Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമുക്ക് നോക്കാം എന്ന് ദിഗ്‌വിജയ് സിങ്; അശോക് ഗെഹ്ലോട്ടിനും, തരൂരിനും പിന്നാലെ മത്സരിക്കാൻ മുതിർന്ന നേതാവും; സെപ്റ്റംബർ 30 ന് വൈകിട്ട് ഉത്തരമറിയാമെന്നും സിങ്; രാജസ്ഥാനിൽ തന്റെ ഒഴിവിൽ പൈലറ്റ് കസേരയിട്ടിരിക്കാതെ നോക്കാൻ വെപ്രാളപ്പെട്ട് ഗെഹ്ലോട്ട്; ഒരുകൈ നോക്കാൻ തരൂർ; കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് ഇത്തവണ വീറും വാശിയും കൂടും

നമുക്ക് നോക്കാം എന്ന് ദിഗ്‌വിജയ് സിങ്; അശോക് ഗെഹ്ലോട്ടിനും, തരൂരിനും പിന്നാലെ മത്സരിക്കാൻ മുതിർന്ന നേതാവും; സെപ്റ്റംബർ 30 ന് വൈകിട്ട് ഉത്തരമറിയാമെന്നും സിങ്; രാജസ്ഥാനിൽ തന്റെ ഒഴിവിൽ പൈലറ്റ് കസേരയിട്ടിരിക്കാതെ നോക്കാൻ വെപ്രാളപ്പെട്ട് ഗെഹ്ലോട്ട്; ഒരുകൈ നോക്കാൻ തരൂർ; കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് ഇത്തവണ വീറും വാശിയും കൂടും

മറുനാടൻ മലയാളി ബ്യൂറോ


ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുപ്പ് അടുത്തതോടെ, കൂടുതൽ പേർ മത്സര രംഗത്തേക്ക്. അശോക് ഗെഹ്ലോട്ടിനും, ശശി തരൂരിനും പിന്നാലെ, മുതർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും മത്സരിച്ചേക്കുമെന്ന സൂചന നൽകി. മത്സരിക്കുമോ എന്ന എൻഡിവിയുടെ ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ അദ്ദേഹം മറുപടി പറഞ്ഞില്ല്. 'നമുക്ക് നോക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ സെപ്റ്റംബർ 30ന് വൈകിട്ട് ഇതിന്റെ ഉത്തരം അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ നെഹ്റു കുടുംബത്തിൽനിന്ന് ആരും ഇല്ലെന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ആശങ്കയും ഇല്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്സരിക്കാനുള്ള അവകാശമുണ്ട്. ഒരാൾക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിൽ അവരെ മത്സരിപ്പിക്കാൻ നിർബന്ധിക്കാനാവില്ല''- അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ വിമുഖത കാണിച്ചതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. നെഹ്റു കുടുംബത്തിൽ നിന്നല്ലാത്തയാളെ മുൻ നിർത്തി മുൻകാലങ്ങളിൽ കോൺഗ്രസ് പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നരസിംഹ റാവുവും സീതാറാം കേസരിയും ആയിരുന്നപ്പേൾ ഞങ്ങൾ പ്രവർത്തിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ഒരു മുഖ്യമന്ത്രി, പാർട്ടി ദേശീയ അദ്ധ്യക്ഷൻ ആകരുതെന്ന് കോൺഗ്രസ് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്ന് തിരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി വ്യക്തമാക്കി. അതായത് ഒരാൾക്ക് ഒരേ സമയം പദവി വഹിക്കുന്നതിൽ തടസ്സമില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരിക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് മിസ്ത്രിയുടെ വിശദീകരണം.

ശശിതരൂരിനായി കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് നൽകിയെന്ന് മധുസൂദനൻ മിസ്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള ഫോം പൂരിപ്പിക്കുന്നത് അടക്കം ചർച്ചചെയ്തു. ഭാരത് ജോഡോ യാത്രയിൽ പ്രത്യേക ബൂത്തുകൾ ഉണ്ടാകില്ലെന്നും രാഹുൽ അടക്കമുള്ള യാത്രാ അംഗങ്ങൾക്ക് പോസ്റ്റൽ വോട്ടിന് അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാൾ ഇറങ്ങാനിരിക്കെ വോട്ടർ പട്ടിക പരിശോധിക്കാനായി ശശി തരൂർ എഐസിസി ആസ്ഥാനത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന നിർദേശമാണ് ശശി തരൂർ മുന്നോട്ട്വെച്ചത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെങ്കിൽ മത്സരിക്കും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തരൂർ. തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാവില്ലെന്നും എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച സോണിയ ഗാന്ധിയെ കണ്ട് നിലപാടറയിച്ച ശശി തരൂർ തൽക്കാലം മൗനത്തിലാണ്.

സോണിയ ഗാന്ധിയെ കണ്ടപ്പോൾ തരൂർ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചുവെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം. രാഹുൽ ഗാന്ധി അധ്യക്ഷനാകുക, രാഹുൽ തയ്യാറല്ലെങ്കിൽ പ്രിയങ്ക ഗാന്ധി ഇതേറ്റെടുക്കണം. രണ്ട് പേരും തയ്യാറല്ലെങ്കിൽ സോണിയ ഗാന്ധി ഈ സ്ഥാനത്ത് തുടരണം തുടങ്ങിയവയാണ് ശശി തരൂരിന്റെ നിർദേശങ്ങൾ. എന്നാൽ തനിക്ക് തുടരാനാവില്ലെന്ന നിലപാടാണ് സോണിയ ഗാന്ധി അറിയിച്ചത്.

അതേസമയം, അശോക് ഗെഹ്ലോട്ട് ഇന്ന് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട ശേഷം രാഹുലിനെ കാണാൻ കേരളത്തിലേക്ക് പറക്കും. നേരത്തെ സച്ചിൻ പൈലറ്റ് ഭാരത് ജോഡോ യാത്രയിൽ ചേർന്നിരുന്നു. ഗെഹ്ലോട്ട് എത്തുമ്പോഴേക്കും, സച്ചിൻ സ്ഥലം വിടും. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങളെ താൻ എടുക്കുകയുള്ളുവെന്ന് ഗെഹ്ലോട്ട് പറഞ്ഞു. പാർട്ടിയും ഹൈക്കമാൻഡും എനിക്കെല്ലാം തന്നുകഴിഞ്ഞു. 50 വർഷത്തോളമായി വിവിധ പദവികൾ വഹിച്ചു. പദവിയല്ല, ഉത്തരവാദിത്വമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ഗെഹ്ലോട്ട് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ, മുഖ്യമന്ത്രി പദവി ഒഴിയണമോ എന്ന ചോദ്യത്തിന് സച്ചിൻ പൈലറ്റ് മറുപടി പറഞ്ഞില്ല. ' ഏത് ഉത്തരവാദിത്വം തന്നാലും ഞാൻ അത് നിർവഹിക്കും. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോയെന്ന് സമയമാകുമ്പോൾ അറിയാം', ഗെഹ്ലോട്ട് പ്രതികരിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആർക്കുവേണമെങ്കിലും മത്സരിക്കാം. ഒരാൾക്ക് മന്ത്രിയായിരിക്കുന്നതിന് ഒപ്പം തന്നെ പാർട്ടി അദ്ധ്യക്ഷനുമാകാം. ഗെഹ്ലോട്ട് ഡൽഹിയിലേക്ക് നീങ്ങിയാൽ, സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് ഗെഹ്ലോട്ടിനെ അസ്വസ്ഥനാക്കുന്നത്. താൻ എവിടെ പോയാലും രാജസ്ഥാനെ സേവിക്കുമെന്ന് കൂടി പറഞ്ഞതോടെ ഗെഹ്ലോട്ടിന്റെ മനസ്സിലിരുപ്പ് വ്യക്തമായി.

രാഹുൽ ഗാന്ധിയോട് ഒരുവട്ടം കൂടി അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്ന കാര്യം സംസാരിച്ച് നോക്കാമെന്നാണ് ഗെഹ്ലോട്ട് കഎംഎൽഎമാരുടെ കഴിഞ്ഞ യോഗത്തിൽ പറഞ്ഞിരുന്നു. താൻ ഒഴിവാകുന്ന രാഷ്ട്രീയ ശൂന്യതയിൽ പൈലറ്റ് കസേരയിട്ടിരിക്കരുത് എന്നാണ് ഗെഹ്ലോട്ടിന്റെ താൽപര്യം. അഥവാ രാജസ്ഥാൻ മുഖ്യമന്ത്രി പദം ഉപേക്ഷിച്ചാൽ, തന്റെ വിശ്വസ്തരിൽ ഒരാളെയാവും അങ്ങോട്ട് നിശ്ചയിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP