Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

"തിളക്കം നഷ്ടപ്പെട്ട പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ"കളത്തിലിറങ്ങി എച്ച് ഡി ദേവ​ഗൗഡ; സംസ്ഥാനത്ത് ഭരണത്തിലിരിക്കെ നേതാക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്ന് കുറ്റസമ്മതം; പ്രതിബദ്ധതയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന എല്ലാവരുടെയും ശോഭനമായ ഭാവിയാണ് തന്റെ ആഗ്രഹമെന്നും മുൻ പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രാപ്തമാക്കാൻ എച്ച് ഡി ദേവ​ഗൗഡ നേരിട്ട് കളത്തിലിറങ്ങുന്നു. ഇതിന്റെ ഭാ​ഗമായി പാർട്ടിയുടെ ഉന്നതരും തന്റെ വിശ്വസ്തരുമായ നേതാക്കൾക്ക് മുൻ പ്രധാനമന്ത്രി കത്തയച്ചു. മകൻ കുമാരസ്വാമി മുഖ്യമന്ത്രി ആയിരിക്കെ നേതാക്കളുടെ താത്പര്യങ്ങൾ അനുഭാവപൂർവം പരി​ഗണിക്കപ്പെടാതിരുന്നതിൽ തെറ്റ് തുറന്ന് പറഞ്ഞാണ് ജെഡിഎസ് നേതാവ് തന്റെ സഹപ്രവർത്തകർക്ക് കത്തയച്ചിരിക്കുന്നത്. "തിളക്കം നഷ്ടപ്പെട്ട" പാർട്ടിയെ "പുനരുജ്ജീവിപ്പിക്കാൻ" ആണ് ദേവ​ഗൗഡ നേരിട്ട് കളത്തിലിറങ്ങുന്നത്. ജൂലൈ 14 ന് അയച്ച കത്തിലാണ് അദ്ദേഹം വീഴ്‌ച്ചകൾ ഏറ്റുപറഞ്ഞ് പാർട്ടിയെ കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തോട് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടായിരുന്നെങ്കിലും നേതാക്കളുടെ പ്രവർത്തനം അഭിനന്ദനാർഹമായിരുന്നെന്ന് ഗൗഡ ചൂണ്ടിക്കാട്ടി. ‘നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടര വർഷം പൂർത്തിയാവുകയാണ്. ഇനി അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള ചൂടുപിടിച്ച നീക്കങ്ങൾ തുടങ്ങേണ്ടതുണ്ട്. പ്രതിബദ്ധതയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന എല്ലാവരുടെയും ശോഭനമായ ഭാവിയാണ് എന്റെ ആഗ്രഹം’, ഗൗഡ പറഞ്ഞു. പാർട്ടി സഖ്യസർക്കാരിൽ പങ്കാളിയായിരുന്നിട്ടും, എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നിട്ടും നിങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. അത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്ന കൃത്യമായ ബോധ്യത്തോടെ ഞാനാ തെറ്റ് സമ്മതിക്കുന്നു. അതുമൂലം നിങ്ങളുടെ മനോവീര്യം നഷ്ടപ്പെട്ടത് പാർട്ടിക്ക് വലിയ വീഴ്ചയുണ്ടാക്കി’, അദ്ദേഹം വിശ്വസ്തരായ പാർട്ടി നേതാക്കൾക്കയച്ച കത്തിൽ പറഞ്ഞു.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെ.ഡി.എസ് കോൺഗ്രസിനൊപ്പം സഖ്യസർക്കാരിന് രൂപം കൊടുത്തത്. ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ബിജെപിക്ക് തിരിച്ചടി സമ്മാനിച്ചുകൊണ്ടായിരുന്നു ഇത്. 224 അംഗ നിയമസഭയിൽ സ്പീക്കർ ഉൾപ്പെടെ 118 അംഗങ്ങളാണ് കോൺഗ്രസ്- ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോൺഗ്രസ്-78, ജെ ഡി എസ്-37, ബി എസ് പി-1, നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബിജെപിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു. പതിന്നാലുമാസമാണ് സർക്കാർ അധികാരത്തിലുണ്ടായിരുന്നത്.

കർണാടകയിൽ കോൺഗ്രസ് - ജനതാദൾ (എസ്) ഭരണസഖ്യത്തിലെ 15 എംഎൽഎമാർ രാജിവച്ചതോടെയാണ് കുമാരസ്വാമി സർക്കാർ പതനത്തിന്റെ വക്കിൽ എത്തിയത്. രാജിവച്ച 10 എംഎൽഎമാർ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിൽ മുംബൈയിലേക്കു തിരിച്ചതോടെ കർണാടകയിൽ റിസോർട്ട് രാഷ്ട്രീയ നാടകങ്ങൾക്കും ചൂടുപിടിച്ചു. യുഎസിലുള്ള മുഖ്യമന്ത്രി കുമാരസ്വാമിയും ഓസ്ട്രേലിയയിലുള്ള പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും പൊടുന്നനെ മടങ്ങിയെത്തി.

കൂട്ടരാജിയിൽ പങ്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിനു ജനങ്ങൾക്കു താൽപര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ രൂപീകരണത്തിനു ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന സൂചനയാണ് ഇതു നൽകിയത്. കോൺഗ്രസ് ഹൈക്കമാൻഡ് യോഗം ചേർന്ന് സർക്കാരിനെ ഏതുവിധേനയും രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ബെംഗളൂരുവിലെത്തി. രാജിവച്ച സംഘത്തിനു നേതൃത്വം നൽകിയതു ദൾ മുൻ സംസ്ഥാന പ്രസിഡന്റ് എ.എച്ച്.വിശ്വനാഥ് എംഎൽഎയാണ്. വലിയ പ്രതിസന്ധിയിലേക്ക് പോകുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയാണ്. കോൺഗ്രസുമായുള്ള സഖ്യം നഷ്ടക്കച്ചവടമാണെന്ന് തിരിച്ചറിയുകയാണ് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകൻ. നേരത്തെ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാനാണ് കോൺഗ്രസും ജെഡിഎസും തമ്മിൽ സഖ്യത്തിലായത്. ദേവഗൗഡയായിരുന്നു നീക്കത്തിന്റെ പിന്നിൽ.

234 അംഗ മന്ത്രിസഭയിൽ, 2:1 എന്ന തോതിൽ മന്ത്രിസ്ഥാനങ്ങൾ കോൺഗ്രസിനും ദളിനും ഇടയിൽ വിഭജിക്കാനായിരുന്നു ധാരണ. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ പോലും അകറ്റി നിർത്തി മന്ത്രിസഭ രൂപീകരിച്ചതാണ് പ്രശ്നത്തിന് കാരണം. രണ്ടു ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന യെദൂരിയപ്പയെ താഴെയിറക്കിയാണ് കുമാരസ്വാമി 2018 ജൂണിൽ അധികാരത്തിലേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP