Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കം; പ്രതിഷേധം ശക്തമാകുന്നു; ചട്ടഭേദഗതി ഫെഡറൽ തത്വത്തിന് എതിരെന്ന് മുഖ്യമന്ത്രി; തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കം; പ്രതിഷേധം ശക്തമാകുന്നു; ചട്ടഭേദഗതി ഫെഡറൽ തത്വത്തിന് എതിരെന്ന് മുഖ്യമന്ത്രി; തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അഖിലേന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ ചട്ട ഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി. ഇതാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ചട്ടഭേദഗതി ഫെഡറൽ തത്വത്തിന് എതിരാണെന്ന കത്തിൽ പറയുന്നു.

സിവിൽ സർവീസ് ഉദ്യഗസ്ഥരുടെ കേന്ദ്ര ഡപ്യൂട്ടേഷൻ ചട്ടഭേദഗതി സംസ്ഥാനങ്ങളോട് ആലോചിക്കാതെ കേന്ദ്ര സർക്കാർ എടുത്ത തീരുമാനമാണ്. വിവിധ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരും വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരുമാണ് കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കുന്നത്. എന്നാൽ എല്ലാ സർക്കാരുകളും ഭരണഘടന ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നത്.

സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ ഇത്തരത്തിൽ ഒരു കാര്യം നടപ്പാക്കുന്നത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണ്. അതിനാൽ ഭേദഗതി പിൻവലിക്കണമെന്ന തീരുമാനമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി അയച്ച കത്തിൽ വ്യക്തമാക്കി.

നിർദ്ദിഷ്ട ചട്ട ഭേദഗതിയിലെ പല നിർദ്ദേശങ്ങളും കേന്ദ്രസർക്കാരിന് കൂടുതൽ അനുകൂലമാണ്. അങ്ങനെ വരുമ്പോൾ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് വിരുദ്ധമായ രാഷ്ട്രീയ നയങ്ങളുള്ള പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അഖിലേന്ത്യ സർവീസസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ ആ സർക്കാരുകളുടെ നയം നടപ്പിലാക്കുന്നതിൽ വിമുഖത പ്രകടിപ്പിക്കുകയും ഭയപ്പെടുകയും ചെയ്യും. അതിനാൽ ഭേദഗതി പിൻവലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ഭരണഘടനാപരമായി കേന്ദ്രത്തിനാണ് കൂടുതൽ കാര്യങ്ങളിൽ അധികാരമുള്ളത്. എന്നിരുന്നാലും ഫെഡറൽ സംവിധാനത്തിൽ ഇരു സർക്കാരുകളും ഭരണഘടനാനുസൃതമായാണ് പ്രവർത്തിക്കുന്നത്. അതിനാൽ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

രാജസ്ഥാൻ, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് റൂളിൽ മാറ്റം വരുത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് ബിജെപി ഭരണത്തിൽ ഉള്ളതടക്കം 8 സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. 25 വരെ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തെ അഭിപ്രായമറിയിക്കാം.

ഈ മാസം 12നാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള നീക്കം അറിയിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. 1954 ലെ ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് റൂൾസിലെ റൂൾ 6 ഭേദഗതി ചെയ്യാനാണ് നീക്കം. കേന്ദ്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ കുറവാണ് കാരണമായി പറയുന്നത്. ഡെപ്യൂട്ടേഷനായി സംസ്ഥാനങ്ങൾ ഉദ്യോഗസ്ഥരെ അനുവദിക്കുന്നിലെന്നും കേന്ദ്രസർക്കാർ ആരോപിക്കുന്നു. കേന്ദ്രനീക്കം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി രാജസ്ഥാൻ, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഭരണഘടന നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പൊതുജനക്ഷേമത്തിനുമുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് കേന്ദ്ര നീക്കമെന്നും കത്തിൽ പറയുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്ര നീക്കത്തെ എതിർത്ത് രണ്ട് കത്തുകൾ പ്രധാന മന്ത്രിക്ക് അയച്ചിട്ടുണ്ട്. ഫെഡറൽ സംവിധാനം എന്ന നിലയിൽ സംസ്ഥാന സർക്കാരുകളാണ് കേന്ദ്ര സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. സ്ഥാനക്കയറ്റം, സസ്പെൻഷൻ എന്നിവയിൽ അന്തിമ തീരുമാനമെടുക്കുന്നതും സംസ്ഥാന സർക്കാരുകളാണ്. നടപടിക്രമം പിന്നീട് കേന്ദ്രത്തെ അറിയിക്കുകയാണ് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP