Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതിയെ എതിർത്ത് പ്രമേയം പാസാക്കിയതോടെ തീരില്ല പ്രതിഷേധം; ഭേദഗതിയെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി പിണറായി; സമാന അഭിപ്രായമുള്ളവർ കേരളത്തെ മാതൃകയാക്കണമെന്നും എൻപിആർ നടപടികൾ കേരളം നിർത്തി വച്ചിരിക്കുകയാണെന്നും കത്തിൽ; പ്രതിപക്ഷ പാർട്ടികൾ മുഴുവൻ ബിജെപിക്കെതിരെ രംഗത്ത് വന്നാലും പൗരത്വ നിയമഭേദഗതിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് അമിത്ഷാ

പൗരത്വ ഭേദഗതിയെ എതിർത്ത് പ്രമേയം പാസാക്കിയതോടെ തീരില്ല പ്രതിഷേധം; ഭേദഗതിയെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി പിണറായി; സമാന അഭിപ്രായമുള്ളവർ കേരളത്തെ മാതൃകയാക്കണമെന്നും എൻപിആർ നടപടികൾ കേരളം നിർത്തി വച്ചിരിക്കുകയാണെന്നും കത്തിൽ; പ്രതിപക്ഷ പാർട്ടികൾ മുഴുവൻ ബിജെപിക്കെതിരെ രംഗത്ത് വന്നാലും പൗരത്വ നിയമഭേദഗതിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് അമിത്ഷാ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വനിയമത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ബിജെപി ഇതരസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് പിണറായി കത്തച്ചത്. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, ബിഹാർ തുടങ്ങിയ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്ത്.

നിയമസഭ പാസാക്കിയ പ്രമേയത്തെക്കുറിച്ചും കത്തിൽ പറയുന്നുണ്ട്. സമാന അഭിപ്രായമുള്ള സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. എൻപിആർ നടപടികൾ കേരളം നിർത്തിവച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.

പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് യോജിച്ച് പ്രവർത്തിക്കാനും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും തയ്യാറാവണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കപ്പെടുമെന്ന ആശങ്കയെ തുടർന്ന് കേരളം എൻപിആർ നടപടികൾ നിർത്തിവച്ചിരിക്കുകയാണെന്നും പൗരത്വ ഭേദഗതി നിയമം രാജ്യം ഉയർത്തിപിടിക്കുന്ന മതേതരമൂല്യങ്ങൾക്ക് എതിരായിരുന്നു എന്നതിൽ ആശങ്കയും പ്രതിഷേധവും പ്രകടിപ്പിച്ചും കേരള നിയമസഭ പ്രമേയം പാസാക്കിയെന്ന കാര്യവും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവർക്കാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.ഇതോടെ, പ്രമേയം പാസാക്കിയതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും.

അതേസമയം,പ്രതിപക്ഷ പാർട്ടികൾ മുഴുവൻ ബിജെപിക്കെതിരെ രംഗത്ത് വന്നാലും പൗരത്വ നിയമഭേദഗതിയിൽ ഒരിഞ്ച് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ വ്യാജ വാർത്തകൾ എത്ര വേണമെങ്കിലും പ്രതിപക്ഷത്തിന് പ്രചരിപ്പിക്കാമെന്നും അമിത് ഷാ പറഞ്ഞു. ജോധ്പൂരിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം.പൗരത്വ നിയയമഭേദഗതി രാഹുൽ വായിക്കണം. അതിന് ശേഷം രാഹുൽ ഗാന്ധിയുമായി ചർച്ചക്ക് തയാറാണ്. രാഹുൽ ഗാന്ധിക്ക് നിയമം വായിക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് ഇറ്റാലിയനിലേക്ക് പരിഭാഷപ്പെടുത്തി കൊടുക്കാമെന്നും അമിത് ഷാ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നത്

ദേശീയ പൗരത്വ രജിസ്റ്ററിനെ(എൻ സി ആർ)ക്കുറിച്ച് രാജ്യത്ത് എല്ലായിടത്തും കടുത്ത ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ പി ആർ) പ്രവർത്തനങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ പി ആർ) പ്രവർത്തനങ്ങൾ കേരളത്തിൽ നിർത്തിവെച്ചിരിക്കുകയാണ്.

ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഒത്തൊരുമിച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ തയാറാകണം.

ചരിത്രപരമായി നിരവധി വെല്ലുവിളികളെ അതിജീവിച്ചതാണ് നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ സവിശേഷ മൂല്യം. ഇന്നത്തെ ഈ പ്രതിസന്ധി മറികടന്ന് അത് കൂടുതൽ ശക്തിയാർജ്ജിക്കുക തന്നെ ചെയ്യും.

പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ ഡിസംബർ 31 ന് പാസാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആ പ്രമേയം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം എന്ന അഭിപ്രായമുള്ള സംസ്ഥാനങ്ങൾ സമാനമായ നടപടികളിലേക്കു നീങ്ങുന്നത് പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അങ്ങനെയുള്ള നീക്കം പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വക്താക്കളുടെ കണ്ണ് തുറപ്പിക്കും എന്ന് നമ്മുക്ക് പ്രത്യാശിക്കാം.

വിമർശനങ്ങൾക്ക് മറുപടിയുമായി സ്പീക്കർ

അതേസമയം, പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ കേന്ദ്രസർക്കാരും ബിജെപിയും ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്തെത്തി. നിയമസഭയുടെ അധികാര പരിധിയിൽ നിന്നുകൊണ്ടാണ് പ്രമേയം പാസാക്കിയതെന്നും പ്രമേയം പാസാക്കരുതെന്ന് ഭരണഘടനയിൽ പറയുന്നില്ലെന്നും സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്നായിരുന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന. കേന്ദ്രം പാസാക്കിയ നിയമം നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും പ്രമേയം പാസാക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്നുമായിരുന്നു ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും അഭിപ്രായപ്പെട്ടത്. രാജ്യസഭയിലെ അവകാശ സമിതി അംഗങ്ങളിൽ ഭൂരിപക്ഷവും കേരള നിയമസഭാ പ്രമേയത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. പ്രമേയം പാസാക്കിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി സമിതി പരിശോധിച്ചത്. എന്നാൽ മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള അവകാശ ലംഘന നോട്ടീസ് ചർച്ചയായില്ല.

ഗവർണർക്കെതിരെ സിപിഎമ്മും സിപിഐയും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിർത്ത ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനവുമായി, സിപിഎമ്മും രംഗത്ത്. പ്രമേയം നിയമ വിരുദ്ധമെന്ന ഗവർണറുടെ പരസ്യ വിമർശനമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.

ഗവർണർ ബിജെപി സംസ്ഥാന അധ്യക്ഷൻ കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. ഗവർണർ സകല പരിധികളും ലംഘിച്ചെന്നും ഗവർണറുടെ രാഷ്ട്രീയക്കളി കേരളത്തിൽ ചെലവാകില്ലെന്നും കോടിയേരി പറഞ്ഞു. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത ജൽപ്പനങ്ങളാണ് സംസ്ഥാന ഗവർണർ നടത്തിക്കൊണ്ടിരിക്കുന്നതെന്നു പറഞ്ഞ കോടിയേരി ഏത് നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ചൂണ്ടിക്കാണിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനങ്ങളുമായി സിപിഐ നേരത്തെ രംഗത്തെത്തിയിരുന്നു. നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ തുറന്നടിച്ചു. ഗവർണർ ബിജെപിയുടെ മൈക്ക് ആയി മാറരുതെന്ന് പറഞ്ഞ പന്ന്യൻ രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുതെന്നും വ്യക്തമാക്കി. ഗവർണർ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും അതിന് ഗവർണർ പദവി രാജി വയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP