Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സാമ്പത്തിക സംവരണ ബിൽ കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ തന്ത്രം മാത്രമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ; നടപ്പിലാക്കൽ ദുഷ്‌ക്കരം; വരുമാന പരിധി എട്ടു ലക്ഷം രൂപയെന്നത് അടക്കമുള്ള മാനദണ്ഡങ്ങൾ അർഹരായവർക്ക് സംവരണം നിഷേധിക്കപ്പെടാൻ ഇടയാക്കും; വിപുലമായ ചർച്ചയില്ലാതെ നടപ്പിലാക്കരുത്; സാമ്പത്തിക സംവരണ ആവശ്യത്തിൽ നിലപാട് മാറ്റാതെ മോദിയുടെ നീക്കത്തെ എതിർത്ത് സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത്

സാമ്പത്തിക സംവരണ ബിൽ കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ തന്ത്രം മാത്രമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ; നടപ്പിലാക്കൽ ദുഷ്‌ക്കരം; വരുമാന പരിധി എട്ടു ലക്ഷം രൂപയെന്നത് അടക്കമുള്ള മാനദണ്ഡങ്ങൾ അർഹരായവർക്ക് സംവരണം നിഷേധിക്കപ്പെടാൻ ഇടയാക്കും; വിപുലമായ ചർച്ചയില്ലാതെ നടപ്പിലാക്കരുത്; സാമ്പത്തിക സംവരണ ആവശ്യത്തിൽ നിലപാട് മാറ്റാതെ മോദിയുടെ നീക്കത്തെ എതിർത്ത് സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനെ എതിർത്ത് സിപിഎം രംഗത്ത്. കേന്ദ്രസർക്കാറിന്റെ നീക്കം രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും നടപ്പിലാക്കണമെന്ന് ആഗ്രഹം ഇല്ലാത്തത് ആണെന്നും അതിനാൽ ബിൽ പിൻവലിക്കുകയാണ് വേണ്ടതെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥയിൽ ബില്ലിനെ പിന്തുണക്കാൻ കഴിയില്ലെന്നും സിപിഎം വ്യക്തമാക്കി.

വിശദമായ ചർച്ചയ്ക്ക് ശേഷമേ ബിൽ പാർലമെന്റിൽ കൊണ്ടുവരാവൂ. തിടുക്കത്തിൽ കേന്ദ്രമന്തിസഭകൂടി തീരുമാനം എടുത്തതിലൂടെ തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മോദി സർക്കാരിന്റെ പരാജയമാണ് വെളിവായതെന്നും പിബി വ്യക്തമാക്കുന്നു. പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനാണ് കേന്ദ്ര മന്ത്രിസഭ ആലോചിക്കുന്നത്. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യുമെന്നും ഇന്നലെ അടിയന്തരമായി ചേർന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലും നേരിട്ട പരാജയത്തിന്റെ നൈരാശ്യമാണ് മന്ത്രിസഭാ യോഗത്തിന്റെ ഈ തീരുമാനമെന്നും പോളിറ്റ് ബ്യൂറോ വിലയിരുത്തി.

മണ്ഡൽ കമ്മീഷൻ കാലം മുതൽ തന്നെ സാമ്പത്തിക സംവരണം ആവശ്യപ്പെടുന്ന പാർട്ടിയാണ് സിപിഎം. ആ നിലപാട് തന്നെയാണ് തുടർന്നുമുള്ളത്. എന്നാൽ വരുമാന പരിധി 8 ലക്ഷം രൂപയെന്നത് അടക്കമുള്ള മാനദ്ണ്ഡങ്ങൾ അർഹരായവർക്ക് തന്നെ സംവരണം ലഭിക്കുമോയെന്ന സംശയമുണ്ടാക്കുന്നു. തൊഴിലാളികൾക്ക് 18000 രൂപ മിനിമം വേതനം ഉറപ്പാക്കാനാണ് രണ്ട് ദിവസമായി ദേശീയ പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. അതുപോലും ഈ സർക്കാരിന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഭരണഘടന ഭേദഗതി ചെയ്യുന്നതിന് കാലതാമസം വരുമെന്നും രണ്ട് സഭകളിലെയും അംഗീകാരം ആവശ്യമാണെന്നും സിപിഎം വ്യക്തമാക്കി.

പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിലനിൽക്കുന്ന സംവരണം പോലും സർക്കാർ നിറവേറ്റുന്നില്ലെന്നും പിബി കുറ്റപ്പെടുത്തി. പാർലമെന്റിന് മുന്നിൽ ഭരണഘടന ഭേദഗതി ചെയ്യുന്നതിന് മുമ്പ് കൂടിയാലോചനകൾ നടത്തണമെന്നും സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. അതേസമയം സാമ്പത്തിക സംവരണത്തെ ഇന്നലെ സിപിഎം കേരള ഘടകം സ്വാഗതം ചെയത്ിരുന്നു. മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവരുണ്ട്. അവർക്ക് സംവരണം നൽകണമെന്ന് പാർട്ടി എന്ന നിലയിൽ സിപിഎം മുമ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിന്നാലെ ഇതേ നിലപാടാണ് കോടിയേരി ബാലകൃഷ്ണനും സ്വീകരിച്ചത്.

അതിനിടെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം എക്കാലത്തും സംവരണത്തിനുവേണ്ടി നിലപാടു സ്വീകരിച്ചവരാണെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കുകയുണ്ടായി. നിലവിലുള്ള ജാതിസംവരണം ഇല്ലാതാക്കാനുള്ള എല്ലാ നീക്കങ്ങളെയും സിപിഎം എതിർക്കുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു.പലപ്പോഴും ദളിത് സംവരണം പോലും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളവരാണ് ഇപ്പോൾ മുന്നോക്കക്കാർക്ക് പത്തു ശതമാനം സാമ്പത്തികസംവരണമെന്ന ചീട്ടിറക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ പരാജയം തൊഴിൽമേഖലയിലാണ്. ഒരുവർഷം രണ്ടുകോടി തൊഴിലുണ്ടാക്കുമെന്നു പറഞ്ഞവരുടെ ഭരണത്തിൽ, കഴിഞ്ഞവർഷം ഇല്ലാതായത് ഒരു കോടിയിലേറെ തൊഴിലുകളാണ്. തൊഴിൽ മുരടിപ്പിന്റെ വസ്തുതകൾ പുറത്തുവരുന്നതു ഭയന്നാണ് കണക്കുകൾ മൂടിവെച്ചിരിക്കുന്നത്. ആ ബിജെപിയാണ് ഇപ്പോൾ തൊഴിലില്ലായ്മയ്ക്കു പരിഹാരമായി മുന്നോക്കക്കാർക്കു കൂടി സംവരണം കൊണ്ടുവരുന്നത്.

തൊഴിലില്ലായ്മയ്ക്കു പരിഹാരമല്ല സംവരണം എന്നു മനസിലാക്കണം.എന്നാൽ ഇതിനർത്ഥം സംവരണം നിരർത്ഥകമാണെന്നല്ല.കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം എക്കാലത്തും സംവരണത്തിനുവേണ്ടി നിലപാടു സ്വീകരിച്ചവരാണ്. നിലവിലുള്ള ജാതിസംവരണം ഇല്ലാതാക്കാനുള്ള എല്ലാ നീക്കങ്ങളെയും സിപിഐഎം എതിർക്കുന്നു.

ജാതിമേൽക്കോയ്മയുടെ ഇരകളായി, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഇനിയും ഇന്ത്യയിൽ ലഭ്യമായിട്ടുമില്ല. അടിച്ചമർത്തപ്പെട്ട പിന്നോക്ക വിഭാഗങ്ങൾക്ക് സാമൂഹ്യനീതി നടപ്പാക്കുന്നതിനും കേന്ദ്രനിയമനങ്ങളിൽ കുറച്ചെങ്കിലും അവസരം നൽകുന്നതിനുമുള്ള കാൽവെയ്പായിത്തന്നെയാണ് സിപിഐ എം മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനെ സമീപിച്ചത്.

പിന്നോക്കവിഭാഗങ്ങൾക്ക് സംവരണം നൽകുക എന്ന ആശയം മുന്നോക്കസമുദായങ്ങളിലെ പുരോഗമനവാദികളെക്കൊണ്ട് അംഗീകരിപ്പിക്കാനും കമ്മ്യൂണിസ്റ്റുകാരാണ് മുൻകൈയെടുത്തത്. 1930കളിൽ പിന്നോക്ക ജാതിക്കാർക്ക് സംവരണം എന്ന തർക്കം തിരുകൊച്ചി സംസ്ഥാനങ്ങളിലെ ഉത്തരവാദ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉയർന്നു വന്നപ്പോൾ മുതൽ കമ്മ്യൂണിസ്റ്റു നേതാക്കൾ സ്വീകരിച്ച സമീപനം ഇതാണ്.

ഇതേ സമയം തന്നെ, പിന്നോക്കവിഭാഗങ്ങളിൽ സാമ്പത്തികമായി വളരെ ഉയർന്നു നിൽക്കുന്നവരെ സംബന്ധിച്ചും പാർട്ടി നിലപാടു സ്വീകരിച്ചു. ജാതീയമായ പിന്നോക്കാവസ്ഥ അംഗീകരിക്കുമ്പോൾത്തന്നെ, ജാതിക്കുള്ളിൽ വർഗപരമായ വിഭജനം ഉണ്ട് എന്ന യാഥാർത്ഥ്യവും കമ്മ്യൂണിസ്റ്റുകാർ ഉൾക്കൊള്ളുന്നു.

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെക്കുറിച്ചല്ല ഈ നിലപാട്. മറ്റു പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ചാണ് ഈ വിഷയം ഉയർന്നു വന്നത്. മറ്റു പിന്നോക്കവിഭാഗങ്ങളിൽ പരമ്പരാഗതമായും അല്ലാതെയും രൂപപ്പെട്ട ഒരു സമ്പന്നവർഗമുണ്ട്. അവരെക്കാൾ മുൻഗണന അതേസമുദായത്തിലെ പാവങ്ങൾക്കു നൽകണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു.

എന്നാൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ അഭാവത്തിൽ, ആ സമുദായത്തിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെ പരിഗണിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.1970കളിൽ പുറത്തുവന്ന നെട്ടൂർ കമ്മിഷൻ റിപ്പോർട്ട് ഈ അഭിപ്രായത്തിന് സ്ഥിരീകരണം നൽകി.വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിൽ സിപിഐ എം സംവരണത്തെ സംബന്ധിച്ച ഒരു നിലപാടെടുത്തു. അതിൽ മൂന്നു ഘടകങ്ങളാണ് ഉണ്ടായിരുന്നത്.

എ) എസ് സി/എസ് ടി വിഭാഗങ്ങൾക്ക് ജാതീയമായ അടിസ്ഥാനത്തിൽ തന്നെയുള്ള സംവരണം തുടരേണ്ടതാണ്.

ബി) എന്നാൽ പിന്നോക്ക ജാതികളിൽ സംവരണാനുകൂല്യം ലഭിക്കുന്നതിൽ മുൻഗണന അതത് സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് നൽകണം. അവരിൽ യോഗ്യരായവർ വേണ്ടത്ര ഇല്ലെങ്കിൽ അതത് സമുദായങ്ങളിലെ മറ്റുള്ളവർക്ക് അതു നൽകുകയും വേണം. (ഇത് അതാത് സമുദായത്തിനു ലഭിച്ചുപോരുന്ന സംവരണം നിലനിർത്തുന്നതിനു വേണ്ടിയാണ്).
സി) മുന്നോക്ക ജനവിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് ചെറിയ ശതമാനം സംവരണം ഏർപ്പെടുത്തണം. ഇത്തരമൊരു പ്രായോഗിക സമീപനമാണ് പാർട്ടി സ്വീകരിക്കുന്നത്.'

'സംവരണം സംബന്ധിച്ചുള്ള പാർട്ടിയുടെ നിലപാട് 1990ലെ രാഷ്ട്രീയ സ്ഥിതികൾ സംബന്ധിച്ച കേന്ദ്രക്കമ്മിറ്റി രേഖ (4/11/1990) യിൽ ഇങ്ങനെ വ്യക്തമാക്കിയിട്ടുള്ളതാണ്. സംവരണവിരുദ്ധ പ്രക്ഷോഭങ്ങളെ ശക്തമായി എതിർത്തുകൊണ്ട്, കർപ്പൂരി ഠാക്കൂർ ഫോർമുലയുടെ അടിസ്ഥാനത്തിൽ അഭിപ്രായ സമന്വയം സൃഷ്ടിക്കണമെന്ന് അഭിപ്രായപ്പെട്ട ഈ രേഖയിൽ കൃത്യമായി ഇപ്രകാരം പറയുന്നു:

''സംവരണത്തിന് അർഹതയില്ലാത്ത ജാതി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് 5 മുതൽ 10 ശതമാനം വരെ ശതമാനം സംവരണം ചെയ്യുക എന്ന നിർദ്ദേശത്തെ നാം അംഗീകരിച്ചിട്ടുണ്ട്'. ഇത് പാർട്ടിയുടെ പ്രഖ്യാപിത നയമാണ്. നടപ്പാക്കുമ്പോൾ സ്വാഭാവികമായും സാമ്പത്തിക പിന്നോക്കവസ്ഥ എന്ത് എന്ന് നിർവചിക്കേണ്ടി വരും. അതിന്റെ സാമ്പത്തിക പരിധിയെക്കുറിച്ചുള്ള ചർച്ചയും പ്രസക്തമാണ്.

അതോടൊപ്പം തിരിച്ചറിയേണ്ടുന്ന ഒരു കാര്യം, സംവരണകാര്യത്തിൽ ആത്മാർത്ഥതയില്ലായ്മയും മനസിലാക്കേണ്ടതുണ്ട്. പിന്നോക്ക ദളിത് വിഭാഗങ്ങൾക്കുള്ള സംവരണം അവസാനിപ്പിക്കാൻ 1930കൾ മുതൽ ശ്രമിച്ചവരാണ് ഇന്ത്യയിലെ ഹിന്ദുത്വശക്തികൾ. ഇന്ത്യയിൽ പലപ്പോഴായി നടന്ന സംവരണവിരുദ്ധ സമരങ്ങൾക്കു പിന്നിലും സംഘപരിവാർ ആയിരുന്നു എന്ന കാര്യവും മറന്നുകൂടാ. പലപ്പോഴും ദളിത് സംവരണം പോലും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളവരാണ് ഇപ്പോൾ മുന്നോക്കക്കാർക്ക് പത്തു ശതമാനം സാമ്പത്തികസംവരണമെന്ന ചീട്ടിറക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP