Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമതരെ അയോഗ്യരാക്കാൻ നടപടിയുമായി ഉദ്ധവ് വിഭാഗം; കുടുംബാംഗങ്ങളുടെ സുരക്ഷ പിൻവലിച്ചു; പുതിയ ശിവസേന രൂപീകരിക്കുമെന്നും ഉദ്ധവ്; മുംബൈയിൽ ദേശീയ എക്സിക്യുട്ടീവ് യോഗം; 'ശിവസേന ബാലസാഹെബ്' എന്ന പേര് നൽകി മുന്നോട്ട് നീങ്ങാൻ ഏക്നാഥ് ഷിന്ദേയും സംഘവും; മുംബൈയിൽ നിരോധനാജ്ഞ

വിമതരെ അയോഗ്യരാക്കാൻ നടപടിയുമായി ഉദ്ധവ് വിഭാഗം; കുടുംബാംഗങ്ങളുടെ സുരക്ഷ പിൻവലിച്ചു; പുതിയ ശിവസേന രൂപീകരിക്കുമെന്നും ഉദ്ധവ്; മുംബൈയിൽ ദേശീയ എക്സിക്യുട്ടീവ് യോഗം; 'ശിവസേന ബാലസാഹെബ്' എന്ന പേര് നൽകി മുന്നോട്ട് നീങ്ങാൻ ഏക്നാഥ് ഷിന്ദേയും സംഘവും; മുംബൈയിൽ നിരോധനാജ്ഞ

ന്യൂസ് ഡെസ്‌ക്‌

ഗുവാഹട്ടി: ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎൽഎമാർ തങ്ങളുടെ കൂട്ടായ്മയ്ക്ക് ശിവസേന ബാലസാഹെബ് എന്ന പേരിട്ടു. വിമത വിഭാഗത്തെ അയോഗ്യരാക്കുന്നതിനുള്ള നടപടികളുമായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന നേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് ഈ നീക്കം. ശിവസേന ബാലസാഹെബ് പിന്നീട് ഒരു രാഷ്ട്രീപാർട്ടിയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

'ഞങ്ങളുടെ സംഘം ശിവസേന ബാലസാഹെബ് എന്ന പേരിലറിയപ്പെടും. ഒരു പാർട്ടിയിലും ലയിക്കുകയില്ല' വിതമ എംഎൽഎയും അവരുടെ വക്താവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ദീപക് കേസർക്കർ പറഞ്ഞു. ഇന്ന് വൈകീട്ട് കേസർക്കാർ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

നിയമനടപടികൾ അവസാനിക്കുന്നത് വരെ വിമതർ ഗുവാഹട്ടിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ തന്നെ തുടരുമെന്നാണ് സൂചന. 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിലിന്റെ പരിഗണനയിലാണ്.

അതേ സമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ നിർണായക ദേശീയ എക്സിക്യുട്ടീവ് യോഗം മുംബൈയിൽ ആരംഭിച്ചു. യോഗം നടക്കുന്ന മുംബൈയിലെ ശിവസേന ഭവന് മുന്നിൽ പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. ഉദ്ധവ് താക്കറെയടക്കമുള്ള നേതാക്കൾ ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്. പുതിയ ശിവസേന രൂപീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും.

വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയും ബിജെപിയും ശിവസേനയെ തട്ടിയെടുക്കാനും ഇല്ലാതാക്കാനുമാണു ശ്രമിക്കുന്നതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു. സാധാരണക്കാരായ ശിവസേന പ്രവർത്തകരാണു തന്റെ കരുത്തെന്നും ഉദ്ധവ് പാർട്ടി നേതാക്കളുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിൽ അവകാശപ്പെട്ടു. 'ശിവസേന പ്രവർത്തകർ എന്റെ കൂടെയുള്ളിടത്തോളം മറ്റുള്ളവരുടെ വിമർശനങ്ങളെ ഞാൻ കാര്യമായി എടുക്കില്ല'.

'ശിവസേനയെ സ്വന്തക്കാർ തന്നെയാണു ചതിച്ചത്. നിങ്ങളിൽ പലർക്കും അർഹതയുണ്ടായിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞങ്ങൾ അവർക്കാണു സീറ്റ് നൽകിയത്. നിങ്ങളുടെ കഠിനാധ്വാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടശേഷമാണ് ഈ ആളുകൾ ഇപ്പോൾ അസംതൃപ്തരാകുന്നത്. മോശം സമയത്തും നിങ്ങൾ പാർട്ടിക്കൊപ്പമുണ്ട്. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കാമെന്ന് ഏക്‌നാഥ് ഷിൻഡെയോടു പറഞ്ഞിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കാൻ എംഎൽഎമാരുടെ സമ്മർദമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ആ എംഎൽഎമാരെ എന്റെ അടുത്തേക്കു കൊണ്ടുവരാനും ചർച്ച ചെയ്യാമെന്നും ഞാൻ പറഞ്ഞു. പോകുന്നവർക്കു പോകാം, ഞാൻ പുതിയ ശിവസേനയെ ഉണ്ടാക്കും.'

ബിജെപി വളരെ മോശമായാണ് ശിവസേനയോടു പ്രതികരിച്ചിട്ടുള്ളത്. വാക്കുകളൊന്നും അവർ പാലിച്ചില്ല. ഒരു ശിവസേന പ്രവർത്തകൻ മുഖ്യമന്ത്രിയാകുമെങ്കിൽ നിങ്ങൾക്ക് ബിജെപിക്കൊപ്പം പോകാം. എന്നാൽ ഉപമുഖ്യമന്ത്രിയാകാനാണെങ്കിൽ അത് എന്നെക്കൊണ്ടും സാധിക്കും. എനിക്കു പാർട്ടിയെ നയിക്കാൻ ശേഷിയില്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ രാജിവയ്ക്കാൻ ഞാൻ തയാറാണ്. ശിവസേന എന്നത് ഒരു ആശയമാണ്. ഹിന്ദുവോട്ട് ബാങ്ക് ആരുമായും പങ്ക് വയ്ക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് അവർ ശിവസേനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്' ഉദ്ധവ് താക്കറെ ആരോപിച്ചു.

അതേ സമയം വിമത എംഎൽഎമാരുടെ വസതികൾക്കും ഓഫീസുകൾക്കും നേരെ ശിവസേന പ്രവർത്തകരുടെ ആക്രമണം നടന്നുവരുന്ന പശ്ചാത്തലത്തിൽ മുംബൈയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, എംഎൽഎമാർ മറ്റു ജനപ്രതിനിധികൾ എന്നിവർക്ക് സുരക്ഷ വർധിപ്പിക്കാനും പൊലീസ് ഉത്തരവിറക്കിയിട്ടുണ്ട്.

38 വിമത എംഎൽഎമാരുടെ കുടുംബാഗങ്ങൾക്ക് ഏർപ്പെടുത്തിയ സുരക്ഷ സർക്കാർ പിൻവലിച്ചത് ചോദ്യം ചെയ്ത് ഷിൻഡേ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഷിൻഡേക്ക് ഒപ്പമുള്ള എംഎൽഎമാരെല്ലാം കത്തിൽ ഒപ്പിട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും ഏക്‌നാഥ് ക്യാമ്പ് കത്തയച്ചിട്ടുണ്ട്. സുരക്ഷ പിൻവലിച്ചത് പ്രതികാര നടപടിയാണെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈയിൽ വന്നാൽ കാണാം എന്ന സഞ്ജയ് റാവത്തിന്റെ പ്രസ്താവന ഭീഷണിയുടെ സ്വരത്തിലുള്ളതാണെന്നും ഏക്‌നാഥ് ക്യാമ്പ് കുറ്റപ്പെടുത്തി. സുരക്ഷ പിൻവലിക്കുന്നതിനോടൊപ്പം പാർട്ടി കേഡറ്റുകളെ ശിവസേന ഔദ്യോഗിക നേതൃത്വം ഇളക്കിവിടുകയാണ്. സുരക്ഷ പിൻവലിച്ചപ്പോൾ പഞ്ചാബിൽ അടക്കം ഉണ്ടായ അനുഭവങ്ങൾ ഓർക്കണമെന്നും എംഎൽഎമാർ ഒപ്പിട്ട കത്തിൽ ഷിൻഡേ ചൂണ്ടിക്കാട്ടി.

അതേസമയം സുരക്ഷ പിൻവലിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. എംഎൽഎക്ക് കിട്ടുന്ന അതേ സുരക്ഷ കുടുംബാംഗങ്ങൾക്കും കിട്ടണം എന്ന് വാശി പിടിക്കരുത് എന്നും റാവത്ത് പ്രതികരിച്ചു. ഒരു എംഎൽഎയുടെയും സുരക്ഷ പിൻവലിക്കാൻ ഒരു ഉത്തരവും നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വൽസേ പാട്ടീലും വ്യക്തമാക്കി. സുരക്ഷ പിൻവലിച്ചെന്ന ആരോപണം കള്ളമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP