Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാലാർ നദിക്കരയിലെ കുടിലിൽ നിന്നും പാർലമെന്റിൽ വരെ എത്തിച്ചത് അനീതികളോട് കലഹിക്കാൻ കാട്ടിയ കരുത്ത്; പാടെ തകർന്നടിഞ്ഞ പാർട്ടിയെ കര കയറ്റാനുള്ള ചുമതല ഇനി ഡി രാജയുടെ ചുമലിൽ; സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി രാജ എത്തുന്നത് പരാജയം സമ്മതിച്ച് സുധാകർ റെഡ്ഡി പടിയിറങ്ങുന്നതോടെ

പാലാർ നദിക്കരയിലെ കുടിലിൽ നിന്നും പാർലമെന്റിൽ വരെ എത്തിച്ചത് അനീതികളോട് കലഹിക്കാൻ കാട്ടിയ കരുത്ത്; പാടെ തകർന്നടിഞ്ഞ പാർട്ടിയെ കര കയറ്റാനുള്ള ചുമതല ഇനി ഡി രാജയുടെ ചുമലിൽ; സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി രാജ എത്തുന്നത് പരാജയം സമ്മതിച്ച് സുധാകർ റെഡ്ഡി പടിയിറങ്ങുന്നതോടെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിക്ക് പകരം മുതിർന്ന നേതാവ് ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയാവും. രാവിലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഡി രാജയെ പുതിയ ജനറൽ സെക്രട്ടറിയാക്കാൻ ധാരണയായത്. ദേശീയ കൗൺസിൽ ചേർന്ന ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക. ദേശീയരംഗത്തെ ഇടപെടൽ, മറ്റ് പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം, ദളിത് പശ്ചാത്തലം എന്നിവയാണ് ഡി രാജയ്ക്ക് അനുകൂലമായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരിച്ചടി ചർച്ച ചെയ്യാൻ ചേർന്ന ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി രാജി സന്നദ്ധത അറിയിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു സുധാകർ റെഡ്ഡിയുടെ നിർദ്ദേശം. എ.ഐ.ടി.യു.സി നേതാവായ അമർജിത് കൗറിനെ ജനറൽ സെക്രട്ടറിയാക്കണമെന്നാണ് കേരള ഘടകത്തിന്റെ താൽപര്യം. ബിനോയ് വിശ്വത്തിന്റെ പേരും ചർച്ചയായിരുന്നെങ്കിലും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ബിനോയ് വിശ്വം തന്നെ സെക്രട്ടേറിയേറ്റ് യോഗത്തിൽ അറിയിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പർട്ടിയുടെ ജനറൽ സെക്രട്ടറിയെ പറ്റിയുള്ള തന്റെ തന്നെ വ്യക്തിപരമായ കാഴ്ചപ്പാടനുസരിച്ച് താൻ അതിന് യോഗ്യനായിട്ടില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്.

1994 മുതൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഡി രാജ. കഴിഞ്ഞ ജൂണിൽ 70 വയസ് പൂർത്തിയാക്കിയ രാജയുടെ രാജ്യസഭാ കാലാവധി ഈ മാസമാണ് പൂർത്തിയായത്. 2013ൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജയലളിതയുടെ എഐഎഡിഎംകെ പിന്തുണയോടെയാണ് ഡി രാജ പാർലമെന്റിൽ എത്തിയത്. എന്നാൽ, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിയിൽ ചേർന്ന സിപിഐക്ക് രണ്ട് പാർലമെന്റ് സീറ്റുകൾ മത്സരിക്കാൻ നൽകിയിരുന്നതിനാൽ ഇക്കുറി രാജക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് ഡിംഎംകെ തീരുമാനം.

വെല്ലൂരിനു സമീപം ചിത്താത്തൂർ ഗ്രാമത്തിൽ പാലാർ നദിക്കരയിലെ കുപ്പക്കൂനയ്ക്കു സമീപമുള്ള കുടിലിൽ നിന്നാണ് ഡി രാജ എന്ന പോരാളി ഇന്ത്യൻ പാർലമെന്റിൽ വരെ എത്തിയത്. പുറമ്പോക്ക് സ്ഥലത്തെ പ്ലാസ്റ്റികും തകരവും മറച്ച കൊച്ചു കുടിലിൽ തന്റെ മാതാപിതാക്കളുടെ ആറു മക്കളിൽ ഒരുവനായ രാജ കഷ്ടപ്പാടിനോടും കാട്ടുനീതികളോടും കലഹിച്ചാണ് കമ്മ്യൂണിസ്റ്റു പാർട്ടിയിൽ എത്തുന്നത്. മലയാളിയും സിപിഐ നേതാവും മഹിളാ ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറിയുമായ ആനി രാജയാണ് ഭാര്യ. വിദ്യാർത്ഥി നേതാവ് അപരാജിത രാജ ഏക മകളാണ്.

തെലങ്കാന പോരാളിയുടെ മകൻ പടിയിറങ്ങുന്നത് പരാജിതനായി

വളരെ പ്രതീക്ഷയോടെയാണ് സിപിഐ എ ബി ബർധന് ശേഷം എസ് സുധാകർ റെഡ്ഡിയെ പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എന്നാൽ തകർച്ചയുടെ പടുകുഴിയിലേക്കു വീണ പാർട്ടിയെ രക്ഷിക്കാൻ തെലങ്കാന സമരനായകന്റെ മകനും കഴിഞ്ഞില്ല. ആന്ധ്രപ്രദേശിലെ മെഹബൂബ് നഗർ ജില്ലയിലെ ആലംപുർ കുഞ്ച്‌പോട് ഗ്രാമത്തിൽ തെലങ്കാന സമരപോരാളിയായ സുരവരം വെങ്കിടരാമറെഡ്ഡിയുടെ മകനായ സുധാകർ റെഡ്ഡി വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.

കർണ്ണൂലിലായിരുന്നു വിദ്യാഭ്യാസം. വെങ്കിടേശ്വര സർവകലാശാലയിൽ പഠിക്കുന്ന കാലത്ത് എ.ഐ.എസ്.എഫ്. പ്രവർത്തനങ്ങളിൽ സജീവമായി. ബിഎ പാസായശേഷം ഉസ്മാനിയ സർവകലാശാലയിൽ നിയമപഠനത്തിന് ചേർന്നു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എഫ് ജനറൽ സെക്രട്ടറി, എ.ഐ.വൈ.എഫ്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മികച്ച പാർലമെന്റേറിയൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് ഉരുക്കുശാല സ്ഥാപിക്കാൻവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിൽ സുധാകർറെഡ്ഡിയും ഉണ്ടായിരുന്നു. എൽഎൽഎം പഠനശേഷം എഐഎസ്എഫ് ജനറൽ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹം പ്രവർത്തനകേന്ദ്രം ഡൽഹിയിലേക്ക് മാറ്റി. സി.കെ. ചന്ദ്രപ്പൻ എഐവൈഎഫ് ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് സുധാകർറെഡ്ഡി എഐഎസ്എഫ് ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് സുധാകർറെഡ്ഡി എഐവൈഎഫ് പ്രസിഡന്റും സി കെ ചന്ദ്രപ്പൻ ജനറൽ സെക്രട്ടറിയുമായി ഒരേ കാലം പ്രവർത്തിച്ചിട്ടുണ്ട്. 1968ൽ റെഡ്ഡി സിപിഐ ദേശീയ കൗൺസിൽ അംഗമായി. സിപിഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പന്ത്രണ്ടും പതിനാലും ലോക്‌സഭകളിൽ അംഗമായിരുന്നു.

രാജയെ കാത്തിരിക്കുന്നത് വലിയവെല്ലുവിളി

തകർന്നടിഞ്ഞ പാർട്ടിയെ കരകയറ്റുക എന്ന വലിയ ദൗത്യമാണ് ഡി രാജയെ കാത്തിരിക്കുന്നത്. സമാനതകളില്ലാത്ത തിരിച്ചടിയാണ് സിപിഐ നേരിടുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ ശക്തമായ തിരിച്ചടിയാണ് സ്ഥാനം ഒഴിയാൻ റെഡ്ഡിയെ പ്രേരിപ്പിച്ചത്. വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയും എന്നനിലയിൽ പ്രവർത്തിച്ചെങ്കിലും ഫലം വിപരീതമായിരുന്നു. തമിഴ്‌നാട്ടിൽ രണ്ടു സീറ്റുകൾ കോൺഗ്രസ്-ഡിഎംകെ മുന്നണിയുടെ ഭാഗമായി നിന്ന് ജയിച്ചത് മാത്രമാണ് ഏക ആശ്വാസം. പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്ന മണിപ്പൂരിലെയും ആസാമിലേയും നേതാക്കൾ ബിജെപിയിലേക്ക് പോയതും മേഖലയിൽ പാർട്ടിയുടെ അടിത്തറ തകർത്തു. പശ്ചിമ ബംഗാളിലും തൃപുരയിലും സിപിഎമ്മിനേറ്റ തിരിച്ചടി ഘടകകക്ഷി എന്ന നിലയിൽ സിപിഐയേയും ബാധിച്ചിരുന്നു. ബീഹാറിൽ കനയ്യ കുമാറിന്റെ പ്രഭാവം പോലും പാർട്ടിക്ക് ഗുണം ചെയ്തില്ല. നിലവിൽ സംസ്ഥാന നിയമസഭകളിൽ കേരളത്തിൽ മാത്രമാണ് പാർട്ടിക്ക് പ്രാതിനിധ്യം ഉള്ളത്. ദേശീയ പാർട്ടി പദവി പോലും നഷ്ടമായ പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക അത്ര എളുപ്പമാകില്ല എന്നാണ് രാഷ്ട്രീയ നീരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP