Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഡൽഹി മുഖ്യമന്ത്രി ക്യൂവിൽ നിന്നത് ആറ് മണിക്കൂറോളം; അസാധാരണമായ രീതിയിൽ അവസാന ദിവസം പത്രികയുമായെത്തിയത് 100 പേർ; അരവിന്ദ് കെജ്രിവാളിന് പത്രിക നൽകാനായത് വൈകിട്ട് ആറരയോടെ

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഡൽഹി മുഖ്യമന്ത്രി ക്യൂവിൽ നിന്നത് ആറ് മണിക്കൂറോളം; അസാധാരണമായ രീതിയിൽ അവസാന ദിവസം പത്രികയുമായെത്തിയത് 100 പേർ; അരവിന്ദ് കെജ്രിവാളിന് പത്രിക നൽകാനായത് വൈകിട്ട് ആറരയോടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്ആറ് മണിക്കൂറോളം ക്യൂവിൽ നിന്ന ശേഷം. വൈകിട്ട 6.30ഓടെയാണ് കെജ്രിവാൾ പത്രിക സമർപ്പിച്ചത്. 100 പേരാണ് പത്രിക സമർപ്പിക്കാനായി ഇന്ന് ഡൽഹി ജാമ്‌നഗർ ഹൗസിൽ എത്തിയത്. പത്രിക സമർപ്പിക്കാനെത്തിയവരുടെ ക്യൂ നീണ്ടതോടെ അധികൃതർ ടോക്കൺ ഏർപ്പെടുത്തി. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഓഫീസിലെത്തിയ എല്ലാവർക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അവസരമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തു.

ഉച്ചയോടെ കെജ്രിവാളിനു മുന്നിൽ 50ഓളം പേരാണ് ക്യൂവിൽ ഉണ്ടായിരുന്നത്. അസാധാരണമായ വിധത്തിൽ ക്യൂ രൂപപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് എഎപി ആരോപിച്ചിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെന്ന പേരിൽ ക്യൂവിൽ ഇടംപിടിച്ചിരിക്കുന്ന മിക്കവരുടെയും കൈയിൽ പത്രികയോ മറ്റു രേഖകളോ ഇല്ലെന്നും കെജ്രിവാളിനെ തടയുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

പത്രികാസമർപ്പണത്തിന് അനുഭവപ്പെടുന്ന തിക്കുംതിരക്കും സംബന്ധിച്ച് കെജ്രിവാൾ ഇന്ന് ഉച്ചയ്ക്ക് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 'നോമിനേഷൻ സമർപ്പിക്കുന്നതിനായി കാത്തുനിൽക്കുകയാണ്. എന്റെ ടോക്കൺ നമ്പർ 45 ആണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് നിരവധി പേരാണ് ഇന്ന് എത്തിയിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ നിരവധി പേർ മുന്നോട്ടുവരുന്നതിൽ വലിയ സന്തോഷം', കെജ്രിവാൾ ട്വീറ്റിൽ പറഞ്ഞു.

ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി സ്ഥാനാർത്ഥി വൈകീട്ട് മൂന്നുമണിക്കുള്ളിൽ ഇലക്ഷൻ കമ്മിഷണറുടെ ഓഫീസിൽ എത്തണമെന്നാണ് ചട്ടം. എന്നാൽ റോഡ് ഷോ പ്രതീക്ഷിച്ചതിനേക്കാൾ നീണ്ടുപോയി. ഇതോടെ മൂന്ന് മണിക്ക് മുന്നേ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് മുന്നിലെത്താൻ കെജ്രിവാളിന് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചത്.

വാൽമീകി മന്ദിറിൽ നിന്നാണ് ഇന്നലെ റോഡ് ഷോ ആരംഭിച്ചത്. ഉപമുഖ്യമന്ത്രി മനിഷ് ശിശോദിയ, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പമായിരുന്നു കെജ്രിവാൾ റോഡ്‌ഷോയിൽ പങ്കെടുത്തത്. ചൂലുകളും പാർട്ടി ചിഹ്നവുമുയർത്തി പ്രവർത്തകരും അനുയായികളും അണിനിരന്നതോടെ റോഡ് ഷോ അക്ഷരാർഥത്തിൽ ജനസമുദ്രമായി.

'അച്ഛേ ബീതേ പാഞ്ച് സാൽ, ലഗോ രഹോ കെജ്രിവാൾ' (കഴിഞ്ഞ അഞ്ചുവർഷം നന്നായി കടന്നുപോയി,മുന്നോട്ട് തന്നെ കെജ്രിവാൾ )എന്നതാണ് ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. 2015നേക്കാൾ മികച്ച വിജയമാണ് ആം ആദ്മി പ്രതീക്ഷിക്കുന്നത്. ഇത്തവണ 70 സീറ്റും എഎപി കരസ്ഥമാക്കുമെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം.

ഭരണത്തുടർച്ച ലഭിച്ചാൽ പത്തു കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യുമെന്നാണ് അരവിന്ദ് കെജ്രിവാൾ ഉറപ്പ് നൽകുന്നത്. വെള്ളം, വൈദ്യുതി, സ്ത്രീകളുടെ സൗജന്യ യാത്ര എന്നിവ അധികാരത്തിൽ വന്നാൽ തുടരുമെന്നും കെജ്രിവാളിന്റെ ഉറപ്പ്.

ആം ആദ്മി പാർട്ടി സർക്കാർ നേരത്തെ തുടങ്ങി വെച്ച സൗജന്യ പദ്ധതികൾ അധികാരത്തിൽ വന്നാൽ തുടരുമെന്ന ഉറപ്പാണ് കെജ്രിവാൾ മുന്നോട്ട് വെക്കുന്നത്. വരുന്ന മാർച്ചോടെ സൗജന്യ സേവനങ്ങൾ നിർത്തുമെന്ന പ്രതിപക്ഷ പാർട്ടികൾക്കുള്ള മറുപടി കൂടിയാണ് പ്രഖ്യാപനം.

24 മണിക്കൂറും വൈദ്യുതി, പൈപ്പ് വഴി 24 മണിക്കൂറും ശുദ്ധ ജലം. ഡൽഹിയിൽ ജനിക്കുന്ന കുട്ടികൾക്ക് ഡിഗ്രി വരെ വിദ്യാഭ്യാസം സൗജന്യം. എല്ലാവർക്കും ആധുനീക ചികിത്സ തുടങ്ങി പത്ത് ഉറപ്പുകൾ എ.എ.പി നൽകി. വിദ്യാർത്ഥികൾക്കും സൗജന്യ ബസ് യാത്രയാണ് പ്രധാനപെട്ട മറ്റൊരു ഉറപ്പ്. യമുന ശുദ്ധീകരണം, ഓരോ ചേരികളിലും സുരക്ഷ ഉദ്യോഗസ്ഥർ. സി.സി.ടി.വി ക്യാമറ. തെരുവുകളിൽ കഴിയുന്ന സ്ത്രീകൾക്ക് വീട് എന്നിങ്ങനെ പ്രകടന പത്രികക്ക് മുന്നേയുള്ള ഉറപ്പുകളിൽ പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP