Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ സച്ചിൻ പൈലറ്റിനെയും നോട്ടമിട്ട് ബിജെപി; മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങൾ രാജസ്ഥാനിൽ പ്രകടം; 20 എംഎൽഎമാർക്ക് മനംമാറ്റമുണ്ടായാൽ ഇവിടെയും സ്ഥിതിഗതികൾ മാറിമറിയും; മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ ഭീഷണിയിലേക്കോ?

ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ സച്ചിൻ പൈലറ്റിനെയും നോട്ടമിട്ട് ബിജെപി; മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങൾ രാജസ്ഥാനിൽ പ്രകടം; 20 എംഎൽഎമാർക്ക് മനംമാറ്റമുണ്ടായാൽ ഇവിടെയും സ്ഥിതിഗതികൾ മാറിമറിയും; മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ ഭീഷണിയിലേക്കോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തിലേക്ക് കടന്നതുപോലുള്ള ഒരു രാഷ്ട്രീയ സാഹചര്യം രാജസ്ഥാനിലും പരമാവധി മുതലെടുക്കാൻ ഒരുങ്ങി ബിജെപി. രാഹുൽഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചതോടെ മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ താഴെവീഴുമെന്ന് ഏതാണ്ട് ഉറപ്പായി. സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശിലെ 20 എംഎൽഎമാരാണ് ഗവർണർക്ക് രാജിക്കത്ത് നൽകിയിട്ടുള്ളത്. മധ്യപ്രദേശിലേതിന് സമാനമായ തന്ത്രം രാജസ്ഥാനിലാവും ഇനി ബിജെപി പയറ്റുകയെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. നേരിയ ഭൂരിപക്ഷത്തിലാണ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ നിലനിൽക്കുന്നത്.

മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങൾ അവിടെ പുകയുന്നുണ്ട്. വജ്രവ്യാപാരി രാജീവ് അറോറയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ഗെഹ്ലോതിന്റെ നീക്കത്തിന് സച്ചിൻ പൈലറ്റ് അടുത്തിടെ തടയിട്ടിരുന്നു. പാർട്ടി പ്രവർത്തകരെ രാജ്യസഭയിലേക്ക് അയയ്ക്കുന്നതിന് പകരം വ്യവസായികളെ അയയ്ക്കുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്ന് പൈലറ്റ് വാദിച്ചു.കോട്ട സർക്കാർ ആശുപത്രിയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ടും സച്ചിൻ പൈലറ്റ് സർക്കാരിനെതിരെ വിമർശം ഉന്നയിച്ചിരുന്നു. ഇവയടക്കം പല അവസരങ്ങളിലും അശോക് ഗെഹ്ലോതും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. കോൺഗ്രസിൽ ചേർന്ന വിമത ബിഎസ്‌പി എംഎൽഎ അടക്കമുള്ളവരുടെ പിന്തുണയോടെയാണ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ നിലനിൽക്കുന്നത്. 200 അംഗ നിയമസഭയിൽ മൂന്ന് സിപിഎം എംഎൽഎമാരും ഒരു ആർഎൽഡി എംഎൽഎയും ഉൾപ്പെടെ 112 എംഎൽഎമാരുടെ പിന്തുണയാണ് കോൺഗ്രസിനുള്ളത്.

ബിജെപിക്ക് 80 എംഎൽഎമാരുടെ പിന്തുണയുണ്ട്. 20 എംഎൽഎമാർക്ക് മനംമാറ്റമുണ്ടായാൽ സ്ഥിതിഗതികൾ ബിജെപിക്ക് അനുകൂലമായി മാറും. മധ്യപ്രദേശിലേതിന് സമാനമായ നീക്കം രാജസ്ഥാനിലും ബിജെപി നടത്തിയാൽ അശോക് ഗെഹ്ലോത് സർക്കാർ അപകടത്തിലാവും. അതിനുള്ള പരമാധി കാമ്പയിൻ ആവും ഇനി ബിജെപി നടത്തുക. യുവ നേതാവ് സച്ചിൻ പൈലറ്റിനോട് എപ്പോഴും ബിജെപി മൃദുസമീപനമാണ് എടുത്തിട്ടുള്ളത്. പിതാവ് മാധവറാവു സിന്ധ്യയുടെ മരണത്തോടെയാണ് ഗ്വാളിയോർ യുവ രാജാവുകൂടിയായ ജ്യോതിരാദിത്യ സിന്ധ്യ രാഷ്ട്രീയത്തിൽ ഇറങ്ങിയതെങ്കിൽ, മുതിർന്ന കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മരണത്തോടെയാണ് സച്ചിൽ പൈലറ്റും രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. രണ്ടുപേരും ഇന്ന് ഒരുപോലെ അസ്വസ്ഥരാണ്. അതുകൊണ്ടുതന്നെയാണ് മധ്യപ്രദേശ് മോഡൽ രാജസ്ഥാനിലും ആവർത്തിക്കാമെന്ന് ബിജെപി കരുതുന്നത്.

മധ്യപ്രദേശിൽ സിന്ധ്യയെ അനുകൂലിക്കുന്ന 18 എംഎൽഎമാർ കൂടി കാലുമാറുന്നതോടെ, ഇവിടെ കോൺഗ്രസിന്റെ ഭരണത്തിനും അന്ത്യമാവും. ദേശീയ തലത്തിൽ ശക്തമായ നേതൃത്വംപോലുമില്ലാതെ കോൺഗ്രസ് നേതൃത്വത്തിന് ശക്തമായ തിരിച്ചടിയാണ് ഇതോടുകൂടി ഉണ്ടാവുന്നത്.മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥുമായി തുടരുന്ന ഭിന്നത മാത്രമല്ല കുടുംബപരമായ ഒരുപാട് പ്രശ്‌നങ്ങൾ കൂടി സിന്ധ്യയുടെ മനം മാറ്റത്തിന് പിന്നിലുണ്ട്. മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്റ്റാർ കാമ്പയിനർ ആയിരുന്നു ജോതിരാദിത്യ സിന്ധ്യ. അദ്ദേഹം മുഖ്യമന്ത്രിയാവുമെന്ന് പൊതുവെ കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. മുതിർന്ന നേതാവ് കമൽനാഥിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഭരണ ചക്രം എൽപ്പിച്ചുകൊടുത്ത്. അന്നു തുടങ്ങിയ പ്രശനത്തിന്റെ മൂർധന്യമാണ് ഇന്ന്.

പാർട്ടിയിൽ കമൽനാഥിന്റെ മുഖ്യ എതിരാളിയാണു സിന്ധ്യ. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒന്നുകിൽ തനിക്കു സീറ്റ് നൽകണമെന്നും അല്ലെങ്കിൽ പാർട്ടി മധ്യപ്രദേശ് ഘടകത്തിന്റെ അധ്യക്ഷനാക്കണമെന്നുമാണ് സിന്ധ്യയുടെ ആവശ്യം. മുതിർന്നനേതാക്കൾക്ക് ആർക്കുംതന്നെ സിന്ധ്യയുമായി കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് 'സ്വൈൻ ഫ്‌ളൂ' ആണെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നതെന്നും മുതിർന്ന നേതാവും എംപിയുമായ ദിഗ്‌വിജയ് സിങ് തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോടു പറഞ്ഞത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള ഭിന്നത അടുത്തിടെ രൂക്ഷമായിരുന്നു.

കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓർമ്മപ്പെടുത്തി കമൽനാഥിന് അടുത്തിടെ സിന്ധ്യ തുറന്ന കത്തയയ്ക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയെ പിന്തുണച്ചും ജോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. രാജ്യ താൽപര്യത്തിനനുസരിച്ചാണ് മോദി സർക്കാർ ജമ്മുകാശ്മീർ വിഷയത്തിൽ ഇടപെട്ടതെന്നായിരുന്നു സിന്ധ്യയുടെ ട്വീറ്റ്.നേരത്തെ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം ജോതിരാദിത്യ സിന്ധ്യ രാജിവച്ചിരുന്നു. ലോക്സഭയിലെ തോൽവിയെ തുടർന്ന് അധ്യക്ഷസ്ഥാനം രാജിവച്ച രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് പിന്നാലെയായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP