Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമസഭ പിരിച്ചുവിടാൻ മുഖ്യമന്ത്രിയുടെ ശുപാർശ; മാഞ്ചിയെ മാറ്റി നിതീഷിനെ നേതാവാക്കിയെന്ന് ജെഡിയു; ബിഹാറിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; ഗവർണ്ണറുടെ തീരുമാനം നിർണ്ണായകമാകും

നിയമസഭ പിരിച്ചുവിടാൻ മുഖ്യമന്ത്രിയുടെ ശുപാർശ; മാഞ്ചിയെ മാറ്റി നിതീഷിനെ നേതാവാക്കിയെന്ന് ജെഡിയു; ബിഹാറിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; ഗവർണ്ണറുടെ തീരുമാനം നിർണ്ണായകമാകും

പാട്‌ന: ബീഹാറിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശ ഗവർണ്ണർ കേസരിനാഥ് ത്രിപാഠിക്ക് മുഖ്യമന്ത്രി ജിതിൻ റാം മഞ്ചി സമർപ്പിച്ചു. തൊട്ടു പിറകെ ജെഡിയു നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മഞ്ചിയെ പാർട്ടി പുറത്താക്കി. മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ നിതീഷിനെ മുഖ്യമന്ത്രിയാക്കി പ്രതിശ്ചായ വീണ്ടെടുക്കാനുള്ള ജെഡിയുവിന്റെ നീക്കങ്ങൾക്ക് മുന്നിൽ ഗവർണ്ണറുടെ തീരുമാനമാകും നിർണ്ണായകം.

നേരത്തെ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആഭിമുഖ്യം പുലർത്തുന്ന രണ്ട് മന്ത്രിമാരെ പുറത്താക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണ്ണർ അംഗീകരിച്ചിരുന്നു. അതിന് തൊട്ടുപിറകെയാണ് നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശ എത്തിയത്. കേന്ദ്ര സർക്കാരിന്റെ ഉപദേശം കൂടി കണക്കിലെടുത്താകും ഗവർണ്ണർ തീരുമാനം എടുക്കുക. എന്നാൽ നിയമസഭ പിരിച്ചുവിടരുതെന്ന് ജെഡിയു നിയമസഭാ കക്ഷി ഗവർണ്ണറെ സമീപിച്ചിട്ടുണ്ട്. എല്ലാ നിയമവശങ്ങളും പരിശോധിച്ചാകും തീരുമാനം എടുക്കുക. ജെഡിയുവിലെ 115 എംഎൽഎമാരിൽ 97 പേരും നിതീഷിന് ഒപ്പമാണ്. ഈ സാഹചര്യത്തിൽ നിയമസഭ പിരിച്ചുവിട്ടാൽ അത് ബിജെപിക്ക് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വാദവുമുണ്ട്. ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിലെ രാഷ്ട്രീയ മലക്കം മറിച്ചിലുകൾ.

ഇന്ന് ഉച്ചയോടെ ചേർന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മഞ്ജി ശുപാർശ ഗവർണറെ അറിയിച്ചത്. 28 അംഗ മന്ത്രിസഭയിലെ 21 പേരും മഞ്ജിയുടെ നീക്കത്തോട് എതിർപ്പ് പ്രകടിപ്പിച്ചു. രണ്ട് മന്ത്രിമാർ ഗവർണറെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. നിതീഷിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ യോഗം ചേർന്ന് അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കും. രാവിലെ നിതീഷിന്റെ വീട്ടിലെത്തിയ മഞ്ചി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി കൊണ്ട് മഞ്ചി നടത്തിയ പരാമർശങ്ങളാണ് അദ്ദേഹത്തെ പാർട്ടിക്ക് അനഭിമതാനാക്കിയതെന്നാണ് സൂചന. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ജഐക്യജനതാദളിന്റെ മോശം പ്രകടനത്തെ തുടർന്നാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. 40 സീറ്റിൽ രണ്ടെണ്ണം മാത്രമാണ് ജെ.ഡി(യു)വിന് നേടാനായത്. തുടർന്ന് കഴിഞ്ഞ വർഷം മെയ് 17ന് മഞ്ചി ബിഹാർ മുഖ്യമന്ത്രിയായി. 115 എംഎൽഎമാരിൽ 30 പേർ തനിക്കൊപ്പമാണെന്ന് മഞ്ചി അവകാശപ്പെട്ടിരുന്നു. എന്നാൽ 115 എംഎ!ൽഎമാർ നിതീഷ് കുമാറിനെ പിന്തുണച്ച് രംഗത്ത് വന്നതോടെ മഞ്ചി ഒറ്റപ്പെട്ടു. തുടർന്നാണ് പാർട്ടിയുടെ നിർദ്ദേശ പ്രകാരം നിതീഷിനെ കാണാൻ മഞ്ചിയെത്തിയത്. പാർട്ടി അദ്ധ്യക്ഷൻ ശരദ് യാദവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതിന് ശേഷം നാടകീയമായി മാഞ്ചി വീണ്ടും നിലപാട് മാറ്റി. മന്ത്രിസഭാ യോഗം വിളിച്ച് നിയമസഭ പിരിച്ചുവിടാൻ ശുപാർശയും ചെയ്തു.

മുഖ്യമന്ത്രിപദം ഏറ്റടെുക്കാൻ നിതീഷ്‌കുമാറിനോട് അഭ്യർത്ഥിക്കുന്നതിനു ജനതാദൾ യു നിയമസഭാംഗങ്ങളുടെ യോഗം ശനിയാഴ്ച ചേരാനിരിക്കെയാണ് പ്രശ്‌നം രൂക്ഷമായത്. പാർട്ടി ദേശീയാധ്യക്ഷൻ ശരദ് യാദവ് വിളിച്ച യോഗം നിയമവിരുദ്ധമാണെന്നും സഭാനേതാവെന്ന നിലയിൽ മുഖ്യമന്ത്രിയാണ് യോഗം വിളിക്കേണ്ടതെന്നും ജിതൻ റാം മാഞ്ചി പ്രഖ്യാപിച്ചതോടെയാണ് പാർട്ടിയിലെ ഭിന്നത പുറത്തു വന്നത്. നിയമസഭാകക്ഷി യോഗം 20ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേരുമെന്ന് മാഞ്ചി പത്രക്കുറിപ്പിൽ അറിയിച്ചു.

എന്നാൽ, പാർട്ടി അധ്യക്ഷൻ വിളിച്ച നിയമസഭാകക്ഷി യോഗം നിയമാനുസൃതമാണെന്ന് ജെ.ഡിയു ജനറൽ സെക്രട്ടറി കെ.സി. ത്യാഗി പറഞ്ഞു. പാർട്ടി ചട്ടമനുസരിച്ച് അധ്യക്ഷന് നിയമസഭാകക്ഷി യോഗം വിളിക്കാനുള്ള അധികാരമുണ്ടെന്നും ത്യാഗി അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന മാനവശേഷി വികസന മന്ത്രി ബ്രിഷൻ പട്ടേൽ, ഗ്രാമവികസന മന്ത്രി നിതീഷ് മിശ്ര, നഗരവികസന മന്ത്രി സമ്രാട്ട് ചൗധരി, പൊതുജനാരോഗ്യഎൻജിനീയറിങ് മന്ത്രി മഹാചന്ദ്രപ്രസാദ് സിങ് എന്നിവർ മാഞ്ചിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ചത്തെ യോഗത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് ബ്രിഷൻ പട്ടേൽ അറിയിച്ചു. പാർട്ടിയിലെ വിമത എംഎ!ൽഎമാരായ ജ്ഞാനേന്ദ്ര സിങ്, രവീന്ദ്ര റായ് എന്നിവരും മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് ഒമ്പതു മാസം മുമ്പാണ് നിതീഷ്‌കുമാർ രാജിവച്ചത്. ആർ.ജെ.ഡി യുടെയും കോൺഗ്രസിന്റെയും പിന്തുണയിലാണ് ജെ.ഡിയു സർക്കാറിന്റെ നിലനിൽപ്. ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രിപദത്തിലേക്കുള്ള നിതീഷ്‌കുമാറിന്റെ മടക്കത്തിന് ലാലു പച്ചക്കൊടി കാട്ടിയിരുന്നു.

ശരദ് യാദവും നിതീഷ് കുമാറും ദിവസങ്ങളായി പാർട്ടി നേതാക്കളും എംഎൽഎമാരുമായി ചർച്ചകൾ നടത്തിവരികയായിരുന്നു. സഖ്യകക്ഷിയായ ആർജെഡിയുടെ നേതാവ് ലാലുപ്രസാദ് യാദവിന്റെ പിന്തുണ ഉറപ്പാക്കിയിട്ടായിരുന്നു ജെഡിയു നീക്കം. വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാൻ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാവണമെന്നു സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും നിലപാടെടുത്തിരുന്നു. നിതീഷിന്റെ നേതൃത്വത്തിൽ വിശാലസഖ്യം രൂപീകരിക്കണമെന്നാണു കോൺഗ്രസിന്റെയും നിലപാട്. ഈ മാസം 15നു പട്‌നയിൽ ജെഡിയു വൻ റാലി നടത്തുന്നുണ്ട്. അതിനു മുൻപു നേതൃസ്ഥാനത്തു നിതീഷിനെ അവരോധിക്കാനായിരുന്നു ജെഡിയു നീക്കം.

നിതീഷിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാൻ യോഗം വിളിക്കാനുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നലെ മുന്മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ അനുകൂലികളായ ലല്ലൻ സിങ്, പി.കെ.ഷാഹി എന്നീ മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രി ഗവർണറോടു ശുപാർശ ചെയ്തത്. ശുപാർശ സ്വീകരിക്കരുതെന്ന് ജെഡിയു ദേശീയ അധ്യക്ഷൻ ശരദ് യാദവ് ഗവർണറോട് അഭ്യർത്ഥിച്ചതോടെയാണ് ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ സങ്കീർണമായത്. തൊട്ടുപിന്നാലെ പട്‌നയിലെ ജെഡിയു ഓഫിസിനു മുന്നിൽ ഇരു വിഭാഗവും ഏറ്റുമുട്ടുകയും ചെയ്തു. എന്നാൽ മന്ത്രിമാരെ പുറത്താക്കാനുള്ള സാങ്കേതിക അവകാശം മുഖ്യമന്ത്രിക്കാണെന്ന് വ്യക്തമാക്കി ഗവർണ്ണർ അക്കാര്യത്തിൽ അനുകൂല നിലപാടും എടുത്തു. ബിഹാർ നിയമസഭ പിരിച്ചുവിടാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശയും ഗവർണ്ണർ അംഗീകരിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെത്തുടർന്നാണു നിതീഷ് രാജിവച്ചു വിശ്വസ്തനായ മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയത്. എന്നാൽ, മാഞ്ചി ഭരണത്തിൽ പിടിമുറുക്കിയതോടെ ഇരുവരും തമ്മിൽ കടുത്ത ഭിന്നത ഉടലെടുക്കുകയായിരുന്നു. ആകെ 243 അംഗങ്ങളുള്ള ബീഹാർ നിയമസഭയിൽ ജെഡിയുവിനു 111 അംഗങ്ങളാണുള്ളത്. ബിജെപി 87, ആർജെഡി 24, കോൺഗ്രസ് അഞ്ച്, സിപിഐ ഒന്ന്, സ്വതന്ത്രർ അഞ്ച് എന്നിങ്ങനെയാണു കക്ഷിനില. പത്ത് അംഗങ്ങളുടെ ഒഴിവുള്ളതിനാൽ നിലവിലുള്ള അംഗസംഖ്യ 233. ഭൂരിപക്ഷത്തിനു വേണ്ടതു 117 പേരുടെ പിന്തുണ.

ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചാണ് ജെഡിയു ബിഹാറിൽ ഭരണം പിടിച്ചത്. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടുന്നതിനെ എതിർത്താണ് നിതീഷ് കുമാർ ബിജെപിയുമായുള്ള ബന്ധം വിട്ടത്. അതിന് ശേഷം ആർജെഡിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെയാണു ജെഡിയു സർക്കാർ ഭരണം നിലനിർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP