Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ ഒരുങ്ങി കോൺഗ്രസ്; നാല് മന്ത്രിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തു നൽകി; കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ചവർ ബിജെപിക്കൊപ്പം നിൽക്കുന്നത് അയോഗ്യതക്ക് മാനദണ്ഡമെന്ന് കോൺഗ്രസ് നേതാവ് ഡി പി ധനോപിയ; നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റി ഇരുപാർട്ടികളും; ബിജെപിയിൽ ചേരാൻ അതൃപ്തിയുള്ളവരെ ലക്ഷ്യമിട്ട് കമൽനാഥിന്റെ നീക്കങ്ങൾ

ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ ഒരുങ്ങി കോൺഗ്രസ്; നാല് മന്ത്രിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തു നൽകി; കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ചവർ ബിജെപിക്കൊപ്പം നിൽക്കുന്നത് അയോഗ്യതക്ക് മാനദണ്ഡമെന്ന് കോൺഗ്രസ് നേതാവ് ഡി പി ധനോപിയ; നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റി ഇരുപാർട്ടികളും; ബിജെപിയിൽ ചേരാൻ അതൃപ്തിയുള്ളവരെ ലക്ഷ്യമിട്ട് കമൽനാഥിന്റെ നീക്കങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മധ്യപ്രദേശിൽ അധികാരം നിലനിർത്താൻ വേണ്ടിയുള്ള രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമാക്കി കമൽനാഥ്. ജ്യോതിരാജ സിന്ധ്യക്കൊപ്പം പോയ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തിയിട്ടുള്ളത്. സിന്ധ്യയെ അനുകൂലിച്ച് രാജിവെച്ച എംഎൽഎമാരെ അയോഗ്യരാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്പീക്കർ എൻ.പി. പ്രജാപതിക്ക് കോൺഗ്രസ് കത്ത് നൽകി. കമൽനാഥ് മന്ത്രിസഭയിലെ ആറ് മന്ത്രിമാരുൾപ്പെടെ 22 എംഎൽഎമാരാണ് ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച് രാജി വെച്ചത്.

ഇവരിൽ നാല് മന്ത്രിമാർക്കെതിരെയാണ് കോൺഗ്രസ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. മഹേന്ദ്ര സിങ് ശിശോദിയ, ഇമാരതി ദേവി, തുൾസി ശീലാവത്, പ്രഭുറാം ചൗധരി, ഗോവിന്ദ് സിങ് രജപുത്, പ്രദുമൻ സിങ് തോമർ തുടങ്ങിയ മന്ത്രിമാരെയാണ് ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന 191(2) ആർട്ടിക്കിൾ പ്രകാരം അയോഗ്യരാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു നിയമസഭാംഗമോ ലെജിസ്ലേറ്റീസ് കൗൺസിൽ അംഗമോ ആയ ഒരാൾ പാർട്ടി അംഗത്വം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പാർട്ടി വിപ്പ് ലംഘിക്കുകയോ ചെയ്താൽ അയാളെ അയോഗ്യനാക്കാമെന്നാണ് പത്താം ഷെഡ്യളിൽ പറയുന്നത്. കോൺഗ്രസ് നേതാവ് ഡി.പി. ധനോപിയ ആണ് സ്പീക്കർക്ക് ഈ വകുപ്പുകൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയിരിക്കുന്നത്. ആറുപേരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആറ് അപേക്ഷകളാണ് സ്പീക്കറിന് മുന്നിൽ എത്തിയിരിക്കുന്നത്. ആറുപേരും കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച ജയിച്ചവരാണ്. എന്നാൽ ഇപ്പോളവർ ബിജെപിക്കൊപ്പം നിൽക്കുന്നു. അതിനാൽ അവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യമെന്ന് ധനോപിയ പറഞ്ഞു.

നാലുപേരുടെ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ നിലനിൽക്കുന്നത്. മന്ത്രിമാരുടേതുൾപ്പെടെ 22 എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ നിയമസഭയിലെ കേവല ഭൂരിപക്ഷം 104 ആയി കുറയും. 107 എംഎൽഎമാരുള്ള ബിജെപിക്ക് സർക്കാരുണ്ടാക്കാൻ സാധിക്കുകയും ചെയ്യും. രാജിവെച്ച എംഎൽഎമാർ ഇ-മെയിൽ ആയാണ് തങ്ങളുടെ രാജിക്കത്ത് അയച്ചിരിക്കുന്നത്. എന്നാൽ അവർ നേരിട്ടുവന്ന് രാജി സമർപ്പിച്ചാൽ മാത്രമേ അത് പരിഗണിക്കാൻ സാധിക്കൂവെന്ന് സ്പീക്കർ എൻ.പി.പ്രജാപതി വ്യക്തമാക്കി.

അതേസമയം മധ്യപ്രദേശിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയമാണ് ആവർത്തിക്കുന്നത്. ബെംഗളൂരു, ഗുരുഗ്രാം, ജയ്പുർ എന്നിവിടങ്ങളിലെ 3 റിസോർട്ടുകളിലാണു ഭരണ, പ്രതിപക്ഷ, വിമത എംഎൽഎമാർ തമ്പടിച്ചിരിക്കുന്നത്. 16നു നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, 15നു വൈകിട്ട് അവർ ഭോപാലിൽ മടങ്ങിയെത്തും. ഇരുപക്ഷവും മറുചേരിയിലുള്ള എംഎൽഎമാരെ റാഞ്ചാൻ രംഗത്തിറങ്ങിയതോടെയാണ് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടക്കുംവരെ എംഎൽഎമാരെ സംരക്ഷിക്കാനുള്ള നടപടി. സിന്ധ്യ പക്ഷക്കാരായ വിമത എംഎൽഎമാർ കർണാടകയിലെ ബെംഗളൂരുവിലും ബിജെപി എംഎൽഎമാർ ഹരിയാനയിലെ ഗുരുഗ്രാമിലുമാണുള്ളത്. രണ്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ.

സിന്ധ്യ പക്ഷക്കാർക്കു ബെംഗളൂരുവിലേക്കു പറക്കാൻ ബിജെപിയാണു പ്രത്യേക വിമാനം ഏർപ്പാടാക്കിയത്. കർണാടകയിലെ എംഎൽഎയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അരവിന്ദ് ലിംബാവലിക്കാണ് സംരക്ഷണ ചുമതല. അരവിന്ദിന്റെ 'പൂട്ട്' പൊളിക്കാൻ ഡി.കെ. ശിവകുമാറിനെയാണു കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ വിമാനമിറങ്ങിയ ബിജെപി എംഎൽഎമാർ റോഡ് മാർഗം ഗുരുഗ്രാമിലെ റിസോർട്ടിലെത്തി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയയ്ക്കാണ് സംരക്ഷണ ചുമതല.

ഇന്നലെ ഉച്ചയ്ക്കുള്ള പ്രത്യേക വിമാനത്തിലാണ് ഭരണപക്ഷ എംഎൽഎമാർ ജയ്പുരിലേക്കു പറന്നത്. രാവിലെ തന്റെ വസതിയിൽ യോഗം വിളിച്ച കമൽനാഥ് ഏതാനും ദിവസം മാറിത്താമസിക്കുന്നതിനു തയാറായി വരാൻ എംഎൽഎമാർക്കു നിർദ്ദേശം നൽകിയിരുന്നു. പെട്ടിയുമായി യോഗത്തിനെത്തിയ എംഎൽഎമാർ ബസിൽ വിമാനത്താവളത്തിലേക്കു നീങ്ങി. മഹാരാഷ്ട്രയിൽ പ്രതിസന്ധിയുണ്ടായപ്പോൾ കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ച അതേ റിസോർട്ടാണിത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനാണ് ഇവരുടെ സംരക്ഷണച്ചുമതല.

ബെംഗളൂരുവിൽ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാരുമായി മധ്യപ്രദേശിൽ നിന്നുള്ള പാർട്ടി നേതാക്കളായ സജ്ജൻ സിങ് വർമയും ഗോവിന്ദ് സിങ്ങും ചർച്ച നടത്തി. പത്തോളം എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമിക്കുന്നതായി നേതാക്കൾ പിന്നീട് ആരോപിച്ചു. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ലെന്നും പാർട്ടിയും കമൽനാഥും ചേർന്ന് അദ്ദേഹത്തെ വഞ്ചിക്കുകയായിരുന്നെന്നും ബെംഗളൂരുവിൽ കഴിയുന്ന എംഎൽഎമാർ ആരോപിച്ചു. മഹേന്ദ്ര സിങ് ശിശോധിയയുടേതായി പുറത്തുവന്ന വിഡിയോയിലാണ് ആരോപണം. ഇതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ റിസോർട്ടിനു മുന്നിൽ പ്രതിഷേധം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP