ് കരിയറിന്റെ തുടക്കം. ശേഷം ടാറ്റാ മോട്ടോർസിലെ എൻജിനീയറായി. പിന്നീട് ജനതാ ദൾ യുനൈറ്റഡിലൂടെ (ജെ.ഡി.യു) രാഷ്ട്രീയത്തിലേക്കിറങ്ങി. 1995ൽ ജെ.ഡി.യുവിന്റെ ജനറൽ സെക്രട്ടറി പദത്തിലെത്തി. 1996ൽ മുഖ്യമന്ത്രി ജെ.എച്ച്. പട്ടേലിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി ചുമതലയേറ്റു. 1998ൽ കർണാടക നിയമസഭയിൽ അംഗമായി. 2004ൽ ധാർവാഡിൽനിന്നും മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. ജെ.ഡി.യുവിൽനിന്ന് 2008ലാണ് ബൊമ്മൈയുടെ ബിജെപി പ്രവേശനം.

2008 ന്റെ തുടക്കം ബസവരാജ് എസ് ബൊമ്മെക്ക് ഏറെ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. പിതാവും മുൻ മുഖ്യമന്ത്രിയുമായ എസ് ആർ ബൊമ്മെയുടെ മരണവും തന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡിലെ ഭിന്നതകളും ബസവരാജിനെ അലട്ടിയിരുന്നു.

കോൺഗ്രസ് പാർട്ടിയിലേക്ക് ചേക്കേറാനായിരുന്ന ബസവരാജക്ക് താൽപര്യം എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. തന്റെ ആദർശങ്ങൾക്കും കാഴ്‌ച്ചപ്പാടുകൾക്കും യോജിച്ച പാർട്ടി കോൺഗ്രസാണെന്ന് ബസവരാജ് കരുതിയിരുന്നു. എന്നാൽ കർണ്ണാടക കോൺഗ്രസ് പ്രസിഡന്റായിരുന്ന മല്ലിഖാർജുന ഖാർഗെക്ക് ബസവരാജയെ പാർട്ടിയിൽ എടുക്കുന്നതിൽ എതിർപ്പുണ്ടായിരുന്നു.

അനുയോജ്യമായ തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിൽ അൽപ്പം കാത്തിരുന്ന ശേഷമാണ് അദ്ദേഹം ബിഎസ് യെദ്യൂരപ്പയുടെ വാതിലിൽ മുട്ടുന്നത്. ബിജെപിയിലെ ശക്തനും വീണ്ടും മുഖ്യമന്ത്രിയായി ഗൗഡയുടെ 'വഞ്ചനക്ക്' പ്രതികാരം ചെയ്യണമെന്നും അതിയായി ആഗ്രഹിച്ചിരുന്ന യെദ്യൂരപ്പ ബസവരാജിനെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ബിജെപി ടിക്കറ്റിൽ ഷിമോഗയിൽ നിന്നും അദ്ദേഹത്തെ മത്സരിപ്പിക്കുകയും ചെയ്തു.

ബസവരാജിനെ സബന്ധിച്ച് വലിയൊരു തീരുമാനം ആയിരുന്നു അത്. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിക്കുകയും മുഖ്യമന്ത്രി അദ്ദേഹത്തെ ജലവകുപ്പ് മന്ത്രിയാക്കുകയും ചെയ്തു. പിന്നാലെ യെദ്യൂരപ്പയുടെ വിശ്വസ്തനായി ബസവരാജ് മാറി. പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം യെദ്യൂരപ്പക്ക് ഒപ്പം നിലയുറപ്പിച്ചു. എന്നാൽ 2012 ൽ യെദ്യൂരപ്പ കെ ജെ പി എന്ന പാർട്ടി രൂപീകരിച്ച് പുറത്ത് പോയ സമയത്ത് അദ്ദേഹം ബിജെപി യിൽ തന്നെ തുടർന്നു.

ഇതേ തുടർന്ന് യെദ്യൂരപ്പയുടെ അനുകൂലികൾ ബസവരാജിനെ വഞ്ചകൻ എന്ന് പോലും വിളിച്ചിരുന്നു. തന്ത്രശാലിയായ രാഷ്ട്രീയക്കാരനായ എസ് ആർ ബൊമ്മെയുടെ മകന് യെദ്യൂരപ്പയുടെ പാർട്ടിയിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ബിജെപിയിൽ തന്നെ തുടർന്ന അദ്ദേഹം വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഒരു വർഷത്തിന് ശേഷം പരാജിതനായ യെദ്യൂരപ്പ വീണ്ടും ബിജെപി യിൽ തിരിച്ചെത്തി.

പലരും കരുതിയിരുന്നത് ബസവരാജുമായി യെദ്യൂരപ്പക്ക് മികച്ച ബന്ധം തുടർന്ന് ഉണ്ടാകില്ല എന്നായിരുന്നു. എന്നാൽ ഇവർ വീണ്ടും ഒന്നിച്ചു. എച്ച് ഡി കുമാരസ്വാമി നേതൃത്വം നൽകുന്ന ജെഡിഎസും കോൺഗ്രസും ചേർന്നുള്ള 2019 ലെ സർക്കാരിനെ മറിച്ചിടാൻ യെദ്യൂരപ്പക്ക് എല്ലാ പിന്തുണയുമായി ബസവരാജും ഉണ്ടായിരുന്നു.

ഷിഗ്ഗോണിൽനിന്ന് മൂന്നുതവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 2008, 2013, 2018 എന്നീ വർഷങ്ങളിലായിരുന്നു ഇത്.

ഇപ്പോൾ, പിതാവിന്റെ പാതയിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയിരിക്കുകയാണ് ബൊമ്മൈ. കർണാടക മുഖ്യമന്ത്രി എസ്.ആർ. ബൊമ്മൈയുടെ മകനാണ് ബസവരാജ ബൊമ്മൈ. പിതാവിൽനിന്നായിരുന്നു രാഷ്ട്രീയത്തിന്റെ ആദ്യ പാഠങ്ങൾ അദ്ദേഹം കരസ്ഥമാക്കിയത്. ബിജെപി പ്രത്യയശാസ്ത്രത്തിന്റെ അടിവേരുകളില്ലാത്ത ബിജെപിയുടെ മുഖ്യമന്ത്രിയായി മാറുകയാണ് ബൊമ്മൈ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP