Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജാവോ രാജശിൽപ്പിയോ? ചീത്തപ്പേരല്ല, മുതുമുത്തച്ഛൻ ദേവിലാലിനുണ്ടായിരുന്ന നായക പരിവേഷമാണ് ദുഷ്യന്ത് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചത്; ലോക്‌സഭയിലേക്ക് സഖ്യമുണ്ടാക്കിയ ദുഷ്യന്ത് ഇക്കുറി ഒറ്റയ്ക്കിറങ്ങിയത് ജെജെപിക്കു സംസ്ഥാനത്ത് അടിത്തറയുണ്ടാക്കാൻ; ഫലം വന്നതോട ജെജെപി മാറിയത് ഹരിയാനയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ശക്തിയായി

രാജാവോ രാജശിൽപ്പിയോ? ചീത്തപ്പേരല്ല, മുതുമുത്തച്ഛൻ ദേവിലാലിനുണ്ടായിരുന്ന നായക പരിവേഷമാണ് ദുഷ്യന്ത് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചത്; ലോക്‌സഭയിലേക്ക് സഖ്യമുണ്ടാക്കിയ ദുഷ്യന്ത് ഇക്കുറി ഒറ്റയ്ക്കിറങ്ങിയത് ജെജെപിക്കു സംസ്ഥാനത്ത് അടിത്തറയുണ്ടാക്കാൻ; ഫലം വന്നതോട ജെജെപി മാറിയത് ഹരിയാനയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ശക്തിയായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ദുഷ്യന്ത് ചൗട്ടാല രാജാവാകുമോ രാജശിൽപിയാകുമോ? എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. ദേവിലാൽ കുടുംബത്തിലെ യഥാർത്ഥ പിന്തുടർച്ചവകാശി എന്ന വാദവുമായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ജനനായക് ജനതാ പാർട്ടിയുടെ വരവ്. സീറ്റെണ്ണത്തിൽ ചെറുതെങ്കിലും ഒരിക്കൽ ഹരിയാന രാഷ്ട്രീയത്തെ അടക്കിവാണ ചൗട്ടാല കുടുംബത്തിലെ ഇളമുറക്കാരന് ഇനി തലപ്പൊക്കം കൂടും. കന്നി അംഗത്തിൽ തന്നെ ഹരിയാനക്കാരുടെ മനസിൽ ആ തോന്നൽ ഉണ്ടാക്കാൻ ജെജെപിക്ക് കഴിയുകയും ചെയ്തു. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെയും പിന്നിലാക്കിയ പ്രചാരണമാണ് ദുഷ്യന്ത് ചൗട്ടാലക്കായി ജനനായക് ജനതാ പാർട്ടി ഹരിയാനയിൽ കാഴ്ച വച്ചത്

മുതുമുത്തച്ഛൻ ദേവിലാൽ രൂപം നൽകിയ ഇന്ത്യൻ നാഷനൽ ലോക്ദളുമായി (ഐഎൻഎൽഡി) തെറ്റിയെങ്കിലും, ദേവിലാലിന്റെ യഥാർഥ പിന്മുറക്കാരൻ താനാണെന്നു തെളിയിക്കാൻ ദുഷ്യന്തിനു ലഭിച്ച അവസരം അദ്ദേഹം കൃത്യമായി വിനിയോഗിച്ചു എന്നു തന്നെ പറയേണ്ടിവരും. ബിജെപി അധികം ഉന്നം വയ്ക്കാത്ത ജാട്ട് വോട്ടുകളിൽ ആയിരുന്നു പ്രധാന നോട്ടം. കോൺഗ്രസിലെ തമ്മിലടി ഭൂപീന്ദർ സിങ് ഹൂഡയിൽ നിന്ന് ജാട്ടുകളെ ജെജെപിയിലേക്ക് എത്തിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു കാടിളക്കിയുള്ള പ്രചാരണങ്ങൾ. ഇന്ത്യൻ നാഷണൽ ലോക്ദളിൽ നിന്ന് പിരിഞ്ഞ ശേഷം രൂപീകരിച്ച ദുഷ്യന്ത് ചൗട്ടാലയുടെ പ്രചാരണങ്ങൾ പുതുമുഖം എന്ന തോന്നലിലേ ആയിരുന്നില്ല. ഇതോടെ ഹരിയാനയുടെ രാഷ്ട്രീയ ചരിത്രത്തിൽ ജെജെപി എന്ന രാഷ്ട്രീയ പാർട്ടി നിർണായക ശക്തി ആകുകയാണ്.

എന്തായാലും ജെജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ ഭരണത്തുടർച്ച പ്രതീക്ഷിച്ച ബിജെപിക്കത് കനത്ത തിരിച്ചടിയാകും. ഇനിയതല്ല ബിജെപിയ്‌ക്കൊപ്പമാണ് ജെജെപി നിൽക്കുകയെങ്കിൽ ബിജെപിക്ക് ഭരണത്തുടർച്ച ലഭിക്കും.ഏതായാലും നിർണായകമാകുക ദുഷ്യന്ത് ചൗട്ടാലയും ജെജെപിയുമാകുമെന്ന് തീർച്ച.

ഒരുവർഷം മുൻപുവരെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായിരുന്ന ഐഎൻഎൽഡിയുടെ എംപിയായി 26ാം വയസ്സിലാണ് ദുഷ്യന്ത് ദേശീയരാഷ്ട്രീയത്തിൽ അരങ്ങേറിയത്. അന്ന് ആരും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ്, പ്രായം കുറഞ്ഞ എംപിയെന്ന പേരിൽ ലിംക ബുക്കിൽ ഇടംനേടിയ അദ്ദേഹം ഇപ്പോൾ നടത്തുന്നത്. കുടുംബവഴക്കിനെ തുടർന്ന് അഭയ്‌സിങ് ചൗട്ടാലയുമായി തെറ്റിപ്പിരിഞ്ഞ് ഐഎൻഎൽഡി വിടുമ്പോൾ ദുഷ്യന്തിനൊപ്പമായിരുന്നു പാർട്ടിയിൽ ഏറെപ്പേരും.

അദ്ധ്യാപക നിയമന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയാണ് ദുഷ്യന്തിന്റെ അച്ഛൻ അജയ് ചൗട്ടാലയും മുത്തച്ഛനും മുൻ മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയും. അവർക്കുള്ള ചീത്തപ്പേരല്ല, മുതുമുത്തച്ഛൻ ദേവിലാലിനുണ്ടായിരുന്ന നായക പരിവേഷമാണ് ദുഷ്യന്ത് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചത്. പാർട്ടിക്കു 'ജനനായക്' എന്നു പേരിട്ടതിൽ തന്നെയുണ്ട് ആ ശ്രദ്ധ. തിരഞ്ഞെടുപ്പിനിടെ ദേവിലാലിന്റെ 104ാം ജന്മവാർഷികം പാർട്ടിയുടെ പ്രചാരണത്തിനുള്ള അരങ്ങാക്കി. സെപ്റ്റംബർ 23നു റോത്തക്കിൽ വൻ സമ്മേളനം നടത്തി മറ്റു പാർട്ടികളെ ഞെട്ടിച്ച ദുഷ്യന്ത്, പിന്നീടു നടത്തിയ പരിപാടികൾക്കെല്ലാം വൻജനപ്രീതി ലഭിച്ചിരുന്നു.

ജെജെപിയുടെ മുന്നേറ്റത്തോടെ ഹരിയാനയിൽ ഐഎൻഎൽഡിയുടെ പ്രസക്തി നഷ്ടമാവുകയാണ്. ഭരണത്തിൽ ദുഷ്യന്തും പാർട്ടിയും നിർണായക സ്ഥാനത്തുണ്ടാവുമെന്ന് ഉറപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിയുമായും ബിഎസ്‌പിയുമായുമെല്ലാം സഖ്യമുണ്ടാക്കിയ ദുഷ്യന്ത് ഇക്കുറി ഒറ്റയ്ക്കിറങ്ങിയത് ജെജെപിക്കു സംസ്ഥാനത്ത് അടിത്തറയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്.യുഎസിലെ കലിഫോർണിയ സർവകലാശാലയിൽ ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ പഠിച്ച ദുഷ്യന്ത്, രാഷ്ട്രീയ ബിസിനസിലും മിടുക്കനാണെന്നു തെളിയിച്ചിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP