Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

60 വയസ് കഴിഞ്ഞവർക്ക് പാർട്ടി കമ്മിറ്റികളിൽ അംഗത്വം ലഭിക്കില്ല; നാൽപ്പതിൽ താഴെ പ്രായമുള്ളവർക്ക് മുൻഗണന നൽകും; ബിജെപി ഭീഷണിയെ നേരിടാൻ യുവപ്രാതിനിധ്യം വർദ്ധിപ്പിക്കാൻ സിപിഐ(എം) നടപടി തുടങ്ങി; മതചടങ്ങുകളോടും ആഘോഷങ്ങളോടും പ്രവർത്തകർ മുഖം തിരിക്കരുതെന്നും നിർദ്ദേശം

60 വയസ് കഴിഞ്ഞവർക്ക് പാർട്ടി കമ്മിറ്റികളിൽ അംഗത്വം ലഭിക്കില്ല; നാൽപ്പതിൽ താഴെ പ്രായമുള്ളവർക്ക് മുൻഗണന നൽകും; ബിജെപി ഭീഷണിയെ നേരിടാൻ യുവപ്രാതിനിധ്യം വർദ്ധിപ്പിക്കാൻ സിപിഐ(എം) നടപടി തുടങ്ങി; മതചടങ്ങുകളോടും ആഘോഷങ്ങളോടും പ്രവർത്തകർ മുഖം തിരിക്കരുതെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ വിവിധ കോണുകളിൽ നിന്നും പാർട്ടിക്ക് നേരിടേണ്ടി വരുന്ന ഭീഷണിയെ ചെറുക്കാൻ യുവപ്രാതിനിധ്യം വർദ്ധിപ്പിക്കാൻ സിപിഐ(എം) ഒരുങ്ങുന്നു. അഖിലേന്ത്യാ തലത്തിൽ യുവാക്കളുടെ പ്രാതിനിധ്യം പാർട്ടിയിൽ വർദ്ധിപ്പിക്കാനാണ് നീക്കം. പാർട്ടിക്ക് വയസാകുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ നീക്കം. ഇതിന്റെ ഭാഗമായി പാർട്ടി കമ്മറ്റികളിൽ അംഗമാകാൻ പ്രായപരിധി ഏർപ്പെടുത്താനാണ് നിർദ്ദേശം. നാൽപത് വയസിന് താഴെയുള്ളവർക്ക് മുൻഗണന നൽകണമെന്നും 60 വയസിന് മുകളിലുള്ളവരെ കമ്മറ്റികളിൽ പുതിയതായി ഉൾപ്പെടുത്തില്ലെന്നുമാണ് തീരുമാനം.

കമ്മറ്റികളിൽ നിന്നും ഒഴിഞ്ഞു പോകാനുള്ള പ്രായം 80 വയസായി തിട്ടപ്പെടുത്തിയിരുന്നുവെങ്കിലും കമ്മറ്റിയിൽ ഉൾപ്പെടുത്താനുള്ള പരമാവധി പ്രായം നിർണ്ണയിച്ചിരുന്നില്ല. പശ്ചിമബംഗാളിൽ ഇത് നടപ്പാക്കിയിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 60 വയസിന് മുകളിലുള്ളവരെ പുതിയതായി ഉൾപ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്തിൽ കേന്ദ്ര നേതൃത്വം എത്തിയിരിക്കുന്നത്. മതചടങ്ങുകളോട് പ്രയോഗിക സമീപനം വേണമെന്നും ആഘോഷങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കരുതെന്നും നിർദേശമുണ്ട്. നിർദേശങ്ങൾ ഡിസംബറിൽ നടക്കാനിരിക്കുന്ന പ്ലീനത്തിലുള്ള സംഘടനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

പാർട്ടിക്ക് പ്രായമാകുന്നു എന്ന വിലയിരുത്തൽ സിപിഐ(എം) എല്ലാ പാർട്ടി കോൺഗ്രസുകളിലും നടത്താറുണ്ട്. എന്നാൽ പ്രധാന കമ്മിറ്റികളിൽ ഇപ്പോഴും യുവപ്രാതിനിധ്യം ഇല്ല എന്നാണ് പ്ലീനത്തിനു മുന്നോടിയായുള്ള പരിശോധനയിലും വ്യക്തമാകുന്നതെന്ന് സിപിഐ(എം) നേതാക്കൾ പറയുന്നു. പോളിറ്റ് ബ്യൂറോ ഉൾപ്പടെയുള്ള സമിതികളിൽ നിന്ന് 80 വയസ് കഴിഞ്ഞവരെ ഒഴിവാക്കാൻ കോഴിക്കോട് പാർട്ടി കോൺഗ്രസ് സമയത്ത് ധാരണയായിരുന്നു. എന്നാൽ ഇത് പ്രായോഗിക്കമാൻ തീരുമാനം ഉണ്ടായിരുന്നില്ല. ഇപ്പോൾ യുവാക്കൾക്ക് പാർട്ടിയിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതിന് ഇടയാണ് സിപിഐ(എം) പാർട്ടി സംവിധാനത്തിൽ ഒരു ഉടച്ചുവാർക്കലിന് ഒരുങ്ങുന്നത്.

അറുപത് വയസ് പിന്നിട്ടവരെ പുതുതായി ഒരു കമ്മിറ്റിയിലും ഉൾപ്പെടുത്തേണ്ടതില്ലെന്ന് പശ്ചിമബംഗാൾ ഘടകം തീരുമാനിച്ചിരുന്നു. ഇത് അഖിലേന്ത്യാ തലത്തിൽ നടപ്പാക്കാനുള്ള നിർദ്ദേശം പ്ലീനത്തിനായി തയ്യാറാക്കുന്ന സംഘടനാ റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണ് നീക്കം. കേന്ദ്ര കമ്മിറ്റിയിൽ ഇതു കർശനമാക്കിയാൽ പല യുവ നേതാക്കൾക്കും അടുത്ത തവണ അവസരം കിട്ടും.

കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത് ഇതിനു മുന്നോടിയായാണെന്ന് നേതാക്കൾ വിശദീകരിക്കുന്നു. മതചടങ്ങുകളോട് പിടിവാശിക്ക് പകരം പ്രായോഗിക സമീപനം വേണം എന്ന നിർദ്ദേശവും സംഘടനാ റിപ്പോർട്ടിന്റെ രൂപരേഖയിൽ ഉൾപ്പെടുത്താൻ ഉയർന്നിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ(എം) യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുമെന്ന കാര്യം ഉറപ്പാണ്. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളിലേക്ക് കൂടുതൽ യുവാക്കൾ അടുക്കുന്ന സാഹചര്യത്തിൽ കൂടിയാണ് യുവപ്രാതിനിധ്യം ആനുപാതികമായി വർദ്ധിപ്പിക്കാൻ സിപിഐ(എം) ഒരുങ്ങുന്നത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കൾക്കും പൊതുസ്വീകാര്യർക്കും സീറ്റ് നൽകുമെന്ന വിധത്തിൽ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിലേക്കുള്ള ചുവടു വെപ്പു കൂടിയാണ് യുവപ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന നിർദേശത്തിലും ഉണ്ടാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP