Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

പൗരത്വ ഭേദഗതിനിയമത്തിനെതിരായ പ്രതിഷേധസമരം കൈവിട്ട കളിയാകുന്നു; ആശങ്കയേറ്റി വ്യാഴാഴ്ച മൂന്നുമരണങ്ങൾ; മംഗളൂരുവിൽ രണ്ടുപേരും ലക്‌നൗവിൽ ഒരാളും പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു; മംഗളൂരുവിൽ കൊല്ലപ്പെട്ടത് ജലീലും നൗഷിനും; ലക്നൗവിൽ തീവച്ച് നശിപ്പിച്ചത് ബസുകളും ഒബിവാനുകളുമടക്കം 37 വാഹനങ്ങൾ; മധ്യപ്രദേശിലെ 44 ജില്ലകളിൽ 144 പ്രഖ്യാപിച്ചു; നിരോധനാജ്ഞ ലംഘിച്ച നൂറുകണക്കിന് പേർ കസ്റ്റഡിയിൽ; ഭേദഗതി നിയമത്തിൽ മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ലെന്ന് ബിജെപി

പൗരത്വ ഭേദഗതിനിയമത്തിനെതിരായ പ്രതിഷേധസമരം കൈവിട്ട കളിയാകുന്നു; ആശങ്കയേറ്റി വ്യാഴാഴ്ച മൂന്നുമരണങ്ങൾ; മംഗളൂരുവിൽ രണ്ടുപേരും ലക്‌നൗവിൽ ഒരാളും പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു; മംഗളൂരുവിൽ കൊല്ലപ്പെട്ടത് ജലീലും നൗഷിനും; ലക്നൗവിൽ തീവച്ച് നശിപ്പിച്ചത് ബസുകളും ഒബിവാനുകളുമടക്കം 37 വാഹനങ്ങൾ;  മധ്യപ്രദേശിലെ 44 ജില്ലകളിൽ 144 പ്രഖ്യാപിച്ചു; നിരോധനാജ്ഞ ലംഘിച്ച നൂറുകണക്കിന് പേർ കസ്റ്റഡിയിൽ; ഭേദഗതി നിയമത്തിൽ മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ലെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: പൗരത്വ ഭേദഗതിനിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തിനിടെ ആശങ്ക കൂട്ടി മൂന്നുമരണങ്ങൾ. പൊലീസ് വെടിവയ്പിൽ പരുക്കേറ്റ മൂന്നുപേരാണ് മരിച്ചത്. രണ്ടു പേർ മംഗളൂരുവിലും ഒരാൾ ലക്നൗവിലുമാണ് മരിച്ചത്. ജലീൽ, നൗഷിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹം മംഗളൂരു ഗവൺമെന്റ് വെൻലോക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മംഗളൂരുവിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചേക്കുമെന്ന സൂചന കിട്ടിയതോടെയാണ് പൊലീസ് വെടിവയ്പു നടത്തിയതെന്നാണ് റിപ്പോർട്ട്. വെടിവെപ്പിലും ലാത്തിച്ചാർജിലും നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. നോർത്ത്, സൗത്ത്, ഈസ്റ്റ്, ബാർക്കെ, ഉർവ്വെ സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. മംഗളൂരുവിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

ലക്‌നൗവിലെ ഹസ്രത്ഗഞ്ചിൽ പ്രക്ഷോഭകർ പൊലീസിനു നേരേ കല്ലെറിയുകയും 20ഓളം വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നു പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. വെടിവയ്പിൽ പരുക്കേറ്റയാളാണ് മരിച്ചതെന്നാണ് സൂചന. മരിച്ചയാൾ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയതല്ല സാധനങ്ങൾ വാങ്ങാൻ പോയതാണെന്നും പിതാവ് പ്രതികരിച്ചു. മധ്യപ്രദേശിലെ 44 ജില്ലകളിൽ 144 പ്രഖ്യാപിച്ചു. അഹമ്മദാബാദിൽ പ്രധാനമായി രണ്ട് അക്രമസംഭവങ്ങളാണുണ്ടായത്. 50 പേരെ അറസ്റ്റ ്‌ചെയ്തു. വീഡിയോ ഫുട്ടേജ് പരിശോധിച്ച് കൂടുതൽ പേർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. ഡൽഹിയിൽ ചെങ്കോട്ട ഭാഗത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 1200 പേരെ നിരോധനാജ്ഞ ലംഘിച്ചതിന് കസ്റ്റഡിയിലെടുത്തു.

ലക്‌നൗവിലെ സംഭവവികാസങ്ങൾ ദുഃഖകരം എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് പ്രതികരിച്ചു. യോഗി ആദിത്യനാഥുമായി സംസാരിച്ചെന്ന് ലക്‌നൗ എംപി കൂടിയായ രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിഷേധത്തിനിടെ ലക്നൗവിൽ 37 വാഹനങ്ങളെങ്കിലും അഗ്‌നിക്കിരയാക്കിയെന്നാണ് വിവരം. മാധ്യമസ്ഥാപനങ്ങളുടെ നാല് ഓബി വാനുകളും ഇതിൽ പെടും. മൂന്ന് ബസുകളും 10 കാറുകളും 20 ബൈക്കുകളുമാണ് കത്തിച്ചത്. ലക്‌നൗവിൽ 55 പേരെ ഇതിനകം അറസ്റ്റ് പേരും അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും, ആരെയും വെറുതെ വിടില്ലെന്നും ലക്‌നൗ എസഎസ്‌പി പറഞ്ഞു.

അതേസമയം പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രതിഷേധം അക്രമത്തിലേക്ക് പോകാൻ അനുവദിക്കില്ല. കടുത്ത നടപടികളുണ്ടാവും. പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞു.ലക്‌നൗവിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സംഘർഷം പടർന്നു. വൻതോതിൽ അക്രമങ്ങൾ അരങ്ങേറുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചെങ്കിലും ഒന്നും നടന്നില്ല.

ലക്‌നൗ നഗരത്തിലെ ഓൾഡ് സിറ്റി മേഖലയിലാണ് പ്രതിഷേധം അണപൊട്ടിയത്. പ്രതിഷേധസാധ്യത മുന്നിൽ കണ്ട് ഇവിടെ വൻതോതിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ലൗക്‌നൗ കൂടാതെ ഡൽഹി-യുപി അതിർത്തി പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിലെ സംമ്പാലിൽ ഇതിനോടകം ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.

അടിയന്തര യോഗം വിളിച്ച് അമിത്ഷാ

പൗരത്വ ഭേദഗതിനിയമത്തെ ചൊല്ലിയുള്ള പ്രക്ഷോഭം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതോടെ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം അടിയന്തര യോഗം വിളിച്ചു. സ്ഥിതിഗതികൾ വിലയിരുത്താനാണ് ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചത്. ദേശീയ സുരക്ഷാ ഉപേദഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല എന്നിവരുടെ യോഗം പ്രതിഷേധസമരം അക്രമത്തിലേക്ക് വഴുതി മാറിയതോടെയാണ് അനിവാര്യമായത്. തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളുമാണ് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പ്രചരിപ്പിക്കുന്നതെന്ന് ജി.കിഷൺ റെഡ്ഡി പറഞ്ഞു. നിയമത്തെ ചിലർ മതവുമായി കൂട്ടിക്കുഴച്ച് ആളുകളെ തെരുവിലിറക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും അടക്കം രാഷ്ട്രീയ ലാഭത്തിനായി തെരുവിലിറക്കുകയാണ്, അദ്ദേഹം പറഞ്ഞു. അതേസമയം, മഹാരാഷ്ട്രയിൽ പൗരത്വ നിയമം നടപ്പാക്കിലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു. തങ്ങൾ ആരുടെയും കാരുണ്യത്തിലല്ല കഴിയുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. പൗരത്വ നിയമത്തിലും പൗരത്വ രജിസ്റ്ററിലും യുഎൻ നിരീക്ഷണത്തിൽ ജനഹിത പരിശോധന നടത്തണമെന്നും മമത ആവശ്യപ്പെട്ടു.

നിരോധനാജ്ഞ ലംഘിച്ച് സമരക്കാർ

നിരോധനാജ്ഞ ലംഘിച്ചും പൊലീസുമായി ഏറ്റുമുട്ടിയുമായി പലയിടത്തും സമരക്കാർ പ്രതിഷേധം അറിയിച്ചത്. ലക്‌നൗവിലും അഹമ്മദാബാദിലും വിശേഷിച്ചും. ഡൽഹിയിൽ പ്രതിഷേധക്കാർ ഓൾഡ് ഡൽഹിയിലെ സുനേഹരി മസ്ജിദിന്റെ അടുത്താണ് ഒത്തുകൂടിയത്. ചെങ്കോട്ടയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസ് ഇവരെ നേരിട്ടു. ചെങ്കോട്ടയിലേക്ക് ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളും പ്രതിഷേധ മാർച്ച് നടത്തി. ചെങ്കോട്ടയിലും നിരോധനാജ്ഞ മറികടന്ന് പ്രതിഷേധച്ച നൂറുകണക്കിന് വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു നീക്കി. പ്രമുഖരിൽ പലരെയും കസ്റ്റഡിയിലെടുത്തു. ചരിത്രകാരൻ രാനചന്ദ്രഗുഹയെ ബെഗളൂരുവിലും, സിപിഎം നേതാവ് സീതാറാം യെച്ചൂരിയെയും, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയെയും സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിനെ ഡൽഹിയിലും കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചത്. ഡൽഹിയിൽ മണ്ഡി ഹൗസിലേക്കും ജന്തർ മന്ദറിലേക്കും ഇടതു നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. നിരോധനാജ്ഞ മറികടന്ന് നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് യെച്ചൂരിയെയും രാജയെയും അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധവുമായി ജന്തർ മന്ദറിലെത്തിയ മുതിർന്ന ഇടതു നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ആനി രാജ തുടങ്ങിയവരെയും പൊലീസ് തടഞ്ഞു.

ഡൽഹിയിൽ ചില ഭാഗങ്ങളിൽ മൊബൈൽ-ഇന്റർനെറ്റ് കണ്ക്ടിറ്റിവിറ്റിയും നിലച്ചു. 20 മെട്രോ സ്‌റ്റേഷനുകൾ അടച്ചിരിക്കുകയാണ്. ഇതോടെ ഡൽഹിയിൽ കടുത്ത ഗതാഗത തടസ്സവും അനുഭവപ്പെടുന്നു. തങ്ങളുടെ ജീവനക്കാർ ഗതാഗത കുരുക്കിൽ പെട്ടതോടെ, ഇൻഡിഗോ 19 ഫ്‌ളൈറ്റുകൾ റദ്ദാക്കി.ഉത്തർപ്രദേശിലും പ്രതിഷേധം വ്യാപിക്കുകയാണ്. ലക്‌നൗവിലും പ്രതിഷേധം അക്രമാസക്തമാണ്. പൊലീസ് പോസ്റ്റിന് പുറത്ത് പാർക്ക് ചെയ്ത വാഹനങ്ങൾക്ക് തീയിട്ടു. കല്ലേറുമുണ്ടായി. 20 ഓളം പേരെ കസ്‌ററഡിയിലെടുത്തു. സംബാൽ ജില്ലയിൽ പ്രതിഷേധക്കാർ സർക്കാർ ബസുകൾ കത്തിച്ചു. പൊലീസ് വാഹനങ്ങൾ തകർത്തു.

കർണാടകത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണെങ്കിവും തലസ്ഥാനമായ ബെംഗളൂരുവിൽ സമരക്കാർ തെരുവിലിറങ്ങി. 100 ലേറെ പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തിലാകട്ടെ, അഹമ്മദാബാദിലെ സർദർ ബോഗിൽ സമരക്കാർക്ക് നേരെ ലാത്തിചാർജ്ജ് നടത്തി. സിപിഐയും സിപിഎമ്മുമാണ് ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചത്. ബില്ലിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.കർണാടകയുടെ മറ്റ് മേഖലകളിലേക്കും പ്രതിഷേധം പടരുകയാണ്. കൽബുർഗി, ഹാസൻ, മൈസൂരു എന്നിവടങ്ങളിലും പ്രതിഷേധക്കാർ തെരുവിലിറങ്ങിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിന് പിന്നാലെ കർണാടകയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചും നൂറുകണക്കിനാളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. രാവിലെയുണ്ടായ പ്രതിഷേധത്തിനിടെ കർണാടക പൊലീസ് വിദേശ വനിതയെയും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി. താൻ പ്രതിഷേധിക്കാൻ എത്തിയതല്ലെന്ന് ഇവർ പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല.

തെലുങ്കാനയിൽ പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ നൂറോളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സമര സ്ഥലത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബസ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പൊലീസ് കസ്റ്റഡിയിലാണ്.

ചെന്നൈയിലും പ്രതിഷേധ മാർച്ചുകൾക്ക് പൊലീസ് നിരോധനം ഏർപ്പെടുത്തി. മദ്രാസ് സർവകലാശാലയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച 15 വിദ്യാർത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് വിദ്യാർത്ഥികൾ സർവകലാശാലയുടെ പ്രവേശന കവാടം ഉപരോധിച്ച് കുത്തിയിരിപ്പ് സമരം നടത്തി. പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.തമിഴ്‌നാട് കടലൂർ വിമൺസ് കോളജിലും രാമനാഥപുരം സയിദ് കോളജിലും പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലുത്തിട്ടുണ്ട്. പോണ്ടിച്ചേരി സർവകലാശാലയിലും പ്രതിഷേധ മാർച്ചും ഐക്യദാർഡ്യ പ്രകടനങ്ങളും നടന്നു.

ഗുജറാത്ത്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം ആളിക്കത്തി. ഇരു സംസ്ഥാനങ്ങളിലും നിരവധി പേർ കസ്റ്റഡിയിലായതായാണ് വിവരം.കേരളത്തിലും ബില്ലിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇന്ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. ഡൽഹിയിലെ മലയാളി വിദ്യാർത്ഥികളുടെ സംരക്ഷണം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായ്ക്ക് കത്തയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP