Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

ബിഹാറിൽ എൽജെപി പിടിച്ചടക്കി വിമതർ; എൽജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും ചിരാഗ് പാസ്വൻ പുറത്ത്; സൂരജ് ഭാനെ പുതിയ വർക്കിങ് പ്രസിഡന്റ്; ആസൂത്രിത നീക്കമെന്ന ആരോപണം തള്ളി ജെഡിയു

ബിഹാറിൽ എൽജെപി പിടിച്ചടക്കി വിമതർ; എൽജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും ചിരാഗ് പാസ്വൻ പുറത്ത്; സൂരജ് ഭാനെ പുതിയ വർക്കിങ് പ്രസിഡന്റ്; ആസൂത്രിത നീക്കമെന്ന ആരോപണം തള്ളി ജെഡിയു

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ചിരാഗ് പാസ്വാനെതിരേ ഇളയച്ഛൻ പശുപതി കുമാർ പരസിന്റെ നേതൃത്വത്തിൽ നടന്ന അട്ടിമറി നീക്കത്തിന് പിന്നാലെ പാർട്ടി നേതൃത്വം പിടിച്ചടക്കി വിമതർ. ലോക് ജനശക്തി പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗിനെ വിമതർ പുറത്താക്കി. ഒരാൾക്ക് ഒരു പദവി എന്ന തത്വത്തിൽ ചിരിഗ് പാസ്വാനെ നീക്കം ചെയ്തതായി വിമത എംപിമാർ പറഞ്ഞു.

എൽജെപി പാർലമെന്ററി പാർട്ടി നേതാവും പാർലമെന്ററി ബോർഡ് ചെയർമാൻ കൂടിയായിരുന്നു ചിരാഗ് പാസ്വാൻ. കഴിഞ്ഞ ദിവസം ചിരാഗ് ഒഴികെയുള്ള പാർട്ടിയുടെ എംപിമാർ ചേർന്ന് പശുപതി കുമാർ പരസിനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരിക്കുന്നത്.

സൂരജ് ഭാനെയാണ് പാർട്ടിയുടെ പുതിയ വർക്കിങ് പ്രസിഡന്റായി വിമതർ തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തോട് പാർട്ടി ദേശീയ എക്സിക്യുട്ടീവ് വിളിച്ച് അഞ്ചു ദിവസത്തിനകം പുതിയ അധ്യക്ഷനായി തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടിയിലെ അഞ്ച് എംപി.മാർ ഞായറാഴ്ച ലോക്‌സഭാ സ്പീക്കറെക്കണ്ട് ചിരാഗിനെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തുനിന്ന് നീക്കിയതായും പകരം പരസിനെ നിയമിച്ചതായും അറിയിച്ചിരുന്നു. അലി കൈസറാണ് ഉപനേതാവ്.

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ രാഷ്ട്രീയക്ഷീണത്തിന് തിരിച്ചടിയായി മുഖ്യമന്ത്രി നിതീഷ് കുമാറും ജെ.ഡി.യു.വുമാണ് ചിരാഗിനെതിരേ നാടകീയ നീക്കം ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. ജെ.ഡി.യു. സംസ്ഥാന നേതൃത്വം ആരോപണം തള്ളിക്കളഞ്ഞു. എന്നാൽ, എൻ.ഡി.എ. ഘടകകക്ഷിയിലെ സംഭവവികാസത്തെപ്പറ്റി ബിജെപി. പ്രതികരിച്ചിട്ടില്ല.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് എൽ.ജെ.പി.യിലെ കലഹം മറനീക്കിയത്. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യത്തെ പുനഃസംഘടനയിൽ ജെ.ഡി.യു., എൽ.ജെ.പി. എന്നീ ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സൂചനയുണ്ട്. നിലവിൽ ചിരാഗ് ഉൾപ്പെടെ ആറ്് ലോക്‌സഭാംഗങ്ങളാണ് എൽ.ജെ.പി.ക്കുള്ളത്. എന്നാൽ, ചിരാഗിന്റെ നേതൃത്വത്തിൽ എൽ.ജെ.പി.യെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ജെ.ഡി.യു. സമ്മതിക്കില്ല.

2020 ഒക്ടോബർമുതൽ ചിരാഗും നിതീഷും തമ്മിൽ ആരംഭിച്ച യുദ്ധം അടുത്തിടെ മൂർച്ഛിച്ചിരുന്നു. ജനുവരിയിൽ ദേശീയതലത്തിൽ ചേർന്ന എൻ.ഡി.എ.യുടെ വെർച്വൽ യോഗത്തിലേക്ക് ചിരാഗിനെ ബിജെപി. ക്ഷണിച്ചിരുന്നെങ്കിലും നിതീഷിന്റെ എതിർപ്പിനെത്തുടർന്ന് ഒഴിവാക്കിയതാണ് ഈ കലഹപരമ്പരയുടെ ഒടുവിലത്തെ ഘട്ടം.

ചിരാഗിന്റെ ബന്ധുകൂടിയായ പ്രിൻസ് രാജ്, ചന്ദൻ സിങ്, വീണാ ദേവി, മെഹ്ബൂബ് അലി കൈസർ എന്നിവരാണ് പരസിനൊപ്പമുള്ളത്. കേന്ദ്രമന്ത്രിയായിരുന്ന പാസ്വാന്റെ മരണശേഷം ഒഴിവുവന്ന മന്ത്രിപദത്തിൽ കണ്ണുനട്ട പശുപതി തുടക്കംമുതൽ ചിരാഗിന്റെ നേതൃത്വത്തെ എതിർത്തിരുന്നു. പാസ്വാന്റെ സ്ഥിരം മണ്ഡലമായ ഹാജിപ്പുരിൽനിന്നുള്ള എംപി.യാണ് ഇദ്ദേഹം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത സുഹൃത്താണ്. നിതീഷുമായി ഇടഞ്ഞ് ചിരാഗ് ബിഹാറിൽ എൻ.ഡി.എ. സഖ്യം വെടിഞ്ഞതിൽ പശുപതി അസ്വസ്ഥനായിരുന്നു.

പാർട്ടിയിലെ വിമതനീക്കങ്ങളറിഞ്ഞ് ചിരാഗ് തിങ്കളാഴ്ച ഡൽഹിയിൽ ഇളയച്ഛന്റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് പശുപതിയും പ്രിൻസ് രാജും തയ്യാറായില്ല. ഒന്നരമണിക്കൂർ കാത്തിരുന്നശേഷം ചിരാഗ് മടങ്ങിയപ്പോഴാണ് വിമതർ മാധ്യമങ്ങളെക്കണ്ടത്. നിതീഷ് ഉന്നതനേതാവാണെന്നും എൽ.ജെ.പി. കേന്ദ്രത്തിലും സംസ്ഥാനത്തും എൻ.ഡി.എ.യിൽ തുടരുമെന്നും പശുപതി പറഞ്ഞു.

സംഭവത്തിൽ ചിരാഗ് പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി അടുപ്പമുള്ള ചിരാഗ് ഇരുവരുമായും കൂടിയാലോചിച്ച ശേഷമായിരിക്കും നിലപാട് പ്രഖ്യാപിക്കുക. ചിരാഗിനെ ബിജെപി കേന്ദ്രനേതൃത്വം കൈവിട്ടാൽ മാത്രമേ വിമതനേതാക്കൾക്ക് സാധ്യതയുള്ളൂ. ബിജെപി. ചിരാഗിനെ പിന്തുണച്ചാൽ വിമതർ ജെ.ഡി.യു.വിൽ ചേരുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP