Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇനി 'രാവണന്റെ' പടയോട്ടമോ? ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു; ആസാദ് സമാജ് പാർട്ടി ലക്ഷ്യം വെക്കുന്നത് ദളിത് രാഷ്ട്രീയത്തിന് പുത്തൻ ഊർജ്ജമേകാൻ; കാൻഷിറാം ഉയർത്തിയ ആശയങ്ങൾ പൂർത്തിയാക്കുമെന്നും ഭീം ആർമി നേതാവിന്റെ ഉറപ്പ്; പാർട്ടി പ്രഖ്യാപനം നടത്തിയത് ബിഎസ്‌പി സ്ഥാപകന്റെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നോയിഡയിൽ സംഘടിപ്പിച്ച പരിപാടിയിൽ

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇനി 'രാവണന്റെ' പടയോട്ടമോ? ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു; ആസാദ് സമാജ് പാർട്ടി ലക്ഷ്യം വെക്കുന്നത് ദളിത് രാഷ്ട്രീയത്തിന് പുത്തൻ ഊർജ്ജമേകാൻ; കാൻഷിറാം ഉയർത്തിയ ആശയങ്ങൾ പൂർത്തിയാക്കുമെന്നും ഭീം ആർമി നേതാവിന്റെ ഉറപ്പ്; പാർട്ടി പ്രഖ്യാപനം നടത്തിയത് ബിഎസ്‌പി സ്ഥാപകന്റെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നോയിഡയിൽ സംഘടിപ്പിച്ച പരിപാടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദളിത് രാഷ്ട്രീയത്തിന് പുത്തൻ ഊർജ്ജമേകാൻ പുതിയ രാഷ്ട്രീയ പാർട്ടി. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാർട്ടി എന്നാണ് പുതിയ പാർട്ടിയുടെ പേര്. ബിഎസ്‌പി സ്ഥാപകൻ കാൻഷി റാമിന്റെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നോയിഡയിലാണ് പാർട്ടി പ്രഖ്യാപനം നടന്നത്. കാൻഷി റാം മുന്നോട്ട് വച്ച ദൗത്യം പൂർത്തിയാക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. പാർട്ടിയിലേക്ക് ആളുകളെ ക്ഷണിക്കാനായി വരും ദിവസങ്ങളിൽ ഉത്തർപ്രദേശിൽ പരിപാടികൾ സംഘടിപ്പിക്കും. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് പൊലീസ് പ്രഖ്യാപന സമ്മേളനത്തിന് അനുമതി നൽകിയിരുന്നില്ല. ഇതിനെതിരെ വലിയ വിമർശനം ഉയർന്നതോടെ പരിപാടി നടത്താൻ അനുമതി നൽകുകയായിരുന്നു.

ആസാദ് ബഹുജൻ പാർട്ടി, ബഹുജൻ അവാമി പാർട്ടി, ആസാദ് സമാജ് പാർട്ടി എന്നീ പേരുകളായി പാർട്ടിയുടെ ഔദ്യോഗിക പേരിൽ തെരഞ്ഞെടുത്തത്. ഭീം ആർമി സ്റ്റുഡൻസ് ഫെഡറേഷൻ (ബി എ എസ് എഫ്) എന്ന പേരിൽ വിദ്യാർത്ഥി സംഘടനയ്ക്ക് ഭീം ആർമി നേരത്തെ രൂപം നൽകിയിരുന്നു. രാഷ്ട്രീയ പാർട്ടി രൂപീരണത്തിന് ശേഷം, സാമൂഹ്യ - സാംസ്‌കാരിക സംഘടനയായി ഭീം ആർമി മാറുമെന്നും സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. ദളിത്, മുസ്ലിം, പിന്നാക്ക വിഭാഗക്കാരോട് പാർട്ടിയുമായി സഹകരിക്കാൻ ഭീം ആർമി അഭ്യർത്ഥിച്ചിട്ടുണ്ട്.

സിഎഎ, എൻആർസി വിരുദ്ധ സമരത്തിന്റെ പ്രധാനമുഖങ്ങളിൽ ഒന്നായിരുന്ന ചന്ദ്രശേഖർ ആസാദ് സമരപരിപാടികളുടെ ഭാഗമായി നേരത്തെ ജയിലിൽ അടക്കപ്പെട്ടിരുന്നു. 2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പുതിയ പാർട്ടി മത്സരിക്കും. ദളിത് വിഭാഗത്തിനൊപ്പം യുപിയിലെ മുസ്ലിം ജനവിഭാഗത്തിന്റെ ശക്തമായ പിന്തുണ ചന്ദ്രശേഖർ ആസാദിന് ലഭിക്കുമെന്നാണ് കരുതുന്നത്. ഡിസംബറിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ആ സമയമാണ് സിഎഎ എന്ന ഭരണഘടന വിരുദ്ധ നിയമം നടപ്പാക്കിയത്. പൗരത്വ നിയമത്തിനെതിരെ പോരാടുക എന്നതാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനേക്കാൾ പ്രധാനം എന്ന് ചന്ദ്രശേഖർ ആസാദ് നേരത്തേ പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രവർത്തനം തന്റെ ആഗ്രഹമായിരുന്നില്ലെന്നും പക്ഷേ സാഹചര്യങ്ങൾ നിർബന്ധിക്കുകയായരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഒബിസി വിഭാഗവും ദളിതുകളുമാണ് ബിജെപിയെ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. എന്നാൽ ഇവർ ഇപ്പോൾ ആസാദിനൊപ്പമാണ്. അദ്ദേഹം ചെറുപ്പക്കാരെ പ്രതിനിധീകരിക്കുന്ന നേതാവാണെന്നതും ഗുണകരമാണ്. ഇതെല്ലാം ബിജെപിയുടെയും നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ആസാദിന്റെ ദളിത്- മുസ്ലിം ഐക്യത്തെ നേരിടാൻ മികച്ച ഭരണമുണ്ടെങ്കിൽ മാത്രമേ യോഗിക്ക് സാധിക്കൂ.

ദളിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ഭീം ആർമി രൂപീകരിക്കുന്നത്. ഡോ.ബി.ആർ.അംബേദ്കറുടെയും ബിഎസ്‌പി സ്ഥാപകൻ കാൻഷി റാമിന്റെയും ആശയങ്ങളും പ്രവർത്തനങ്ങളുമായിരുന്നു പ്രചേദനം. നാല് വർഷങ്ങൾക്കിപ്പുറം കരുത്തുറ്റ ശക്തിയായി മാറിക്കഴിഞ്ഞു ആസാദും ഭീം ആർമിയും.

കഴിഞ്ഞ മൂന്ന് വർഷമായി ദളിത് യുവത്വത്തിന്റെ മുഖമാണ് ചന്ദ്രശേഖർ ആസാദ്. മനുഷ്യാവകാശലംഘനവും ചൂഷണങ്ങളും നേരിടേണ്ടിവരുന്ന ദളിത് വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി പൊതുധാരയിൽ തന്റെ സ്ഥാനമുറപ്പിക്കാൻ ആസാദിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പുതുചരിത്രം നമ്മൾ ഒന്നിച്ചെഴുതുമെന്ന് ആസാദ് പ്രഖ്യാപിക്കുമ്പോൾ ലക്ഷക്കണക്കിന് വരുന്ന ദളിത് യുവത്വം അത് ഏറ്റ് പറയുന്നുണ്ട്.താനുൾപ്പെടുന്ന ജനവിഭാഗം ദിവസേന നേരിടേണ്ടിവരുന്ന ജാതിവിവേചനത്തിലാണ് ആസാദിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറ.

കോളേജിൽ കുടിവെള്ളത്തിനും വൃത്തിയുള്ള ബെഞ്ചുകൾക്കും വേണ്ടി ദളിത് യുവാക്കൾ നേരിടേണ്ടിവന്ന വിവേചനത്തിന്റെ ഫലമായി പിറവികൊണ്ട പ്രസ്ഥാനമാണ് ആസാദിന്റെ ഭീം ആർമി. എഎച്ച്പി കോളേജിലെ ഠാക്കൂർ വിദ്യാർത്ഥികൾ കുടിവെള്ളത്തിന്റെ പേരിൽ ദളിത് വിദ്യാർത്ഥികളെ ആക്രമിച്ചതാണ് ഭീം ആർമിയുടെ തുടക്കത്തിന് കാരണമായത്. ഠാക്കൂർ വിദ്യാർത്ഥികൾ കുടിക്കുന്നതിന് മുമ്പേ വെള്ളം കുടിച്ചതിനാണ് ദളിത് വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടത്. ദളിത് വിദ്യാർത്ഥികൾ അപമാനിക്കപ്പെടുകയും ക്ലാസ് മുറിയിൽ ഠാക്കൂർ വിദ്യാർത്ഥികൾ ഇരിക്കുന്ന ബെഞ്ചുകൾ തുടയ്ക്കാൻ നിർബന്ധിതരാവുകയും ചെയ്തു. ഈ പ്രശ്‌നത്തോടെയാണ് ഭീം സേന രൂപീകരിക്കപ്പെട്ടത്.

2017ൽ സഹരൻപൂരിൽ ദളിതരും ഠാക്കൂർമാരും തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് ഭീം ആർമി ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. സംഘർഷത്തെത്തുടർന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 16 മാസങ്ങൾ ആസാദ് ജയിലിൽ കിടക്കേണ്ടി വന്നു. ജയിൽവാസം ആസാദിന്റെ സ്വീകാര്യത വർധിപ്പിക്കുകയാണ് ചെയ്തത്. ദളിത് വിഭാഗങ്ങളിൽ ആസാദ് കൂടുതൽ ജനകീയനായി.

1986 നവംബർ ആറിന് ചുട്ട്മാൽപ്പൂരിലായിരുന്നു ചന്ദ്രശേഖർ ആസാദിന്റെ ജനനം. ഹൈസ്‌കൂൾ അദ്ധ്യാപകനായി വിരമിച്ച ഗോവർധൻ ദാസാണ് ആസാദിന്റെ പിതാവ്. രണ്ട് സഹോദരന്മാരാണ് ആസാദിനുള്ളത്. ലഖ്‌നൗ സർവ്വകലാശാലയിൽ നിന്നാണ് ആസാദ് നിയമബിരുദം നേടിയത്. പഠനകാലത്ത് ആർഎസ്എസ് പ്രവർത്തകനായിരുന്നു ആസാദ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, സംഘടനയിലെ സവർണമേൽക്കോയ്മയും ജാതീയമായ അടിച്ചമർത്തലുകളും ആസാദിനെ തിരുത്തിച്ചിന്തിപ്പിക്കുകയായിരുന്നു. നിയമപഠനത്തിൽ ഉന്നതപഠനത്തിനായി ആറുവർഷം മുമ്പ് അമേരിക്കയിൽ പോവേണ്ട ആളായിരുന്നു ആസാദ് എന്ന് മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. അസുഖബാധിതനായ പിതാവിനെ വിട്ടുപോവാനുള്ള മടി കൊണ്ട് പഠനം വേണ്ടെന്ന് വയ്ക്കുകയായിരുന്നത്രേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP