Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് എംപിമാരുടെ മാർച്ച് ഇഡി ദുരപയോഗവും വിലക്കയറ്റവു ചൂണ്ടിക്കാട്ടി; അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വാർഷിക ദിനത്തിൽ കോൺഗ്രസ് കറുത്ത വസ്ത്രമണിഞ്ഞതെന്ന് ചൂണ്ടിക്കാട്ടി വളച്ചൊടിച്ചു ബിജെപിയും; കോൺഗ്രസിന്റേത് രാമക്ഷേത്ര വിരുദ്ധ സമരമെന്ന് യോഗിക്ക് പിന്നാലെ അമിത്ഷായും

കോൺഗ്രസ് എംപിമാരുടെ മാർച്ച് ഇഡി ദുരപയോഗവും വിലക്കയറ്റവു ചൂണ്ടിക്കാട്ടി; അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വാർഷിക ദിനത്തിൽ കോൺഗ്രസ് കറുത്ത വസ്ത്രമണിഞ്ഞതെന്ന് ചൂണ്ടിക്കാട്ടി വളച്ചൊടിച്ചു ബിജെപിയും; കോൺഗ്രസിന്റേത് രാമക്ഷേത്ര വിരുദ്ധ സമരമെന്ന് യോഗിക്ക് പിന്നാലെ അമിത്ഷായും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിലക്കയറ്റവും ഇഡി, അഗ്നിപഥ് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ കോൺഗ്രസ് സമരം നടത്തിയത്. കോൺഗ്രസ് എംപിമാർ കറുപ്പണിഞ്ഞു കൊണ്ടാണ് സമരം നടത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവർ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ, ഈ സമരത്തെയും സമർഥമായി വളച്ചൊടിച്ചു ബിജെപി. അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വാർഷിക ദിനത്തിൽ കോൺഗ്രസ് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

ആദ്യം യോഗി ആദിത്യനാഥാണ് ഈ വാദവുമായി രംഗത്തുവന്നത്. പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും രംഗത്തുവന്നു. അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വാർഷിക ദിനത്തിൽ കോൺഗ്രസ് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചതിലൂടെ അവർ രാമക്ഷേത്ര വിരുദ്ധ സന്ദേശമാണ് നൽകിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രീണന രാഷ്ട്രീയ നയവുമായി കോൺഗ്രസ് മുന്നോട്ട് പോവുകയാണെന്നും അമിത് ഷാ പറഞ്ഞു. സമരത്തിന് പിന്നിൽ കോൺഗ്രസിന് ഹിഡൻ അജണ്ടയുണ്ട്. സമരത്തിന്റെ കപടഭാവത്തിൽ കോൺഗ്രസ് അവരുടെ പ്രീണന നയം വ്യാപിപ്പിക്കുകയാണ്. എന്തിനാണ് എല്ലാ ദിവസവും സമരമെന്നും അമിത് ഷാ ചോദിച്ചു.

ആരേയും ഇന്നലെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചില്ല, എവിടേയും പരിശോധന നടത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഇന്നലത്തെ ദിവസം സമരം നടത്തിയത്. 550 വർഷം പഴക്കമുള്ള ഒരു പ്രശ്നത്തിന് പരിഹാരമെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസമാണ്. അതുകൊണ്ടാണ് ഇന്നുതെന്ന പ്രതിഷേധ ദിനമായി തിരഞ്ഞെടുത്തതെന്നാണ് തനിക്ക് തോന്നുന്നതെന്നും അമിത് ഷാ ആരോപിച്ചു. പ്രീണന രാഷ്ട്രീയം കോൺഗ്രസിനും രാജ്യത്തിനും നല്ലതല്ലെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ഇതുവരെ, കോൺഗ്രസ് സാധാരണ വേഷത്തിലാണ് പ്രതിഷേധിച്ചിരുന്നത്, എന്നാൽ ഇന്ന് അവർ കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധിച്ചത്. ഇത് രാമഭക്തർക്ക് അപമാനമാണ്. രാമജന്മഭൂമിയുടെ നിർമ്മാണത്തിന് തുടക്കം കുറിക്കുന്ന ഇന്നത്തെ ദിവസം തന്നെ അവർ കറുത്ത വസ്ത്രം ധരിക്കാൻ തെരഞ്ഞെടുത്തത് മറ്റ് ഉദ്ദേശങ്ങളോടു കൂടിയാണ്,' ഇതായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം.

കോൺഗ്രസിന്റെ ഇത്തരം പ്രവൃത്തികൾ ഇന്ത്യയുടെ വിശ്വാസത്തെ അപമാനിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യത്തെയും ജുഡീഷ്യറിയെയും അവഹേളിക്കുന്നതിനൊപ്പം അയോധ്യാ ദിവസിനെയും അപമാനിച്ചിരിക്കുകയാണ് കോൺഗ്രസ് എന്നും യോഗി പറഞ്ഞു. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയായിരുന്നു കോൺഗ്രസ് രാജ്യവ്യാപക സമരം നടത്തിയത്. ഇതിനിടെ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള എംപിമാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാൽ സമരത്തിന്റെ ഉദ്ദേശ്യ ലക്ഷ്യത്തെ വഴി തിരിച്ചുവിടാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേശ് പ്രതികരിച്ചു. വിലക്കയറ്റം, ജി.എസ്.ടി, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരേയെല്ലാമുള്ള ജനാധിപത്യ സമരത്തെ മനഃപൂർവം വഴി തിരിച്ച് വിട്ട് ധ്രൂവീകരണം നടത്താനാണ് ശ്രമമെന്നും ആദ്ദേഹം ആരോപിച്ചു.

ഇന്നലെ രാഷ്ട്രപതിഭവൻ മാർച്ചടക്കമുള്ള സമരപരിപാടികൾക്കായിരുന്നു കോൺഗ്രസ് പദ്ധതിയിട്ടിരുന്നത്. പക്ഷെ പരിപാടിക്ക് പൊലീസ് അനുമതി നൽകാതായതോടെ പാർലമെന്റിന് മുമ്പിലായിരുന്നു സമരം. പ്രതിഷേധത്തിനിടെ രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എംപിമാരടക്കമുള്ളവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂർ, മല്ലികാർജുൻ ഖാർഗെ, ജെബി മേത്തർ, രമ്യ ഹരിദാസ്, ജയ്റാം രമേശ്, ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ പ്രവർത്തകരുടെ വസ്ത്രങ്ങൾ പൊലീസ് വലിച്ചുകീറിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. വെള്ളിയാഴ്ച നടന്ന രാജ്യവ്യാപക പ്രതിഷേധത്തിൽ കോൺഗ്രസ് പാർട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എംപി മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളെല്ലാം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP