Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകി ദ്രൗപദി മുർമു; ഒപ്പമെത്തി നരേന്ദ്ര മോദിയും അമിത്ഷായും മറ്റ് കേന്ദ്ര മന്ത്രിമാരും; സഖ്യകക്ഷി നേതാക്കൾക്കൊപ്പം ബിജു ജനതാദൾ, വൈഎസ്ആർസിപി പ്രതിനിധികളും

എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകി ദ്രൗപദി മുർമു; ഒപ്പമെത്തി നരേന്ദ്ര മോദിയും അമിത്ഷായും മറ്റ് കേന്ദ്ര മന്ത്രിമാരും; സഖ്യകക്ഷി നേതാക്കൾക്കൊപ്പം ബിജു ജനതാദൾ, വൈഎസ്ആർസിപി പ്രതിനിധികളും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമു നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 12.30ഓടെ രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദിക്ക് ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർക്കൊപ്പമാണ് ദ്രൗപതി മുർമു പത്രികാ സമർപ്പിക്കാനെത്തിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാനും പിന്താങ്ങാനും എൻഡിഎയുടെ ദേശീയ നേതാക്കളുടെ നീണ്ടനിരയ്‌ക്കൊപ്പം ബിജു ജനതാദൾ, വൈഎസ്ആർസിപി തുടങ്ങിയ പാർട്ടികളിൽ നിന്നും പ്രതിനിധികളും പാർലമെന്റിലെ 29ാം നമ്പർ മുറിയിലും പരിസരത്തുമായി എത്തി.

പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷിയുടെ നേതൃത്വത്തിൽ ആണ് ദ്രൗപദി മുർമുവിന്റെ നാമനിർദ്ദേശ പത്രിക തയ്യാറാക്കിയത്. നാമനിർദ്ദേശ പത്രികയിൽ ഒപ്പിടുന്ന ചിത്രം മന്ത്രി കിരൺ റിജിജു ട്വിറ്ററിൽ പങ്കുവച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശിയദ്ധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാർ, മുന്നണിയിലെ വിവിധ പാർട്ടി നേതാക്കന്മാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരോടൊപ്പമാണ് ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദ്രൗപതി മുർമുവിനെ നാമനിർദ്ദേശം ചെയ്തത്. വിവിധ പാർട്ടികളിലെ നേതാക്കൾ അൻപത് നേതാക്കൾ പിന്താങ്ങി. ജനതാദൾ, ബിജെഡി,അണ്ണാഡിഎംകെ അടക്കം നേതാക്കൾ എത്തിയിട്ടുണ്ട്.

പിന്തുണയുടെ കാര്യത്തിൽ സംശയമുണ്ടായിരുന്ന നേതാക്കൾ പോലും അവസാന നിമിഷം പിന്തുണ പ്രഖ്യാപിച്ചതോടെ ദ്രൗപതി മുർമുവിന്റെ വിജയം ഏതാണ്ട് ഉറപ്പാണ്.നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് മുൻപായി പാർലമെന്റിലെത്തിയ ദ്രൗപതി മുർമു രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രധാനമന്ത്രി എത്തിയതോടെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോയി. തുടർന്ന് ദേശീയ നേതാക്കളോടൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയാണ്. ജൂലായ് 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക.

പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ ഡൽഹിയിലെത്തിയ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്നാഥ് സിങ്, ജെ പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടിസ്ഥാനവർഗ്ഗത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചും, രാജ്യത്തിന്റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്‌ച്ചപ്പാടുള്ള നേതാവാണ് മുർമ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചത്. നിതീഷ് കുമാറിന്റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു.

വെങ്കയ്യ നായിഡു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ഉയർന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാഗത്തിൽ നിന്നുൾപ്പെട്ടതുമായ മുർമുവിലേക്ക് ബിജെപി എത്തിയത്. ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൗൺസിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്‌സണായി. 2013ൽ ഒഡീഷയിലെ പാർട്ടിയുടെ പട്ടികവർഗ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്‌റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-ഗതാഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്‌കാരം). 2015ൽ ദ്രൗപതിയെ ഝാർഖണ്ഡിന്റെ ഗവർണറായി നിയമിച്ചു. ഝാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ഗവർണറായി ദ്രൗപതി മുർമു മാറി. ഝാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ.

1958 ജൂൺ 20നാണ് മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിൽ ആണ് ദ്രൗപതി മുർമു ജനിച്ചത്. ബിരാഞ്ചി നാരായൺ തുഡുവാണ് പിതാവ്. ആദിവാസി വിഭാഗമായ സാന്താൾ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമൻസ് യൂണിവേഴ്‌സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരൺ മുർമുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ടാൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. എന്നാൽ ഭർത്താവും രണ്ടാൺകുട്ടികളും മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP