Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് ദിവസത്തിൽ താഴെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നവരുടെ പട്ടികയിൽ ജഗദംബിക പാലിനും യെദ്യൂരപ്പക്കും കൂട്ടായി ഇനി ദേവേന്ദ്ര ഫഡ്നാവിസും; ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയിൽ ഇരുന്നത് എൺപത് മണിക്കൂർ മാത്രം; പിന്തുണ നൽകിയ അജിത് പവാറിനെതിരായ അഴിമതി കേസുകൾ എഴുതി തള്ളിയതും ഈ സമയത്തിനുള്ളിൽ; 5380 കോടിയുടെ കാർഷിക സഹായം അനുവദിച്ചു ജനപിന്തുണ തേടാനും രാഷ്ട്രീയതന്ത്രം മെനഞ്ഞു; പാതിരാ നാടകത്തിന് ഒടുവിൽ മുഖ്യമന്ത്രിയായ ഫഡ്‌നാവിസ് നാണം കെട്ട് പടിയിറങ്ങുമ്പോൾ

അഞ്ച് ദിവസത്തിൽ താഴെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നവരുടെ പട്ടികയിൽ ജഗദംബിക പാലിനും യെദ്യൂരപ്പക്കും കൂട്ടായി ഇനി ദേവേന്ദ്ര ഫഡ്നാവിസും; ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയിൽ ഇരുന്നത് എൺപത് മണിക്കൂർ മാത്രം; പിന്തുണ നൽകിയ അജിത് പവാറിനെതിരായ അഴിമതി കേസുകൾ എഴുതി തള്ളിയതും ഈ സമയത്തിനുള്ളിൽ; 5380 കോടിയുടെ കാർഷിക സഹായം അനുവദിച്ചു ജനപിന്തുണ തേടാനും രാഷ്ട്രീയതന്ത്രം മെനഞ്ഞു; പാതിരാ നാടകത്തിന് ഒടുവിൽ മുഖ്യമന്ത്രിയായ ഫഡ്‌നാവിസ് നാണം കെട്ട് പടിയിറങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഒരു രാത്രി നീണ്ട പാതിരാനാടകത്തിന് ഒടുവിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമേറ്റത്. അമിത്ഷായുടെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങൾക്ക് ഒടുവിൽ എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പവാറിനെ ഒപ്പം കൂട്ടിയുള്ള നീക്കത്തിലൂടെയായിരുന്നു ഫഡ്‌നാവിസ് മുഖ്യമന്ത്രി ആയത്. ഇതോടെ തുടങ്ങിയ രാഷ്ട്രീയ നാടകങ്ങൾക്കാണ് സത്യപ്രതിജ്ഞ ചെയ്തതിന്റെ നാലാം ദിവസം തിരശ്ശീല വീണത്. അധികാരത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിച്ചത് ഒടുവിൽ നാണം കെട്ട് പടിയിറങ്ങുകയാണ് ഫഡ്‌നാവിസ്. 80 മണിക്കൂർ മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത്.

ഫഡ്‌നാവിസിന്റെ രാജിയോടെ ഏറ്റവും ചരുങ്ങിയ സമയം മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരുടെ കൂട്ടത്തിലായി അദ്ദേഹത്തിന്റെ സ്ഥാനവും. അഞ്ച് ദിവസത്തിൽ താഴെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നവരുടെ പട്ടികയിൽ മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ജഗദംബിക പാലിനും കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കും കൂട്ടായി ഇനി ഫഡ്നാവിസും ഉണ്ടാകും. കോൺഗ്രസിന്റെ ഉത്തർപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു ജഗദംബിക പാൽ 43 മണിക്കൂർ സമയമാണ് 1998ൽ കസേരയിൽ ഇരുന്നത്. യെദ്യൂരപ്പ 2018ൽ 55 മണിക്കൂർ മാത്രമായിരുന്നു കർണാടക മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. യെദ്യൂരപ്പയെ പോലെ കോടതി വിധിയാണ് ഫഡ്‌നാവിസിന്റെയും കസേര തെറിപ്പിച്ചത്. നാളെ വിശ്വാസ വോട്ട് തേടണമെന്ന സുപ്രീംകോടതി ഉത്തരവാണ് ഫഡ്‌നാവിസിന് തിരിച്ചടിയായി മാറിയത്.

ഭരിക്കാനുള്ള ഭൂരിപക്ഷ ഇല്ലാത്തതിനാൽ രാജിവെക്കുന്നതായി ഫഡ്‌നാവിസ് വാർത്താസമ്മേളനത്തിൽ അറിയിക്കുകയാിരുന്നു. ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കും മുമ്പ് ഫഡ്‌നാവിസ് രാജിവെക്കുകയായിരുന്നു. ശിവസേനക്കെതിരെ കടുത്ത വിമർശനമാണ് ഫഡ്‌നാവിസ് ഉന്നയിച്ചത്. അധികാരത്തിലേറാനുള്ള ജനവിധി ലഭിച്ചത്് ബിജെപിക്കായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാമെന്ന് ശിവസേനവുമായി ധാരണ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബിജെപി സഖ്യകക്ഷിയായ ആർപിഐ സംസ്ഥാനത്ത് മുന്നണിക്ക് മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. അജിത് പവാറിനൊപ്പം എൻസിപി എംഎൽഎമാർ എത്തിയാൽ മാത്രമേ മന്ത്രിസഭയ്ക്ക് നിലനിൽപ്പുള്ളൂ എന്ന് പാർട്ടി നേതാവ് രാംദാസ് അതുലെ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി വിധിച്ചതോടെയാണ് ബിജെപിയും അജിത് പവാറും വെട്ടിലായത്. എൻസിപി എംഎൽഎമാരെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ കഴിയില്ല എന്ന് അജിത് പവാറിനും ബിജെപിക്കും ബോധ്യമായതോടെ നിയമസഭയിൽ പരാജയപ്പെടുന്നതിന് മുമ്പ് രാജിവെക്കുകയായിരുന്നു ഫഡ്‌നാവിസ്.

അജിത് പവാറിനെ കൂട്ടു പിടിച്ച് ദേവേന്ദ്ര ഫഡ്നാവിസിന്റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയും ബിജെപിയുടെ സർക്കാർ രൂപീകരണ നീക്കങ്ങളും അതിന് ഗവർണർ നൽകിയ ഒത്താശയും ചോദ്യം ചെയ്താണ് സേന എൻസിപി കോൺഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. വിശദമായ വാദ പ്രതിവാദങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപ്രീംകോടതിയിൽ ഉണ്ടായത്. മൂന്നംഗ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകർ തന്നെ ഹാജരായി. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ പിന്തുണ അറിയിച്ച് അജിത് പവാർ ഗവർണർക്ക് നൽകിയത് വിശദമായ കത്താണെന്ന് ബിജെപി സുപ്രീംകോടതിയിൽ വിശദീകരിച്ചു.

എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സേന എൻസിപി കോൺഗ്രസ് സഖ്യത്തിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി വിധി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ സുതാര്യമാകണം. വിശ്വാസ വോട്ടെടുപ്പ് നടപടികൾ മാധ്യമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയും എൻസിപിയും കോൺഗ്രസും ആവശ്യപ്പെട്ടപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ട് ആഴ്ചയെങ്കിലും വേണമെന്ന നിലപാടായിരുന്നു ബിജെപി സുപ്രീം കോടതിയിൽ എടുത്തത്. നാളെ അഞ്ച് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചതോടെ വിധി ബിജെപിക്ക് വലിയ തിരിച്ചടിയായി. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് രമണയാണ് വിധി വായിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പാതിരാനാടകത്തിന് അനിവാര്യമായ പതനം

പാതിരാ നാടകത്തിനൊടുവിലായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മുഖ്യമന്ത്രിയായുള്ള രണ്ടാം സത്യപ്രതിജ്ഞ. നവംബർ 23 ന് രാവിലെ രാജ്യം ഉണർന്നത് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വിവരം പുറത്തുവന്നതോടെയാണ്. തലേന്നു വരെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ മഹാസഖ്യത്തിന് വിശ്വസിക്കാവുന്നതിനും അപ്പുറത്തായിരുന്നു ബിജെപിയുടെ അപ്രതീക്ഷിത നീക്കം. ഒടുവിൽ സുപ്രീം കോടതിയിൽനിന്ന് തിരിച്ചടി നേരിട്ടു നിൽക്കക്കള്ളിയില്ലാതെ ഫഡ്‌നാവിസും ബിജെപിയും തോൽവി സമ്മതിച്ചപ്പോൾ പൊളിഞ്ഞു വീണത് പാതിരാവിലെ രാഷ്ട്രീയ നീക്കങ്ങൾക്കു കൂടിയാണ്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 31ാം ദിവസമാണ് ബിജെപി സർക്കാർ അധികാരമേറ്റത്. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ഇതര സർക്കാർ രൂപീകരിക്കാൻ ശിവസേനയും കോൺഗ്രസും എൻസിപിയും തമ്മിൽ ധാരണയിലെത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു രാഷ്ട്രീയവൃത്തങ്ങളെ ഞെട്ടിച്ച നീക്കം. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാതിരുന്നതും ശിവസേന അധികാരത്തിനു വേണ്ടി പിടിവാശി കാണിച്ചതുമാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചത്.

2014ൽ 122 സീറ്റിൽ വിജയിച്ച ബിജെപി ഇത്തവണ 105 സീറ്റുകളിൽ മാത്രമാണു മുന്നേറിയത്. കഴിഞ്ഞ തവണ 185 സീറ്റുകളുണ്ടായിരുന്ന ബിജെപി ശിവസേന സഖ്യത്തിന് ഇരുപതിലേറെ സീറ്റുകളുടെ നഷ്ടം. 15 സീറ്റിലേറെ അധികം നേടി എൻസിപി- കോൺഗ്രസ് സഖ്യം പിടിച്ചുനിന്നു. ആർക്കു ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യത്തിൽ സംസ്ഥാനത്തു പ്രതിസന്ധി ഉടലെടുത്തു. പിന്നാലെ രാഷ്ട്രപതി ഭരണത്തിലേക്കും മഹാരാഷ്ട്രയെത്തി. ബിജെപി സർക്കാരിനു കളമൊരുക്കാൻ കീഴ്‌വഴക്കങ്ങൾ മറികടന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സവിശേഷാധികാരം പ്രയോഗിച്ചു. 23ന് പുലർച്ചെ രാഷ്ട്രപതിഭരണം പിൻവലിക്കാനായി കേന്ദ്രമന്ത്രിസഭ ചേരാതെ സവിശേഷ അധികാരം ഉപയോഗിച്ചു പ്രധാനമന്ത്രി രാഷ്ട്രപതിക്കു ശുപാർശ നൽകുകയായിരുന്നു.

കേന്ദ്രമന്ത്രിസഭയുടെ അനുമതിയില്ലാതെ പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാം. പുലർച്ചെ 5.47നാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്നത്. തുടർന്ന് രാജ്ഭവനിൽ ഒരുക്കങ്ങൾ തിരക്കിട്ടു പൂർത്തിയാക്കി. എട്ട് മണിയോടെ സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് കോൺഗ്രസ്എൻസിപിശിവസേന നേതാക്കൾ വിവരം അറിഞ്ഞത്.

എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ അനുഗ്രഹത്തോടെയാണ് അജിത് പവാർ ഉപമുഖ്യമന്ത്രിയായതെന്നായിരുന്നു ആദ്യം വാർത്തകൾ. എന്നാൽ പ്രതിപക്ഷ നീക്കങ്ങൾക്കു ശരദ് പവാർ തന്നെ ചുക്കാൻ പിടിച്ചതോടെ അജിത് പവാറാണ് എൻസിപിയിലെ വിമതശബ്ദമെന്ന് ഏറെക്കുറെ വ്യക്തമായി. തുടർന്ന് ഫഡ്‌നാവിസിനെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ മഹാസഖ്യം സുപ്രീം കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി ബുധനാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്നു മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അധികാരത്തിലെത്തി നാലാം ദിവസം ഉപമുഖ്യമന്ത്രി അജിത് പവാറും തൊട്ടുപിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ അജിത് പവാറിന്റെ അഴിമതി കേസുകൾ എഴുതി തള്ളിയതും കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെ ജനകീയ ഉയർത്താൻ വേണ്ടി ജനകീയ പ്രഖ്യാപനവും അദ്ദേഹം നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കാർഷിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള നടപടിക്കാണ് ബിജെപി സർക്കാർ തുടക്കം കുറിച്ചത്. കാലം തെറ്റി പെയ്ത കനത്തമഴയിൽ വലിയതോതിലുള്ള വിളനാശമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കർഷകരുടെ ധനനഷ്ടം പരിഹരിക്കുന്നതിനായി 5380 കോടി രൂപ ഫഡ്നാവിസ് സർക്കാർ അനുവദിച്ചു. അടിയന്തര ഫണ്ടിൽ നിന്ന് പണം അനുവദിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. എന്നാൽ, ഈ ശ്രമങ്ങളെന്നാം നടത്തിയെങ്കിലും ഗത്യന്തരമില്ലാതെ പടിയിറങ്ങേണ്ടി വന്നു ഫഡ്‌നാവിസിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP