Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടര വർഷം മുഖ്യമന്ത്രി പദം എന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് ശിവസേന; തങ്ങളോടൊപ്പം വന്നാൽ അഞ്ച് വർഷവും മുഖ്യമന്ത്രി പദം നൽകാമെന്ന് കോൺഗ്രസ്; സേനയുമായി ചർച്ചപോലും പാടില്ലെന്ന നിലപാടിലുറച്ച് എൻസിപിയും പ്രതികരിക്കാതെ ശ്രദ്ധാപൂർവം രാഷ്ട്രീയ ചുവടുകൾ വെച്ച് ബിജെപിയും; മഹാരാഷ്ട്രയിലെ രാഷ്ട്രീയം ചൂടുപിടിക്കുന്നത് ഇങ്ങനെ

രണ്ടര വർഷം മുഖ്യമന്ത്രി പദം എന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് ശിവസേന; തങ്ങളോടൊപ്പം വന്നാൽ അഞ്ച് വർഷവും മുഖ്യമന്ത്രി പദം നൽകാമെന്ന് കോൺഗ്രസ്; സേനയുമായി ചർച്ചപോലും പാടില്ലെന്ന നിലപാടിലുറച്ച് എൻസിപിയും പ്രതികരിക്കാതെ ശ്രദ്ധാപൂർവം രാഷ്ട്രീയ ചുവടുകൾ വെച്ച് ബിജെപിയും; മഹാരാഷ്ട്രയിലെ രാഷ്ട്രീയം ചൂടുപിടിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുക വഴി ദേശീയ ജനാധിപത്യ സഖ്യത്തെ തകർക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്. ബിജെപിയോട് രണ്ടര വർഷം മുഖ്യമന്ത്രി പദം ആവശ്യപ്പെടുന്ന ശിവസേനയെ അഞ്ചു വർഷവും മുഖ്യമന്ത്രി പദം എന്ന മോഹിപ്പിക്കുന്ന വാഗ്ദാനം നൽകി ക്ഷണിക്കുകയാണ് മഹാരാഷ്ട്ര കോൺഗ്രസ്. ശിവസേനയെ പുറത്തു നിന്ന് പിന്തുണയ്ക്കുകയോ അഞ്ചു വർഷവും മുഖ്യമന്ത്രി പദം നൽകി മുന്നണി സർക്കാർ രൂപീകരിക്കുകയോ ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ശിവസേനയുമായി സഖ്യമോ ചർച്ചയോ പോലും പാടില്ലെന്ന് യുപിഎ ഘടകകക്ഷിയായ എൻസിപി ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും കോൺഗ്രസ് ശ്രമിക്കുന്നത് ശിവസേനയെ ഒപ്പം നിർത്തി ബിജെപി വിരുദ്ധ സർക്കാർ രൂപീകരിക്കാനാണ്.

ശിവസേന, ബിജെപി ബന്ധം ഉപേക്ഷിച്ച് വന്നാൽ ഹൈക്കമാൻഡുമായി ചർച്ച നടത്തുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാ സാഹേബ് തോറാട്ട് വ്യക്തമാക്കിയിരുന്നു. ശിവസേനയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു നീക്കവുമുണ്ടായിട്ടില്ലെന്നും എന്നാൽ എന്തെങ്കിലും തരത്തിലുള്ള ചർച്ചകൾ ഉയർന്നുവന്നാൽ ദേശീയ നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ബാലാസാഹേബ് തോരത് പറഞ്ഞിരുന്നു. ഈ വിഷയത്തിൽ സഖ്യകക്ഷിയായ എൻസിപിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം എൻസിപി-കോൺഗ്രസ് മുന്നണിക്കില്ല. എന്നാലും ബിജെപിയെ ഭരണത്തിൽ നിന്നകറ്റാൻ ശിവസേനയെ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന തന്ത്രമാണ് കോൺഗ്രസ് നേതാവ് അശോക് ചവാൻ മുന്നോട്ട് വച്ചത്. 56 സീറ്റാണ് സംസ്ഥാനത്ത് ശിവസേനക്കുള്ളത്. കോൺഗ്രസിന്റെ 44 സീറ്റും എൻസിപിയുടെ 54 സീറ്റും ചേർന്നാൽ കേവല ഭൂരിപക്ഷം നേടാനാവുമെന്നാണ് കണക്കുകൂട്ടൽ.

മുഖ്യമന്ത്രി സ്ഥാനം അഞ്ചുവർഷത്തേക്ക് വേണോ, രണ്ടര വർഷത്തേക്ക് വേണോയെന്ന് ശിവസേന തീരുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് വിജയ് വദേത്തിവർ വ്യക്തമാക്കി. പന്ത് ശിവസേനയുടെ കോർട്ടിലാണ്. രണ്ടര വർഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം നൽകണോ എന്നുള്ള ബിജെപിയുടെ തീരുമാനത്തിന് കാത്തു നിൽക്കണോ, അതോ അഞ്ചുവർഷം മുഖ്യമന്ത്രി സ്ഥാനം വേണോയെന്ന് സേന ആലോചിക്കണം- അദ്ദേഹം പറഞ്ഞു. സേനയുടെ അഭിപ്രായം ഞങ്ങളോടാണ് പറഞ്ഞതെങ്കിൽ ഹൈക്കമാൻഡുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎ സഖ്യത്തിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച രീതിയിൽ വർദ്ധിക്കാത്ത സാഹചര്യത്തിൽ തങ്ങൾക്ക് മുഖ്യമന്ത്രി പദത്തിന് അർഹതയുണ്ടെന്ന് അവകാശപ്പെട്ട് സേന രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ സേനയുമായി ചേർന്ന യുപിഎ സർക്കാരുണ്ടാക്കാൻ ശ്രമം നടത്തിയേക്കുമെന്ന വാർത്തകളും പുറത്തുവന്നു. ഉദ്ദവ് താക്കറെയുമായി സഹകരിക്കുന്നതിനെ എൻസിപി തള്ളിയിരുന്നു. അതസമയം, മഹാരാഷ്ട്രയിൽഅധികാരം തുല്യമായി വിഭജിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ശിവസേന വ്യക്തമാക്കി. ശിവസേന നേതൃത്വം നൽകുന്ന സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ വരും. മുഖ്യമന്ത്രി പദം സംബന്ധിച്ച സേനയുടെ അന്തിമ നിലപാട് ഉദ്ധവ് താക്കറെ തീരുമാനിക്കും. ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണമെന്നും ശിവസേനയുടെ നിയമസഭാകക്ഷി യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു.

ബിജെപി അധ്യക്ഷൻ അമിത് ഷായുമായി തീരുമാനിച്ച രണ്ടര വർഷം വീതം മുഖ്യമന്ത്രി പദവി നടപ്പാക്കുമെന്ന ഉറപ്പ് പാർട്ടിയുടെ മുതിർന്ന നേതാക്കളിൽനിന്ന് എഴുതിവാങ്ങണമെന്നാണ് ശിവസേന എംഎ‍ൽഎമാരുടെ അഭിപ്രായം. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വസതിയിൽ 56 എംഎ‍ൽഎമാരും പങ്കെടുത്ത നിയമസഭാകക്ഷി യോഗത്തിലാണ് ഈ ആവശ്യമുയർന്നത്. ബിജെപി.യുടെ ഔദ്യോഗിക ലെറ്റർപാഡിൽ മുതിർന്ന നേതാക്കൾ ധാരണ അംഗീകരിച്ച് ഒപ്പിട്ട് നൽകണമെന്നാണ് ശിവസേന എംഎ‍ൽഎമാരുടെ ആവശ്യം. ഉദ്ധവ് താക്കറെ ഈ കത്ത് എഴുതിവാങ്ങുന്നത് ഉറപ്പുവരുത്തണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ഫോർമുലയിൽനിന്ന് പിന്നോട്ടില്ലെന്ന് ശിവസേന ഉറപ്പിച്ചുപറയുമ്പോഴും ബിജെപി. ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ സർക്കാർ രൂപീകരണത്തിൽ ആശയക്കുഴപ്പമില്ലെന്നും ബിജെപിയും ശിവസേനയും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിൽ തങ്ങൾ തന്നെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും ബിജെപി നേതാവ് ആശിഷ് ഷേലാർ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ നേരത്തെ തീരുമാനിച്ച ഫോർമുലയെക്കുറിച്ച് ബിജെപിയെ ഓർമ്മിപ്പിച്ചിരുന്നു.

ഉദ്ധവ് താക്കറെയുടെ മകനും കന്നിയങ്കത്തിൽതന്നെ എംഎ‍ൽഎയുമായ ആദിത്യ താക്കറെയെ ആദ്യം മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ഭാവി മുഖ്യമന്ത്രി ആദിത്യ താക്കറെയാണെന്നുള്ള പോസ്റ്ററുകളും ഇതിനോടകം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഫോർമുല നടപ്പാക്കുകയാണെങ്കിൽ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ ആദ്യം മുഖ്യമന്ത്രിയാകണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി,അമിത് ഷാ തുടങ്ങിയ നേതാക്കളുടെ ആഗ്രഹം. ഇതിനിടെ, ശിവസേനയിൽനിന്ന് വിട്ട് വിമതരായി മത്സരിച്ച എംഎ‍ൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന് 161സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസ് എൻസിപി സഖ്യത്തിന് 98സീറ്റുകളും ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP