Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജമ്മു-കശ്മീരിൽ വീശുന്നത് മാറ്റത്തിന്റെ കാറ്റ്; തുല്യാവകാശവും തുല്യസൗകര്യങ്ങളും അടക്കം കശ്മീരികൾക്ക് കിട്ടുക അളവറ്റ പ്രയോജനങ്ങളെന്നും സ്വാതന്ത്ര്യദിനസന്ദേശത്തിൽ രാഷ്ട്രപതി; ജനങ്ങളെ കെട്ടിയിട്ടിരുന്ന ചങ്ങലയാണ് പൊട്ടിച്ചെറിഞ്ഞതെന്നും സ്ഥാപിതതാൽപര്യക്കാരും കുടുംബവാഴ്ചക്കാരും മാത്രമാണ് തീരുമാനത്തെ എതിർക്കുന്നതെന്നും പ്രധാനമന്ത്രി; പ്രശ്‌നത്തിൽ അന്താരാഷ്ട്രപിന്തുണ കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ യുദ്ധഭീഷണി മുഴക്കി വിരട്ടാൻ ഇമ്രാൻ ഖാന്റെ പാഴ്ശ്രമം; ഇന്ത്യ പൂർണസജ്ജം: രാജ്‌നാഥ് സിങ്

ജമ്മു-കശ്മീരിൽ വീശുന്നത് മാറ്റത്തിന്റെ കാറ്റ്; തുല്യാവകാശവും തുല്യസൗകര്യങ്ങളും അടക്കം കശ്മീരികൾക്ക് കിട്ടുക അളവറ്റ പ്രയോജനങ്ങളെന്നും സ്വാതന്ത്ര്യദിനസന്ദേശത്തിൽ രാഷ്ട്രപതി; ജനങ്ങളെ കെട്ടിയിട്ടിരുന്ന ചങ്ങലയാണ് പൊട്ടിച്ചെറിഞ്ഞതെന്നും സ്ഥാപിതതാൽപര്യക്കാരും കുടുംബവാഴ്ചക്കാരും മാത്രമാണ് തീരുമാനത്തെ എതിർക്കുന്നതെന്നും പ്രധാനമന്ത്രി; പ്രശ്‌നത്തിൽ അന്താരാഷ്ട്രപിന്തുണ കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ യുദ്ധഭീഷണി മുഴക്കി വിരട്ടാൻ ഇമ്രാൻ ഖാന്റെ പാഴ്ശ്രമം; ഇന്ത്യ പൂർണസജ്ജം: രാജ്‌നാഥ് സിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും സംസ്ഥാനത്തെ രണ്ടുകേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതും മേഖലയിലെ ജനങ്ങൾക്ക് അളവറ്റ ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രത്തിന് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തുല്യാവകാശം, തുല്യാനുകൂല്യം, തുല്യ സൗകര്യങ്ങൾ ഇതെല്ലാം ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ പുരോഗമനപരവും, സമത്വത്തിൽ അധിഷ്ഠിതമായ നിയമങ്ങളാണ് നടപ്പിലാക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള അവകാശം, വിവരാവകാശം, ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, മുത്തലാഖ് നിരോധന നിയമം തുടങ്ങി മറ്റു സംസ്ഥാനങ്ങളിലുള്ളവരുടേതിന് സമാനമായ അവകാശങ്ങളും അംഗീകാരങ്ങളും ലഭ്യമാകും.

മുത്തലാഖ് നിർത്തലാക്കിയതോടെ ഇന്ത്യയുടെ പെൺമക്കൾക്ക് നീതി ലഭ്യമാകും. സുതാര്യവും സർവരെയും ഉൾക്കൊള്ളുന്നതുമായ ബാങ്കിങ് സംവിധാനം, ഓൺലൈൻ ഫ്രണ്ട്‌ലി നികുതി സംവിധാനം, നിയമാനുസൃതം പ്രവർത്തിക്കുന്ന സംരംഭകർക്ക് മൂലധനസമാഹരണത്തിനുള്ള എളുപ്പമാർഗ്ഗം എന്നിവയുടെ ആവശ്യകതയും രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു. പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ദീർഘവും ഫലപ്രദവുമായിരുന്നു. ക്രിയാത്മക ചർച്ചകളിലൂടെയും രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെയും നിരവധി സുപ്രധാന ബില്ലുകളാണ് പാസാക്കിയത്. അടുത്ത അഞ്ചുവർഷത്തേക്കുള്ള സൂചന മാത്രമാണിതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ഗാന്ധിജി ജീവിച്ചിരുന്ന കാലത്ത് നിന്നും തികച്ചും വിഭിന്നമാണ് സമകാലിക ഇന്ത്യ. എന്നിരുന്നാലും അദ്ദേഹം ഇപ്പോഴും പ്രസക്തമായി തുടരുന്നു. പ്രകൃതിസൗഹൃദപരമായി ജീവിക്കേണ്ടത് ഇക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

ചങ്ങല പൊട്ടിച്ചെറിഞ്ഞു; കശ്മീരിൽ സ്വപ്‌നങ്ങൾ യാഥാർഥ്യമാകും: മോദി

അതേസമയം, കാശ്മീരിലെ ജനങ്ങളെ കെട്ടിയിട്ടിരുന്ന ചങ്ങലയാണ് കേന്ദ്രസർക്കാർ പൊട്ടിച്ചെറിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാശ്മീരിൽ സർക്കാർ സ്വീകരിച്ച നടപടികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കുന്നവർ സ്ഥാപിത താൽപര്യക്കാരും, രാഷ്ട്രീയ കുടുംബവാഴ്ചക്കാരും, തീവ്രവാദത്തോട് സമരസപ്പെടുന്നവരുമാണ്. രാഷ്ട്രതാൽപര്യം കണക്കിലെടുത്താണ് 370 എടുത്തുകളഞ്ഞത്. രാഷ്ടീയം തെല്ലുമില്ല, മോദി പറഞ്ഞു.

അധികാരമെന്നത് ദൈവികാവകാശമാണെന്നായിരുന്നു കാശ്മീർ ഇതുവരെ ഭരിച്ചിരുന്നവർ കരുതിയിരുന്നത്. യുവാക്കൾ നേതൃത്വത്തിലേയ്ക്ക് എത്തുന്നതിൽ അവർക്ക് താത്പര്യമില്ല. കാശ്മീരിലെ പ്രാദേശിക രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഭരണത്തിന്റെ സുതാര്യതയും ഉത്തരവാദിത്വങ്ങളും മറയ്ക്കാനുള്ള ഉപാധിയായിരുന്നു. ഇത് റദ്ദാക്കിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും മോദി പറഞ്ഞു.സർക്കാർ ജമ്മു കാശ്മീരിലും ലഡാക്കിലും സ്വീകരിച്ച നടപടികളെ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് ഉപരിയായി ജനങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു. ഇനി ജമ്മു കാശ്മീരിലെ സാധാരണക്കാരുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അനുസരിച്ച് അവിടെ വികസനങ്ങൾ ഉണ്ടാവുമെന്ന കാര്യത്തിൽ ഉറപ്പ് നൽകാനാവുമെന്നും അദ്ദേഹം അറിയിച്ചു.

യുദ്ധഭീഷണിയുമായി ഇമ്രാൻ ഖാൻ

അതിനിടെ, അന്താരാഷ്ട്രതലത്തിൽ കശ്മീർ വിഷയത്തിന് പിന്തുണ ആർജ്ജിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണിയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തി. കശ്മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടാൻ തന്റെ രാജ്യത്തെ ജനങ്ങൾ തയ്യാറാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ താൻ ഒരിക്കലും ഇന്ത്യയ്ക്കെതിരല്ലെന്നും ഇന്ത്യ ഭരിക്കുന്ന നേതാക്കളുടെ ആശയങ്ങളെയാണ് എതിർക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു.

കശ്മീരിലെ ജനങ്ങളെ ബന്ദിയാക്കി ഇന്ത്യൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ പാക്കിസ്ഥാന് വിഷമമുണ്ട്. കശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെല്ലാം റദ്ദുചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരിക്കുന്ന മണ്ടത്തരം കാരണം ഇന്ത്യയ്ക്ക് ഏറെ വിലകൊടുക്കേണ്ടി വരും. കശ്മീർ ഇതുവരെ അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണിലുടക്കിയിരുന്നില്ല. എന്നാൽ ഇനി കാശ്മീർ പ്രശ്നം അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പാക്കിസ്ഥാൻ അവതരിപ്പിക്കും.താൻ സ്വയം കാശ്മീരിന്റെ ബ്രാൻഡ് അംബാസിഡറായി വിഷയം ലോകത്തിന്റെ ശ്രദ്ധയിൽ എത്തിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇക്കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി താൻ ആശയ വിനിമയം നടത്തിയതായും ഇമ്രാൻ വ്യക്തമാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കാൻ നേതാക്കൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

പാക് കുതന്ത്രങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് രാജ്‌നാഥ് സിങ്

ജമ്മു-കശ്മീരിൽ കുഴപ്പങ്ങളുണ്ടാക്കാൻ കുതന്ത്രങ്ങൾ തയ്യാറാക്കിയിരിക്കുകയാണ് പാക്കിസ്ഥാനെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിവിധ സേനകൾക്കുള്ള സന്ദേശത്തിൽ പറഞ്ഞു. താഴ് വരയിലെ സമാധാനം കെടുത്താൻ അവർ നിരന്തരം തീവ്രവാദികളെ അയയ്ക്കാൻ ശ്രമിക്കുകയാണ്. മോദിജിയുടെ നേതൃത്വത്തിൽ സൈന്യം വളരെ വേഗത്തിൽ ആധുനികവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മൂന്നുസേനകളും സംയുക്തമായി പ്രവർത്തിക്കണമെന്ന അദ്ദേഹത്തിന്റെ ദർശനം യാഥാർഥ്യമാക്കാനാണ് കഠിന പ്രയത്‌നം. ഇനിയുള്ള കാലത്ത് കര-വ്യോമ-നാവിക മേഖലകളിൽ മാത്രമായിരിക്കില്ല യുദ്ധം. ബഹിരാകാശത്തേക്കും സൈബർ സ്‌പേസിലേക്കും അതുനീളും. ഉഗപ്രഹവേധ മിസൈലായ ശക്തി ഇന്ത്യ മാർച്ച് 27 ന് പരീക്ഷിച്ചത് ഇത് മനസ്സിൽ കണ്ടിട്ടാണെന്നും രാജ്‌നാഥ് സിങ് തന്റെ സന്ദേശത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP