Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അര മണിക്കൂർ നീണ്ട വാർത്താസമ്മേളനത്തിലൂടെ രാഹുൽ നേടിയത് അദാനി വിമർശനത്തിലെ രക്തസാക്ഷി പരിവേഷം; ഇന്നു രാജ്ഘട്ടിൽ സത്യഗ്രഹവും നാളെ പാർലമെന്റിലേക്ക് മാർച്ചുമായി രാജ്യവ്യാപക പ്രതിഷേധത്തിലേക്ക് കോൺഗ്രസ്; സെഷൻസ് കോടതി മുതൽ സുപ്രീംകോടതി വരെ നിയമപോരാട്ടവും ഒപ്പം; വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന ആശങ്കയിൽ ബിജെപി

അര മണിക്കൂർ നീണ്ട വാർത്താസമ്മേളനത്തിലൂടെ രാഹുൽ നേടിയത് അദാനി വിമർശനത്തിലെ രക്തസാക്ഷി പരിവേഷം; ഇന്നു രാജ്ഘട്ടിൽ സത്യഗ്രഹവും നാളെ പാർലമെന്റിലേക്ക് മാർച്ചുമായി രാജ്യവ്യാപക പ്രതിഷേധത്തിലേക്ക് കോൺഗ്രസ്; സെഷൻസ് കോടതി മുതൽ സുപ്രീംകോടതി വരെ നിയമപോരാട്ടവും ഒപ്പം; വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന ആശങ്കയിൽ ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ് ഇന്ന് മുതൽ രാജ്യവ്യാപക പ്രതിഷേധത്തിലേക്ക് ഇറങ്ങുകയാണ്. ഇന്നലെ അദാനി- മോദി ബന്ധത്തിൽ ഗുരുതര ആരോപണം ഉന്നയിച്ചു കൊണ്ടുള്ള ഒരു വാർത്താസമ്മേളനത്തിലൂടെ മാത്രം രാഹുൽ രക്തസാക്ഷി പരിവേഷം നേടിയിട്ടുണ്ട്. തന്നെ പുറത്താക്കൽ വെറുതേയല്ല, അദാനി വിമർശനത്തിന്റെ പേരിലാണെന്ന് കൃത്യമായി തന്നെ അടിവരയിട്ടു പറയാൻ രാഹുലിന് സാധിച്ചിട്ടുണ്ട്. തീർത്തും വ്യത്യസ്തനായ ഉറച്ച നിലപാടുള്ള രാഹുലിനെയാണ് ഇന്നലത്തെ വാർത്താസമ്മേളനത്തിൽ കണ്ടത്. എംപി സ്ഥാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കും എന്നതിൽ ഉപരി താൻ എന്താണോ പാർലമെന്റിൽ തുടങ്ങിവെച്ചത് അതിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ.

ഇപ്പോഴത്തെ നിലയിൽ മേൽകോടതിയിൽ നിന്നും നീതി ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിൽ രാഹുൽ വിഷയത്തിൽ ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ രാജ്യത്തുടനീളം സത്യഗ്രഹം നടത്തും. ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ മുൻനിര നേതാക്കൾ സത്യഗ്രഹമിരിക്കും.

പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ പങ്കെടുക്കും. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ മുതൽ സത്യഗ്രഹ സമരമുണ്ടാകുമെന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ പാർലമെന്റിലേക്കു പ്രകടനം നടത്തും. കേരളത്തിൽ നിന്നടക്കമുള്ള നേതാക്കളോട് ഉടൻ ഡൽഹിയിലെത്താൻ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം നിർദ്ദേശിച്ചു. നാളെ പാർലമെന്റിൽ മറ്റു പ്രതിപക്ഷ കക്ഷികൾക്കൊപ്പം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

രാഹുലിന് മുന്നിലെ നിയമ വഴികൾ

അതേസമയം ഒരു വശത്ത് പ്രതിഷേധം കടുപ്പിക്കുമ്പോൾ തന്നെ നിയമവഴികളിലേക്കും കോൺഗ്രസ് കടക്കുന്നുണ്ട്. അതിനായുള്ള കൂടിയാലോചനകളാണ് എങ്ങും. മേൽക്കോടതി 2 വർഷ തടവുശിക്ഷ കുറവു ചെയ്യുകയോ വിധി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കിൽ സ്ഥാനനഷ്ടത്തിനു പുറമേ 6 വർഷ അയോഗ്യതയും ഉണ്ടാകും. ഇത് രാഷ്ട്രീയ ജീവിതത്തിലെ 8 വർഷം നഷ്ടപ്പെടുമെന്ന സ്ഥിതിയാണ് രാഹുലിൽ ഉണ്ടാക്കുക. ഇത് മറികടക്കാനുള്ള പരിശ്രമങ്ങളിലേക്കാണ് രാഹുൽ കടക്കുന്നത്.

നിയമ നടപടികളുടെ ആദ്യപടിയെന്ന നിലയിൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകാനാകും രാഹുൽ ശ്രമിക്കുക. വിധിയും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന അപേക്ഷയും ഇതോടൊപ്പം. ഏതുതരത്തിലുള്ള ഇളവ് അനുവദിച്ചാലും അനുകൂലമാകും. സ്റ്റേ വന്നാൽ ലോക്‌സഭാംഗത്വം തിരികെ ലഭിക്കും. തുടർനടപടി നീണ്ടാലും പ്രശ്‌നമുണ്ടാകില്ല. ഈ ഘട്ടത്തിന് ശേഷമാകും ഹൈക്കോടതിയിലേക്ക് നിയമ പോരാട്ടത്തിന് പോകുക. നേരിട്ടു മേൽക്കോടതിയിലെത്തുമ്പോൾ പ്രതികൂല പരാമർശം ഉണ്ടാകുന്നതു കീഴ്‌ക്കോടതി വിധിയെ ബാധിക്കാമെന്നതിനാൽ കോൺഗ്രസ് ഈ വഴി തേടുന്നില്ല

സെഷൻസ് കോടതിയിൽ വലിയ കാലതാമസം ഉണ്ടാകേണ്ടതല്ല. കാലതാമസം ഉണ്ടാകുന്ന ഘട്ടത്തിലും ചുമതലയുള്ള ഹൈക്കോടതിയെ നേരിട്ടു സമീപിക്കാം. അതേസമയം കീഴ്‌ക്കോടതികൾക്കു വിശദീകരിക്കാനാകാത്ത ഒരു നിയമപ്രശ്‌നം ഹർജിയിലുണ്ടെന്നു ബോധ്യപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ സുപ്രീം കോടതി ഹർജി കേൾക്കാമെങ്കിലും തീരുമാനമെടുക്കാനുള്ള സാധ്യത വിരളമാണ്. ഭരണഘടനയുടെ 136-ാം വകുപ്പുപ്രകാരം സുപ്രീം കോടതിൽ നേരിട്ടു ഹർജി നൽകാമെന്നൊരു സാധ്യതയുണ്ട്. അംഗീകരിക്കണമോ എന്നതു സുപ്രീം കോടതിയുടെ വിവേചനാധികാരമാണ്. തൽക്കാലം ഈ വഴി തേടുന്നില്ല.

അതേസമയം ഇപ്പോഴത്തേ കേസുകളേക്കാൾ രാഹുലിന് വെല്ലുവിളി അദ്ദേഹത്തിനെതിരെ ഇപ്പോൾ നിലനിൽക്കുന്ന മറ്റു കേസുകളാണ്. സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളിലെ വിചാരണ കോടതികളിൽ നിന്നു തുടർ നടപടിയുണ്ടായാൽ രാഹുലിനു തുടരെ കോടതി കയറിയിറങ്ങേണ്ടി വരും. കോടതി വിധികൾ പ്രതികൂലമാകാനുള്ള സാധ്യതയും കൂടുതലാണ്.

മോഷ്ടാക്കൾക്കെല്ലാം പേരിൽ മോദിയുള്ളത് എന്തുകൊണ്ടെന്ന പരാമർശത്തിന്റെ പേരിൽ മാത്രം 3 സംസ്ഥാനങ്ങളിലായി 4 കേസുകൾ കോടതി നടപടികളിലാണ്. ഈ കേസുകൾ ഒന്നിച്ചാക്കണമെന്ന അപേക്ഷ സുപ്രീം കോടതിയിൽ നൽകാം. ആർഎസ്എസിനെതിരായ പരാമർശങ്ങളുടെ പേരിൽ 3, മോദിയും അമിത് ഷായും ഉൾപ്പെടെ ബിജെപി നേതാക്കൾക്കെതിരെ നേരിട്ടു നടത്തിയ പരാമർശങ്ങളുടെ പേരിൽ 4, മറ്റുള്ളവ 2 എന്നിങ്ങനെയാണ് രാഹുലിനെതിരെ പല സംസ്ഥാനങ്ങളിലായുള്ള കേസുകൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന നാഷനൽ ഹെറൾഡ് കേസുമുണ്ട്.

അതേസമയം രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനും അദ്ദേഹത്തിന് ലഭിക്കുന്ന ജനപിന്തുണയും ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. വെളുക്കാൻ തേച്ചത് പാണ്ടാകുമോ എന്ന ആശങ്കയിലാണ് ബിജെപിയും. രാഹുൽ സ്വയം രക്തസാക്ഷി പരിവേഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. അന്തർദേശീയ മാധ്യമങ്ങളിൽ എല്ലാം തന്നെ വലിയ വാർത്തയായി രാഹുലിന്റെ അംഗത്വം റദ്ദാക്കിയ വാർത്ത മാറിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP