Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനാകാതെ മാർക്‌സിസ്റ്റ് പാർട്ടി; ആം ആദ്മിപോലും അനുകൂലിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സിപിഎം; ഓഗസ്റ്റ് ഏഴിന് പ്രതിഷേധം സംഘടിപ്പിക്കുക കശ്മീരിലെ ജനതയെ വഞ്ചിച്ചു എന്ന പേരിൽ; കശ്മീരിൽ സ്വന്തം സംഘടനയുടെ പേരുപോലും ഉപയോഗിച്ച് പ്രവർത്തനം നടത്താൻ കഴിയാത്ത ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത് മലപ്പുറത്ത്

കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനാകാതെ മാർക്‌സിസ്റ്റ് പാർട്ടി; ആം ആദ്മിപോലും അനുകൂലിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സിപിഎം; ഓഗസ്റ്റ് ഏഴിന് പ്രതിഷേധം സംഘടിപ്പിക്കുക കശ്മീരിലെ ജനതയെ വഞ്ചിച്ചു എന്ന പേരിൽ; കശ്മീരിൽ സ്വന്തം സംഘടനയുടെ പേരുപോലും ഉപയോഗിച്ച് പ്രവർത്തനം നടത്താൻ കഴിയാത്ത ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത് മലപ്പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രതിപക്ഷ പാർട്ടികളായ ആം ആദ്മിയും ബി.എസ്‌പിയും എസ്‌പിയും ടി.ഡി.പിയും ഉൾപ്പെടെയുള്ള കക്ഷികൾ ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന വകുപ്പുകൾ റദ്ദാക്കിയതിനെ സ്വാഗതം ചെയ്തപ്പോൾ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി സിപിഎം. 370ാം വകുപ്പ് റദ്ദാക്കിയ തീരുമാനത്തിനെതിരെ ഓഗസ്റ്റ് 7ന് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിപിഎം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയും തകർക്കുന്ന തീരുമാനമാണ് എന്നാണ് സിപിഎം നിലപാട്.

പാക്കിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയോടൊപ്പം ചേർന്നു നിൽക്കുകയാണ് കശ്മീർ ചെയ്തത്. അന്ന് ഇന്ത്യൻ സർക്കാർ വാഗ്ദാനം ചെയ്തതാണ് പ്രത്യേക പദവിയും അവകാശങ്ങളും. അതിലുള്ളതാണ് 370ാം വകുപ്പും. ഈ വാഗ്ദാന ലംഘനം നടത്തിയതിലൂടെ ജമ്മു കശ്മീരിലെ ജനങ്ങളെ വഞ്ചിക്കുകയാണ് മോദി സർക്കാർ ചെയ്തതെന്ന് വാർത്ത കുറിപ്പിൽ പറയുന്നു.

നേരത്ത ജമ്മു കശ്മീരിലെ സംഭവവികാസങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും വിഷയത്തിൽ കേന്ദ്ര ഗവൺമെന്റ് പാർലമെന്റിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള സിപിഎം എംപിമാരായ എളമരം കരീമും, കെ.ക രാഗേഷും രാജ്യസഭയിൽ രാവിലെ അടിയന്തിരപ്രമേയ നോട്ടീസ് നൽകിയിരുന്നു.

അതേസമയം, കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ മലപ്പുറം തേഞ്ഞിപ്പാലം പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. കേന്ദ്ര സർക്കാർ സ്ഥാപനമായതിനാലാണ് പോസ്റ്റോഫീസ് മാർച്ചിന് തിരഞ്ഞെടുത്തത്. കശ്മീർ ഒരു തുടക്കമാണ് എന്ന ബാനർ ഉയർത്തിയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. ജമ്മു കാശ്മീരിൽ സ്വന്തം സംഘടനയുടെ പേര് പോലും ഉപയോഗിക്കാൻ അവകാശമില്ലാത്ത സംഘടനയാണ് പ്രത്യേക അധികാരം എടുത്ത് കളയുന്നതിന്റെ പേരിൽ മലപ്പുറത്ത് പ്രതിഷേധിച്ചത്. ജമ്മു കശ്മീർ ഡമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ എന്ന സംഘടനയാണ് നിലവിൽ ഡിവൈഎഫ്‌ഐയിൽ അഫിലിയേറ്റ് ചെയ്ത് കശ്മീരിൽ പ്രവർത്തിക്കുന്നത്.

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുമുള്ള കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും രംഗത്തെത്തി. സ്വതന്ത്ര പരമാധികാര റിപബ്ലിക്കായ ഇന്ത്യയുടെ ആത്മാവിനെ പിറകിൽ നിന്ന് കുത്തുകയാണ് ബിജെപി ചെയ്തതെന്ന് മുഹമ്മദ് റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

'ആർട്ടിക്കിൾ 370 കേവലം ഒരു സംസ്ഥാനത്തിന് പ്രത്യേകാധികാരം കൊടുത്തിരുന്ന ഒരു വകുപ്പ് മാത്രമായിരുന്നില്ല. രണ്ടു നൂറ്റാണ്ടിലേറെ തുടർന്ന കൊളോണിയൽ ആധിപത്യത്തെ തൂത്തെറിഞ്ഞ ഒരു ജനത, വൈവിധ്യങ്ങളും വ്യത്യസ്തകളും നില നിർത്തിക്കൊണ്ട് തന്നെ ഒരുമിച്ച് ഭാവിയെ സ്വപ്നം കാണാൻ പ്രാപ്തരാക്കിയ ഒരു ഭരണഘടനാ വൈദഗ്ദ്ധ്യമായിരുന്നു.ആ ഭരണഘടനയേയും കാശ്മീരി ജനതയേയും മാത്രമല്ല, ഒരു സ്വതന്ത്ര പരമാധികാര റിപബ്ലിക്കായ ഇന്ത്യയുടെ ആത്മാവിനേയും പിറകിൽ നിന്ന് കുത്തുകയാണ് ബിജെപി ചെയ്തത്' എന്നായിരുന്നു റിയാസിന്റെ പോസ്റ്റ്.

കേന്ദ്രസർക്കാർ നടപടിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. സിപിഎം ജമ്മുകാശ്മീരിലെ ജനങ്ങൾക്കൊപ്പമാണെന്നായിരുന്നു യെച്ചൂരി പ്രതികരിച്ചത്. ഇന്ത്യയ്ക്കൊപ്പം നിന്നവരാണ് കശ്മീരി ജനത. എന്നാൽ മോദി സർക്കാർ ആ ഉത്തരവാദിത്തത്തിൽ നിന്നും പിന്മാറി കശ്മീരി ജനതയെ വഞ്ചിച്ചിരിക്കുകയാണെന്നും യെച്ചൂരി വിമർശിച്ചിരുന്നു.

രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിനുശേഷമാണ് കേന്ദ്രസർക്കാരിന്റെ നിർണായകപ്രഖ്യാപനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചശേഷം അത്യന്തം നാടകീയ രംഗങ്ങൾക്കാണ് രാജ്യസഭ സാക്ഷ്യംവഹിച്ചത്. പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. ഭരണഘന കീറിയെറിഞ്ഞ പിഡിപി എംപിമാരായ മിർ ഫയാസ്, നസീർ ലവായ് എന്നിവരെ രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു പുറത്താക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP