Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകത്തിൽ മുഖ്യമന്ത്രിയാകാൻ ക്ഷണം കാത്ത് കുമാര സ്വാമി; ഇന്ന് തന്നെ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കും; കോൺഗ്രസിന് കിട്ടുന്ന 20 മന്ത്രിപദങ്ങളിൽ രണ്ടെണ്ണം മലയാളികളായ ജോർജിനും യു ടി ഖാദറിനും തന്നെ; ഉപമുഖ്യമന്ത്രി പദം കോൺഗ്രസ് ഏൽപിക്കുന്നത് പിസിസി അധ്യക്ഷൻ പരമേശ്വരയെ; ബിജെപി തന്ത്രങ്ങളെ പൊളിച്ച് എംഎൽഎമാർ മറുകണ്ടം ചാടാതെ കാത്ത ഡികെ ശിവകുമാറിനെ പിസിസി അധ്യക്ഷൻ ആക്കിയേക്കും

കർണാടകത്തിൽ മുഖ്യമന്ത്രിയാകാൻ ക്ഷണം കാത്ത് കുമാര സ്വാമി; ഇന്ന് തന്നെ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കും; കോൺഗ്രസിന് കിട്ടുന്ന 20 മന്ത്രിപദങ്ങളിൽ രണ്ടെണ്ണം മലയാളികളായ ജോർജിനും യു ടി ഖാദറിനും തന്നെ; ഉപമുഖ്യമന്ത്രി പദം കോൺഗ്രസ് ഏൽപിക്കുന്നത് പിസിസി അധ്യക്ഷൻ പരമേശ്വരയെ; ബിജെപി തന്ത്രങ്ങളെ പൊളിച്ച് എംഎൽഎമാർ മറുകണ്ടം ചാടാതെ കാത്ത ഡികെ ശിവകുമാറിനെ പിസിസി അധ്യക്ഷൻ ആക്കിയേക്കും

ബെംഗളൂരു: കർണാടകത്തിൽ യെദിയൂരപ്പയും ബിജെപിയും ഒരുക്കിയ തന്ത്രങ്ങൾ പരാജയപ്പെടുകയും ബിജെപിക്ക് കളമൊഴിയുകയും ചെയ്യേണ്ടിവന്നതോടെ കോൺ്ഗ്രസും ജനതാദളും ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ചു. കുമാരസ്വാമിയെ മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. ഇന്നു 7.30തോടെ കുമാരസ്വാമി ഗവർണറെ കാണും. 20 മന്ത്രിസ്ഥാനങ്ങളും ഉപമുഖ്യമന്ത്രി പദവും ആണ് കോൺഗ്രസിന് ലഭിക്കുക. 14 മന്ത്രിസ്ഥാനവും മുഖ്യമന്ത്രി പദവും ദളിനും. ഇതായിരുന്നു തിരഞ്ഞെടുപ്പിന് പിന്നാലെ ഇരു പാർട്ടികളും തമ്മിലുണ്ടാക്കിയ ധാരണ. ഗവർണറുടെ ഒത്താശയോടെ ബിജെപി അധികാരത്തിലേറിയതിന്റെ കാറുംകോളും ഒഴിഞ്ഞതോടെ മുൻധാരണ പ്രകാരം തന്നെ കാര്യങ്ങൾ നീങ്ങുകയാണ് കർണാടകത്തിൽ.

കർണാടകയിൽ സർക്കാർ രൂപവത്കരിക്കാനുള്ള ഗവർണറുടെ ക്ഷണം കാത്തിരിക്കുകയാണെന്ന് ജനതാദൾ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. എപ്പോഴാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്നുതന്നെ മന്ത്രിമാരെ തീരുമാനിക്കാനുള്ള നീക്കം ജനതാദളും തുടങ്ങി. പാർട്ടിയിൽ ആടിനിൽക്കുന്നവർക്ക് മുൻഗണന നൽകിയേക്കുമെന്നാണ് സൂചന. ഇന്ന് ബിജെപി എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള നീക്കം നടക്കാതെ വന്നതോടെ പിന്മാറിയെങ്കിലും ഇതിന് സാധ്യത നിലനിൽക്കുന്നുണ്ടെന്ന് കോൺ്ഗ്രസും ദളും കരുതുന്നു. അതിനാൽ പിണക്കക്കാർക്ക് പദവി നൽകാൻ കുടുതൽ ശ്രദ്ധിക്കുന്നുണ്ട് ഇരു പാർട്ടികളും.

കോൺഗ്രസ് നടത്തിയ നീക്കമാണ് ശ്രദ്ധേയം. വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ സിദ്ധരാമയ്യ മാറി നിൽക്കുന്ന സാഹചര്യത്തിൽ പിസിസി അധ്യക്ഷൻ പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിനൊപ്പം നടത്തുന്ന അടുത്ത നീക്കവും നിർണായകമാണ്. ഡികെ ശിവകുമാറിന്റെ പങ്ക് കോൺഗ്രസിന്റെ വിജയത്തിൽ അതി നിർണായകമായിരുന്നു. എംഎൽഎമാർ ബിജെപി പാളയത്തിലേക്ക് ചാടാതെ കാക്കുകയെന്ന ചുമതല കൃത്യമായി നിർവഹിക്കാൻ ശിവകുമാറിന് കഴിഞ്ഞു. ഇത് വലിയ നേട്ടമായി കോൺഗ്രസ് നേതൃത്വം അംഗീകരിക്കുന്നു. ഈ നീക്കത്തിന്റെ കൂടി ഫലമാണ് ഇന്ന് ബിജെപിക്ക് അടിയറവ് പറയേണ്ട സ്ഥതിയിലേക്ക് കാര്യങ്ങൾ എത്തിച്ചതും. എംഎൽഎമാരെ അനുനയിപ്പിച്ച് കൂടെ നിർത്തുകയെന്ന ദൗത്യം വിജയകരമായി നിർവഹിച്ച ശിവകുമാറിനെ പ്രദേശ് കോൺ്ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ പദവി ഏൽപ്പിച്ചെക്കുമെന്നാണ് സൂചന.

ഇതോടൊപ്പം കഴിഞ്ഞ സർക്കാരിലെ മലയാളി സാന്നിധ്യമായിരുന്ന കെജെ ജോർജിനും യുടി ഖാദറിനും ഇക്കുറിയും മന്ത്രിസ്ഥാനം ലഭിക്കും. ഇവരും തുടക്കത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. കർണാടകത്തിൽ ബിജെപിയുടെ മുന്നേറ്റത്തോടെ കോൺഗ്രസ് വലിയ തിരിച്ചടി നേരിട്ടപ്പോഴും കോൺഗ്രസ് പാളയത്തിൽ വിജയിച്ചുകയറിയത് മൂന്ന് മലയാളി സ്ഥാനാർത്ഥികളായിരുന്നു. കന്നഡ വികാരം ശക്തമാണെന്നും ഇത് മലയാളി സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയാകുമെന്നും ഇടയ്ക്ക് സൂചനകൾ വന്നെങ്കിലും സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിമാരായിരുന്ന കെജെ ജോർജും യുടിഖാദറും ജയിച്ചുകയറി. ശാന്തി നഗറിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച എൻ എ ഹാരിസും വിജയം നേടി. ഇതിൽ സീനിയർ നേതാക്കളായ ജോർജിനും ഖാദറിനും വീണ്ടും മന്ത്രിസ്ഥാനം നൽകുകയാണ് കോൺഗ്രസ്.

ആഭ്യന്തര വകുപ്പ് സമർത്ഥമായി കൈകാര്യം ചെയ്ത ജോർജ്

സിദ്ധരാമയ്യ സർക്കാരിൽ ആഭ്യന്തരവകുപ്പു മന്ത്രിയായിരുന്നു കോട്ടയം സ്വദേശിയായ കെ ജി ജോർജ്. സർവജ്ഞപുര മണ്ഡലത്തിൽനിന്നായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. ചിങ്ങവനം സ്വദേശിയായ ജോർജ് കർണാടകത്തിൽ ഏറെക്കാലമായി രാഷ്ട്രീയ രംഗത്ത് സജീവമാണ്. അവിടെ സ്ഥിരതാമസക്കാരനുമാണ്. 1985-ലാണ് ആദ്യമായി ഭാരതിനഗർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് എത്തുന്നത്. 80-കളുടെ അവസാനത്തിൽ വീരേന്ദ്രപാട്ടീൽ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയും പിന്നീട് ബംഗാരപ്പ മന്ത്രിസഭയിൽ നഗരവികസന മന്ത്രിയുമായിരുന്നു ജോർജ്.

കോൺഗ്രസിന്റെ കർണാടക ഘടകത്തിലെ നിറഞ്ഞുനിൽക്കുന്ന മലയാളി മുഖവുമാണ് അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സർവജ്ഞാനനഗർ മണ്ഡലത്തിൽനിന്ന് ബിജെപി.യുടെ പത്മനാഭ റെഡ്ഡിയോട് 69,673 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇക്കുറിയും ഇതേ മണ്ഡലത്തിൽ തന്റെ സിറ്റിങ് സീറ്റിൽ ജയം ആവർത്തിച്ചു. സിദ്ധരാമയ്യ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് മുതിർന്ന നേതാവ് പരമേശ്വരയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് ഈ പദവി ഒഴിഞ്ഞുകൊടുക്കുന്നത്. പിന്നീട് ബെംഗളൂരു നഗരവികസനമന്ത്രിയായി. തുടർന്ന് ഡിവൈ.എസ്‌പി. എം.കെ. ഗണപതിയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട ആരോപണത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നെങ്കിലും കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനെത്തുടർന്ന് അധികാരത്തിൽ തിരിച്ചെത്തി.

ഹാട്രിക് നേടി വിജയിച്ചുകയറിയ യു ടി ഖാദർ

മാംഗ്ലൂർ സിറ്റി മണ്ഡലത്തിലായിരുന്നു സിവിൽ സപ്ലൈസ് വകുപ്പു മന്ത്രിയായിരുന്ന യു.ടി ഖാദറിന്റെ വിജയം. മംഗളൂരു മണ്ഡലത്തിൽ രാഷ്ട്രീയ സ്വാധീനമുള്ള പിതാവിന്റെ പാതയിലാണ് ഖാദറും രാഷ്ട്രീയത്തിൽ എത്തുന്നത്. പിതാവിനൊപ്പം പ്രവർത്തിച്ച പരിചയത്തിൽ സജീവ രാഷ്ട്രീയത്തിൽ എത്തിയതോടെ മണ്ഡലത്തിൽ വലിയ ജനസ്വാധീനമുള്ള നേതാവാണ് ഖാദർ. കോൺഗ്രസ് നേതാവ് യു.ടി ഫരീദിന്റെ മരണത്തെ തുടർന്ന് 2007ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകനായ യു.ടി ഖാദർ ഇവിടെ മത്സരിക്കുന്നത്. ആദ്യ മത്സരത്തിൽ വിജയം നേടിയ ഖാദർ അടുത്ത തിരഞ്ഞെടുപ്പിലും ജയിച്ചുകയറിയതോടെയാണ് ഈ അംഗീകാരത്തിന്റെ തുടർച്ചയായി മന്ത്രിസ്ഥാനവും നേടുന്നത്. ഇപ്പോൾ വീണ്ടും വിജയംകൊയ്ത് ഹാട്രിക് നേടിയിരിക്കുകയാണ് യു ടി ഖാദർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP