Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുപി നിയമസഭാ തെരഞ്ഞെടുപ്പ്: 40 ശതമാനം സീറ്റുകൾ വനിതകൾക്ക്; കോൺഗ്രസ് തീരുമാനം പ്രഖ്യാപിച്ച് പ്രിയങ്കാ ഗാന്ധി; വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ യഥാർത്ഥ മാർഗമെന്നും പ്രതികരണം

യുപി നിയമസഭാ തെരഞ്ഞെടുപ്പ്: 40 ശതമാനം സീറ്റുകൾ വനിതകൾക്ക്; കോൺഗ്രസ് തീരുമാനം പ്രഖ്യാപിച്ച് പ്രിയങ്കാ ഗാന്ധി; വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ യഥാർത്ഥ മാർഗമെന്നും പ്രതികരണം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: അടുത്ത വർഷം ഉത്തർപ്രദേശിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നാൽപത് ശതമാനം സീറ്റുകൾ വനിതകൾക്ക് വേണ്ടി മാറ്റി വയ്ക്കുമെന്ന് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾ മുഴുവൻ പങ്കെടുക്കുമെന്നും പ്രിയങ്ക പറഞ്ഞു.

ഉത്തർപ്രദേശിൽ മാറ്റം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് തീരുമാനമെന്നും വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ ഇതാണ് യഥാർത്ഥ മാർഗമെന്നും ലക്‌നൗവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത്തവണ കോൺഗ്രസിന്റെ മുഖം പ്രിയങ്ക ഗാന്ധിയായിരിക്കുമെന്ന് മുതിർന്ന നേതാവ് പി എൽ പുനിയ എംപിയും പറഞ്ഞു.

എൽപിജി സിലിണ്ടറും, 2000 രൂപയും നൽകി സ്ത്രീകളെ പ്രീണിപ്പിക്കാമെന്ന് പാർട്ടികൾ കരുതുന്നു. സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള തീരുമാനം, ഉന്നാവോയിൽ ബലാംത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിക്കും, ഹഥ്രസിൽ നീതി ലഭിക്കാതെ പോയ പെൺകുട്ടിക്കും, ലഖിംപൂർ ഖേരിയിൽ വെച്ച് കണ്ടപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം പറഞ്ഞ പെൺകുട്ടികൾക്കും വേണ്ടിയാണ്. യുപി പുരോഗമിക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടികൾക്കും വേണ്ടിയാണ്- പ്രിയങ്ക പറഞ്ഞു.

സ്ത്രീകൾ തന്റെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം. രാജ്യത്തെ വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കാൻ സ്ത്രീകൾക്ക് മാത്രമേ കഴിയൂ എന്നും അവർ പറഞ്ഞു. ഞങ്ങൾ അപേക്ഷാ ഫോമുകൾ ആവശ്യപ്പെട്ടിട്ടുണ്ട്, നവംബർ 15 മുതൽ അപേക്ഷകൾ സ്വീകരിക്കും. എനിക്ക് കഴിയുമായിരുന്നെങ്കിൽ, സ്ത്രീകൾക്ക് 50 ശതമാനം ടിക്കറ്റുകൾ നൽകുമായിരുന്നു എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് അടുത്തവരുന്ന സാഹചര്യത്തിൽ ലഖ്‌നൗവിൽ തങ്ങി പ്രചാരണം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പ്രിയങ്ക. സ്ത്രീകളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയും സ്ത്രീകളുടെ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കിയുമാണ് ഇത്തവണ കോൺഗ്രസ് തെരഞ്ഞെടപ്പിനെ നേരിടുകയെന്ന സൂചനയും പ്രിയങ്ക നൽകുന്നു.

രാജ്യത്തേറ്റവും ജനസംഖ്യയും നിയമസഭാ സീറ്റുകളുമുള്ള യുപിയിലെ തെരഞ്ഞെടുപ്പ് ദേശീയരാഷ്ട്രീയത്തിൽ സവിശേഷ പ്രധാന്യമർഹിക്കുന്നതാണ്. 403 അംഗ യുപി നിയമസഭയിലേക്ക് അടുത്ത വർഷം ആദ്യമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ൽ മത്സരിച്ച 105 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ഏഴിടത്ത് മാത്രമാണ് ജയിക്കാനായത്. 312 സീറ്റ് എന്ന മൃഗീയ ഭൂരിപക്ഷം നേടി ബിജെപി അധികാരം പിടിച്ചപ്പോൾ ബിഎസ്‌പി 61 സീറ്റിലും എസ് പി 19 സീറ്റിലുമായി ഒതുങ്ങി.

അഞ്ച് വർഷങ്ങൾക്കിപ്പുറം യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയം ഏറെ വ്യത്യസ്തമാണ്. ഏറെ നാളായ തർക്കഭൂമിയായിരുന്ന അയോധ്യയിൽ സുപ്രീംകോടതി വിധിയെ തുടർന്ന് രാമക്ഷേത്ര നിർമ്മാണം ആരംഭിച്ച് കഴിഞ്ഞു. കോവിഡ് ഒന്ന്, രണ്ട് തരംഗങ്ങൾ ഉത്തർപ്രദേശിനെ ഗുരുതരമായി ബാധിച്ചെങ്കിലും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത്.

എന്നാൽ ലഖിംപൂർ അടക്കമുള്ള വിഷയങ്ങലിൽ കോൺഗ്രസി്‌നറെയും പ്രിയങ്കയുടേയും നീക്കങ്ങൾ അൽപ്പമെങ്കിലും പ്രതീക്ഷ നൽകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി കേന്ദ്ര മന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം യോഗി സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP