Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

കോൺഗ്രസ് പദവികളിൽ 50 ശതമാനം ദലിത്, ന്യൂനപക്ഷ, വനിതാ സംവരണം; ഒരു കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി മാത്രം; അഞ്ച് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടെങ്കിൽ മറ്റൊരാൾക്കും മത്സരിക്കാം; ജനങ്ങളെ അടുപ്പിക്കാൻ കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്തും; വിപ്ലവകരമായ തീരുമാനങ്ങളുമായി ചിന്തൻ ശിബിർ

കോൺഗ്രസ് പദവികളിൽ 50 ശതമാനം ദലിത്, ന്യൂനപക്ഷ, വനിതാ സംവരണം; ഒരു കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി മാത്രം; അഞ്ച് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടെങ്കിൽ മറ്റൊരാൾക്കും മത്സരിക്കാം; ജനങ്ങളെ അടുപ്പിക്കാൻ കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്തും; വിപ്ലവകരമായ തീരുമാനങ്ങളുമായി ചിന്തൻ ശിബിർ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: കോൺഗ്രസിൽ വിപ്ലവകരമായ തീരുമാനങ്ങളുമായി രാജസ്ഥാനിൽ സംഘടിപ്പിച്ച ചിന്തൻ ശിബിർ. പാർട്ടി പദവികളിൽ വനിതാ, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണമേർപ്പെടുത്താൻ പ്രവർത്തക സമിതിയിൽ തീരുമാനം. ഒരു കുടുംബം ഒരു സ്ഥാനാർത്ഥി നിർദേശത്തിനും അംഗീകാരം നൽകി. സ്ഥാനാർത്ഥിത്വത്തിലും പാർട്ടി ഭാരവാഹിത്വത്തിലും പകുതി പേർ 50 വയസിനു താഴെയുള്ളവരായിരിക്കും.

പാർട്ടി തെരഞ്ഞടുപ്പിന് ചുക്കാൻ പിടിക്കാൻ പ്രത്യേക സമിതികൾ രൂപീകരിക്കും. ജനങ്ങളെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ പദയാത്ര സംഘടിപ്പിക്കാനും ചിന്തൻ ശിബിരിന് ശേഷം ചേർന്ന പ്രവർത്തക സമിതിയിൽ തീരുമാനമായി. പാർട്ടി തെരഞ്ഞടുപ്പിന് ചുക്കാൻ പിടിക്കാൻ പ്രത്യേക സമിതികൾക്ക് രൂപം നൽകും. അതേസമയം ദേശീയതലത്തിലും പാർലമെന്ററി ബോർഡ് വേണമെന്ന ശിപാർശയും നിരസിച്ചു.

കോൺഗ്രസിന്റെ അടിത്തറ വിപുലപ്പെടുത്താനായി സഹകരിച്ചു പ്രവർത്തിക്കേണ്ട വിഭാഗങ്ങളിൽ സാമൂഹ്യ, സാംസ്‌കാരിക, ട്രേഡ് യൂണിയൻ, എൻ.ജി.ഒകളോടൊപ്പം മത വിഭാഗങ്ങളെ കൂടി രാഷ്ട്രീയ കരട് പ്രമേയത്തിൽ ഉൾപ്പെടുത്തിയിരുന്നു. മതത്തെ ഈ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെ നേരിടണം എന്നതിനെ ചൊല്ലി വടക്കും തെക്കുമുള്ള നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. നിലവിലെ സാഹചര്യത്തിൽ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്താൻ കഴിയാത്തതിനാൽ മതേതര പാർട്ടികളെ കൂടി ഉൾപ്പെടുത്തി സഖ്യം വിപുലമാക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം.

പൊതുജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് കാശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര സംഘടിപ്പിക്കുന്നത്. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാകും പദയാത്ര. ഒരു വർഷം നീളുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കും. യാത്രയുടെ ഭാഗമായി ജനതാ ദർബാറുകളും സംഘടിപ്പിക്കും.

പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ നിർദേശങ്ങളാണ് ചിന്തൻ ശിബിരത്തിൽ ഉയർന്നു വന്നത്. 65 വയസ്സ് പിന്നിട്ട നേതാക്കൾ പദവികളൊഴിഞ്ഞ് ഉപദേശക റോളിലേക്കു മാറണമെന്നതാണ് പ്രധാന നിർദ്ദേശം. ഇതുസംബന്ധിച്ച ശുപാർശ യുവജനകാര്യ പ്രമേയത്തിലുൾപ്പെടുത്തി. പദവികളിൽ വർഷങ്ങളോളം തുടരുന്ന നേതാക്കൾ യുവാക്കൾക്കു വഴിമാറിക്കൊടുക്കണമെന്നും ആവശ്യമുയർന്നു. രാഹുൽ ഗാന്ധിയുടെ ആശീർവാദത്തോടെയാണ് ആവശ്യം യുവാക്കൾ മുന്നോട്ടു വച്ചതെന്നാണു സൂചന.

യുവാക്കൾക്കു മുൻഗണന നൽകുന്നുവെന്ന വ്യക്തമായ സന്ദേശം നൽകിയാണു മുതിർന്നവരിൽ പലരെയും ശിബിരത്തിലേക്കു ക്ഷണിക്കാതിരുന്നത്. പങ്കെടുക്കുന്ന പ്രതിനിധികളിൽ പകുതിയോളം പേർ 50 വയസ്സിൽ താഴെയുള്ളവരാണ്. ഒരു കുടുംബം, ഒരു ടിക്കറ്റ് നിർദ്ദേശത്തിനും പ്രവർത്തക സമിതി അംഗീകാരം നൽകി. അതേസമയം, അഞ്ചു വർഷത്തെ പ്രവർത്തനപരിചയം ഉണ്ടെങ്കിൽ കുടുംബത്തിലെ ഒരാൾക്കു കൂടി ടിക്കറ്റ് നൽകാനും ധാരണയായി. കോൺഗ്രസ് ഭാരവാഹിത്വത്തിൽ പകുതി പേർ 50 വയസ്സിൽ താഴെ ഉള്ളവരായിരിക്കും. എൻഎസ്യുഐ, യൂത്ത് കോൺഗ്രസ് ആഭ്യന്തര തിരഞ്ഞെടുപ്പുകൾ നിരോധിക്കും. നിലവിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിരവധി അഴിമതികൾ കടന്നുകയറിയിട്ടുണ്ട്. അതിനാൽ തിരഞ്ഞെടുപ്പിന്റെ എല്ലാ തലത്തിലും കോൺഗ്രസ് ഭാരവാഹികളെ നിയമിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP