Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202402Saturday

മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും കോടതി നോട്ടീസ്; ഏപ്രിൽ 12 ന് നേരിട്ട് ഹാജരാകണമെന്ന് പട്ന കോടതി; ഇടപെടൽ സുശീൽ കുമാർ മോദി 2019 ൽ നൽകിയ പരാതിയിൽ; ജോഡോ യാത്രയിലെ പ്രസംഗത്തിൽ ഡൽഹി പൊലീസ് നൽകിയ സമയവും ഇന്ന് അവസാനിക്കും; രാഹുലിനെതിരായ നീക്കങ്ങൾ വിദേശ തലത്തിലും ശ്രദ്ധനേടുന്നു

മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും കോടതി നോട്ടീസ്; ഏപ്രിൽ 12 ന് നേരിട്ട് ഹാജരാകണമെന്ന് പട്ന കോടതി; ഇടപെടൽ സുശീൽ കുമാർ മോദി 2019 ൽ നൽകിയ പരാതിയിൽ; ജോഡോ യാത്രയിലെ പ്രസംഗത്തിൽ ഡൽഹി പൊലീസ് നൽകിയ സമയവും ഇന്ന് അവസാനിക്കും; രാഹുലിനെതിരായ നീക്കങ്ങൾ വിദേശ തലത്തിലും ശ്രദ്ധനേടുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പിന്നാലെ തുടർനീക്കങ്ങളുമായി ബിജെപി. സൂറത്ത് കോടതി മാനനഷ്ട കേസിൽ ശിക്ഷക്കപ്പെട്ടതിന് പിന്നാലെ മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും കോടതി നോട്ടീസ് നൽകി. പട്ന കോടതിയാണ് രാഹുലിന് നോട്ടീസ് നൽകിയത്. ഏപ്രിൽ 12 ന് നേരിട്ടു ഹാജരായി മൊഴി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ബിഹാറിലെ ബിജെപി നേതാവ് സുശീൽ കുമാർ മോദി 2019 ൽ നൽകിയ പരാതിയിലാണ് പട്ന കോടതി ഇപ്പോൾ രാഹുലിന് നോട്ടീസ് നൽകിയത്. കേസിൽ സുശീൽമോദിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുശീൽമോദി ഇതുമായി ബന്ധപ്പെട്ട തെളിവുകളും നൽകിയിട്ടുണ്ട്. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രചാരണ തിരക്ക് ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി നേരിട്ടു ഹാജരാകാൻ കൂടുതൽ സാവകാശം തേടിയേക്കുമെന്നാണ് റിപ്പോർട്ട്.

സോലാർ പ്രസംഗത്തിലെ മോദി പരാമർശത്തിനെതിരെ ബിജെപി രാഹുൽഗാന്ധിക്കെതിരെ രാജ്യവ്യാപകമായി പരാതി നൽകിയിരുന്നു. മോദി പരാമർശത്തിൽ സൂറത്ത് കോടതി രാഹുൽഗാന്ധിയെ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടർന്ന് രാഹുലിന്റെ എംപി സ്ഥാനത്തിന് ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യത പ്രഖ്യാപിച്ചു. സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഉടൻ തന്നെ മേൽക്കോടതിയിൽ അപ്പീൽ നൽകിയേക്കുമെന്നാണ് സൂചന.

അതിനിടെ ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് നൽകിയ നോട്ടീസിന് രാഹുൽ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നൽകിയ പൊലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുൽ തേടിയത്. പീഡനത്തിനിരയായ നിരവധി പെൺകുട്ടികൾ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറിൽ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പൊലീസ് രാഹുലിന് നോട്ടീസ് നൽകിയത്.

അതേ സമയം രാഹുലിനെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപകമായി കോൺഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിൻ തുടരുകയാണ്. രാഹുലിന് എതിരായ നീക്കങ്ങൾ അന്തർദേശിയ തലത്തിലും കൂടുതൽ ചർച്ചകളിൽ നിറയുന്നുണ്ട്. അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ലോക്സഭയിൽനിന്ന് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിൽ പ്രതികരണവുമായി ജർമനിയും രംഗത്തുവന്നു.

വിഷയത്തിൽ 'ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങൾ' ബാധകമാക്കണം' എന്ന് ജർമനി വിദേശകാര്യ മന്ത്രാലയം പ്രസ്താവന നടത്തി. 'ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ രാഹുൽ ഗാന്ധിക്കെതിരായ ആദ്യ സന്ദർഭത്തിലെ കോടതി വിധിയും അദ്ദേഹത്തിന്റെ പാർലമെന്ററി അംഗത്വം റദ്ദാക്കിയതും ജർമൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അറിവിൽ, വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുള്ളത്' വാർത്താസമ്മേളനത്തിനിടെ ജർമൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

രാഹുലിനെതിരായ വിധി നിലനിൽക്കുമോ എന്നും അദ്ദേഹത്തിന്റെ പാർലമെന്ററി അംഗത്വം റദ്ദാക്കിയതിന് അടിസ്ഥാനമുണ്ടോയെന്നും അപ്പീൽ തീരുമാനങ്ങളിൽ വ്യക്തമാകുമെന്നും ജർമൻ വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങൾ രാഹുൽ ഗാന്ധിക്കെതിരായ നടപടികൾക്കും ഒരുപോലെ ബാധകമാകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും ജർമൻ വിദേശകാര്യ വക്താവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP