Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

കാശ്മീർ വിഷയത്തിൽ ഉറച്ച നിലപാടെടുക്കാനാകാതെ കോൺഗ്രസ്; ബിജെപിക്കു പിന്തുണയുമായി രംഗത്തെത്തിയവരിൽ മുതിർന്ന നേതാക്കളും; കശ്മീർ ബില്ലിനൊപ്പം നിൽക്കുന്നുന്നെന്ന് ജ്യോതിരാദിത്യ സിന്ധ്യ; കാശ്മീരിനെ വിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം തുറന്നു കാട്ടുന്നത് കോൺഗ്രസിനുള്ളിലെ വിഭജനങ്ങളെയും; സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തിന്റെ ശബ്ദമായ പാർട്ടിക്ക് സ്വന്തം ശബ്ദം തിരിച്ചറിയാനാകാതെ വരുമ്പോൾ

കാശ്മീർ വിഷയത്തിൽ ഉറച്ച നിലപാടെടുക്കാനാകാതെ കോൺഗ്രസ്; ബിജെപിക്കു പിന്തുണയുമായി രംഗത്തെത്തിയവരിൽ മുതിർന്ന നേതാക്കളും;  കശ്മീർ ബില്ലിനൊപ്പം നിൽക്കുന്നുന്നെന്ന് ജ്യോതിരാദിത്യ സിന്ധ്യ; കാശ്മീരിനെ വിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം തുറന്നു കാട്ടുന്നത് കോൺഗ്രസിനുള്ളിലെ വിഭജനങ്ങളെയും; സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തിന്റെ ശബ്ദമായ പാർട്ടിക്ക് സ്വന്തം ശബ്ദം തിരിച്ചറിയാനാകാതെ വരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേകാധികാരങ്ങൾ റദ്ദാക്കാനും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള മോദി സർക്കാരിന്റെ തീരുമാനം കോൺഗ്രസിനുള്ളിൽ തന്നെയുള്ള വിഭജനങ്ങളെയും തുറന്നു കാട്ടുകയാണ്. പാർട്ടി നേതൃത്വം വ്യക്തതയുള്ള ഒരു നിലപാട് സ്വീകരിക്കാൻ കഴിയാതെ ആശയക്കുഴപ്പത്തിൽ കുരുങ്ങിക്കിടക്കുമ്പോൾ ബിജെപിയെ പൂർണമായും പിന്തുണച്ചുകൊണ്ടും തുറന്നു പ്രശംസിച്ചും കോൺഗ്രസിന്റെ മുൻനിര നേതാക്കൾ തന്നെ രംഗത്തെത്തുന്നു.

സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തിന്റെ ശബ്ദമായ കോൺഗ്രസ് പാർട്ടി ഇന്ന് സ്വന്തം ശബ്ദം തിരിച്ചറിയാനാകാതെ ബുദ്ധിമുട്ടുകയാണെന്നാണ് പരക്കെ ഉയരുന്ന വിമർശനം. പാർട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. ഇനിയും രാഹുൽ ഗാന്ധിക്ക് പകരമൊരാളെ കണ്ടെത്താൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല എന്നത് പാർട്ടി നേരിടുന്ന പ്രതിസന്ധി എത്ര വലുതാണെന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.

Stories you may Like

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകവും, വിവാദാത്മതകവുമായ നീക്കം ബിജെപി നടത്തിയിട്ടും അതിനു ശേഷമുള്ള 24 മണിക്കൂറുകൾ നിശബ്ദത പാലിക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ തീരുമാനം. ഒടുവിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ട്വീറ്റ് ചെയ്തപ്പോഴേക്കും വൈകിയിരുന്നു. ജമ്മു കാശ്മീരിനെ ഏകപക്ഷീയമായി കീറിമുറിക്കുകയും ഭരണഘടനയെ ലംഘിക്കുകയുമാണ് സർക്കാർ ചെയ്തതെന്ന രാഹുലിന്റെ ട്വീറ്റോ ലോക്‌സഭയിൽ നിന്നും സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ നടത്തിയ വാക്ക്ഔട്ടോ പോരായിരുന്നു പാർട്ടിക്ക് ഉറച്ച ഒരു നിലപാട് ഈ വിഷയത്തിൽ ഉണ്ടെന്ന് നേതാക്കളെയും അണികളെയും ഒരുപോലെ ബോധ്യപ്പെടുത്താൻ.

കോൺഗ്രസിന്റെ രാജ്യസഭാ ചീഫ് വിപ്പ് ബുവനേശ്വർ കലീതാ ആർട്ടിക്കിൾ 370 അനുകൂലിച്ചുള്ള കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി അംഗത്വം തന്നെ രാജിവെച്ചു. കോൺഗ്രസ് ആത്മഹത്യ ചെയ്യുകയാണെന്നും താൻ അതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

മുതിർന്ന കോൺഗ്രസ് നേതാവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ ജനാർദ്ദൻ ദ്വവേദി തന്നെയാണ് സോണിയയുടെയും രാഹുലിന്റെയും കാഴ്ചപ്പാടുകൾക്ക് വിരുദ്ദമായ നിലപാടുമായി ആദ്യം രംഗത്തു വന്നവരിൽ പ്രമുഖൻ. അൽപ്പം വൈകിയാണെങ്കിലും സ്വാതന്ത്ര്യത്തിന്റെ സമയത്തുണ്ടായ ഒരു തെറ്റ് തിരുത്തപ്പെടുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

പാർലമെന്റിൽ സർക്കാർ നീക്കത്തിനെതിരെ ഗുലാം നബി ആസാദും കപിൽ സിബലും അടക്കമുള്ള നേതാക്കൾ ശക്തമായി പോരാടുമ്പോഴാണ്, ബിജെപി ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്ന് ആരോപിക്കുമ്പോഴാണ്, ദ്വവേദി ബിജെപിക്ക് പിന്തുണ അറിയിക്കുന്നത്.

മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ മകനും രാഹുലിന്റെ അടുപ്പക്കാരനുമായ കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ ട്വീറ്റ് ചെയ്തത് '21-ാം നൂറ്റാണ്ടിൽ ആർട്ടിക്കിൾ 370 ഉണ്ടാവേണ്ട് ആവശ്യമില്ലെന്നാണ്'. ആർട്ടിക്കിൾ 370 അസാധുവാക്കിയ നീക്കത്തെ പിന്തുണച്ച് മറ്റൊരു കോൺഗ്രസ് നേതാവ് ജെയ്വർ ഷെർഗിലും ട്വീറ്റ് ചെയ്തു. ആർട്ട് 370 റദ്ദാക്കുന്നതിനെ ഞാൻ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ ഷെർഗിൽ പക്ഷേ ഇത് സാധ്യമാക്കാൻ സർക്കാർ സ്വീകരിച്ച വഴി ഭരണഘടനാവിരുദ്ധമാണെന്നും കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ പുതുതലമുറ നേതാക്കളിൽ ഏറ്റവും ശ്രദ്ധേയനായ ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണവും ബിജെപിക്ക് അനുകൂലമായിരുന്നു. ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യൻ യൂണിയനിലേക്കു പൂർണമായും ചേർക്കുന്നതിനെ പിന്തുണയ്ക്കുന്നു.
ഭരണഘടനാപരമായ നടപടികൾ പാലിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. രാജ്യത്തിന്റെ താൽപര്യമാണിത്. അതുകൊണ്ടുതന്നെ കശ്മീർ ബില്ലിനൊപ്പം നിൽക്കുന്നു - സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.

മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന മിലിന്ദ് ദിയോറയുടെ വാക്കുകൾ പാർലമെന്റി്ൽ അമിത് ഷാ ഉന്നയിച്ച വാദങ്ങളെയാണ് ഓർമ്മിപ്പിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും ഫെഡറലിസത്തിനും ഏറ്റവും മികച്ചത് എന്താണെന്നാണെന്നാണ് ചർച്ച ചെയ്യേണ്ടതെന്ന് പറഞ്ഞ മിലിന്ദ് കേന്ദ്രസർക്കാർ നീക്കം കാശ്മീരിൽ സമാധാനത്തിന് കാരണമാകുമെന്നും കാശ്മീരി യുവാക്കൾക്ക് ജോലിയും പണ്ഡിറ്റുകൾക്ക് നീതിയും നൽകുമെന്നും ധ്വനിപ്പിച്ചു.

കോൺഗ്രസിലെ ഭിന്നതകളെ അടയാളപ്പെടുത്തുകയാണ് കാശ്മീർ വിഷയം. നെഹ്‌റു അടക്കം കോൺഗ്രസിനെ വളർത്തിയ നേതാക്കളെയോരോരുത്തരെയും കോൺഗ്രസിനെ സാധ്യമാക്കിയ മൂല്യങ്ങളെയും ബിജെപി കടന്നാക്രമിക്കുമ്പോഴും ഒരുമിച്ചു നിൽക്കാൻ പാർട്ടിക്ക് കഴിയാതാകുന്നത് അണികളെയും അസ്വസ്ഥരാക്കുന്നു. ശക്തമായൊരു പ്രതിപക്ഷത്തിന്റെ അഭാവം ദുർബലപ്പെടുത്തുന്നത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെയായിരിക്കേ കോൺഗ്രസിന്റെ പതനം ഭീതിപ്പെടുത്തുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP