Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരുണാചൽ പ്രദേശിൽ കോൺഗ്രസ് എംഎൽഎമാരെ കൂട്ടത്തോടെ അടർത്തിയെടുത്തു; മധ്യപ്രദേശിൽ ഭരണം പിടിച്ചത് സിന്ധ്യയെ മറുകണ്ടം ചാടിച്ച്; കർണാടകത്തിൽ കോൺഗ്രസ് എംഎൽഎമാരെ കാശെറിഞ്ഞു വിലയ്ക്കു വാങ്ങി; ഒടുവിൽ ഒരു എംഎൽഎ പോലും ഇല്ലാതിരുന്നിട്ടും പുതുച്ചേരിയെ അട്ടിമറിച്ചു; ഭൂരിപക്ഷമുള്ള സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി തന്ത്രം

അരുണാചൽ പ്രദേശിൽ കോൺഗ്രസ് എംഎൽഎമാരെ കൂട്ടത്തോടെ അടർത്തിയെടുത്തു; മധ്യപ്രദേശിൽ ഭരണം പിടിച്ചത് സിന്ധ്യയെ മറുകണ്ടം ചാടിച്ച്; കർണാടകത്തിൽ കോൺഗ്രസ് എംഎൽഎമാരെ കാശെറിഞ്ഞു വിലയ്ക്കു വാങ്ങി; ഒടുവിൽ ഒരു എംഎൽഎ പോലും ഇല്ലാതിരുന്നിട്ടും പുതുച്ചേരിയെ അട്ടിമറിച്ചു; ഭൂരിപക്ഷമുള്ള സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി തന്ത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിശ്വാസ വോട്ടിൽ അടിതെറ്റി വി.നാരായണ സാമി സർക്കാർ രാജിവച്ചതോടെ, ദക്ഷിണേന്ത്യയിലെ കോൺഗ്രസ് ഭരണത്തിന് അന്ത്യമാകുകയാണ്. ഇപ്പോൾ ദക്ഷിണേന്ത്യയിൽ കോൺഗ്രസ് നേരിട്ടോ സഖ്യമായോ ഭരിക്കുന്ന സംസ്ഥാനവും ഇല്ലാതായി. ഇനി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കേരളവും തമിഴ്‌നാടുമാണ് കോൺഗ്രസ് പ്രതീക്ഷ വെക്കുന്ന സംസ്ഥാനങ്ങൾ. അതേസമയം എതിരാളികളെ വീഴ്‌ത്തുന്നതിൽ രാഷ്ട്രീയ ധാർമികത ബാധകമല്ലെന്നു പലവട്ടം തെളിയിച്ച ബിജെപി 'ഓപ്പറേഷൻ പുതുച്ചേരിയുടെ' ആദ്യഭാഗം വിജയകരമായി പൂർത്തിയാക്കി. ഇനി ബിജെപി എംഎൽഎമാരെ വിജയിപ്പിച്ചെടുക്കുക എന്ന തന്ത്രമാണ് വേണ്ടത്. അതിന് ബിജെപി എന്തു തന്ത്രമാണ് പയറ്റുക എന്ന് കണ്ടറിയണം.

അതേസമയം കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം രാഷ്ട്രീയ എതിരാളികൾ വിജയിച്ചാൽ പോലും അവരെ അട്ടിമറിച്ച് ഭരണം പിടിക്കുന്നത് പതിവ് പരിപാടിയായി മാറിയിട്ടുണ്ട്. അരുണാചൽ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചാണ് ബിജെപി അധികാരം പിടിച്ചത്. രണ്ടിടത്തും കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടുകയാണ് ഉണ്ടായത്. ബംഗാളിൽ അധികാരം പിടിക്കാൻ വേണ്ടി തൃണമൂൽ കോൺഗ്രസ് നേതാക്കളെ ദിവസം ചെല്ലുംതോറും അടർത്തിയെടുക്കുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. ഇവിടെ അധികാരം പോകാതെ പിടിച്ചു നിന്നത് മമത ബാനർജിയുടെ മികവു കൊണ്ട് മാത്രമാണ്.

അരുണാചൽ പ്രദേശിലായിരുന്നു വലിയ അട്ടിമറി ബിജെപി കളിച്ചത്. 2014 ൽ 60 അംഗസഭയിൽ 42 സീറ്റ് നേടി കോൺഗ്രസിനു വൻ വിജയം. ബിജെപിക്ക് 11 സീറ്റ്. നബാം തുക്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിസഭ അധികാരത്തിൽ വന്നു. പിന്നീട് കോൺഗ്രസിലെ പേമ ഖണ്ഡു മുഖ്യമന്ത്രിയായി. 2016 ൽ പേമ ഖണ്ഡു അടക്കം 41 കോൺഗ്രസ് എംഎൽഎമാരെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ എത്തിച്ചു. ആ വർഷം തന്നെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നു. 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുകയും ചെയ്തു.

2018ൽ സ്വതന്ത്രർ അടക്കം 121 പേരുടെ പിന്തുണയോടെയാണ് കോൺഗ്രസ് നേതാവ് കമൽനാഥ് മുഖ്യമന്ത്രി പദത്തിലെത്തിയത്. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തെ 26 കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്താണ് കമൽനാഥ് സർക്കാരിനെ ബിജെപി വീഴ്‌ത്തിയത്. തുടർന്ന് ബിജെപിയിലെ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി. 26 റിബൽ എംഎൽഎമാർ രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നടത്തിയപ്പോൾ കോൺഗ്രസിന്റെ 19 സീറ്റ് സ്വന്തമാക്കി ബിജെപി ഭരണം ഉറപ്പിച്ചു. പണക്കൊഴുപ്പിൽ തന്നെയായിരുന്നു മധ്യപ്രദേശിലെയും രാഷ്ട്രീയ അട്ടിമറി.

മണിപ്പൂരിൽ കോൺ്ഗ്രസിന് അധികാരം പിടിക്കാനുള്ള വഴി പോലും ബിജെപി ചെയ്തില്ല. 60 അംഗ നിയമസഭയിലേക്ക് 2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 21 സീറ്റ് നേടിയ ബിജപിക്കാണു മന്ത്രിസഭ രൂപീകരിക്കാനുള്ള ക്ഷണം ലഭിച്ചത്. കോൺഗ്രസിൽനിന്ന് 9 പേരെ ബിജെപി പക്ഷത്ത് എത്തിച്ചു. കോൺഗ്രസിൽ ബാക്കി വന്ന 19 പേർ പ്രതിപക്ഷത്ത്.

ഗോവയിലും ഏതാണ് മണിപ്പൂരിലെ അതേ അവസ്ഥയായിരുന്നു. 40 അംഗ സഭയിലേക്ക് 2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 17 സീറ്റ് നേടി കോൺഗ്രസ് വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണം പിടിച്ചത് 13 സീറ്റ് മാത്രമുള്ള ബിജെപിയാണ്. കോൺഗ്രസിലെ ഒരംഗത്തെ അടർത്തിയെടുത്തു. കൂടാതെ മറ്റു പാർട്ടികളിലെ 10 എംഎൽഎമാരുടെ പിന്തുണകൂടി ബിജെപി നേടിയെടുത്തു.

കർണാടകത്തിൽ ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസാണ് വിജയം കണ്ടത്. 2018 ലെ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. 104 സീറ്റ് നേടി ബിജെപി വലിയ കക്ഷിയായി. കോൺഗ്രസിന് 80 സീറ്റും ജനതാദളിന് 37 സീറ്റും കിട്ടി. വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു.

യെഡിയൂരപ്പ സർക്കാർ വിശ്വാസവോട്ടിൽ വീണു. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ജെഡിഎസ് സർക്കാർ അധികാരത്തിലെത്തി. 16 വിമത കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ രാജിവെപ്പിച്ചാണ് ബിജെപി കർണാടകത്തിലെ രാഷ്ട്രീയ പോരാട്ടത്തിൽ വിജയം കണ്ടത്. യെഡിയൂരപ്പ 2019 ൽ വീണ്ടും അധികാരത്തിലെത്തി.

മഹാരാഷ്ട്രയിൽ മാത്രമാണ് ബിജെപി നക്കം പാളുന്നത് രാജ്യം കണ്ടത്. 2019 ൽ ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റും ലഭിച്ചു. മുഖ്യമന്ത്രിസ്ഥാനം പങ്കിടമെന്ന ശിവസേനയുടെ നിർബന്ധത്തിനു മുന്നിൽ മന്ത്രിസഭാ രൂപീകരണം നടന്നില്ല. നവംബർ 12 ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിൽ വന്നു. കോൺഗ്രസ്, എൻസിപി പിന്തുണയോടെ ശിവസേന സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പുതിയ നീക്കത്തിലൂടെ ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചു.

എൻസിപിയിലെ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റത്. വിശ്വാസ വോട്ടെടുപ്പ് വേണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ മന്ത്രിസഭ രാജിവച്ചു. തുടർന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുകയായിരുന്നു.

പുതുച്ചേരിയൽ സർക്കാറിനെ അട്ടിമറിച്ചെങ്കിലവും ഒരു എംഎൽഎ പോലുമില്ലാത്ത ബിജെപിക്കു വരുന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സ്വന്തം മുഖ്യമന്ത്രിയെ അധികാരത്തിലെത്തിക്കുക അത്ര എളുപ്പമാവണമെന്നില്ല. ഘടകകക്ഷികളായ എൻ.ആർ.കോൺഗ്രസിനും അണ്ണാഡിഎംകെയ്ക്കും ബിജെപിയുടേത് അതിമോഹമായി തോന്നിയേക്കാം

1963ൽ ഇന്ത്യൻ യൂണിയനോടു ചേർന്നതു മുതൽ പുതുച്ചേരി രാഷ്ട്രീയത്തിനു ചായ്വ് കോൺഗ്രസിനോടാണ്. ബിജെപിയുടെ രാഷ്ട്രീയ ചരിത്രം 2001-ൽ ജയിച്ച ഒറ്റ എംഎൽഎയിൽ ഒതുങ്ങുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണു പുതുച്ചേരിയിൽ ബിജെപിയുടെ കണ്ണു വീണതുതന്നെ. അക്കൊല്ലം കിരൺ ബേദിയെ ലഫ്.ഗവർണറായി നിയമിച്ചു തുടങ്ങിയ ചരടുവലികളുടെ ഫലപ്രാപ്തിയാണു നാരായണ സാമിയുടെ വീഴ്ച.

കോൺഗ്രസിന്റെ തെറ്റായ തീരുമാനങ്ങൾ ബിജെപിയുടെ കളികൾ എളുപ്പമാക്കി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന എ.നമശിവായത്തിന്റെ നേതൃത്വത്തിലാണു പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ, തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ നാരായണ സാമി മുഖ്യമന്ത്രിയായി. പാർട്ടിയിലുണ്ടായ സ്വാഭാവിക അനിഷ്ടങ്ങൾ പറഞ്ഞു തീർക്കാനും ശ്രമമുണ്ടായില്ല.

കോൺഗ്രസിലെ അതൃപ്തരെ ചാക്കിട്ടാണു ബിജെപി സർക്കാരിനെ അട്ടിമറിച്ചത്. നമശിവായം, 4 തവണ എംഎൽഎയായിട്ടും മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന ലക്ഷ്മി നാരായണൻ എന്നിവരുൾപ്പെടെ 5 കോൺഗ്രസ് എംഎൽഎമാരും ഒരു ഡിഎംകെ അംഗവും രാജിവച്ചു. ഇതിൽ പലരും ബിജെപിയിൽ ചേർന്നു കഴിഞ്ഞു. മറ്റുള്ളവരുടെ നോട്ടവും അങ്ങോട്ടു തന്നെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP