Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ദേശീയ പൗരത്വ ഭേദഗതി ബിൽ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി ; ബിൽ രാജ്യത്തെ വിഭജിക്കുന്നതെന്നും രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട ദിനമെന്നും കോൺഗ്രസ്; നിയമഭേദഗതിക്കെതിരെ ലീഗും കോൺഗ്രസും സുപ്രീംകോടതിയിലേക്ക്; പശ്ചിമ ബംഗാളിൽ നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി; മുംബൈയിൽ ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുർ റഹ്മാന്റെ രാജി വച്ചുള്ള പ്രതിഷേധം; രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ 'നാഗരിക്ത' എന്ന് പേരിട്ട് ഡൽഹിയിലെ പാക്ക് ഹിന്ദു അഭയാർഥി കുടുംബം

ദേശീയ പൗരത്വ ഭേദഗതി ബിൽ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി ; ബിൽ രാജ്യത്തെ വിഭജിക്കുന്നതെന്നും രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട ദിനമെന്നും കോൺഗ്രസ്; നിയമഭേദഗതിക്കെതിരെ ലീഗും കോൺഗ്രസും സുപ്രീംകോടതിയിലേക്ക്; പശ്ചിമ ബംഗാളിൽ നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി; മുംബൈയിൽ ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുർ റഹ്മാന്റെ രാജി വച്ചുള്ള പ്രതിഷേധം; രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ 'നാഗരിക്ത' എന്ന് പേരിട്ട് ഡൽഹിയിലെ പാക്ക് ഹിന്ദു അഭയാർഥി കുടുംബം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗും കോൺഗ്രസും അറിയിച്ചു.ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് കോൺഗ്രസ് പ്രതികരണം.പൗരത്വനിയമ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസ് നിലപാട്. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വർഗീയ ശക്തികളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു. നമ്മുടെ പൂർവികർ പോരാട്ടം നടത്തിയത് ഏത് ആശയത്തിന് വേണ്ടിയാണോ അവയെ എല്ലാം വെല്ലുവിളിക്കുന്നതാണ് ബിൽ. ദേശീയതയ്ക്ക് മതം നിർണായക ഘടകമാകുന്ന ഇന്ത്യയുടെ സൃഷ്ടിക്ക് പൗരത്വ ബിൽ കാരണമാകുമെന്നും സോണിയാ ഗാന്ധി പ്രസ്താവനയിൽ ആരോപിച്ചു.

ഇന്ത്യയുടെ നാനാത്വത്തിനു മുകളിൽ സങ്കുചിത മനോഭാവമുള്ളവരുടെയും മർക്കടമുഷ്ടിക്കാരുടെയും വിജയമാണ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിലൂടെ ഉണ്ടായതെന്നും സോണിയ ഗാന്ധി പ്രസ്താവനയിൽ അറിയിച്ചു. രാജ്യവും ലോകമാകെയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികം ആഘോഷിക്കുമ്പോഴാണ് ഇത്തരമൊരു നീക്കം. സമത്വത്തെ അവഹേളിക്കുന്നതു മാത്രമല്ല ബിൽ, മറിച്ച് ജാതി, മത, ഭാഷകൾക്ക് അതീതമായി എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വതന്ത്ര രാജ്യം എന്ന സങ്കൽപത്തെയാണ് എതിർക്കുന്നതെന്നും സോണിയ ഗാന്ധി പ്രതികരിച്ചു. ബിൽ ഇന്ത്യയെ വിഭജിക്കുമെന്നും സോണിയ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് പൗരത്വ നിയമഭേദഗതി ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വർഷങ്ങളായി പീഡനം അനുഭവിച്ച പലരുടെയും ദുരിതം ഇതോടെ അവസാനിക്കുമെന്ന് മോദി പറഞ്ഞു. അതേസമയം പൗരത്വ നിയമ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പശ്ചിമ ബംഗാളിൽ നടപ്പാക്കില്ലെന്ന് മമത ബാനർജി വ്യക്തമാക്കി. വലിയ വാഗ്ദാനങ്ങൾ നൽകുനവ്‌ന മോദി സർക്കാർ ഒന്നും പാലിക്കാറില്ലെന്ന് ടിഎംസിയുടെ ഡെറക് ഓബ്രിയൻ പറഞ്ഞു.

തങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനുള്ള കാരണം വ്യക്തമാക്കി ശിവസേനയും രംഗത്തെത്തി. ബില്ലിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം കിട്ടാത്ത സ്ഥ്ിതിക്ക് അതിനെ പിന്തുണയ്ക്കുന്നതോ, എതിർക്കുന്നതോ ശരിയാവില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ശ്രീലങ്കയിലെ തമിഴരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. അങ്ങനെ പല കാര്യങ്ങളുമുണ്ടെന്നും റാവുത്ത് പറഞ്ഞു.

ബിൽ പാസാക്കിയതിൽ രാജ്യത്തിന്റെ പലഭാഗത്തുനിന്നും വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടായത്. മുംബൈയിൽ ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുർ റഹ്മാൻ ഔദ്യോഗിക ചുമതലകളിൽ നിന്ന് രാജികത്ത് നൽകിയാണ് പ്രതികരിച്ചത്.
ഡൽഹിയിലെ മജ്നു കാ ടിലയിൽ താമസിച്ചു വന്ന പാക്ക് ഹിന്ദു അഭയാർഥി കുടുംബം രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ 'നാഗരിക്ത' എന്നു പേരിട്ടു. 'പൗരത്വം' എന്നാണ് ഈ ഹിന്ദി പേരിന്റെ അർഥം. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ പാക്കിസ്ഥാനി ഹിന്ദു അഭയാർഥികൾ ബിൽ പാർലമെന്റ് പാസാക്കിയത് ആഘോഷത്തോടെ സ്വീകരിച്ചു.

അതേസമയം, ബില്ലിനെതിരെ അസമിലും ത്രിപുരയിലും കലാപസമാനമായ അന്തരീക്ഷം തുടരുകയാണ്. പ്രതിഷേധങ്ങളുടെ മുഖ്യകേന്ദ്രമായ ഗുവാഹത്തിയിൽ അനിശ്ചിതകാലത്തേക്ക് കർഫ്യു പ്രഖ്യാപിച്ചു. പ്രക്ഷോഭം ശക്തമായതോടെ അസമിലും ത്രിപുരയിലും കരസേനയെ വിന്യസിച്ചു. മൂന്നു സൈനിക വ്യൂഹത്തെയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്. രണ്ട് വ്യൂഹങ്ങൾ ത്രിപുരയിലും ഒന്ന് അസമിലും. അസമിൽ നാളെ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. പൗരത്വബില്ലിനെച്ചൊല്ലി പ്രക്ഷോഭങ്ങൾ കനത്തതോടെ അസമിന്റെ പലഭാഗങ്ങളിലും ജനജീവിതം പൂർണമായും സ്തംഭിച്ച നിലയിലാണ്. പ്രതിഷേധത്തെത്തുടർന്ന് അസം മുഖ്യമന്ത്രി സർബാനന്ദ് സോനേവാൾ വിമാനത്താവളത്തിൽ കുടുങ്ങി. ഒരു മണിക്കൂറിന് ശേഷമാണ് ശക്തമായ സുരക്ഷാവലയത്തിനുള്ളിൽ മുഖ്യമന്ത്രിയെ വീട്ടിലെത്തിച്ചത്. പ്രതിഷേധപ്രകടനങ്ങൾ മൂലം നിരവധി പേർ ഗുവാഹത്തി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ത്രിപുരയിൽ മൊബൈൽ, ഇന്റർനെറ്റ്,എസ്എംഎസ് സേവനങ്ങളെല്ലാം ബിജെപി സർക്കാർ നിരോധിച്ചിരിക്കുകയാണ്. 48 മണിക്കൂർ നേരത്തേക്കാണ് നിരോധനം. പ്രതിഷേധങ്ങൾ പലയിടത്തും അക്രമാസക്തമായ സാഹചര്യത്തിലായിരുന്നു നടപടി. പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ തിങ്കളാഴ്ച രാത്രി 12.05നാണ് ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ വോട്ടിനിട്ടത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ലോക്സഭയിൽ കഴിഞ്ഞദിവസം പൗരത്വ ബിൽ പാസാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP