Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ വഴിമുടക്കിയ ഗെലോട്ടിന് പണി കൊടുക്കാൻ സച്ചിൻ പൈലറ്റ്; തന്റെ എതിരാളി മത്സരിച്ചാൽ താനും ഒരുകൈനോക്കുമെന്ന് ഭീഷണി; പ്രതിസന്ധിക്കിടെ സോണിയയെ കാണാൻ സച്ചിൻ ഡൽഹിയിൽ; എ കെ ആന്റണിയെയും ഹൈക്കമാൻഡ് തലസ്ഥാനത്തേക്ക് വിളിപ്പിച്ചു; അറിയേണ്ടത് തരൂരിന്റെ എതിരാളി ആരാകുമെന്ന്‌

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ വഴിമുടക്കിയ ഗെലോട്ടിന് പണി കൊടുക്കാൻ സച്ചിൻ പൈലറ്റ്; തന്റെ എതിരാളി മത്സരിച്ചാൽ താനും ഒരുകൈനോക്കുമെന്ന് ഭീഷണി; പ്രതിസന്ധിക്കിടെ സോണിയയെ കാണാൻ സച്ചിൻ ഡൽഹിയിൽ; എ കെ ആന്റണിയെയും ഹൈക്കമാൻഡ് തലസ്ഥാനത്തേക്ക് വിളിപ്പിച്ചു; അറിയേണ്ടത് തരൂരിന്റെ എതിരാളി ആരാകുമെന്ന്‌

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജസ്ഥാനിലെ വിശ്വസ്തൻ പൊടുന്നനെ അച്ചടക്കം ലംഘിച്ച് വിമതനായത് കോൺഗ്രസ് ഹൈക്കമാൻഡിനെ ഞെട്ടിച്ചെന്ന കാര്യം സത്യമാണ്. എന്നാൽ, 71 കാരനായ അശോക് ഗെഹ്ലോട്ടിനെ അങ്ങനെ തള്ളിപ്പറയാനും വയ്യ. പാർട്ടിയിൽ, കലാപം ഉണ്ടാക്കിയെങ്കിലും, ഗെലോട്ടിനെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഹൈക്കമാൻഡ് ഉപേക്ഷിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

ഗെഹ്ലോട്ടുമായി അടുപ്പമുള്ള മൂന്നുമന്ത്രിമാരാണ് വിമതനീക്കം ഏകോപിപ്പിച്ചത്. താൻ ആ സമയത്ത് ഇന്ത്യ-പാക് അതിർത്തിക്ക് അടുത്തുള്ള ആരാധനാലയത്തിൽ സന്ദർശനത്തിന് പോയിരിക്കുകയായിരുന്നെന്നും, അവിടെ ഫോൺ ബന്ധം ഉണ്ടായിരുന്നില്ലെന്നും ഗെഹ്ലോട്ട് വിശദീകരിക്കുന്നു. ഒന്നും എന്റെ കൈയിലല്ല, എംഎൽഎനാർ രോഷാകുലരാണ്, അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് പറഞ്ഞത് ഇങ്ങനെ. എന്നാൽ, ഗെഹ്ലോട്ടിന്റെ സജീവ പിന്തുണയും, പ്രോത്സാഹനവും ഇല്ലാതെ, 92 എംഎൽഎമാർ കൂട്ടരാജി ഭീഷണി മുഴക്കുമെന്ന് കേന്ദ്ര നേതത്വത്തിലെ ആരും കരുതുന്നില്ല. ഗെഹ്ലോട്ട് മാപ്പുപറഞ്ഞെങ്കിലും പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളുടെ അച്ചടക്ക ലംഘനം അതീവഗൗരവത്തോടെയാണ് ഹൈക്കമാൻഡ് കാണുന്നത്.

സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി

സോണിയ ഗാന്ധിയെ കാണാൻ സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി. നേരത്തെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ജയ്പൂരിലെ വസതിയിൽ എത്തിയിരുന്നു. തന്നെ പിന്തുണയ്ക്കുന്നവരെ കൂടാതെ മറ്റ് എംഎൽഎമാരുമായും അദ്ദേഹം ബന്ധപ്പെടുന്നുണ്ട്. ഹൈക്കാൻഡിന്റെ തീരുമാനത്തിനായി കാക്കാനാണ് തന്നെ പിന്തുണയ്ക്കുന്നവർക്ക് സച്ചിൻ പൈലറ്റ് നൽകിയിരിക്കുന്ന നിർദ്ദേശം.

ഗെലോട്ടിനെ കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനാർത്ഥിത്വത്തിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് സച്ചിൻ പൈലറ്റ് ഭീഷണി മുഴക്കിയെന്നാണ് വാർത്ത വന്നത്. ഗെലോട്ട് സ്ഥാനാർത്ഥിയായാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നു സച്ചിൻ അനുയായികളെ അറിയിച്ചിരുന്നു. എന്നാൽ, താൻ ഇതുവരെ ഹൈക്കമാൻഡുമായോ, ഗെഹ്ലോട്ടുമായോ വിഷയം സംസാരിച്ചിട്ടില്ലെന്നാണ് സച്ചിൻ പറയുന്നത്.

സച്ചിനായി ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ബിജെപിയിൽ ചേരാൻ സച്ചിൻ തീരുമാനിച്ചാൽ ബിജെപി കേന്ദ്രനേതൃത്വം വിഷയത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും മുതിർന്ന ബിജെപി നേതാവ് സതീഷ് പൂനിയ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സോണിയ ഗാന്ധി തന്റെ മക്കളുടെയും, ഗെലോട്ട് തന്റെ മകന്റെയും ഭാവി ശോഭനമാക്കാനാണു ശ്രമിക്കുന്നതെന്നും കുടുബാധിപത്യ രാഷ്ട്രീയമാണെന്നും കോൺഗ്രസിന്റെ പ്രശ്നമെന്നും ബിജെപി വക്താവ് ആർ.പി. സിങ് പ്രതികരിച്ചു. സച്ചിൻ പൈലറ്റ് രാജസ്ഥാന്റെ മുഖ്യമന്ത്രിയായാൽ തന്റെ മകൻ വൈഭവ് ഗെലോട്ടിന് ഭീഷണിയാകുന്നതിനാലാണു നാടകീയ നീക്കവുമായി ഗെലോട്ട് രംഗത്തെത്തിയതെന്നും ആർ.പി. സിങ് പ്രതികരിച്ചു. തന്റെയും മകന്റെയും രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാനാണ് എംഎൽഎമാരെ ഇളക്കി വിട്ടതെന്നും ആർ.പി. സിങ് ആരോപിച്ചു.

എ കെ ആന്റണിയും ഡൽഹിക്ക്

കോൺഗ്രസ്് അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെ, എ.കെ. ആന്റണി ഡൽഹിയിലേക്ക്. ഹൈക്കമാൻഡ് ആണ് എ.കെ ആന്റണിയെ ഡൽഹിക്ക് വിളിപ്പിച്ചത്. ആന്റണി നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.

ശശി തരൂർ സെപ്റ്റംബർ 30 ന് പത്രിക നൽകും

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിന് എതിരെ ഗെഹ്ലോട്ട് ഇല്ലെങ്കിൽ ഗാന്ധി കുടുംബത്തിന്റെ നോമിനിയായി ആര് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. തരൂർ സെപ്റ്റംബർ 30 ന് 11 മണിക്ക് പത്രിക സമർപ്പിക്കുമെന്ന് അറിയച്ചതായി പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു. സെപ്റ്റംബർ 24 മുതൽ 30 വരെയാണ് പത്രിക സമർപ്പിക്കാൻ ഉള്ള സമയം. സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ഒക്ടോബർ 8 ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ആവശ്യമെങ്കിൽ ഒക്ടോബർ 17 ന് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബർ 19 ന്.

മനീഷ് തിവാരി മത്സരിക്കില്ല

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മനീഷ് തിവാരി മത്സരിക്കില്ല. ജി 23 നേതാക്കളുടെ പ്രതിനിധിയായി മനീഷ് തിവാരി മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. കോൺഗ്രസിലെ ഇന്നത്തെ അവസ്ഥയിൽ മനീഷ് തിവാരി അസ്വസ്ഥനാണ്. അതുകൊണ്ട് തന്നെ മത്സരം കൊണ്ട് പാർട്ടിയെ നേരെയാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചാബിൽ നിന്നുള്ള നേതാവായ മനീഷ് തിവാരി. കോൺഗ്രസ് പാർട്ടിയിൽ നിന്നും മനീഷ് തിവാരി രാജിവയ്ക്കാനും സാധ്യതയുണ്ട്. എല്ലാ സാധ്യതകളും മനീഷ് തിവാരി പരിശോധിക്കുന്നുണ്ട്. ഏതായാലും നെഹ്റു കുടുംബവുമായി തീർത്തും അകന്നു നിൽക്കുന്ന മനീഷ് തിവാരി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇതോടെ ശശി തൂരൂരും രാഹുൽ ക്യാമ്പിലെ പ്രമുഖർ നിർത്തുന്ന സ്ഥാനാർത്ഥിയുമായാകും മത്സരമെന്ന് ഉറപ്പായി.

ഗെഹ്ലോട്ടിന്റെ തന്ത്രം

കഴിഞ്ഞ 21 നാണ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രസ്താവിച്ചത്. അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് സോണിയ ഗാന്ധിയുടെ പ്രഥമ പരിഗണയും അദ്ദേഹത്തിനായിരുന്നു. ഇതോടെ രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇത് രാജസ്ഥാനിൽ സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വം ദേശീയ ശ്രദ്ധ നേടിയിരുന്നു. 'ഒരു വ്യക്തി, ഒരു പദവി' എന്ന നയത്തിൽ ഉന്നത നേതൃത്വം നിലകൊള്ളുന്നതിനാൽ, അശോക് ഗെലോട്ടിന് കോൺഗ്രസ് അദ്ധ്യക്ഷനായാൽ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനുള്ള സാധ്യത കുറവായിരുന്നു. എന്നാൽ, രണ്ടു പദവികളും നിലനിർത്താനുള്ള ചരട് വലികളാണ് അദ്ദേഹം നടത്തിയത്. ഇത് പാർട്ടിയുടെ സംസ്ഥാന എംഎൽഎമാരെ രണ്ടു പക്ഷമാക്കി.

രണ്ടു പദവിയും നിലനിർത്താനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തിയ നീക്കങ്ങൾ കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ കലാപം ആസൂത്രണം ചെയ്തതിൽ കോൺഗ്രസ് നേതൃത്വത്തിന് അശോക് ഗെലോട്ടിനോട് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട്. വിശ്വസ്തനായ മുതിർന്ന നേതാവ് അധികാരത്തിനുവേണ്ടി നടത്തിയ നീക്കങ്ങൾ സോണിയ ഗാന്ധിയേയും ഞെട്ടിച്ചു. തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ഗെലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും പിന്മാറുന്നതിന് വഴിതെളിച്ചു. റിപ്പോർട്ട് അനുസരിച്ച് അശോക് ഗെലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കില്ല.

മുഖ്യമന്ത്രി സ്ഥാനം കൈവിടാൻ േെഗ്ലാട്ട് തയ്യാറല്ല എന്ന തരത്തിൽ അദ്ദേഹം പല തവണ സൂചനകൾ നൽകിയിരുന്നു. രാജസ്ഥാൻ വിട്ട് താൻ എങ്ങോട്ടും പോകുന്നില്ല എന്ന് അദ്ദേഹം പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. എന്നാൽ, എത്ര തവണ അപമാനം നേരിടണം എന്നാണ് രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ദേശീയ നേതൃത്വത്തോട് ചോദിക്കുന്നത്. പ്രിയങ്ക ഗാന്ധിയുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന സച്ചിൻ പൈലറ്റ് രാഹുലും സോണിയയുമായി 14 തവണ ഈ വിഷയത്തിൽ ഫോണിൽ സംസാരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ എല്ലാം ശരിയാകുമെന്നാണ് ഹൈക്കമാൻഡ് സച്ചിന് നൽകിയിരിക്കുന്ന ഉറപ്പ്. പക്ഷേ ഇനി സച്ചിൻ പൈലറ്റ് വെറുതെ ഇരിക്കില്ല.

അടുത്തവർഷം ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കരുതലോടെ നീങ്ങിയില്ലെങ്കിൽ പഞ്ചാബ് ആവർത്തിക്കുമോ എന്ന ആശങ്കയാണ് നേതൃത്വത്തിന്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി.സി.സി. അധ്യക്ഷൻ നവജോത് സിങ് സിദ്ദുവിന്റെ നിർബന്ധത്തിന് വഴങ്ങി പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മാറ്റി ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയിരുന്നു. അതിലൂടെ സംസ്ഥാനത്ത് കോൺഗ്രസിന് ഭരണനഷ്ടമാണുണ്ടായത്.

രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റ് ഭരണത്തിലേറി രണ്ടരവർഷമായപ്പോഴാണ് ഗലോട്ട് നിരന്തരം അപമാനിക്കുന്നെന്ന വാദവുമായി 2020-ൽ 18 എംഎൽഎ.മാർക്കൊപ്പം കലാപക്കൊടി ഉയർത്തിയത്.

ബിജെപി.യുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കവും നടത്തി. ഗലോട്ട് ഇതിനെ 102 എംഎൽഎ.മാരുടെ പിന്തുണ ഉറപ്പാക്കി തടഞ്ഞു. അതോടെ, ഉപമുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷസ്ഥാനവും നഷ്ടപ്പെട്ട പൈലറ്റ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും 'സമയമാകുമ്പോൾ പദവി ലഭിക്കും' എന്ന വാക്കിൽ വിശ്വസിച്ച് മുന്നോട്ടുനീങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP