Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202205Wednesday

ബിജെപിയുടെ ജെ പി നഡ്ഡ മോഡൽ കോൺഗ്രസ് അനുകരിക്കുമോ? ഗാന്ധി കുടുംബത്തിന് പുറത്തുള്ള നേതാവിനെ പാർട്ടി അദ്ധ്യക്ഷനാക്കുമോ? രാഹുൽ മൗനം തുടരുന്നതോടെ, ആരാകും പകരം എന്ന ചർച്ച സജീവം

ബിജെപിയുടെ ജെ പി നഡ്ഡ മോഡൽ കോൺഗ്രസ് അനുകരിക്കുമോ? ഗാന്ധി കുടുംബത്തിന് പുറത്തുള്ള നേതാവിനെ പാർട്ടി അദ്ധ്യക്ഷനാക്കുമോ? രാഹുൽ മൗനം തുടരുന്നതോടെ, ആരാകും പകരം എന്ന ചർച്ച സജീവം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സസ്‌പെൻസ് തുടരുകയാണ്. മനസ് തുറക്കാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ല. പാർട്ടി നേതാക്കളും, പ്രവർത്തകരും, അണികളും കാത്തിരിക്കുന്നു, ആ പ്രഖ്യാപനത്തിനായി. ആരാകും പുതിയ കോൺഗ്രസ് അദ്ധ്യക്ഷൻ? അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള സമയം അടുത്തതോടെ, ഇതെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും പാർട്ടിയിൽ സജീവമായി.

2019 ലെ കോൺഗ്രസിന്റെ കനത്ത തോൽവിയെ തുടർന്നാണ് നിരാശനായ രാഹുൽ, അദ്ധ്യക്ഷ പദവി ഒഴിഞ്ഞത്. തുടർന്നുള്ള മൂന്നുവർഷങ്ങളിലും കോൺഗ്രസിന് ഒരു തിരഞ്ഞെടുപ്പിലും ജയിച്ചുകയറാനായില്ല. മുതിർന്ന നേതാക്കളും, വിശ്വസ്തരും, പാർട്ടി അദ്ധ്യക്ഷന്റെ പദവി ഏറ്റെടുത്ത് കോൺഗ്രസിന് സ്ഥിരത നൽകാൻ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ, രാഹുൽ മനസ്സ് തുറന്നിട്ടില്ല.

പല നേതാക്കളും കരുതുന്നത്, ഒടുവിൽ രാഹുൽ, പദവി ഏറ്റെടുക്കും എന്നുതന്നെയാണ്. കോൺഗ്രസിലെ നേതൃത്വ പ്രശ്‌നം പരിഹരിക്കേണ്ടത് പ്രതിപക്ഷ സഖ്യത്തിന്റെ നിലനിൽപ്പിനും അനിവാര്യമാണ്. 2024 ലെ പൊതുതിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബിജെപി വിരുദ്ധ കൂട്ടായ്മയ്ക്ക് കരുത്ത് പകരാൻ കോൺഗ്രസിന് സ്ഥിരം അദ്ധ്യക്ഷൻ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

രാഹുൽ സമ്മതം മൂളിയില്ലെങ്കിൽ ആര്?

എന്നാൽ, രാഹുൽ അദ്ധ്യക്ഷനാവാൻ സമ്മതിച്ചില്ലെങ്കിൽ, സോണിയ ഗാന്ധി തുടരേണ്ട സാഹചര്യമുണ്ടാകും. അതല്ലെങ്കിൽ, മറ്റൊരു മുതിർന്ന നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരണം. മധ്യപ്രദേശ് അദ്ധ്യക്ഷൻ കമൽനാഥിനെയാണ് പലരും പ്രതീക്ഷയോടെ കാണുന്നത്. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ, അദ്ദേഹത്തോട് വിമതർ അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ, തനിക്ക് നാല് വർഷം സംസ്ഥാനത്ത് തുടർന്ന ശേഷം ഉടൻ ഡൽഹിയിലേക്ക് പോകാൻ ആവില്ലെന്നായിരുന്നു കമൽനാഥിന്റെ മറുപടി. മുതിർന്ന നേതാവെന്ന നിലയിൽ കമൽനാഥ് ഗാന്ധി കുടുംബത്തോട് വളരെ അടുത്തുനിൽക്കുന്നയാളും, മറ്റുനേതാക്കൾക്ക് സ്വീകാര്യനുമാണ്.

ഒരുമുതിർന്ന ദളിത് നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നും നിർദ്ദേശങ്ങൾ ഉയരുന്നുണ്ട്. മുൻ കേന്ദ്ര മന്ത്രി സുശീൽ കുമാർ ഷിൻഡെ, മല്ലികാർജ്ജുൻ ഖാർഗെ, മുകുൾ വാസ്‌നിക് എന്നിവരുടെ പേരുകൾ കേൾക്കുന്നു. ഒപ്പം മുൻ സ്പീക്കർ മീരാ കുമാറിന്റെ പേരും നേതാക്കൾ ചർച്ച ചെയ്യുന്നു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്, എഐസിസി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് എന്നിവരും ചർച്ചയിലുള്ള നേതാക്കളാണ്. അതുപോലെ തന്നെ സ്വാതന്ത്ര്യദിനത്തിൽ പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ അംബികാ സോണിയെ തിരഞ്ഞെടുത്തത് ഏതെങ്കിലും തരത്തിലുള്ള സന്ദേശമാണോ എന്നും സംശയങ്ങൾ ഉയർന്നു. എന്നാൽ, കോൺഗ്രസ് അദ്ധ്യക്ഷയുടെ അഭാവത്തിൽ, പതാക ഉയർത്താൻ ഒരുമുതിർന്ന നേതാവിനെ ചുമതലപ്പെടുത്തുന്ന പതിവ് മാത്രമാണിതെന്നും പറയുന്നു. കോവിഡ് ബാധിതയായ സോണിയ ചടങ്ങിൽ നിന്നും വിട്ടുനിന്നിരുന്നു.

പ്രശാന്ത് കിഷോറിന്റെ നിർദ്ദേശങ്ങൾക്ക് വിലയുണ്ടോ?

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആളെ നിയോഗിക്കണമെന്നായിരുന്നു പ്രശാന്തിന്റെ മുഖ്യ നിർദ്ദേശം. സോണിയ ഗാന്ധി അദ്ധ്യക്ഷ പദവി ഒഴിഞ്ഞാൽ, രാഹുൽ ഗാന്ധിയെ പകരം നിയോഗിക്കരുത്. നിർത്തലാക്കിയ കോൺഗ്രസ് പാർലമെന്ററി ബോർഡ് പുനഃസ്ഥാപിച്ച് അതിന്റെ തലപ്പത്ത് രാഹുലിനെ നിയമിക്കണം. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും പണ്ട് വഹിച്ചിരുന്ന പദവിയാണിത്.

ഗാന്ധി കുടുംബം ഇല്ലാതെ എങ്ങനെ?

ബിജെപിയെയാണ് ഇക്കാര്യത്തിൽ പ്രശാന്ത് റോൾ മോഡലാക്കുന്നത്. ജെപി നഡ്ഡ മോഡൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ബിജെപിയെ യഥാർത്ഥത്തിൽ ഭരിക്കുന്നതെങ്കിലും, നഡ്ഡയാണ് പാർട്ടി പ്രസിഡന്റ്. പാർട്ടിയുടെ ഉന്നത സ്ഥാനത്ത് എത്താൻ, എല്ലാവർക്കും അവസരം നൽകുന്ന പാർട്ടി എന്ന പ്രതിച്ഛായ നഡ്ഡ മോഡൽ ബിജെപിക്ക് നൽകുന്നു. ഒരു ബൂത്ത് തല പ്രവർത്തകന് വരെ പാർട്ടി അദ്ധ്യക്ഷൻ ആകാമെന്ന സന്ദേശം ഇതിലൂടെ നൽകുന്നു. അവരത് ആയാലും ഇല്ലെങ്കിലും, പൊതുജനത്തിന് കിട്ടുന്ന സന്ദേശം അതാണ്.

പാർട്ടിയെ നയിക്കുന്ന ആളാവരുത് പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്നാണ് പ്രശാന്ത് കിഷോറിന്റെ നയം. രണ്ടും രണ്ടുപണിയാണെന്ന് ചുരുക്കം. ഒരു കുടുംബം നയിക്കുന്ന പാർട്ടി എന്ന ഇമേജുമായി ഒരു മുഖ്യ രാഷ്ട്രീയ ശക്തിയായി ദീർഘനാൾ നിൽക്കാനാവില്ല, പ്രശാന്ത് കിഷോർ പറയുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായി മടങ്ങി എത്തിയാൽ തന്നെ അദ്ദേഹം ആയിരിക്കരുത്, പ്രധാനമന്ത്രി സ്ഥാനാർത്ഥി. നഡ്ഡ മോഡൽ കോൺഗ്രസും പിന്തുടർന്നാൽ, വരിക വലിയൊരു മാറ്റമായിരിക്കും. കുടുംബാധിപത്യ പാർട്ടി എന്ന ബിജെപി ആരോപണത്തിന്റെ മുന ഒടിക്കാനും കഴിയും.

എന്തായാലും സ്വകാര്യ സംഭാഷണങ്ങളിൽ ഗാന്ധി കുടുംബത്തിന് പുറത്തുള്ള പ്രസിഡന്റ് വേണമെന്നും, രാഹുൽ ഗാന്ധി ലോക്‌സഭാ നേതാവായി തിളങ്ങണമെന്നുമാണ് പ്രശാന്ത് പറയാറുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP