Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഛത്തീസ്‌ഗഡിൽ ചരിത്രം കുറിക്കാൻ അജിത് ജോഗിയും കുടുംബവും ഒറ്റക്കെട്ടായി ഗോദയിലേക്ക്; നെഹ്‌റു-ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്ന ജോഗി ഇത്തവണ കളത്തിലിറങ്ങുന്നത് സ്വന്തം പാർട്ടിയുമായി; ഛത്തീസ്‌ഗഡിന്റെ കിങ് മേക്കർക്ക് സിനിമാ സ്റ്റൈൽ വരവേൽപ്പ് നൽകി ജനങ്ങളും

ഛത്തീസ്‌ഗഡിൽ ചരിത്രം കുറിക്കാൻ അജിത് ജോഗിയും കുടുംബവും ഒറ്റക്കെട്ടായി ഗോദയിലേക്ക്; നെഹ്‌റു-ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്ന ജോഗി ഇത്തവണ കളത്തിലിറങ്ങുന്നത് സ്വന്തം പാർട്ടിയുമായി; ഛത്തീസ്‌ഗഡിന്റെ കിങ് മേക്കർക്ക് സിനിമാ സ്റ്റൈൽ വരവേൽപ്പ് നൽകി ജനങ്ങളും

ബസ്താർ: ഛത്തീസ്‌ഗഡ് സംസ്ഥാനം നിലവിൽ വന്നപ്പോൾ മുതൽ ജനങ്ങളുടെ ഹീറോയായി മാറിയ രാഷ്ട്രീയക്കാരനാണ് അജിത് ജോഗി ഐഎഎസ്. ജില്ലാ കളക്ടറെന്ന നിലയിലുള്ള ജോഗിയുടെ മിടുക്ക് കണ്ട് രാജീവ് ഗാന്ധി കൈപിടിച്ച് രാഷ്ട്രീയത്തിലെത്തിച്ച ഛത്തീസ്‌ഗഡ്ഡിന്റെ സ്വന്തം കിങ് മേക്കർ. സംസ്ഥാനം രൂപീകരിച്ച ശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനെ നയിച്ച ജോഗിയാണ് ഇത്തവണത്തെ ഛത്തീസ്‌ഗഡ് തിരഞ്ഞെടുപ്പിലെ പ്രധാന നോട്ടപ്പുള്ളി. കോൺഗ്രസിനു വേണ്ടി ഇത്രയും നാൾ അഹോരാത്രം പണിയെടുത്ത അജിത്ത് ജോഗി 'ജനത കോൺഗ്രസ് ഛത്തീസ്‌ഗഡ്' എന്ന സ്വന്തം പാർട്ടിയുമായാണ് ഇത്തവണ രംഗത്തുള്ളത്.

കോൺഗ്രസ് വിട്ടെങ്കിലും ജോഗിക്ക് വൻ വരവേൽപ്പാണ് ഛത്തീസ്‌ഗഡിൽ എങ്ങും ലഭിക്കുന്നത്. ചുരുക്കി പറഞ്ഞാൽ സിനിമാ സ്റ്റൈൽ വരവേൽപ്പ്. ജോഗിയുടെ ഓരോ വരവും സിനിമയിൽ നായകന്റെ ആദ്യവരവിനെ അനുസ്മരിപ്പിക്കും. ദക്ഷിണ ബസ്താറിലെ നാഷണൽ മിനറൽ ഡവലപ്‌മെന്റ് കോർപറേഷന്റെ വിശാലക്യാംപസിനു മുകളിൽ അജിത് ജോഗിയുടെ ഹെലികോപ്റ്റർ എത്തുന്നതിനു മണിക്കൂറുകൾ മുൻപുതന്നെ ആളുകൾ തിങ്ങിനിറഞ്ഞു.

നാടകീയതകൾ ധാരാളമുള്ളതാണ് അജിത് ജോഗിയുടെ ജീവിതം. നെഹ്‌റുഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയ ജോഗി അപകടത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായപ്പോൾ പുറത്തു കാത്തുനിന്നവരിൽ സോണിയ ഗാന്ധിയുമുണ്ടായിരുന്നു. അപകടം മൂലം വർഷങ്ങളായി ചക്രക്കസേരയിൽ കഴിയുന്ന ഈ മുൻ ഐഎഎസ് ഉദ്യോഗസ്ഥനിലാണു ഇപ്പോൾ രാഷ്ട്രീയനിരീക്ഷകരുടെ ശ്രദ്ധ.സംസ്ഥാനം രൂപീകരിച്ചപ്പോൾ മുഖ്യമന്ത്രിയായി. മായാവതിയുടെ ബിഎസ്‌പിയുമായും സിപിഐയുമായും സഖ്യമുണ്ടാക്കിയ ജോഗിയായിരിക്കും ഇത്തവണ ആര് ഭരിക്കണമെന്നു തീരുമാനിക്കുകയെന്നു രാഷ്ട്രീയ നീരിക്ഷകർ പറയുന്നു.

ബിജെപിക്കും കോൺഗ്രസിനും ഭൂരിപക്ഷമില്ലെങ്കിൽ അജിത് ജോഗിയും മായാവതിയും നേടുന്ന സീറ്റുകൾ നിർണായകമാകും. വിജയം തങ്ങൾക്ക് തന്നെ എന്ന് ജോഗിയും തറപ്പിച്ചു പറയുന്നു. 90 അംഗ നിയമസഭയിലെ 29 പട്ടികവർഗ സീറ്റുകൾ നിർണായകം. 2013ൽ കോൺഗ്രസ് അതിൽ 18 എണ്ണം സ്വന്തമാക്കിയതിൽ ജോഗിയുടെ പങ്ക് ചെറുതല്ലായിരുന്നു. അന്നു ബിഎസ്‌പി 4.27 % വോട്ടും ഒരു സീറ്റും നേടി. ഇത്തവണ ജോഗിമായാവതി കൂട്ടുകെട്ട് 6 സീറ്റെങ്കിലും നേടിയാൽ സമവാക്യങ്ങൾ മാറും. 12 % വരുന്ന ദലിത് വോട്ട് നാൽപതിലധികം സീറ്റുകളിൽ നിർണായകം. ദലിത് സമുദായത്തിലെ ഭൂരിപക്ഷമായ സത്‌നാമി വിഭാഗക്കാരിൽ ജോഗി മായാവതി സഖ്യത്തിനു സ്വാധീനമുണ്ട്. ബിജെപിക്ക് തങ്ങളുടെ വോട്ടില്ലെന്ന് സത്‌നാമി ഗുരുവും തുറന്നടിച്ചതോടെ അതും അജിത് ജോഗിക്ക് ഗുണകരുമാകുമെന്നാണ് കണക്കു കൂട്ടൽ.

2016ൽ മകൻ അമിത് ജോഗിയെ സസ്‌പെൻഡ് ചെയ്തതിനെത്തുടർന്നാണു ജോഗി കോൺഗ്രസ് വിട്ടത്. ബിജെപി സ്ഥാനാർത്ഥിയുടെ ജയത്തിനായി കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ ജോഗിയും മകനും ശ്രമം നടത്തിയെന്ന ഓഡിയോ പുറത്തായതിനെത്തുടർന്നായിരുന്നു ഇത്. 2004 ൽ തിരഞ്ഞെടുപ്പു പ്രചാണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ ജോഗിക്കു ഗുരുതരപരുക്കേറ്റെങ്കിലും വീറു കുറഞ്ഞിട്ടില്ല. ചക്രക്കസേരയിൽ സംസ്ഥാനം മുഴുവൻ പര്യടനം നടത്തിയ അദ്ദേഹം റാലികളുടെയും യോഗങ്ങളുടെയും എണ്ണത്തിൽ മുഖ്യമന്ത്രി രമൺസിങ്ങിനെ വരെ കവച്ചുവച്ചു.

മകൻ അമിത് കഴിഞ്ഞ തവണ വിജയിച്ച മർവാഹി സംവരണ മണ്ഡലത്തിലാണ് അജിത് ജോഗിയുടെ അങ്കം. അമിത് ഒഴിഞ്ഞുനിൽക്കുന്നു. ജോഗി വേറെ പാർട്ടിയുണ്ടാക്കിയശേഷവും ഭാര്യ രേണു കോൺഗ്രസ് എംഎൽഎയായി തുടരുകയായിരുന്നു. ഇത്തവണ സീറ്റ് കിട്ടാതായതോടെ കോൺഗ്രസ് വിട്ട്, കോട്ട മണ്ഡലത്തിൽ ഭർത്താവിന്റെ പാർട്ടി സ്ഥാനാർത്ഥിയായി. മരുമകൾ റിച്ചയാകട്ടെ, അകൽതാര മണ്ഡലത്തിൽ ബിഎസ്‌പി സ്ഥാനാർത്ഥിയാണ്.

ആർക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ ബിജെപിയെയാണോ കോൺഗ്രസിനെയെയാണോ പിന്തുണയ്ക്കുകയെന്നത് സാങ്കൽപിക ചോദ്യം മാത്രമാണെന്ന് അജിത് ജോഗി. ബിഎസ്‌പിയുമായി ചേർന്നുള്ള സഖ്യം അധികാരം നേടും. ഛത്തീസ്‌ഗഡിൽ കോൺഗ്രസ് നാമാവശേഷമായി. ബിജെപി കടുത്ത ജനരോഷം നേരിടുന്നുജോഗി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP