Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

വേണ്ടത് ശുദ്ധജലവും ശുദ്ധവായുവും വൈദ്യുതിയും വിദ്യാഭ്യാസവും; ചേരികളും ഗതാഗതക്കുരുക്കും പ്രതിഷേധം നടക്കുന്ന ഷാഹിൻബാഗും ഇനി ഡൽഹിയിൽ വേണ്ടെന്നും അമിത് ഷാ; പഞ്ചാബിലും വാരാണസിയിലും ഉണ്ടായത് പോലെ ഡൽഹിയിലും ഇത്തവണ ആം ആദ്മി പാർട്ടി പരാജയപ്പെടുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

വേണ്ടത് ശുദ്ധജലവും ശുദ്ധവായുവും വൈദ്യുതിയും വിദ്യാഭ്യാസവും; ചേരികളും ഗതാഗതക്കുരുക്കും പ്രതിഷേധം നടക്കുന്ന ഷാഹിൻബാഗും ഇനി ഡൽഹിയിൽ വേണ്ടെന്നും അമിത് ഷാ; പഞ്ചാബിലും വാരാണസിയിലും ഉണ്ടായത് പോലെ ഡൽഹിയിലും ഇത്തവണ ആം ആദ്മി പാർട്ടി പരാജയപ്പെടുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഷാഹിൻബാഗിൽ സ്ത്രീകൾ നടത്തുന്ന സമരം ഡൽഹി നേരിടുന്ന പ്രതിസന്ധികളിൽ ഒന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഷാഹിൻബാഗില്ലാത്ത ഡൽഹിക്കായി ബിജെപിയെ അധികാരത്തിൽ എത്തിക്കണമെന്ന് മന്ത്രി അമിത്ഷാ പറഞ്ഞു. ഡൽഹി നേരിടുന്ന സാമൂഹിക പ്രതിസന്ധികളിൽ ഒന്നാണ് ഷാഹിൻബാഗിൽ കഴിഞ്ഞ ഒരു മാസമായി നടക്കുന്ന പ്രതിഷേധങ്ങളെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സാമൂഹിക മാധ്യമ വളണ്ടിയർമാർക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മലിനീകരണ മുക്തമായ ഡൽഹി നമുക്ക് വേണം, എല്ലാ വീടുകളിലും ശുദ്ധജലം ലഭിക്കണം, 24 മണിക്കൂറും വൈദ്യുതി ലഭ്യമാകണം, വിദ്യാഭ്യാസത്തിന് മികച്ച സൗകര്യങ്ങൾ വേണം, ചേരികളോ അനധികൃത കോളനികളോ പാടില്ല, ദ്രുത ഗതാഗത സംവിധാനം വേണം, സൈക്കിൾ പാതകളും ലോകോത്തര നിലവാരത്തിലുള്ള റോഡുകളും വേണം. ഗതാഗത ഗതാകുരുക്കുകൾ പാടില്ല, ഒപ്പം ഷാഹിൻബാഗും പാടില്ല. അത്തരമൊരു ഡൽഹിയാണ് നമുക്ക് വേണ്ടത്'- അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ അരവിന്ദ് കെജ്രിവാൾ എതിർക്കുന്നത് ലജ്ജാകരമാണ്. 2015-ൽ അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അധികാരം പിടിച്ചത്. പഞ്ചാബിലും വാരാണസിയിലും ഉണ്ടായത് പോലെ ഡൽഹിയിലും ഇത്തവണ ആം ആദ്മി പാർട്ടി പരാജയപ്പെടുമെന്നും ഷാ പറഞ്ഞു. പാക്കിസ്ഥാനികളെ കുറിച്ച് ആശങ്കപ്പെടുന്നവരാണ് ബിജെപി എന്നാണ് കെജ്രിവാൾ പറയുന്നത്. ഡൽഹി ജനസംഖ്യയുടെ 30 ശതമാനവും വിഭജനത്തിന് ശേഷം പാക്കിസ്ഥാനിൽ നിന്ന് വന്നവരാണ്. ഇതാണോ നിങ്ങളുടെ നിലപാട്. ഇത് ലജ്ജാകരമാണ്. വോട്ട് ബാങ്കിനെ കുറിച്ച് മാത്രമാണ് കെജ്രിവാളിന് ആശങ്ക. ഇത്തരം ദുരിതമനുഭവിക്കുന്ന അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനാണ് പ്രധാനമന്ത്രി സി.എ.എ കൊണ്ടുവന്നത്. അവർക്ക് പൗരത്വം നൽകേണ്ടതില്ലേയെന്നും ഷാ ചോദിച്ചു.

അമിത് ഷായുടെ ഷാഹീൻബാഗ് പരാമർശനത്തിനെിരെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. ഡൽഹിയിലെ ക്രമസമാധാന ചുമതലയും ഉത്തരവാദിത്തവും കേന്ദ്ര സർക്കാരിനാണ്. അതിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരം പറയണം. എന്നാൽ ദുഃഖകരമെന്ന് പറയട്ടെ അദ്ദേഹം ബൈനോക്കുലർ വെച്ച് സിസിടിവി തിരയുന്നതിന്റെ തിരക്കിലാണ്. അതൊക്കെ വിട്ട് അദ്ദേഹം ഷാഹീൻബാഗിലെ പ്രതിഷേധക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മനീഷ് സിസോദിയ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരു മാസക്കാലമായി ഷാഹിൻബാഗിൽ സ്ത്രീകൾ നയിക്കുന്ന പ്രക്ഷോഭം ഇപ്പോഴും ശക്തമാണ്. ദേശീയ പൗരത്വ ഭേദഗതി നിയമവും, പൗരത്വ രജിസ്റ്ററും, ജനസംഖ്യാ രജിസ്റ്ററും അംഗീകരിക്കാനാകില്ലെന്ന് സമരക്കാർ ആഹ്വാനം ചെയ്തു. നാനാജാതി മത വിഭാഗങ്ങളിൽപ്പെടുന്ന വിവിധ പ്രായത്തിലുള്ളവരാണ് സമരകേന്ദ്രത്തിൽ ഒത്തുകൂടുന്നത്. ഐടി സെല്ലുകളുടെയോ ദേശീയ മാധ്യമങ്ങളുടെയോ സംഘടിതമായ എതിർപ്രചാരണങ്ങൾക്ക് ഈ പെൺസമര ശക്തിയെ തകർക്കാനാവില്ലെന്ന് അവർ പ്രഖ്യാപിച്ചു. ഈൻക്വിലാബ്, ആസാദി മുദ്രാവാക്യങ്ങളാലും പാട്ടുകളാലും മുഖരിതമാണ് ഇവിടം. പൗരത്വ നിയമത്തിനെതിരെ തീർത്തും സമാധാനപരവും ശക്തവുമായ സമരമാണ് ഷാഹീൻബാഗിൽ നടന്നുവരുന്നത്.

സമരത്തിന് നേതാക്കളില്ല പകരം സംഘാടകർ മാത്രമേയുള്ളൂവെന്നതാണ് സവിശേഷത. വിദ്യാർത്ഥികളും മുതിർന്നവരും പ്രായമേറിയവരുമെല്ലാം സമരമുന്നണിയിലുണ്ട്. ഇടതടവില്ലാതെ വേദിയിൽ സംസാരങ്ങളും സംവാദങ്ങളും അരങ്ങേറുന്നു. സമരവേദിയിലെത്തുന്നവർ കയ്യിൽ കരുതുന്ന ഭക്ഷണം എല്ലാവരും പങ്കിട്ടുകഴിക്കുന്നു. ഡൽഹി തണുത്തുവിറയ്ക്കുമ്പോൾ പോലും ഊർജസ്വലമായിരുന്നു പ്രക്ഷോഭ കേന്ദ്രം. താൽക്കാലിക ലൈബ്രറിയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. റീഡ് ഫോർ റെവല്യൂഷൻ (വിപ്ലവത്തിനായി വായിക്കൂ) എന്ന മുദ്രാവാക്യവും ഇവിടെ ഉയർത്തുന്നുണ്ട്. അതേസമയം കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP