Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോബർട്ട് വധേരക്കു വേണ്ടി കോൺഗ്രസ് നഷ്ടമാക്കുന്നത് 17 സീറ്റുകൾ; പി.സി ചാക്കോ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വഴങ്ങാതെ ഷീല ദീക്ഷിത് - റോബർട്ട് വധേര ലോബി; കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച ആപ്പിനും ഡൽഹിയിൽ പരാജയ ഭീതി; ഹരിയാനയിൽ ജെജെപിയുമായി സഖ്യമുണ്ടാക്കി നേട്ടമുണ്ടാക്കാനുറച്ച് കെജ്രിവാൾ; പഞ്ചാബിൽ സാധ്യത കോൺഗ്രസിനെങ്കിലും എഎപി സഖ്യം പൊളിഞ്ഞതോടെ അവസാനിച്ചത് സീറ്റുകൾ തൂത്തുവാരാനുള്ള അവസരം

റോബർട്ട് വധേരക്കു വേണ്ടി കോൺഗ്രസ് നഷ്ടമാക്കുന്നത് 17 സീറ്റുകൾ; പി.സി ചാക്കോ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വഴങ്ങാതെ ഷീല ദീക്ഷിത് - റോബർട്ട് വധേര ലോബി; കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച ആപ്പിനും ഡൽഹിയിൽ പരാജയ ഭീതി; ഹരിയാനയിൽ ജെജെപിയുമായി സഖ്യമുണ്ടാക്കി നേട്ടമുണ്ടാക്കാനുറച്ച് കെജ്രിവാൾ; പഞ്ചാബിൽ സാധ്യത കോൺഗ്രസിനെങ്കിലും എഎപി സഖ്യം പൊളിഞ്ഞതോടെ അവസാനിച്ചത് സീറ്റുകൾ തൂത്തുവാരാനുള്ള അവസരം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കോൺഗ്രസിനുള്ളിലെ റോബർട്ട് വധേര- ഷീല ദീക്ഷിത് അച്ചുതണ്ട് പിടിവാശി മൂലം നഷ്ടമാകുന്നത് മൂന്ന് സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളും തൂത്തുവാരാനുള്ള സുവർണ്ണാവസരം. ചണ്ഡീഗഢിലെ ഒരു സീറ്റ് ഉൾപ്പെടെ 31 സീറ്റാണ് മൂന്ന് സംസ്ഥാനത്തും കൂടിയുള്ളത്. ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതിൽ 17 സീറ്റുകളിൽ കോൺഗ്രസിന് നിഷ്പ്രയാസം വിജയിക്കാമായിരുന്നു. എന്നു മാത്രമല്ല, മറ്റു സീറ്റുകളിൽ ജയിച്ചുവരുന്ന ആം ആദ്മി പാർട്ടിയുടെ പിന്തുണയും സർക്കാർ രൂപീകരണത്തിനായി ഉറപ്പിക്കാനാകുമായിരുന്നു.

എന്നാൽ, റോബർട്ട് വധേരയുടെയും ഷീല ദീക്ഷിതിന്റെയും പിടിവാശിക്കു മുന്നിൽ 17 സീറ്റുകളിലെ വിജയ സാധ്യത നഷ്ടപ്പെടുത്തുക മാത്രമായിരുന്നു കോൺഗ്രസ് നേതൃത്വത്തിനു മുന്നിലുള്ള ഏക വഴി.നിർണായകമായ ഈ സീറ്റുകളിൽ ബിജെപി വിരുദ്ധവോട്ടുകൾ ഭിന്നിച്ചുപോകാൻ ഇടയാക്കുന്ന സാഹചര്യമാണ് കോൺഗ്രസ് സൃഷ്ടിക്കുന്നത്. പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന നിലപാടാണിത്.

ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകോപനവും പ്രതിപക്ഷ മഹാസഖ്യമെന്ന സങ്കല്പവുമാണ് ഇതിലൂടെ ഇല്ലാതായിരിക്കുന്നത്. ബിജെപി വിരുദ്ധ കക്ഷികൾ പരസ്പരം പോരടിക്കുന്നതോടെ ബിജെപി സ്ഥാനാർത്ഥികൾക്ക് അനായാസം ജയിച്ചു കേറാനാകും എന്നത് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക കോൺഗ്രസിന് തന്നെയാണ്. ആംആദ്മിയുമായി ചേർന്ന് തൂത്തുവാരാമായിരുന്ന ഡൽഹി

പ്രതീക്ഷ നഷ്ടമായിട്ടും അഹങ്കാരം വിടാതെ ഡൽഹി

2014- ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. അന്ന് ബിജെപിക്ക 46 ശതമാനം വോട്ടുകളും ആം ആ്ദമി പാർട്ടിക്ക് 32.90 ശതമാനം വോട്ടുകളുമാണ് കിട്ടിയത്. 15.10 ശതമാനം വോട്ടുകളാണ് കോൺഗ്രസിന് കിട്ടിയത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 2015ൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 53 ശതമാനം വോട്ടു വിഹിതത്തോടെ ആകെയുള്ള 70 നിയമസഭാ സീറ്റിൽ 67-ഉം നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്.

ഡൽഹിയിൽ എഎപിയുമായി സഖ്യസാധ്യതകൾ അടയാൻ കാരണം ഷീല ദീക്ഷിതിന്റെ ദുർവാശിയാണ്. എഎപിയുമായി സഖ്യത്തിനായി ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനായി പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു. എഎപിക്ക് നാലു സീറ്റും കോൺഗ്രസിന് മൂന്ന് സീറ്റും എന്ന ധാരണയിൽ എത്തിയിരുന്നു എന്നാണ് ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പി.സി. ചാക്കോ പറഞ്ഞിരുന്നത്. എന്നാൽ കോൺഗ്രസിന്റെ പിടിവാശി മൂലം സഖ്യം സാധ്യമാകില്ലെന്ന് ആം ആദ്മി പാർട്ടി പിന്നീട് വ്യക്തമാക്കുകയായിരുന്നു. ഇവിടെ ആം ആദ്മി പാർട്ടിക്കും വിജയം അത്ര എളുപ്പമാകില്ല.

 പഞ്ചാബിലും പ്രതിസന്ധി

ആം ആദ്മിയുമായി സഖ്യത്തിലെത്തിയിരുന്നെങ്കിൽ മുഴുവൻ സീറ്റുകളും കോൺഗ്രസ് സഖ്യത്തിന് വിജയിക്കുവാൻ കഴിയുമായിരുന്ന സംസ്ഥാനമാണ് പഞ്ചാബ്. എന്നാൽ ഡൽഹി കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന അതേ നിലപാടിൽ തന്നെയാണ് പഞ്ചാബിലെയും പിസിസി ഭാരവാഹികളും. പഞ്ചാബിൽ ആംആദ്മി പാർട്ടിയുമായി സഖ്യത്തിന് കോൺഗ്രസ് തയ്യാരായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നാലു സീറ്റിൽ എഎപി ജയിച്ചിരുന്നു. 24.4 ശതമാനം വോട്ടും നേടി. ശിരോമണി അകാലി ദൾ 26 ശതമാനം വോട്ടും നാലു സീറ്റും നേടി. അതേസമയം, 33 ശതമാനം വോട്ടു നേടിയ കോൺഗ്രസിന് മൂന്നു സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപി 8.7 ശതമാനം വോട്ടോടെ രണ്ടു സീറ്റിൽ ജയിച്ചു.

2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിച്ച കോൺഗ്രസിന്റെ വോട്ടു വിഹിതം 1.5 ശതമാനം കുറഞ്ഞു. 24 ശതമാനം വോട്ടു വിഹിതം നിലനിർത്തിയ എഎപി 20 സീറ്റു നേടി. എന്നാൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർസിങ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ എഎപിയുമായി സഖ്യത്തിന് തയ്യാറാകുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വെല്ലുവിളി ഉയർത്തിയത് എഎപിയാണെന്നും അവരുമായി സഹകരിക്കുന്നത് ചിന്തിക്കാൻ കഴിയില്ലെന്നുമാണ് അമരീന്ദർസിങ് പറയുന്നത്. പഞ്ചാബിൽ ഹൈക്കമാൻഡ് അമരീന്ദർസിങ്ങാണ്.

അതേസമയം, പഞ്ചാബിൽ ബിജെപി ഘടകകക്ഷിയായ ശിരോമണി അകാലിദളിന് (എസ്എഡി) 10 സീറ്റ് വിട്ടുകൊടുത്തു. ബിജെപി മൂന്നു സീറ്റിൽ മാത്രമാണ് മത്സരിക്കുക. ഡൽഹിയിലും പഞ്ചാബിലും സീറ്റ് ധാരണയാകാമെന്ന നിർദ്ദേശം എഎപി മാസങ്ങൾക്കുമുമ്പേ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽവച്ചിരുന്നു. രണ്ടിടത്തും കോൺഗ്രസ് നേതൃത്വം ഈ നിർദ്ദേശം തള്ളുകയായിരുന്നു. പഞ്ചാബിൽ മെയ് 19നാണ് വോട്ടെടുപ്പ്.

ഹരിയാനയും കോൺഗ്രസിന് ബാലികേറാമല
എഎപിക്ക് കാര്യമായ സ്വാധീനമുള്ള മറ്റൊരു സംസ്ഥാനമാണ് ഹരിയാന. ഇവിടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ ഏഴിടത്തും ബിജെപിയാണ് ജയിച്ചത്. ഓം പ്രകാശ് ചൗതാലയുടെ ഐഎൻഎൽഡി രണ്ടിടത്തും ജയിച്ചു. കോൺഗ്രസ് ഒരു സീറ്റിലൊതുങ്ങി. ജാട്ടു വോട്ടുകളിൽ ഗണ്യമായ സ്വാധീനമുള്ള ഐഎൻഎൽഡി ഈയിടെ പിളർന്നെങ്കിലും തള്ളിക്കളയാൻ കഴിയില്ല. ജനുവരിയിൽ ജീണ്ട് മണ്ഡലത്തിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ വക്താവ് കൂടിയായ സ്ഥാനാർത്ഥി രൺദീപ് സിങ് സുർജെവാല മൂന്നാം സ്ഥാനത്തുപോയത് വൻനാണക്കേട് സൃഷ്ടിച്ചിരുന്നു.

ബിജെപി ജയിച്ച ഇവിടെ ഐഎൻഎൽഡിയുടെ വിഘടിതവിഭാഗം രണ്ടാംസ്ഥാനത്തെത്തി. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കുമെന്ന് കോൺഗ്രസ് പ്രതികരിച്ചിരുന്നു. സഖ്യകക്ഷിയില്ലാതെ സംസ്ഥാനത്ത് കോൺഗ്രസിനു മുന്നോട്ടുപോകാൻ കഴിയില്ല. അതേസമയം, കോൺഗ്രസിനുള്ളിൽ തന്നെ ഗ്രൂപ്പുപോര് ശക്തമായതിനാൽ ആരെയും കൂടെക്കൂട്ടാൻ നേതാക്കൾ തയ്യാറല്ല. മുന്മുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള വിഭാഗവും പിസിസി അധ്യക്ഷൻ അശോക് തൻവറിന്റെ ഗ്രൂപ്പും പൊരിഞ്ഞ പോരിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിട്ടും യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിവരാൻ കോൺഗ്രസ് തയ്യാറല്ല.

ഹരിയാനയിൽ ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ പാർട്ടിയായ ജനനായ്ക ജനതാ പാർട്ടി (ജെ.ജെ.പി)യുമായി എഎപി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇവിടെ ജെ.ജെ.പി ഏഴു സീറ്റിലും എഎപി മൂന്നു സീറ്റിലും മത്സരിക്കും. ഹരിയാനയിൽ സഖ്യമുണ്ടാക്കുകയാണെങ്കിൽ ഡൽഹിയോട് ചേർന്ന് കിടക്കുന്ന ഗുഡ്ഗാവ്, ഫരീദാബാദ്, കർണൽ സീറ്റുകൾ ലഭിക്കണമെന്ന് എഎപി ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ ജയം ഉറപ്പുള്ള മൂന്ന് സീറ്റുകൾ നൽകുന്നതിനു പകരമായാണ് എഎപി ഈ സീറ്റുകൾ ആവശ്യപ്പെട്ടത്. എന്നാൽ ഹരിയാനയിൽ കോൺഗ്രസ് സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പ്രാദേശിക പാർട്ടിയായ ജെജപിയുമായി എഎപി സഖ്യമുണ്ടാക്കിയത്. ഹരിയാനയിൽ മെയ് 12നാണ് വോട്ടെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP