Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎമ്മിനെ ഞെട്ടിച്ച് ബംഗാൾ എംഎൽഎ ബിജെപിയിൽ; വനിതാ സാമാജിക തപ്‌സി മോണ്ഡൽ പാർട്ടി വിട്ടത് അമിത്ഷാ നാളെ കൊൽക്കൊത്തയിൽ എത്താനിരിക്കേ; തൃണമൂലിനെയും വിഴുങ്ങി ബിജെപി; രണ്ട് ദിവസത്തിനിടെ മമതയ്ക്ക് നഷ്ടമായത് മൂന്നാമത്തെ എംഎൽഎയെ

സിപിഎമ്മിനെ ഞെട്ടിച്ച് ബംഗാൾ എംഎൽഎ ബിജെപിയിൽ; വനിതാ സാമാജിക തപ്‌സി മോണ്ഡൽ പാർട്ടി വിട്ടത് അമിത്ഷാ നാളെ കൊൽക്കൊത്തയിൽ എത്താനിരിക്കേ; തൃണമൂലിനെയും വിഴുങ്ങി ബിജെപി; രണ്ട് ദിവസത്തിനിടെ മമതയ്ക്ക് നഷ്ടമായത് മൂന്നാമത്തെ എംഎൽഎയെ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കേരളത്തിലെ സിപിഎം സൈബർ സഖാക്കൾ പലപ്പോഴും ആരോപിക്കുന്ന ഒരുകാര്യമാണ് കകോൺഗ്രസുകാർ ഇരുട്ടിവെളുക്കുന്നതിന് മുമ്പ് ബിജെപിയിൽ എത്തുമെന്നത്. എന്നാൽ ബംഗാളിൽ ഇപ്പോൾ ഒരു സിപിഎം എംഎൽഎ തന്നെ ബിജെപിയിൽ ചേർന്നിരിക്കയാണ്. ഹാൽഡിയ എംഎൽഎ തപ്‌സി മോണ്ഡലാണ് ശനിയാഴ്ച അമിത് ഷാ സംസ്ഥാനത്തേക്ക് വരാനിരിക്കെയാണ് ബിജെപിയിലേക്ക് ചേക്കേറിയത്.അതേസമയം തപ്‌സിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു. സിപിഎം തന്നെ മാനസികമായി വേട്ടയാടപ്പെട്ടതിനാലാണ് രാജിവെച്ചതെന്ന് തപ്‌സി പറഞ്ഞു.നേരത്തെ തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള മൂന്ന് എംഎ‍ൽഎമാരും നിരവധി നേതാക്കളും ബിജെപി വിട്ടിരുന്നു. ബിജെപിയും തൃണമൂലും നേരിട്ട് പോരടിക്കുന്നതിനിടെയാണ് അമിത് ഷാ സംസ്ഥാനം സന്ദർശിക്കുന്നത്.

നേരത്തെയും നിരവധി സിപിഎം നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. മാത്രമല്ല തൃണമൂലിന്റെ അക്രമം സഹിക്കവയ്യാതായയോടെ പതിനായിരക്കണക്കിന് സിപിഎം പ്രവർത്തകരാണ് ഇവിടെ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ഒരുകാലത്ത് സിപിഎം കോട്ടയായ 24 പർഗാനപോലുള്ള ജില്ലകളിൽ സിപിഎം പാർട്ടി ഓഫീസുകളും ലോക്കൽ എരിയാ സെക്രട്ടറിമാരും ഒന്നടങ്കമായിരുന്നു ബിജെപിയിലേക്ക് ചേക്കേറിയത്. പലയിടത്തും പാർട്ടിഓഫീസുകളിൽ ചുവപ്പുകൊടി മാറ്റി കാവിക്കൊടി തൂക്കുകയാണ് ചെയ്തത്. അതോടെ മൂന്ന് പതിറ്റാണ്ട് ബംഗാൾ ഭരിച്ച സിപിഎം തൃണമൂലിനും ബിജെപിക്കും കോൺഗ്രസിനും പിന്നിൽ നാലാം സ്ഥാനത്തായി മാറുകയായിരുന്നു.

ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽനിന്നും ബിജെപിയിലേക്ക് വൻ കൊഴിഞ്ഞുപോക്ക് നടക്കുകയാണ്. രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ എംഎൽഎയും പാർട്ടി വിട്ടു. ശിൽഭദ്ര ദത്തയാണ് ഇന്നു രാവിലെ പാർട്ടി വിട്ടത്. മുൻ മന്ത്രി ശുഭേന്ദു അധികാരിയും മറ്റൊരു എംഎൽഎ ജിതേന്ദ്ര തിവാരിയും വ്യാഴാഴ്ച രാജിവെച്ചിരുന്നു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പ്രതിസന്ധി.വനംമന്ത്രി രാജീബ് ബാനർജി, സുനിൽ മണ്ഡൽ എംപി. എന്നിവരും രാജിക്കുമെന്നാണ് റിപ്പോർട്ട്. രണ്ടുദിവസത്തെ സന്ദർശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ബംഗാളിലെത്തും. അമിത് ഷായുടെ സാന്നിധ്യത്തിൽ തൃണമൂലിൽ നിന്ന് നേതാക്കളുടെ വൻപട തന്നെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ബംഗാളിൽ അമിത് ഷാ നേരിട്ടാണ് ഇടപെടുന്നത്. സിപിഎമ്മിനെ തകർത്താണ് ബംഗാളിലെ മുഖ്യപ്രതിപക്ഷമായി ബിജെപി മാറിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മമതയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയും ചെയ്തു.

അടുത്ത വർഷത്തെ നിയസഭാ തെരഞ്ഞെടുപ്പിൽ ബംഗളാണ് ബിജെപിയുടെ പ്രധാന ടാർഗറ്റ്. ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലും ഒരുമിച്ച് വോട്ടെടുപ്പ് നടക്കും. മൂന്നിടങ്ങളിൽ ബിജെപി പ്രധാനമായും നോട്ടമിടുന്നത് ബംഗളാണ്. തമിഴ്‌നാട്ടിലും കേരളത്തിലും കാര്യമായ മുന്നേറ്റം ഇപ്പോഴുണ്ടാക്കാൻ കഴിയുമെന്ന് ബിജെപിയും കണക്കു കൂട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ബംഗാളിൽ അമിത് ഷാ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് മമതാ ബാനർജിയും തിരിച്ചറിയുന്നുണ്ട്.

ഇതിനിടെ മുഖ്യമന്ത്രി മമത ബാനർജി പാർട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എംഎൽഎമാരടക്കമുള്ളവരോട് ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കാനാവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടേയും പാർട്ടിയിലെ കൊഴിഞ്ഞുപോക്കിന്റേയും അടിസ്ഥാനത്തിലാണ് യോഗം. ബംഗാൾ പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിൽ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോകളും റാലികളും സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ഏതെല്ലാം തൃണമൂൽ നേതാക്കൾ ബിജെപി അംഗത്വം സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞദിവസം എംഎൽഎ സ്ഥാനം ഒഴിഞ്ഞയുടൻ ശുഭേന്ദു ബർധമാനിലെ സുനിൽ മണ്ഡൽ എംപി.യുടെ വീട്ടിലെത്തിയിരുന്നു. അവിടെ ഇരുവർക്കുമൊപ്പം ജിതേന്ദ്ര തിവാരിയുമെത്തി ചർച്ചനടത്തി. നേരത്തേ, മുഖ്യമന്ത്രി മമതാ ബാനർജി തിവാരിയെ വിളിച്ച് കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്നും വെള്ളിയാഴ്ച ചർച്ചനടത്താമെന്നും പറഞ്ഞിരുന്നു. എന്നാൽ, അനുനയനീക്കം ഫലിച്ചില്ല.അസൻസോൾ മുനിസിപ്പാലിറ്റിക്ക് 2000 കോടിയുടെ കേന്ദ്രസഹായം കിട്ടുമായിരുന്നത് സംസ്ഥാനസർക്കാർ മുടക്കിയെന്നാരോപിച്ച് രണ്ടുദിവസംമുമ്പ് തിവാരി നഗരവികസനമന്ത്രി ഫിർഹാദ് ഹക്കീമിന് കത്തെഴുതിയിരുന്നു. തിവാരിയെ മന്ത്രി ഹക്കീം ചർച്ചയ്ക്കുവിളിച്ചെങ്കിലും മമതയൊഴികെ ആരോടും സംസാരിക്കില്ലെന്ന് തിവാരി ശഠിച്ചു. ബുധനാഴ്ച ഒരു പാർട്ടിയോഗത്തിൽ ശുഭേന്ദുവിനെ പ്രശംസിച്ച് അദ്ദേഹം സംസാരിച്ചതോടെ പാർട്ടി നേതൃത്വവുമായുള്ള ബന്ധം കൂടുതൽ വഷളാവുകയായിരുന്നു.

അക്രമവും വിഭാഗീയതയും നിറഞ്ഞ രാഷ്ട്രീയത്തിനെതിരേ ശബ്ദിക്കേണ്ട കാലമായെന്ന് നേതൃത്വത്തിനെതിരേ പ്രതികരിച്ച സുനിൽ മണ്ഡൽ എംപി.യും ഉടൻ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. മണ്ഡലും ശുഭേന്ദുവും ഒരുമിച്ചുനിൽക്കുന്ന ചിത്രങ്ങൾ പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതെല്ലാം മമതയ്ക്ക് തലവേദനയാണ്. ഇതിനിടെ ബംഗാൾ ചീഫ് സെക്രട്ടറിയേയും പൊലീസ് മേധാവിയേയും ആഭ്യന്തര മന്ത്രാലയം രണ്ടാം തവണയും ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണയും നിർദ്ദേശം നിരസിച്ച് ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാമെന്നാണ് മമത മറുപടി നൽകിയത്.

വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മമതയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. ബംഗാൾ സന്ദർശനത്തിനിടെ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വാഹനവ്യൂഹം അക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയം ഡൽഹിക്ക് വിളിപ്പിച്ചത്.അതേസമയം ബംഗാളിലെ മൂന്ന് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര നിയമനത്തിനായി ശുപാർശ ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയ്‌ക്കെതിരെ ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കും.നേരത്തെ കേന്ദ്രസർക്കാർ നടപടി നിലവിലെ ഫെഡറൽ വ്യവസ്ഥകൾക്ക് എതിരാണെന്ന് മമത പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP