Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുപികഴിഞ്ഞാൽ ഏറ്റുമധികം സീറ്റുള്ള മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയും നേരത്തേ ധാരണയായത് കണ്ടതോടെ ഭയം; ഇത്രയും കാലം തമ്മിൽത്തല്ലി നിന്ന ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ വീട്ടിൽ ചെന്നുകണ്ട് അമിത്ഷാ; ശിവസേന ആവശ്യപ്പെട്ടത്രയും സീറ്റുകൾ കൊടുത്ത് ഒത്തുതീർപ്പും; ശിവസേന 23ഉം ബിജെപി 25ഉം സീറ്റുകളിൽ മത്സരിക്കാമെന്നും മഹാരാഷ്ട്രയിൽ ധാരണ; ഹിന്ദി ഹൃദയഭൂമി 'മഹാഗഡ്ബന്ധൻ' തകർത്തുവാരുമോ എന്ന ആശങ്കയിൽ ഉള്ള സീറ്റെങ്കിലും പോകാതെ നോക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി അമിത്ഷായും മോദിയും

യുപികഴിഞ്ഞാൽ ഏറ്റുമധികം സീറ്റുള്ള മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയും നേരത്തേ ധാരണയായത് കണ്ടതോടെ ഭയം; ഇത്രയും കാലം തമ്മിൽത്തല്ലി നിന്ന ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ വീട്ടിൽ ചെന്നുകണ്ട് അമിത്ഷാ; ശിവസേന ആവശ്യപ്പെട്ടത്രയും സീറ്റുകൾ കൊടുത്ത് ഒത്തുതീർപ്പും; ശിവസേന 23ഉം ബിജെപി 25ഉം സീറ്റുകളിൽ മത്സരിക്കാമെന്നും മഹാരാഷ്ട്രയിൽ ധാരണ; ഹിന്ദി ഹൃദയഭൂമി 'മഹാഗഡ്ബന്ധൻ' തകർത്തുവാരുമോ എന്ന ആശങ്കയിൽ ഉള്ള സീറ്റെങ്കിലും പോകാതെ നോക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി അമിത്ഷായും മോദിയും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇതുവരെ നഖശിഖാന്തം വിമർശിച്ചുപോന്ന ഏതാണ്ട് ശത്രുപക്ഷത്ത് എന്നുവരെ ആയി നിന്ന ശിവസേനയെ കയ്യിലെടുത്ത് അമിത്ഷായുടെ പുതു തന്ത്രം. മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് ഏതാണ്ട് പകുതി സീറ്റ് തന്നെ വിട്ടുകൊടുക്കുന്ന സ്ഥിതിയിൽ ആണ് ഒത്തുതീർപ്പുണ്ടാക്കിയത്. അതും ശിവസേന തലവൻ ഉദ്ധവ് താക്കറെയെ വീട്ടിൽ ചെന്നുകണ്ട് ആണ് ബിജെപി അധ്യക്ഷൻ അമിത്ഷാ ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുള്ളത്.

രാജ്യത്ത് 80 സീറ്റുമായി മുന്നിൽ നിൽക്കുന്ന യുപി കഴിഞ്ഞാൽ ഏറ്റവും അധികം സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 സീറ്റാണ് ലോക്‌സഭയിൽ സംസ്ഥാനത്തിന്റെ അംഗബലം. അതിനാൽ തന്നെ കോൺഗ്രസിനും ബിജെപിക്കും യുപികഴിഞ്ഞാൽ ഏറ്റവും അധികം നോട്ടമുള്ള സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നിലകൊള്ളുന്ന സംസ്ഥാനം എന്ന നിലയിലും വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനം.

കോൺഗ്രസും എൻസിപിയും കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ സഖ്യചർച്ചകൾ തുടങ്ങുകയും ഏതാണ്ട് സീറ്റുധാരണ ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴും പിണങ്ങി നിൽക്കുകയായിരുന്നു ശിവസേന. ശിവസേനയുടെ വാദങ്ങൾ അംഗീകരിക്കില്ലെന്ന മട്ടിൽ ഇക്കഴിഞ്ഞ മാസം ഉൾപ്പെടെ ബിജെപിയും പ്രതികരിച്ചിരുന്നു.

എന്നാൽ പൊടുന്നനെ കളംമാറ്റി അമിത്ഷാ തന്നെ നേരിട്ട് ഇടപെട്ട് ശിവസേനയ്ക്ക് ചോദിച്ചതിലുമേറെ സീറ്റ് വിട്ടുകൊടുത്ത് അനുനയം ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞതവണ മോദി തരംഗത്തിൽ ശിവസേന-ബിജെപി സഖ്യം ഏതാണ്ട് തൂത്തുവാരിയ സംസ്ഥാനമാണ് മഹാരാഷ്ട്രയും.

യുപിയിൽ 80ൽ 72 സീറ്റ് നേടിയ ബിജെപിക്ക് മഹാരാഷ്ട്രയിൽ 23 സീറ്റ് കിട്ടി. അതായത് രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമാത്രം നൂറിലേറെ സീറ്റ്. പോരാതെ സഖ്യകക്ഷിയായ ശിവസേനയ്ക്കും കിട്ടി 18 സീറ്റ്. ഇത്തരത്തിൽ ദേശീയ തലത്തിൽ അധികാരത്തിലെത്താൻ നിർണായക ഭൂമിയാണ് മഹാരാഷ്ട്ര. അതിനാൽ തന്നെ മഹാരാഷ്ട്രയിൽ ശിവസേനയുമായി പിണങ്ങിയാൽ ബിജെപി-സംഘപരിവാർ പക്ഷത്തെ വോട്ടുകളെല്ലാം ചിതറിപ്പോകും.

കോൺഗ്രസും എൻസിപിയും അനായാസം സീറ്റുകൾ തൂത്തുവാരുകയും ചെയ്യും. ഇത് മനസ്സിലാക്കി തന്നെയാണ് ഒറ്റ സന്ദർശനത്തിലൂടെ ഉദ്ധവ് താക്കറെയുടെ മനസ്സുരുക്കി അമിത്ഷാ എത്തിയത്. ഇതിന് പിന്നാലെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പകുതി സീറ്റുതന്നെ നൽകാമെന്ന ഉറപ്പും അമിത്ഷാ നൽകിയതായാണ് സൂചന. എന്നാൽ അക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന നിലപാടാണ് ഉദ്ധവ് സ്വീകരിച്ചത്.

ബിജെപിയും ശിവസേനയും ഒരുപക്ഷത്തും കോൺഗ്രസും പവാറിന്റെ എൻസിപിയും മറുപക്ഷത്തും എന്ന നിലയിലാണ് കഴിഞ്ഞതവണ മോദി തരംഗം ഉയർത്തിക്കെണ്ടുവന്ന വേളയിൽ മഹാരാഷ്ട്രയിൽ പോരിനിറങ്ങിയത്. കഴിഞ്ഞതവണ 24 സീറ്റിൽ മത്്‌സരിച്ച ബിജെപി 23 സീറ്റ് നേടി. ശിവസേനയാകട്ടെ 20 സീറ്റിൽ മത്സരിച്ച് 18 സീറ്റിൽ വിജയിച്ചു. മറുപക്ഷത്ത് 26 സീറ്റിൽ പോരാടിയ കോൺഗ്രസിന് രണ്ടു സീറ്റ് മാത്രമാണ് കിട്ടിയത്. 21 സീറ്റിൽ ഇറങ്ങിയ എൻസിപിയാകട്ടെ നാലു സീറ്റും നേടി. ശേഷിച്ച ഒരു സീറ്റ് പോയത് സ്വാഭിമാന പക്ഷ പാർട്ടിക്കാണ്.

ഇക്കുറി മോദിതരംഗം ഇല്ലാത്തത് തിരിച്ചടി

പക്ഷേ, അത് മോദി തരംഗം ഉണ്ടായപ്പോഴത്തെ കാര്യം. ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്. ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിലെല്ലാം പിന്നീട് അവർക്ക് അടിതെറ്റുന്ന സാഹചര്യമാണ് കണ്ടത്. പ്രത്യേകിച്ചും നോട്ടുനിരോധനത്തിന്റെ തീക്ഷ്ണത ഏറ്റവും അധികം അനുഭവിച്ചത് മഹാരാഷ്ട്രയാണ്. വൻകിട വ്യവസായങ്ങളുള്ള സംസ്ഥാനം.

സാമ്പത്തിക ഇടപാടുകളുടെ ചരടുവലികൾ എല്ലാം നടക്കുന്ന മുംബൈ. കർഷകരോഷം പുകയുന്ന ഗ്രാമങ്ങൾ. ഇത്തരത്തിലുള്ള എല്ലാ മേഖലയിൽ നിന്നും നോട്ടുനിരോധനത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ രോഷം ഉയർന്നിരുന്നു. മുഖ്യമന്ത്രി ഫട്‌നാവിസിനെ കീഴടക്കാൻ രണ്ടുതവണയാണ് കർഷക ലോങ് മാർച്ച മഹാരാഷ്ട്രയിൽ നടന്നത്. അവരുമായി ഒത്തുതീർപ്പ് നടത്തിയെങ്കിലും വാഗ്ദാനങ്ങൾ നടപ്പായില്ലെന്ന ആക്ഷേപം ഇപ്പോഴും ശക്തമാണ്.

ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ ശിവസേന കൂടെ പിണങ്ങിയാൽ ബിജെപിയുടെ കാര്യം അവതാളത്തിലാകും. അത് ഒഴിവാക്കാനാണ് താക്കറെയെ വീട്ടിൽതന്നെ ചെന്നുകണ്ട് അവസാന തന്ത്രം അമിത്ഷാ പുറത്തെടുത്തത്. അത് വിജയിച്ചുവെന്ന് ഇന്നലെ തീരുമാനങ്ങൾ പ്രഖ്യാപിക്കവെ മുഖ്യമന്ത്രി ഫട്‌നാവിസിന്റെയും താക്കറെയുടെയും പ്രതികരണങ്ങളിൽ നിന്നുതന്നെ വ്യക്തമായിരുന്നു. പക്ഷേ, കഴിഞ്ഞ തവണത്തെ പോലെ തൂത്തുവാരൽ ഇക്കുറി ഉണ്ടാവില്ല, മഹാരാഷ്ട്രയിൽ. യുപിയിൽ ബിഎസ്‌പി-എസ്‌പി സഖ്യം ഒരുവശത്തും മറുവശത്ത് കോൺഗ്രസുമെല്ലാം കരുത്താർജിക്കുന്നതോടെ കഴിഞ്ഞവർഷത്തെ 72 സീറ്റ് എത്രയായി ചുരുങ്ങുമെന്ന ആശങ്കയുണ്ട് ബിജെപിക്ക്. അതേ സ്ഥിതി തന്നെയാണ് മഹാരാഷ്ട്രയിലും.

കഴിഞ്ഞവതണ സഖ്യം നേടിയത് 48ൽ 41 സീറ്റ് ആണ്. കോൺഗ്രസിനും എൻസിപിക്കും കൂടെ ആറുസീറ്റേ കിട്ടിയുള്ളൂ. എന്നാൽ ഇക്കുറി പകുതിയിലേറെ സീറ്റുകൾ കോൺഗ്രസ്-എൻസിപി സഖ്യം കൊണ്ടുപോയേക്കും. ശിവസേന സഖ്യമുണ്ടെങ്കിൽ തന്നെ അതാണ് സ്ഥിതി. ഒരുപക്ഷേ, അതിൽ കൂടുതൽ നഷ്ടമായേക്കാം.

അത് കൂടി പരിഗണിച്ചാണ് എത്രയും വേഗം സഖ്യമുണ്ടാക്കാൻ അമിത് ഷാ തന്നെ മുൻകൈയെടുത്തത്. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട ബിജെപി തന്നെ നടത്തിയ സർവേ പ്രകാരം ശിവസേനാ സഖ്യമുണ്ടെങ്കിൽ 40 സീറ്റുവരെ നേടാമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. അല്ലെങ്കിൽ ബിജെപിക്ക് പത്തിൽ താഴെ മാത്രമേ സീറ്റു കിട്ടൂ എന്ന വിലയിരുത്തലുകളും വന്നു. ഇതോടെയാണ് എത്രയും വേഗം അമിത്ഷായും ബിജെപിയും ശിവസേനാ സഖ്യത്തിലേക്ക് നീങ്ങിയത്.

ചില വിള്ളലുകളുമായി കോൺഗ്രസ്-എൻസിപി സഖ്യം

അതേസമയം മറുവശത്ത് കോൺഗ്രസ്-എൻസിപി സഖ്യസാധ്യത വലിയ ആവേശമായി കഴിഞ്ഞ ഒക്ടോബറിൽ തന്നെ ചർച്ചയായിരുന്നു. അതോടെ 48ൽ 32സീറ്റുകളിൽ അന്ന് പരസ്പര ധാരണയായി. ശേഷിക്കുന്ന സീറ്റുകളിൽ പിന്നീട് ചർച്ച തുടരുമെന്നാണ് അന്ന് വ്യക്തമാക്കപ്പെട്ടത്. തുല്യ എണ്ണം സീറ്റുകൾ വേണമെന്നാണ് എൻസിപിയുടെയും ആവശ്യം. മഹാരാഷ്ട്ര നവനിർമ്മാൺ സേനയെ സഖ്യത്തിൽ ചേർക്കുന്ന കാര്യത്തിലാണ് ഇപ്പോൾ ആശയക്കുഴപ്പം.

എംഎൻഎസിന് സീറ്റ് നൽകുന്നകാര്യത്തിൽ എൻസിപി തീരുമാനമെടുക്കട്ടെ എന്നാണ് കോൺഗ്രസ് നിലപാട്. സീറ്റുകൾ പപ്പാതിയാക്കിയാൽ 24 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. അങ്ങനെയെങ്കിൽ എംഎൻഎസിന് എൻസിപി അഞ്ചോ ആറോ സീറ്റെങ്കിലും വിട്ടുകൊടുക്കേണ്ടിവരും അവരുടെ ശക്തികേന്ദ്രങ്ങളിൽ. ഇതാണ് ഇപ്പോൾ തർക്കം. എന്നാൽ ഇത് വലിയ പ്രശ്‌നമില്ലാതെ പരിഹരിക്കപ്പെടും എ്ന്ന നിലയാണ്.

അങ്ങനെയെങ്കിൽ ശക്തമായ മുന്നണിയായി ഇത് മാറും. പ്രകാശ് അംബേദ്കറിന്റെ പാർട്ടിയും തീപ്പൊരി നേതാവായ രാജു ഷെട്ടിയുടെ സ്വാഭിമാന പക്ഷയും കോൺഗ്രസ് മുന്നണിയിലേക്ക് വരാം. അങ്ങനെയെങ്കിൽ ഇരുപാർട്ടികൾക്കുമായി കോൺഗ്രസും എൻസിപിയും ആറുമുതൽ എട്ടുവരെ സീറ്റുകൾ നൽകേണ്ടിവരും. ഇത് ആരു നൽകും എന്നതിനെ ചൊല്ലിയാണ് തർക്കം.

കഴിഞ്ഞ അസംബ്‌ളി തിരഞ്ഞെടുപ്പിൽ എൻസിപിയും കോൺഗ്രസും വെവ്വേറെയാണ് മത്സരിച്ചത്. സീറ്റ് കാര്യത്തിൽ സമവായം ഇല്ലാതെ വന്നതോടെ സഖ്യം പിരിയുകയായിരുന്നു. എന്നാൽ അതിന്റെ ദൂഷ്യം ഇപ്പോൾ ഇരു പാർട്ടികൾക്കും ബോധ്യമുണ്ട്. അതോടെ ഫട്‌നാവിസ് സർക്കാർ ഭംഗിയായി ജയിച്ചുകയറി. ഈ സ്ഥിതി ഉണ്ടാവരുതെന്ന് ഇരുപാർട്ടികളും ഇപ്പോൾ ആഗ്രഹിക്കുന്നു. സഹകരണം ഇല്ലെങ്കിൽ നിലനിൽപ്പില്ലെന്ന് ഇപ്പോൾ പവാറും നന്നായി തിരിച്ചറിയുന്നുണ്ട്. അതിനാൽ പവാർ സഖ്യത്തിൽ ഉറച്ചുനിൽക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP