Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2009ൽ അസംബ്‌ളിയിൽ നാലുപേരെ മാത്രം ജയിപ്പിച്ച ആ പഴയ കോൺഗ്രസ് അല്ല ഇന്നത്തെ കോൺഗ്രസ്; രാജീവ് ഗാന്ധി പ്രസംഗിച്ചതിന് ശേഷം പിന്നീടൊരിക്കലും റാലി നടത്താൻ ധൈര്യപ്പെടാത്ത ഗാന്ധി മൈതാനിയിൽ 30 വർഷത്തിന് ശേഷം രാഹുലിനെ മുൻനിർത്തി റാലി; ബീഹാറിൽ സീറ്റുകൾക്ക് വിലപേശുന്ന ലാലു പ്രസാദിനും എതിരാളികളായ ബിജെപിക്കും കോൺഗ്രസിന്റെ ജനലക്ഷ റാലി താക്കീതാകുമോ?

2009ൽ അസംബ്‌ളിയിൽ നാലുപേരെ മാത്രം ജയിപ്പിച്ച ആ പഴയ കോൺഗ്രസ് അല്ല ഇന്നത്തെ കോൺഗ്രസ്; രാജീവ് ഗാന്ധി പ്രസംഗിച്ചതിന് ശേഷം പിന്നീടൊരിക്കലും റാലി നടത്താൻ ധൈര്യപ്പെടാത്ത ഗാന്ധി മൈതാനിയിൽ 30 വർഷത്തിന് ശേഷം രാഹുലിനെ മുൻനിർത്തി റാലി; ബീഹാറിൽ സീറ്റുകൾക്ക് വിലപേശുന്ന ലാലു പ്രസാദിനും എതിരാളികളായ ബിജെപിക്കും കോൺഗ്രസിന്റെ ജനലക്ഷ റാലി താക്കീതാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

പറ്റ്‌ന: യുപിയിൽ കോൺഗ്രസിനെ കൂട്ടാതെ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റു വിഭജനം നടത്തിയതിന് പിന്നാലെ ബിഹാറിലും സമാന സാഹചര്യം വരുമോ? ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാറും. അവിടെയും കോൺഗ്രസിന്റെ നിലപാടെന്താവുമെന്ന കാര്യത്തിൽ ഇപ്പോഴും പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. എന്നാൽ ഒന്നുറപ്പാണ് കോൺഗ്രസ് ആ പഴയ കോൺഗ്രസ് ആവില്ല ബീഹാറിൽ. ഇക്കുറി രണ്ടും കൽപിച്ച് മത്സരത്തിനിറങ്ങാനുള്ള ആൾബലമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് എന്ന് ഉറപ്പ്. കാരണം അവർ മൂന്നു പതിറ്റാണ്ടിന് ശേഷം ബീഹാറിലെ ചരിത്രപ്രധാനമായ ഗാന്ധി മൈതാനിൽ മഹാറാലി സംഘടിപ്പിക്കുന്നു.

30 വർഷം മുമ്പ് 1989ൽ ആണ് ഇവിടെ കോൺഗ്രസ് ഒരു റാലി സംഘടിപ്പിച്ചതെന്ന് ഓർക്കുക. അന്ന് രാജീവ് ഗാന്ധിയായിരുന്നു ജനലക്ഷങ്ങളെ അവിടെ അഭിസംബോധന ചെയ്തത്. പിന്നീട് കോൺഗ്രസിന് ഇവിടെ റാലി സംഘടിപ്പിക്കാൻ കഴിയാതിരുന്നത് അന്നത്തേതിന്റെ നിഴലായിപ്പോലും ഒരു ആൾക്കൂട്ടത്തെ അവിടെ സംഘടിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ്. എന്നാൽ ഇക്കുറി സ്ഥിതി മാറുന്നു. രാഹുൽ ഗാന്ധിയിലൂടെ നവജീവൻ കൈവന്ന കോൺഗ്രസ് ബീഹാറിലെ ഗാന്ധി മൈതാനിൽ വീണ്ടും ജനലക്ഷങ്ങളെ അണിനിരത്തി റാലി നടത്തുന്നു.

ഇത് ശരിക്കും ചങ്കിടിപ്പുണ്ടാക്കുന്നത് ബിജെപിക്ക് തന്നെയാണ്. യുപിയുടെ അയൽ സംസ്ഥാനമായ ബീഹാറിൽ ഏറെക്കുറെ യുപിയിലെ രാഷ്ട്രീയം പോലെ തന്നെയാണ് കാര്യങ്ങൾ. എൻഡിഎ ഘടക കക്ഷികളായ ബിജെപിയും ജെഡിയുവും എൽജെപിയും 17-17-6 എന്ന നിലയിൽ സീറ്റു ധാരണയിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്.

എന്നാൽ കോൺഗ്രസ് ഇനിയും ധാരണയിൽ എത്തിയിട്ടില്ല. കഴിഞ്ഞ തവണ ആർജെഡി 27 സീറ്റിലും കോൺഗ്രസ് 12 സീറ്റിലുമാണ് മത്സരിച്ചത്. എന്നാൽ ഇക്കുറി ഉപേന്ദ്ര ഖുഷ്വാല, ജിതൻ റാം മാഞ്ചി, മുകേഷ് സാഹ്നി എന്നിവരുടെ പാർട്ടികൾ കൂടെ സഖ്യത്തിലേക്ക് വരുന്നതോടെ അവർക്കും സീറ്റുകൾ മാറ്റിവയ്‌ക്കേണ്ടിവരും. ആർജെഡിയുടെ കൂടുതൽ സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടാമെന്ന സ്ഥിതിയുമുണ്ട്. കാരണം കഴിഞ്ഞ തവണത്തെ കോൺഗ്രസ് അല്ല ഇത്തവണത്തേത് എന്നതുതന്നെ.

എന്നാൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ആകട്ടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറുമല്ല. ഇതാണ് സീറ്റു വിഭജനത്തിലും ധാരണയുണ്ടാക്കുന്നതിലും കോൺഗ്രസിനെ കുഴക്കുന്നത്. എട്ടു സീറ്റിൽ കൂടുതൽ കോൺഗ്രസിന് നൽകില്ലെന്നാണ് ലാലുവിന്റെ കടുംപിടിത്തം. പരമാവധി പത്തുസീറ്റ് നൽകിയേക്കുമെന്നാണ് രാഷ്ട്രീയ സംസാരം. പുതിയ കക്ഷികളെ ഉൾപ്പെടുത്തുമ്പോൾ അവർക്ക് സീറ്റുനൽകാൻ കോൺഗ്രസും വിട്ടുവീഴ്ച ചെയ്യണമെന്ന വാദമാണ് ആർജെഡി ഉയർത്തുന്നത്.

എന്നാൽ പപ്പാതി എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞതവണത്തെ സ്ഥിതിയല്ല ഇക്കുറിയെന്നും കോൺഗ്രസിന് ആൾബലമുണ്ടെന്നും വ്യക്തമാക്കിയാണ് ഈ നീക്കം. അങ്ങനെയെങ്കിൽ പുതിയ കക്ഷികൾക്ക് തങ്ങളുടെ ക്വാട്ടയിൽ നിന്ന് സീറ്റ് നൽകിക്കോളാമെന്നാണ് കോൺഗ്രസിന്റെ വാദം. ലാലുപ്രസാദ് കടുംപിടിത്തം തുടർന്നാൽ യുപിയിലെ സ്ഥിതി തന്നെ ബീഹാറിലും ഉണ്ടാകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

അതെന്തായാലും അടുത്തമാസം കോൺഗ്രസ് നടത്തുന്ന റാലി ഒരു ചരിത്രസംഭവമാകുമെന്ന് തീർച്ചയാണ്. കാരണം ഇതൊരു അഭിമാന വിഷയമായി എടുക്കുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. പാർട്ടിക്ക് പണ്ടത്തെക്കാൾ ജനപിന്തുണ ബീഹാറിൽ ലഭ്യമായെന്ന് തെളിയിക്കുന്നതു കൂടെയാകും ഗാന്ധി മൈതാനിൽ നടത്തുന്ന റാലി. ഫെബ്രുവരി മൂന്നിന് നടക്കുന്ന റാലിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി സംഘടനാ സംവിധാനം ശക്തമാക്കുക എന്നതിലുപരി തിരഞ്ഞെടുപ്പിൽ ആർജെഡിയോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ കരുത്ത് കാട്ടുകയെന്നതു തന്നെയാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. ഗാന്ധി മൈതാനിയിൽ രാഹുൽ എത്തുമ്പോൾ ലക്ഷങ്ങൾ അണിനിരന്നാൽ അത് ഒരു ചരിത്ര സംഭവം ആകുകയും ചെയ്യും.

അവസാനമായി ഇവിടെ കോൺഗ്രസ് റാലി നടത്തിയത് 1989 ൽ. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു ഗാന്ധി മൈതാനിയിൽ കോൺഗ്രസിന്റെ റാലിയെ അംഭിസംബോധന ചെയ്തത്. പിന്നീട് ലക്ഷങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്ന മൈതാനിയിൽ കോൺഗ്രസിന് അത്തരമൊരു മഹാറാലി എറ്റെടുക്കാൻ ആളെക്കിട്ടിയില്ല. കാരണം പിന്നീടങ്ങോട്ട് ബീഹാറിൽ കോൺഗ്രസ് ഛിന്നഭിന്നമായെന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. കോൺഗ്രസിനോട് കൂടുതൽ ആഭിമുഖ്യം വന്നിരിക്കുന്നു. രാഹുലിന്റെ നേതൃത്വം ഇഷ്ടപ്പെട്ട യുവാക്കൾ ഏറെപ്പേർ പാർട്ടിക്കായി രംഗത്തിറങ്ങുന്നു. ആ ധൈര്യത്തിലാണ് പാർട്ടി റാലിക്ക് തയ്യാറാകുന്നതും.

അത്രയേറെ ബിഹാറിൽ കോൺഗ്രസ് തകർന്നടിഞ്ഞിരുന്നു. മണ്ഡൽ കമ്മീഷൻ വിഷയവുമായി ബന്ധപ്പെട്ടാണ് ബിഹാറിലെ കോൺഗ്രസിന്റെ അടിത്തറ ഇളകിത്തുടങ്ങിയത്. പിന്നീട് പാർട്ടി കരകയറിയില്ല. 2009ലെ നിയമസഭയിൽ നാല് അംഗങ്ങളെ മാത്രം ജയിപ്പിക്കാൻ കഴിഞ്ഞ പാർട്ടിയായി കോൺഗ്രസ് മാറി. പക്ഷേ.. പിന്നീട് സ്ഥിതി മെച്ചപ്പെട്ടു. ആർജെഡിയിലെ ഏകാധിപത്യത്തെ എതിർക്കുന്ന നിരവധി പേർ തിരികെ കോൺഗ്രസിലെത്തി. രാഹുലിന്റെ നേതൃത്വവും സംസ്ഥാന രാഷ്ട്രീയത്തിലെ ഇടപെടലുകളും നവജീവൻ നൽകിയിട്ടുണ്ട് ബീഹാറിലെ കോൺഗ്രസിന്. ഇതിന്റെ പ്രതിഫലനമാകും ഇക്കുറി നടക്കുന്ന റാലി.

അത്തരത്തിൽ ഒരു തിരിച്ചുവരവിന്റെ ശക്തി പ്രകടനം ലക്ഷ്യമിട്ടാണ് ബീഹാറിൽ കോൺഗ്രസ് ഇറങ്ങുന്നത്. 20 സീറ്റെങ്കിലും ലഭിക്കുകയും കുറഞ്ഞത് 15 സീറ്റിലെങ്കിലും ജയിക്കുകയും ചെയ്താൽ തന്നെ ബീഹാറിൽ അത് കോൺഗ്രസിന് പുതു ചരിത്രമാകും. അതിലേക്കുള്ള ചുവടുവയ്പായാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഈ റാലിയെ കാണുന്നത്. ഒന്നര ലക്ഷം പേരെ അണിനിരത്തിയാണ് ഫെബ്രുവരി മൂന്നിന് ജൻ ആകാംക്ഷാ റാലി കോൺഗ്രസ് സംഘടിപ്പിക്കുന്നത്.

എംഎൽഎമാരും എംഎൽസിമാരും 5000 പേരെയും ജില്ലാ കമ്മിറ്റികൾ 4000 പേരെയും റാലിക്ക് എത്തിക്കണമെന്നാണ് നിർദ്ദേശം. രാഹുലിന് പുറമെ നിരവധി ദേശീയ നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പിസിസി അധ്യക്ഷൻ മദൻ മോഹൻ ഝാ പാറ്റ്‌നയിൽ വ്യക്തമാക്കി. ബിഹാറിലെ മഹാസഖ്യപ്രഖ്യാപനത്തിന് തൊട്ട് മുൻപുള്ള റാലിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. റാലിയിലൂടെ ബിജെപിയെയും ജെഡിയുവിനെയും മാത്രമല്ല കോൺഗ്രസ് ലക്ഷ്യമിടുന്നത്. സഖ്യകക്ഷിയായ ആർജെഡിയെക്കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP