Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കരുതെന്ന് ഡൽഹി ഘടകം വാശി പിടിച്ചെങ്കിലും ഹൈക്കമാൻഡിന്റെ വിട്ടുവീഴ്ച; ഓർഡിനൻസിനെ തങ്ങൾ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാൽ; പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ആപ്പും പങ്കെടുക്കും

ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കരുതെന്ന് ഡൽഹി ഘടകം വാശി പിടിച്ചെങ്കിലും ഹൈക്കമാൻഡിന്റെ വിട്ടുവീഴ്ച; ഓർഡിനൻസിനെ തങ്ങൾ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാൽ;  പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ആപ്പും പങ്കെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആഴ്ചകൾ നീണ്ട ചാഞ്ചാട്ടത്തിന് ശേഷം വിവാദ ഡൽഹി ഓർഡിനൻസിൽ കോൺഗ്രസ്, ആം ആദ്മി പാർട്ടിക്ക് ഞായറാഴ്ച പിന്തുണ പ്രഖ്യാപിച്ചു. നാളെ ബെംഗളൂരിൽ പ്രതിപക്ഷ കക്ഷികളുടെ രണ്ടാമത്തെ ഐക്യസമ്മേളനം ചേരാനിരിക്കെയാണ് കോൺഗ്രസിന്റെ പ്രഖ്യാപനം. ' എഎപി നാളത്തെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ഞാൻ കരുതുന്നത്. ഡൽഹി ഓർഡിനൻസിന്റെ കാര്യത്തിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഞങ്ങൾ അതിനെ പിന്തുണയ്ക്കില്ല', കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താ ഏജൻസിയായ പി ടി ഐയോടുപറഞ്ഞു. ഡൽഹി ഓർഡിനൻസിനെ പരസ്യമായി തള്ളിപ്പറയാതെ പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് എഎപി അറുത്ത് മുറിച്ച് പറഞ്ഞിരുന്നത്.

രണ്ടുദിവസത്തെ പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ എഎപിയുടെ ഉന്നത നേതാക്കൾ ഞായറാഴ്ച യോഗം ചേരുന്നുണ്ട്. യോഗത്തിൽ പങ്കെടുക്കാനും തുടർന്നങ്ങോട്ട് സഖ്യത്തിനൊപ്പം നീങ്ങാനും തീരുമാനിച്ചുവെന്നാണ് അറിയുന്നത്.
തുറന്ന ചർച്ചകൾക്ക് കൂടി വേദിയൊരുക്കാൻ സോണിയ ഗാന്ധി സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിലും ആംആദ്മി പാർട്ടി നേതാക്കൾ പങ്കെടുക്കും. ഡൽഹിയിൽ പ്രളയക്കെടുതി തുടരുന്നതിനാൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പങ്കെടുക്കാൻ സാധ്യത കുറവാണ്. പ്രതിനിധികളെ അയയ്ക്കാനാണ് സാധ്യത.

കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ എല്ലാം രാജ്യസഭയിൽ ഡൽഹി ബില്ലിനെ തടയുമെന്ന് എഎപിക്ക് ഉറപ്പ് നൽകിയിരുന്നു. എഎപിയെ പിന്തുണയ്ക്കുന്നതിനെ കോൺഗ്രസിന്റെ ഡൽഹി യൂണിറ്റ് ശക്തമായി എതിർത്തിരുന്നുവെങ്കിലും, ശനിയാഴ്ച കോൺഗ്രസ് കടുത്ത നിലപാടിൽ ഇളവ് വരുത്തിയിരുന്നു.

കോൺഗ്രസിന്റെ പാർലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് ആംആദ്മി പാർട്ടിയെ പിന്തുണയ്ക്കാൻ ധാരണയായത്. സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതിനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നായിരുന്നു പ്രസ്താവന. എന്നാൽ, ഡൽഹി ഓർഡിനൻസിനെ കുറിച്ച് പ്രസ്താവനയിൽ നേരിട്ട് പരാമർശം ഉണ്ടായിരുന്നില്ല. ഇന്ന് കെ സി വേണുഗോപാൽ പിന്തുണയുടെ കാര്യം അർഥശങ്കയില്ലാതെ വ്യക്തമാക്കിയതോടെ ആപ്പിനും ആശ്വാസനമായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസ് വിട്ടുവീഴ്ചയ്ക്ക് മുതിർന്നത് എന്ന കാര്യത്തിൽ സംശയമില്ല.

ഡൽഹി സർക്കാരിന്റെ അധികാര പരിധിയിൽ കൈ കടത്തുന്നതിന് വേണ്ടി കേന്ദ്രം ഒരു ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ഇതിനെതിരെ ഒരു ബില്ല് പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാർട്ടി. എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പ്രത്യേകിച്ച് കോൺഗ്രസ് അടക്കമുള്ളവരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഈ നീക്കം വിജയിക്കുകയുള്ളൂ. കോൺഗ്രസ് ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും പിന്തുണ ആം ആദ്മി പാർട്ടി തേടിയിരുന്നു.

എന്നാൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. പാറ്റ്നയിൽ ചേർന്ന ആദ്യ പ്രതിപക്ഷ യോഗത്തിലും ഇക്കാര്യത്തിൽ ഒരു വ്യക്തത വേണം എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. എന്നാൽ അത് നടന്നില്ല. അരവിന്ദ് കെജ്രിവാളും ഖർഗെയും തമ്മിൽ ആ യോഗത്തിൽ വാക്കേറ്റം വരെയുണ്ടായി. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് നിലപാട് എടുക്കും എന്ന് ഖർഗെ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ശനിയാഴ്ച പാർലമെന്റ് നയരൂപീകരണ സമിതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഡൽഹി ഓർഡിനൻസുമായി ബന്ധപ്പെട്ടുള്ള നീക്കത്തിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാമെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നത്.

നാളെ ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കാനിരിക്കുകയാണ്. ഈ യോഗത്തിന് മുമ്പ് നിലപാട് പറഞ്ഞില്ലെങ്കിൽ സഖ്യനീക്കം ഉപേക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്നതിനായി പ്രത്യേക അഥോറിറ്റിക്ക് രൂപം നൽകാനാണ് കേന്ദ്ര സർക്കാർ നീക്കം. ഡൽഹി സർക്കാരിന് സുപ്രീം കോടതി ഉത്തരവിലൂടെ ലഭിച്ച അധികാരം മറികടക്കാനാണ് കേന്ദ്രസർക്കാർ ഓർഡിനൻസിലൂടെ ശ്രമിക്കുന്നത്. പ്രത്യേക ഓർഡിനൻസ് വഴി നാഷനൽ ക്യാപിറ്റൽ സിവിൽ സർവീസസ് അഥോറിറ്റി രൂപീകരിച്ചാണ് നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉൾപ്പെടെയുള്ളവ തീരുമാനിക്കുക. കേന്ദ്രസർക്കാർ പ്രതിനിധിയെന്ന നിലയിൽ അന്തിമ തീരുമാനം സ്വീകരിക്കുന്നതിനുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്കാകും. മുഖ്യമന്ത്രിയാണ് സമിതി അധ്യക്ഷൻ. ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ ഹോം സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ. വോട്ടെടുപ്പിലൂടെയാകും സമിതി കാര്യങ്ങൾ തീരുമാനിക്കുക.

എന്നാൽ എതെങ്കിലും തരത്തിലുള്ള അഭിപ്രായ ഭിന്നതകളുണ്ടായാൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്കാകും. ഇതോടെയാണ് ആം ആദ്മി പാർട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്. പാർലമെന്റിന്റെ ഇരുസഭകളിലും ഓർഡിനൻസ് പാസാക്കേണ്ടതുണ്ട്. ഇതിനെ എതിർത്ത് തോൽപ്പിക്കാനായിരുന്നു ആം ആദ്മി പാർട്ടിയുടെ ശ്രമം. ഇതിനായി ഓർഡിനൻസിനെതിരെ പിന്തുണ തേടി അരവിന്ദ് കേജ്രിവാൾ രാജ്യവ്യാപകമായി പ്രതിപക്ഷ നേതാക്കളെ സന്ദർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP