Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാർട്ടിക്കു പിടിച്ചുനിൽക്കാനും ബിജെപിയെ ചെറുക്കാനും കോൺഗ്രസുമായി ധാരണ വേണമെന്ന് ഏകസ്വരം; നിയമസഭാ തിരഞ്ഞെടുപ്പുകളിലും മഹാസഖ്യത്തിൽ അണി ചേരാൻ സിപിഎം നീക്കം; ത്രിപുരയിൽ ചെറുത്തുനിൽപിന് കോൺഗ്രസ് ആശ്രയം; ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസുമായി ചേരാൻ പിണറായിക്കും സമ്മതം; കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏകെ ആശ്രയം കേരളം മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളമൊഴികെ എല്ലായിടത്തും കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണ വേണമെന്നതിൽ സിപിഎം നേതൃത്വത്തിന് ഏകസ്വരം. പാർട്ടിക്കു പിടിച്ചുനിൽക്കാനും ബിജെപിയെ ചെറുക്കാനും മറ്റു വഴിയില്ലെന്നു കഴിഞ്ഞ ദിവസം ചേർന്ന പൊളിറ്റ്ബ്യൂറോയിൽ പിണറായിപക്ഷവും സമ്മതിച്ചു.

പിബി നിലപാട് 30നും 31നും കേന്ദ്ര കമ്മിറ്റി (സിസി) ചർച്ച ചെയ്യും.അടുത്ത വർഷം കേരളത്തിനു പുറമെ ബംഗാളിലും തമിഴ്‌നാട്ടിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പുണ്ട്. തമിഴ്‌നാട്ടിൽ ഇടതു പാർട്ടികളും കോൺഗ്രസും ഡിഎംകെ മുന്നണിയുടെ ഭാഗമാണ്. ഇന്ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ ആർജെഡി നയിക്കുന്ന മഹാസഖ്യത്തിലും ഇരുകൂട്ടരുമുണ്ട്.

ബംഗാളിലും അസമിലും കോൺഗ്രസുമായി നേരിട്ടു തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കുമെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. പാർട്ടി തീർത്തും ദുർബലമായ സംസ്ഥാനങ്ങളിൽ മേൽവിലാസമുണ്ടാക്കാനും ത്രിപുരയിൽ ചെറുത്തുനിൽപിനും കോൺഗ്രസ് ബന്ധം പ്രയോജനപ്പെടും. പിബിയിൽ കേരളത്തിൽനിന്നു പങ്കെടുത്ത 4 പേരുൾപ്പെടെ എല്ലാവരും കോൺഗ്രസുമായുള്ള ധാരണയെ അനുകൂലിച്ചു.

നിലവിൽ മറ്റു പോംവഴികളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കി. ബിജെപി കാരണമുള്ള അപകടസ്ഥിതി എല്ലാവർക്കും ബോധ്യമുണ്ട്. ഇതു കേരളത്തിലും വിശദീകരിക്കാനാവും. സിപിഎമ്മിനെ എതിർക്കുന്നതിൽ കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. കേരളത്തിലെ കോൺഗ്രസിന്റെയും അവരുടെ ദേശീയ നേതൃത്വത്തിന്റെയും നിലപാടുകൾ വ്യത്യസ്തമാണെന്നും അതു ജനത്തിനറിയാമെന്നും നേതാക്കൾ പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ മതനിരപേക്ഷ കക്ഷികളെയും ഒരുമിച്ചുനിർത്തണമെന്നും ഇതു കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലാതെ വേണമെന്നുമാണ് 2018 ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ സിപിഎം തീരുമാനിച്ചത്. ബംഗാളിൽ ഈ നയം നടപ്പാക്കാൻ പിണറായിപക്ഷം സമ്മതിച്ചില്ല. പിബിയിൽ പിണറായിപക്ഷത്തിനുള്ള ഭൂരിപക്ഷം നിർണായകമായി. കോൺഗ്രസുമായുള്ള ചങ്ങാത്തം കേരളത്തിൽ വിശ്വസനീയമായി വിശദീകരിക്കാനാവില്ലെന്ന് കേരളഘടകം വാദിച്ചിരുന്നു. എന്നാൽ, സാഹചര്യം മാറിയെന്നും അതിനാൽ ധാരണയാകാമെന്നു തങ്ങൾ നിലപാടു മാറ്റുകയാണെന്നും പിണറായിപക്ഷ നേതാക്കൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP