Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞങ്ങൾ ബുദ്ധിയുള്ളവരാണ് മന്ത്രീജി.. ഉത്തരേന്ത്യക്കാരെ അപമാനിക്കരുത്; അഞ്ച് വർഷം ഭരിച്ചിട്ടും നിങ്ങൾ ഇവിടെ ഒരു തൊഴിൽ സൃഷ്ടിച്ചിട്ടില്ല; കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്‌വറിനെ പ്രസ്താവനക്കെതിരെ പ്രിയങ്ക ഗാന്ധി; മന്ത്രി മാപ്പു പറയണമെന്ന് മായാവതിയും; അമിത്ഷാ കൊളുത്തിവിട്ട ഹിന്ദി ഭാഷാ വിവാദം കൊഴുക്കുന്നതിനിടെ ഉത്തരേന്ത്യക്കാർക്ക് ക്വാളിറ്റിയില്ലെന്ന ബിജെപി മന്ത്രിയുടെ പ്രസ്താവനയും വിവാദത്തിൽ; തൊഴിലില്ലായ്മയ്ക്കു കാരണം സാങ്കേതികവിദ്യയുടെ വളർച്ചയെന്ന കണ്ടുപിടുത്തവുമായി മറ്റൊരു കേന്ദ്രമന്ത്രിയും

ഞങ്ങൾ ബുദ്ധിയുള്ളവരാണ് മന്ത്രീജി.. ഉത്തരേന്ത്യക്കാരെ അപമാനിക്കരുത്; അഞ്ച് വർഷം ഭരിച്ചിട്ടും നിങ്ങൾ ഇവിടെ ഒരു തൊഴിൽ സൃഷ്ടിച്ചിട്ടില്ല; കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്‌വറിനെ പ്രസ്താവനക്കെതിരെ പ്രിയങ്ക ഗാന്ധി; മന്ത്രി മാപ്പു പറയണമെന്ന് മായാവതിയും; അമിത്ഷാ കൊളുത്തിവിട്ട ഹിന്ദി ഭാഷാ വിവാദം കൊഴുക്കുന്നതിനിടെ ഉത്തരേന്ത്യക്കാർക്ക് ക്വാളിറ്റിയില്ലെന്ന ബിജെപി മന്ത്രിയുടെ പ്രസ്താവനയും വിവാദത്തിൽ; തൊഴിലില്ലായ്മയ്ക്കു കാരണം സാങ്കേതികവിദ്യയുടെ വളർച്ചയെന്ന കണ്ടുപിടുത്തവുമായി മറ്റൊരു കേന്ദ്രമന്ത്രിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുകയാണ്. വളർച്ചാനിരക്കു കുറഞ്ഞതും തൊഴിൽനഷ്ടങ്ങളും വാഹന വിൽപ്പനയിലെ ഇടിവുമെല്ലാമായി കടുത്ത പ്രതിസന്ധിയാണ് രാജ്യത്തെ ഉറ്റുനോക്കുന്നതും. എന്നാൽ, ഈ വിഷയത്തെ കുറിച്ചൊന്നും ദേശീയ മാധ്യമങ്ങളിൽ അടക്കം വേണ്ട വിധത്തിൽ ചർച്ചയാകുന്നില്ല, മറിച്ച് മന്ത്രിമാർ നടത്തുന്ന ചില പ്രസ്താവനകളുടെ ചുവടുപിടിച്ചു മുന്നോട്ടു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരം പ്രസ്താവനകൾ യഥാർത്ഥ വിഷയങ്ങളിൽ ശ്രദ്ധിക്കപ്പെടാതിരിക്കാൻ വേണ്ടി മനപ്പൂർവ്വം നടത്തുന്നതാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് കേന്ദ്ര തൊഴിൽ സഹമന്ത്രി സന്തോഷ് ഗംഗ് വർ നടത്തിയ പ്രസ്താവനയും വിവാദങ്ങൾക്ക് ഇടയാക്കിയത്.

യോഗ്യതയുള്ളവരുടെ കുറവാണ് ഉത്തരേന്ത്യയിൽ തൊഴിലില്ലായ്മയ്ക്ക് കാരണമെന്നാണ് സന്തോഷ് ഗംഗ് വർ പറഞ്ഞത്. ഇതാണ് വിവാദത്തിന് ഇടയാക്കിത്. ഈ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. മന്ത്രി ഉത്തരേന്ത്യൻ യുവതയെ അപമാനിച്ചെന്ന് പ്രിയങ്ക പറഞ്ഞു. മിസ്റ്റർ മന്ത്രി കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി നിങ്ങൾ ഭരിക്കുന്നു. ഇവിടെ തൊഴിൽ സൃഷ്ടിച്ചിട്ടില്ല. സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം തൊഴിൽ നഷ്ടപ്പെടുകയാണ്. ഉത്തരേന്ത്യക്കാരെ അധിക്ഷേപിച്ച് നിങ്ങൾ രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നും പ്രിയങ്ക വിമർശിച്ചു.

കേന്ദ്രമന്ത്രിയുടെ വാക്കുകൾക്കെതിരെ ബിഎസ്‌പി നേതാവ് മായാവതിയും രംഗത്തെത്തി. വടക്കേ ഇന്ത്യയിൽ തൊഴിലുകൾ നഷ്ടപ്പെടുമ്പോൾ മന്ത്രിയുടെ ഇത്തരം പ്രസ്താവനകൾ അപമാനകരമാണെന്ന് മായാവതി ട്വിറ്ററിൽ കുറിച്ചു. മന്ത്രി മാപ്പ് പറയണമെന്നും ബിഎസ്‌പി അധ്യക്ഷ ആവശ്യപ്പെട്ടു. രാജ്യത്ത് തൊഴിലില്ലായ്മ പ്രശ്നമില്ലെന്ന് പറഞ്ഞ കേന്ദ്ര തൊഴിൽ സഹമന്ത്രി ഉത്തരേന്ത്യയിൽ കമ്പനികൾക്ക് ആവശ്യമുള്ള യോഗ്യതയുള്ളവരെ ലഭിക്കാത്തതാണ് പ്രശ്നമെന്ന് മന്ത്രി പറഞ്ഞു. പരാമർശം വിവാദമായതോടെ മന്ത്രി കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത്. പ്രാവീണ്യമുള്ളവരുടെ കുറവുണ്ടെന്നാണ് ഉദ്ദേശിച്ചത്. അത് നികത്താനായാണ് യുവാക്കൾക്ക് തൊഴിൽ പ്രാവീണ്യം നൽകാനായി പ്രത്യേക മന്ത്രാലയം തുടങ്ങിയതെന്നും മന്ത്രി വിശദീകരിച്ചു. രാജ്യത്ത് തൊഴിലവസരങ്ങളുടെ കുറവുണ്ടെന്ന് പറയുന്നത് ശരിയല്ല. തൊഴിൽ വെട്ടിക്കുറക്കുന്നത് വടക്കേയിന്ത്യയിൽ നിന്ന് വരുന്നവർക്ക് ഗുണമേന്മ ഇല്ലാത്തതിനാലെന്നും അദ്ദേഹം പറഞ്ഞു. ബറേലിയൻ നടന്ന ഒരു ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യയിൽ തൊഴിൽ അവസരങ്ങളുടെ കുറവില്ല. റിക്രൂട്ട്‌മെന്റിന് വരുന്ന വടക്കേയിന്ത്യക്കാർ കുറഞ്ഞ ഗുണമേന്മയുമായി ഉയർന്ന ജോലികൾ ചോദിക്കുകയാണെന്നാണ് മന്ത്രിയുടെ പ്രതികരണം.

നേരത്തെ ധനമന്ത്രി നിർമ്മല സീതാരാമൻ ഓട്ടോമൊബൈൽ മേഖലയിലെ പ്രതിസന്ധിക്ക് കാരണം ചെറുപ്പക്കാരാണെന്ന് പറഞ്ഞിരുന്നു. ഇവർ ഓലയും യൂബറും അടക്കമുള്ള സർവ്വീസുകൾ ഉപയോഗിക്കുന്നതാണ് ഓട്ടോമൊബൈൽ വ്യവസായം തകരാൻ കാരണമായത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ ഓട്ടോമൊബൈൽ വ്യവസായ മേഖലയിൽ 3.5 ലക്ഷം പേരുടെ തൊഴിലാണ് നഷ്ടപ്പെട്ടത്. ധനമന്ത്രി ആശ്വാസ നടപടികൾ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും മേഖല പ്രതിസന്ധിയിൽ നിന്ന് കരകയറിയിട്ടില്ല.

അതേസമയം ഈ മന്ത്രിമാരുടെ വിവാദ പ്രസ്താവനകളെ ചൊല്ലി വിവാദം കൊഴുക്കവേ തൊഴിലില്ലായ്മക്ക് പുതിയ കാരണം കണ്ടെത്തി കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും രംഗത്തുവന്നു. സാങ്കേതിക വിദ്യ വളർന്നതാണ് തൊഴിലില്ലായ്മയ്ക്കു കാരണമെന്നാണ് അത്താവാലെയുടെ കണ്ടുപിടുത്തം. ഈ പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നും അതിനാണ് നിരവധി പദ്ധതികൾ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഈ ദിവസങ്ങളിൽ ജനങ്ങൾ തൊഴിലില്ലാതെ വലയുന്നുണ്ട്. ആധുനിക സാങ്കേതികതയുടെ വളർച്ചയാണ് അതിനുകാരണം. മുൻപ് ആയിരം പേർ ഒരു ഫാക്ടറിയിൽ ജോലി ചെയ്തുകൊണ്ടിരുന്നിടത്ത് ഇപ്പോൾ 200 പേർ മാത്രമാണുള്ളത്.'- വാർത്താ ഏജൻസിയായ എ.എൻ.ഐയോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഒരാൾ രണ്ട് യന്ത്രങ്ങളാണു പ്രവർത്തിപ്പിക്കുന്നത്. നേരത്തേ ഇത് പത്തിലേറെപ്പേരാണു പ്രവർത്തിപ്പിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ ജനങ്ങൾക്കു തൊഴിൽ കണ്ടെത്തി നൽകേണ്ടതിന്റെ ഭാരം കേന്ദ്രസർക്കാരിന്റെ ചുമലലിലാണെന്നും സാമൂഹിക നീത സഹമന്ത്രിയായ അദ്ദേഹം പറഞ്ഞു. അമിത്ഷാ നടത്തി ഹിന്ദി അനുകൂല പ്രസ്താവനക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നേതാക്കൾ എതിർപ്പു രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഉത്തരേന്ത്യക്കാരുടെ കഴിവില്ലായ്മയെന്ന മന്ത്രിയുടെ പരാമർശത്തിന്മേൽ വിവാദം കൊഴുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP