Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'രാജസ്ഥാനിലെ കോൺ​ഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി പണം സമാഹരിച്ചത് മഹാരാഷ്ട്രയിൽ നിന്ന്; സംസ്ഥാനത്തെ വ്യവസായികളിൽ നിന്നും കോൺട്രാക്ടർമാരിൽ നിന്നുമായി പിരിച്ചെടുത്തത് 500 കോടി രൂപ; കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കുന്നത് കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ചും വൻതോതിൽ പണം ഒഴുക്കിയും'; രാജസ്ഥാനിലും റിസോർട്ട് രാഷ്ട്രീയം അരങ്ങു തകർക്കുമ്പോൾ ​ഗുരുതര ആരോപണങ്ങളുമായി കോൺ​ഗ്രസ്

'രാജസ്ഥാനിലെ കോൺ​ഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി പണം സമാഹരിച്ചത് മഹാരാഷ്ട്രയിൽ നിന്ന്; സംസ്ഥാനത്തെ വ്യവസായികളിൽ നിന്നും കോൺട്രാക്ടർമാരിൽ നിന്നുമായി പിരിച്ചെടുത്തത് 500 കോടി രൂപ; കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കുന്നത് കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ചും വൻതോതിൽ പണം ഒഴുക്കിയും'; രാജസ്ഥാനിലും റിസോർട്ട് രാഷ്ട്രീയം അരങ്ങു തകർക്കുമ്പോൾ ​ഗുരുതര ആരോപണങ്ങളുമായി കോൺ​ഗ്രസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജസ്ഥാനിലെ കോൺ​ഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി പണം സമാഹരിച്ചത് മഹാരാഷ്ട്രയിൽ നിന്നെന്ന ആരോപണവുമായി കോൺ​ഗ്രസ്. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ മഹാരാഷ്ട്രയിലെ വ്യവസായികളിൽ നിന്നും കോൺട്രാക്ടർമാരിൽ നിന്നുമായി ബിജെപി 500 കോടി രൂപ സമാഹരിച്ചു എന്നാണ് കോൺ​ഗ്രസ് ആരോപിക്കുന്നത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് ജനറൽ സെക്രട്ടറിയും വക്താവുമായ സച്ചിൻ സാവന്താണ് ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയത്.

രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ 500 കോടി പിരിച്ചെടുത്തുവെന്ന വിവരം വിശ്വസ്ത കേന്ദ്രങ്ങളിൽനിന്നാണ് ലഭിച്ചിട്ടുള്ളത് എന്ന് സച്ചിൻ സാവന്ത് പറഞ്ഞു. ഇക്കാര്യം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിനും ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചതെന്നും സച്ചിൻ സാവന്ത് പറഞ്ഞു.

ആദായനികുതി വകുപ്പിനെയും സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെയും ഉപയോഗിച്ചും വൻതോതിൽ പണം ഒഴുക്കിയും രാജ്യത്തെ കോൺ​ഗ്രസ് സർക്കാരുകളെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് സച്ചിൻ സാവന്ത് ആരോപിക്കുന്നു. കർണാടകത്തിലെ കോൺഗ്രസ് -ജെഡിഎസ് സർക്കാരിനെ അട്ടിമറിച്ചതിന് പിന്നിലും ഇത്തരം നീക്കങ്ങളാണ്. കർണാടക എംഎൽഎമാരെ മുംബൈയിലെ ഹോട്ടലിൽ പൊലീസ് കസ്റ്റഡിയിലാണ് മുൻ സർക്കാരിന്റെ കാലത്ത് പാർപ്പിച്ചിരുന്നത്. മുതിർന്ന ബിജെപി മന്ത്രിയുടെ വീട്ടിൽ നടന്ന യോഗങ്ങൾ സംസ്ഥാനത്തെ ജനങ്ങൾ കണ്ടതാണ് എന്നും കോൺ​ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഹരിയാനയിലെ മനേസറിൽ വിമത എംഎൽഎമാർ തങ്ങുന്ന ഹോട്ടലിലേക്ക് എത്തിയ രാജസ്ഥാൻ പൊലീസിനെ ഹരിയാന പൊലീസ് തടഞ്ഞത് നാടകീയ രം​ഗങ്ങൾക്ക് കാരണമായി. രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പാണ് വിമത എംഎൽഎമാകെ കാണാനായി മനേസറിലെ ഹോട്ടലിലെത്തിയത്. എന്നാൽ, ഇവരെത്തിയ വാഹനം ഹരിയാന പൊലീസ് തടയുകയായിരുന്നു. രാജസ്ഥാൻ പൊലീസിനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നു പറഞ്ഞാണ് ഹരിയാന പൊലീസ് വാഹനം വഴിയിൽ തടഞ്ഞത്. ചിലരെ ചോദ്യം ചെയ്യാനാണ് വന്നതെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചെങ്കിലും നിലപാട് മാറ്റാൻ ഹരിയാന പൊലീസ് തയ്യാറായില്ല. ഒടുവിൽ, ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിനും വാക്തർക്കങ്ങൾക്കുമൊടുവിലാണ് രാജസ്ഥാൻ‌ പൊലീസിന് റിസോർട്ടിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചത്.

കോൺ​ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിൽ നിന്ന് വിമത എംഎൽഎമാർ ബിജെപി ഭരണത്തിലുള്ള ഹരിയാനയിലെ റിസോർട്ടിലെത്തിയതിനു പിന്നിൽ ബിജെപിയുടെ കുത്സിത നീക്കമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നിഷേധിച്ചു. ഹരിയാനയിലെ സ്വകാര്യ റിസോർട്ടുകളിൽ ആർക്കു വേണമെങ്കിലും താമസിക്കാം, അതിനു പിന്നിൽ ഞങ്ങൾക്ക് പങ്കൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അശോക് ​ഗെലോട്ട് സർക്കാരിനെതിരെ പടനീക്കം നടത്തിയതിനെത്തുടർന്ന് വിമത എംഎൽഎമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് നടപടി. ഇതേക്കുറിച്ചുള്ള അന്വേഷണച്ചുമതലയാണ് സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പിനുള്ളത്.

ജൂലൈ 21വരെ അയോ​ഗ്യത അരുതെന്ന് കോടതി

സച്ചിൻ പൈലറ്റിനും കൂടെയുള്ള 18 എംഎൽഎമാർക്കുമെതിരെ ജൂലൈ 21 വരെ നടപടികളൊന്നും എടുക്കരുതെന്ന് രാജസ്ഥാൻ സ്പീക്കർക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ജൂലൈ 21 വൈകീട്ട് 5 വരെ തീരുമാനമെടുക്കരുതെന്ന് കോടതി സ്പീക്കറോട് നിർദ്ദേശിച്ചു. സച്ചിൻ പൈലറ്റിനെയും കൂടെയുള്ള 18 എംഎൽഎമാരെയും നിയമസഭയിൽനിന്നും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെയുള്ള സച്ചിൻ പൈലറ്റും 18 എംഎൽഎമാരും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. തിങ്കളാഴ്‌ച്ച വീണ്ടും ഹർജിയിൽ വാദം കേൾക്കും. ഇന്ന് വൈകുന്നേരം സ്പീക്കർ അന്തിമ തീരുമാനം എടുക്കാൻ ഇരിക്കവേയാണ് കോടതിയുടെ ഉത്തരവ് വന്നത്.

കഴിഞ്ഞ ദിവസമാണ് സ്പീക്കർ പൈലറ്റടക്കം 19 പേരെ അയോഗ്യരാക്കി നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനെതിരെ പുറത്തായ എംഎൽഎമാർ നൽകിയ പരാതിയിലാണ് കോടതി വാദം കേൾക്കുന്നത്. വെള്ളിയാഴ്ച കേസ് കോടതിയുടെ പരിഗണനയിലെത്തിയിരുന്നെങ്കിലും വാദം കേൾക്കൽ മാറ്റിവെക്കുകയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്വിയാണ് കോൺഗ്രസിനുവേണ്ടി ഹാജരാവുന്നത്. പൈലറ്റ് വിഭാഗത്തിനായി ഹാജരായത് ഹരീഷ് സാൽവെയാണ്.

രണ്ട് വിമത എംഎൽഎമാരെ പുറത്താക്കി കോൺ​ഗ്രസ്

അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് കോൺഗ്രസ് രണ്ട് എം‌എൽ‌എമാരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി. രാജസ്ഥാനിലെ നിയമസഭാംഗങ്ങൾക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ശെഖാവത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും പാർട്ടി ആവശ്യപ്പെട്ടു. വിമത എംഎൽഎമാരായ ഭൻവർലാൽ ശർമ, വിശ്വേന്ദ്ര സിങ് എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്തതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

“കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശേഖാവത്തിനെതിരെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് എഫ്‌ഐആർ ഫയൽ ചെയ്യണമെന്നും അന്വേഷണം ആരംഭിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു. അന്വേഷണത്തെ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് സംശയിക്കുന്നുവെങ്കിൽ ഉടനടി വാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്യുകയും വേണം. കോൺഗ്രസ് എം‌എൽ‌എ ഭൻ‌വർ ലാൽ ശർമ, ബിജെപി നേതാവ് സഞ്ജയ് ജെയിൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. എം‌എൽ‌എമാർക്ക് കൈക്കൂലി നൽകാൻ ആരാണ് കള്ളപ്പണം ഏർപ്പെടുത്തിയതെന്നും ആരാണ് കൈക്കൂലി നൽകിയതെന്നും അന്വേഷിക്കണമെന്നും” സുർജേവാല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP