Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിച്ച് കാണണം എന്ന് കോൺഗ്രസ് നേതാക്കൾ; ഒരു ഹിന്ദു എന്ന നിലയിൽ രാമക്ഷേത്രം ആഗ്രഹിക്കുമ്പോഴും സുപ്രീംകോടതി വിധി എല്ലാവരും അംഗീകരിക്കണം എന്ന് ജിതിൻ പ്രസാദ; അയോധ്യയിലല്ലെങ്കിൽ മറ്റെവിയെടാണ് രാമക്ഷേത്രം പണിയുക എന്ന് മുസ്ലിം സഹോദരങ്ങൾ പോലും പറയുമെന്ന് ഹരീഷ് റാവത്ത്; മുതിർന്ന നേതാക്കളുടെ പ്രതികരണം അടുത്ത മാസം കേസിന്റെ വിധി വരാനിരിക്കെ

അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിച്ച് കാണണം എന്ന് കോൺഗ്രസ് നേതാക്കൾ; ഒരു ഹിന്ദു എന്ന നിലയിൽ രാമക്ഷേത്രം ആഗ്രഹിക്കുമ്പോഴും സുപ്രീംകോടതി വിധി എല്ലാവരും അംഗീകരിക്കണം എന്ന് ജിതിൻ പ്രസാദ; അയോധ്യയിലല്ലെങ്കിൽ മറ്റെവിയെടാണ് രാമക്ഷേത്രം പണിയുക എന്ന് മുസ്ലിം സഹോദരങ്ങൾ പോലും പറയുമെന്ന് ഹരീഷ് റാവത്ത്; മുതിർന്ന നേതാക്കളുടെ പ്രതികരണം അടുത്ത മാസം കേസിന്റെ വിധി വരാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിച്ച് കാണണമെന്നാണ് ആഗ്രഹമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളും. കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) അംഗങ്ങളായ മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദയും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തുമാണ് പരസ്യനിലപാടുമായി രംഗത്തെത്തിയത്. വരാനിരിക്കുന്ന അയോദ്ധ്യ വിധി, എൻആർസി, പൗരത്വ ഭേദഗതി ബിൽ തുടങ്ങിയ തന്ത്രപ്രധാനമായ രാഷ്ട്രീയ വിഷയങ്ങളോട് പാർട്ടിയുടെ പ്രതികരണം സംബന്ധിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി രൂപീകരിച്ച ഉന്നതതല സമിതിയുടെ യോഗത്തിനിടെയാണ് ഇരുവരുടേയും പ്രതികരണം.

നവംബറിൽ കേസിന്റെ വിധിവരാനിരിക്കെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന. അയോധ്യയിൽ രാമക്ഷേത്രം കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും സുപ്രീംകോടതി വിധി പരമോന്നതമാണെന്നും അത് എല്ലാവരും അംഗീകരിക്കണമെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. ഒരു ഹിന്ദു എന്ന നിലയിൽ എനിക്ക് അവിടെ ഒരു ക്ഷേത്രം വേണം. എന്നാൽ രാജ്യത്ത് ഒരു നിയമവുമുണ്ട്. വിധി എന്തു തന്നെയായാലും എല്ലാവരും അംഗീകരിക്കണം. വിധി എത്രയും വേഗം പുറത്തുവന്ന് ഇതിനെക്കുറിച്ചുള്ള എല്ലാ ചർച്ചകളും അവസാനിപ്പിക്കണം. മുന്നോട്ട് പോകേണ്ട സമയമാണിത്, എല്ലാ സമുദായങ്ങളും ഐക്യത്തോടെ ജീവിക്കണം' -പ്രസാദ സൺഡേ എക്സ്‌പ്രസിനോട് പറഞ്ഞു.

ഇതേ നിലപാടു തന്നെയാണ് ഹരീഷ് റാവത്തും അവർത്തിച്ചത്. 'നിങ്ങൾ ആരോടുവേണമെങ്കിലും ചോദിക്കൂ. അയോധ്യയിൽ ഒരു രാമക്ഷേത്രം പണിയണമെന്ന് ഓരോ ഇന്ത്യക്കാരനും പറയും. നിങ്ങൾ ആരോടൊക്കെ ചോദിച്ചാലും, ഞങ്ങളുടെ മുസ്ലിം സഹോദരങ്ങളോട് ചോദിക്കുകയാണെങ്കിലും, അയോദ്ധ്യയിലല്ലെങ്കിൽ മറ്റെവിടെയാണ് ഒരു രാമക്ഷേത്രം പണിയുകയെന്ന് അവരും പറയും'. - വ്യക്തിപരമായ നിലപാട് ചോദിച്ച മാധ്യമ പ്രവർത്തകരോട് ഹരീഷ് പ്രതികരിച്ചു.

കോടതി വിധിയിൽ ഒരു രാഷ്ട്രീയവും പാടില്ല എന്നും സുപ്രീംകോടതി വിധിക്കൊപ്പം നിൽക്കുകയും അത് സമാധാനപരമായി നടപ്പാക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും വിധിക്കനുസരിച്ചാവണം വിഷയത്തിൽ പാർട്ടിയുടെ പ്രസ്താവന നടത്തേണ്ടതെന്നുമാണ് മറ്റ് മുതിർന്ന നേതാക്കൾ പറഞ്ഞത്. അയോധ്യ പ്രശ്നം വൈകാരികവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമാണെന്ന് സംശയമില്ലെന്ന് അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയ് പറഞ്ഞു. അതുകൊണ്ടു തന്നെ ചർച്ചകളിലൂടെ തീരുമാനത്തിൽ എത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വേറൊരു വിഭാഗത്തിന്റെ ആരാധനാലയം തകർക്കാതെ തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ''അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് അഴത്തിലുള്ള വിശ്വാസങ്ങളുണ്ട്. അവിടെ ഒരു ക്ഷേത്രമുണ്ടെന്നാണ് വ്യക്തമാകുന്നത്. അവിടുത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രം ആയിരുന്നു എന്നാണ്. മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയങ്ങൾ നശിപ്പിക്കാതെ തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്നാണ് വ്യക്തിപരമായ അഭിപ്രായം'' - ഇന്ത്യൻ എക്സ്‌പ്രസിനോട് കഴിഞ്ഞ മാസം ശശി തരൂർ പറഞ്ഞു.

നവംബർ 17നാണ് സുപ്രീംകോടതി രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള വിധി പുറപ്പെടുവിപ്പിക്കുക. അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മാണം നവംബർ 17 ന് മുമ്പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാനിലെ പാലിയിൽ നിന്നുള്ള ബിജെപി എംഎൽഎ ഗ്യാൻചന്ദ് പരാഖ് നേരത്തേ രംഗത്തെത്തിയിരുന്നു. നവംബർ 17നാണ് സുപ്രീംകോടതി രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള വിധി പുറപ്പെടുവിപ്പിക്കുക. ഇതിന് മുമ്പുതന്നെ നിർമ്മാണം ആരംഭിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാലിയിലെ രാംലീല പരിപാടിക്ക് മുഖ്യാതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേസിലെ വിചാരണ ഒക്ടോബർ 17ന് അവസാനിക്കുമെന്നും ഈ വർഷം നമുക്ക് അനുകൂലമായ വർഷമാണെന്നും പരാഗ് പറഞ്ഞു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് 'വളരെ നല്ല വാർത്ത' കാത്തിരിക്കുന്നുവെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വാക്കുകൾ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പരാഖിന്റെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP