Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപഫലമായെന്ന പ്രജ്ഞാ സിങ്ങിന്റെ വിവാദ പരാമർശം: അന്വേഷണം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; മുൻ മുംബൈ എടിഎസ് തലവനെതിരെയുള്ള ഭോപ്പാലിലെ സ്ഥാനാർത്ഥിയുടെ അധിക്ഷേപം തള്ളി ബിജെപി; ഭീകരരെ എതിരിട്ട് വീരമൃത്യുവരിച്ച കർക്കരെയെ രക്തസാക്ഷിയായി എല്ലായ്‌പോഴും കണക്കാക്കും; പാർട്ടി കൈവിട്ടതോടെ പ്രസ്താവന പിൻവലിച്ച് പ്രജ്ഞ സിങ്

ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപഫലമായെന്ന പ്രജ്ഞാ സിങ്ങിന്റെ വിവാദ പരാമർശം: അന്വേഷണം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; മുൻ മുംബൈ എടിഎസ് തലവനെതിരെയുള്ള ഭോപ്പാലിലെ സ്ഥാനാർത്ഥിയുടെ അധിക്ഷേപം തള്ളി ബിജെപി; ഭീകരരെ എതിരിട്ട് വീരമൃത്യുവരിച്ച കർക്കരെയെ രക്തസാക്ഷിയായി എല്ലായ്‌പോഴും കണക്കാക്കും; പാർട്ടി കൈവിട്ടതോടെ പ്രസ്താവന പിൻവലിച്ച് പ്രജ്ഞ സിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്‌ക്വാഡ് തലവൻ ഹേമന്ത് കർക്കരെയ്‌ക്കെതിരായ ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വഷണം. കർക്കരെ കൊല്ലപ്പെട്ടത് തന്നെ മാനസികമായി പീഡിപ്പിച്ചതിന് താൻ ശപിച്ചതോടെയാണെന്ന പ്രജ്ഞയുടെ പരാമർശമാണ് വിവാദമായത്. കമ്മീഷൻ വടിയെടുത്തതോടെയാണ് പ്രജ്ഞ സിങ് പരാമർശം പിൻവലിച്ചത്.

മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർക്കരെ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് പ്രജ്ഞ സിങ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന സമയത്ത് തന്നോട് വളരെ മോശമായാണ് അയാൾ പെരുമാറിയിരുന്നത്. അതിന്റെ കർമഫലമാണ് കർക്കരെ അനുഭവിച്ചതെന്നും പ്രജ്ഞ സിങ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രജ്ഞയുടെ ഈ പരാമർശമാണ് വിവാദമായത്. തന്നെ മലേഗാവ് സ്‌ഫോടന കേസിൽ പെടുത്തിയതോടെ അയാൾ കുടുംബമടക്കം നശിക്കുമെന്ന് ഞാൻ ശപിച്ചിരുന്നു. താൻ ജയിലിലായത് മുതൽ കർക്കരെയുടെ കഷ്ടക്കാലം തുടങ്ങിയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ദ് കർക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രജ്ഞാ സിങ് പറഞ്ഞു.

പ്രജ്ഞാ സിംഗിന്റെ പ്രസ്താവനയെ ബിജെപി തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന പിൻവലിച്ച് പ്രജ്ഞാ സിങ് രംഗത്തെത്തിയത്. കർക്കരെയെപ്പറ്റി പ്രജ്ഞ പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമെന്നു ബിജെപി നേരത്തെ പറഞ്ഞിരുന്നു.ഭീകരരെ എതിരിട്ടാണു കർക്കരെ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ എല്ലായ്‌പോഴും രക്തസാക്ഷിയായാണു പാർട്ടി കാണുന്നത്. പ്രജ്ഞ സിങ് അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളാവും അവരെ അത്തരമൊരു പ്രസ്താവന നടത്താൻ പ്രേരിപ്പിച്ചതെന്ന് ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഐപിഎസ അസോസിയേഷൻ പ്രജ്ഞയുടെ പരാമർശത്തെ ശക്തമായി അപലപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ ഇത് തിരഞ്ഞെടുപ്പ് ആയുധമാക്കുമെന്ന് ഭയന്നാണ് ബിജെപി പ്രസ്താവന ഇറക്കിയത്. ഹേമന്ത് കർക്കരെയെ പോലുള്ള രക്തസാക്ഷികൾക്കെതിരെ ഇത്തരം ഭാഷ ഉപയോഗിക്കുന്ന സ്ഥാനാർത്ഥികളെ ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുന്ന മോശം കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി മെഹ്്ബൂബ മുഫ്തി പറഞ്ഞു.

പ്രജ്ഞ സിങ്ങിൽ നിന്നും അധികം വ്യത്യസ്തമല്ലാത്ത ആളുകൾക്കെതിരെ പോരാടുന്നതിനിടെയാണ് കർക്കരെ രക്തസാക്ഷിയായതെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഏതായാലും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ വിഷയത്തിൽ ഇടപെട്ടതോടെ പ്രജ്ഞ സിങ് പ്രസ്താവന പിൻവലിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP