Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജസ്ഥാൻ രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത വഴിത്തിരിവ്; അശോക് ​ഗെലോട്ട് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് ബിജെപി; പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയ പാർട്ടി തീരുമാനം വ്യക്തമാക്കിയത് നാളെ മുതൽ പ്രത്യേക നിയമസഭ സമ്മേളനം ചേരാനിരിക്കെ; വിമത നീക്കത്തെ അതിജീവിച്ചെങ്കിലും ജാ​ഗ്രത കൈവിടാതെ കോൺ​ഗ്രസും

രാജസ്ഥാൻ രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത വഴിത്തിരിവ്; അശോക് ​ഗെലോട്ട് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് ബിജെപി; പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയ പാർട്ടി തീരുമാനം വ്യക്തമാക്കിയത് നാളെ മുതൽ പ്രത്യേക നിയമസഭ സമ്മേളനം ചേരാനിരിക്കെ; വിമത നീക്കത്തെ അതിജീവിച്ചെങ്കിലും ജാ​ഗ്രത കൈവിടാതെ കോൺ​ഗ്രസും

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: രാജസ്ഥാനിൽ കോൺ​ഗ്രസിലെ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായിട്ടും സംസ്ഥാനത്തെ രാഷ്ട്രീയ നാടകങ്ങൾക്ക് അന്ത്യമാകുന്നില്ല. അശോക് ​ഗെലോട്ട് സർക്കാരിനെതിരെ നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ബിജെപി പാർലമെന്ററി പാർട്ടി യോ​ഗം തീരുമാനിച്ചിരിക്കുന്നത്. സച്ചിൻ പൈലറ്റ് കോൺ​ഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തിയതിനെ അതിജീവിച്ച സംസ്ഥാന സർക്കാരിന് നിലവിൽ ഭീഷണിയില്ലെങ്കിലും ബീജെപിയുടെ നീക്കത്തെ അതീവ ശ്രദ്ധയോടെയാണ് ​ഗെലോട്ടും കൂട്ടരും നോക്കി കാണുന്നത്.

നാളെ ആരംഭിക്കാനിരിക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയ വ്യക്തമാക്കിയത്.രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂപപ്പെട്ടതിനു ശേഷം ബിജെപി. എംഎൽഎമാർ ചേർന്ന ആദ്യ യോഗമായിരുന്നു ഇന്നത്തേത്. ബിജെപിയും സഖ്യകക്ഷികളും ചേർന്ന് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് കടാരിയ വ്യക്തമാക്കിയിട്ടുള്ളത്. നിയമസഭ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വസുന്ധര രാജെയും രാജസ്ഥാനിലെ മറ്റ് മുതിർന്ന ബിജെപി. നേതാക്കളും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

കോൺഗ്രസ് ഹൈക്കമാൻഡ് ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റുമായി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് രാജസ്ഥാനിലെ പ്രതിസന്ധിക്ക് വിരാമമായത്. സച്ചിൻ ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിക്കാൻ ഹൈക്കമാൻഡ് മൂന്നംഗ സമിതിയെ നിയോഗിച്ചു. കോൺഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാൽ, അഹമ്മദ് പട്ടേൽ എന്നിവരാണ് സമിതിയുള്ളത്.

2018ൽ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറിയതിനും മുമ്പുതന്നെ ​ഗെലോട്ടും പൈലറ്റും തമ്മിലുള്ള പ്രശ്‌നം ആരംഭിച്ചിരുന്നു. സ്ഥാനാർത്ഥി നിർണയം മുതൽ അസ്വാരസ്യങ്ങൾ രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി ഹൈക്കമാൻഡ് ഗെലോട്ടിനെ മൂന്നാം വട്ടം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതോടെ അസ്വസ്ഥതയേറുകയായിരുന്നു. 2013 ലെ ദയനീയ പരാജയത്തിന് ശേഷം പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സംസ്ഥാനത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ച തന്നെ തഴഞ്ഞ നീക്കമാണ് പൈലറ്റിനെ ചൊടിപ്പിച്ചത്.

അധികാരമേറ്റെടുത്തതിന് ശേഷം വകുപ്പ് വിഭജനത്തെച്ചൊല്ലിയും തർക്കം തുടർന്നു. തുടർന്ന് അന്നത്തെ കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടു. ധനകാര്യം, ആഭ്യന്തരം തുടങ്ങിയ ഒമ്പത് വകുപ്പുകൾ ഗെലോട്ട് കൈക്കലാക്കിയതായിരുന്നു പ്രശ്‌നമുണ്ടാക്കിയത്. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗെലോട്ട് ജെയ്പൂർ സീറ്റ് മകൻ വൈഭവിനുവേണ്ടി മാറ്റിവെച്ചതും പൈലറ്റിനെ അസ്വസ്ഥനാക്കി. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം സച്ചിൻ പൈലറ്റ് ക്യാമ്പ് ഗെലോട്ടിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ജൂലൈ മാസം ആദ്യം സച്ചിൻ പൈലറ്റ് പൈലറ്റും സംഘവും കലാപക്കൊടി ഉയർത്തിയതോടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂപം കൊണ്ടത്. സച്ചിൻ പൈലറ്റ് ബിജെപിയിലെത്തുമെന്നും ഗഹലോത്ത് സർക്കാർ താഴെ വീഴുമെന്നും റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ സമവായശ്രമങ്ങൾ വിജയം കണ്ടതോടെ തിങ്കളാഴ്ച സച്ചിനും സംഘവും വീണ്ടും കോൺഗ്രസ് പാളയത്തിലെത്തി.

രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമായതോടെ, മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ കഴിഞ്ഞ ദിവസം തലസ്ഥാനമായ ജയ്പൂരിലേക്ക് തിരിച്ചു. ജയ്സാൽമീറിലെ സൂര്യഗാർഹ് ഹോട്ടലിൽ താമസിച്ചിരുന്ന എംഎൽഎമാരാണ് തലസ്ഥാനത്തേക്ക് തിരിച്ചത്. പാട്ടുംപാടി ആഹ്ലാദപൂർവ്വമായിട്ടിയുരുന്നു എംഎൽഎമാരുടെ വിമാനത്താവളത്തിലേക്കുള്ള യാത്ര. ഇതിന്റെ വീഡിയോ പുറത്തുവന്നു. സച്ചിൻ പക്ഷത്തേക്ക് കൂറുമാറുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് എംഎൽഎമാരെ ജയ്സാൽമീറിൽ പാർപ്പിച്ചത്.

സുഹൃത്തുക്കൾ തിരിച്ചുവന്നുവെന്നും, സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു. എംഎൽഎമാർക്കിടയിൽ അസംതൃപ്തി ഉണ്ടാകുക സ്വാഭാവികമാണ്. ഒരു മാസം നീണ്ടു നിന്ന സംഭവവികാസങ്ങൾക്ക് അറുതിയായി. ഇനി അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അശോക് ഗെഹലോട്ട് പറഞ്ഞു. ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരും. നീണ്ട നാളുകൾക്ക് ശേഷം എംഎൽഎമാരെല്ലാം ഒരുമിച്ചുകൂടി. ഇത് രാജസ്ഥാനിലെ ജനങ്ങളുടെ വിജയമാണ്. ജനങ്ങളെയും സംസ്ഥാനത്തെയും സേവിക്കുക എന്നതാണ് തങ്ങളുടെ കടമയെന്നും മുഖ്യമന്ത്രി ഗെഹലോട്ട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP