Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനായി ബിജെപി മുന്നോട്ട്; 15 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നും 45 ശിവസേന എംഎൽഎമാർ സർക്കാർ രൂപീകരണത്തിൽ സഹകരിക്കുമെന്നും പാർട്ടി നേതാക്കൾ; മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കിടാനാവില്ല; ശിവസനയുടെ 30 എൽഎമാരെ ബിജെപി റാഞ്ചുമെന്ന് ആശങ്ക; ശിവസേനയിൽ പിളർപ്പുണ്ടാക്കാനും സ്വതന്ത്രരെ ചാക്കിടാനുമായി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ച; ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനായി ബിജെപി മുന്നോട്ട്; 15 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നും 45 ശിവസേന എംഎൽഎമാർ സർക്കാർ രൂപീകരണത്തിൽ സഹകരിക്കുമെന്നും പാർട്ടി നേതാക്കൾ; മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കിടാനാവില്ല; ശിവസനയുടെ 30 എൽഎമാരെ ബിജെപി റാഞ്ചുമെന്ന് ആശങ്ക;  ശിവസേനയിൽ പിളർപ്പുണ്ടാക്കാനും സ്വതന്ത്രരെ ചാക്കിടാനുമായി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ച; ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന ഇടഞ്ഞുനിൽക്കുന്നതു തുടരുമ്പോൾ തന്നെ സർക്കാർ രൂപീകരണത്തിന് ബിജെപി ഒരുക്കം തുടങ്ങി. നാളെയോ മറ്റന്നാളോ ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചനകൾ..15 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നും 45 ശിവസേന എംഎൽഎമാർ സർക്കാർ രൂപീകരണത്തിൽ സഹകരിക്കുമെന്നും ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നു. ശിവസേന അധികം സമ്മർദം ചെലുത്തുകയാണെങ്കിൽ പാർട്ടി പിളർത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ശിവസേനയിൽ പിളർപ്പുണ്ടാക്കാനും സ്വതന്ത്രരെ ചാക്കിടാനുമായി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ സ്വതന്ത്രർ പിന്തുണ പ്രഖ്യാപിക്കുന്നത് ബിജെപി ക്യാമ്പിൽ ആത്മവിശ്വാസം നൽകുന്നുണ്ട്. നേരത്തെ എൻസിപി ശിവസേനക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള നീക്കം നടത്തിയിരുന്നെങ്കിലും ഇതും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല.

അതേസമയം ശിവസേനയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിനെതിരെ പ്രശ്നങ്ങൾ തുടങ്ങിയതായും മറാത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉദ്ധവ് താക്കറെ ഉപമുഖ്യമന്ത്രിയോ മുഖ്യമന്ത്രിയോ ആകുന്നതിനെതിരെ പാർട്ടിക്കകത്ത് തന്നെ അസ്വാരസ്യങ്ങളുണ്ട്. ആദ്യ തവണ എംഎൽഎ ആകുന്നയാൾ മുഖ്യമന്ത്രി ആകുന്നതിനെതിരെയാണ് ആക്ഷേപങ്ങളുയരുന്നത്. ഈ സാഹചര്യത്തിൽ മുതിർന്ന ശിവസേന നേതാക്കളുടെ അടിയന്തര ഉന്നതതലയോഗം ഉദ്ധവ് താക്കറെയുടെ വീട്ടിൽ ചേർന്നിട്ടുണ്ട്.

മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കിടണമെന്ന നിർദ്ദേശം സേന മുന്നോട്ടുവച്ചതോടെയാണ്, മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിലായത്. ശിവസേനയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു ഉടമ്പടി ഇരു പാർട്ടികളും തമ്മിൽ ഇല്ലെന്ന് ഫഡ്‌നാവിസ് തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ബിജെപിയുമായി ഇന്നു നടത്താനിരുന്ന ചർച്ച സേനാ തലവൻ ഉദ്ധവ് താക്കറെ റദ്ദാക്കി.പ്രതിസന്ധി തുടരുമ്പോഴും സർക്കാർ രൂപീകരണത്തിന് ബിജെപി ഒരുക്കം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. നാളെയോ മറ്റന്നാളോ ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യും. കടുത്ത നിലപാടിലേക്കു പോവാതെ സേന ബിജെപിക്കൊപ്പം വരുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രിപദം വേണമെന്നതലല്ല, മറിച്ച് സുപ്രധാന വകുപ്പുകൾക്കു വേണ്ടിയുള്ള വിലപേശലാണ് സേന നടത്തുന്നതെന്ന് അവർ കരുതുന്നു.

അതേസമയം മുഖ്യമന്ത്രി പദം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കില്ലെന്ന് സേനാ വൃത്തങ്ങളും പറയുന്നു. ആദിത്യ താക്കറെയെ ഉപമുഖ്യമന്ത്രിയാക്കുകയാണ് സേനയുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ സംസ്ഥാന ബിജെപി നേതൃത്വത്തിന് ഇതിനോടും യോജിപ്പില്ലെന്നാണ് അറിയുന്നത്. താക്കറെ കുടുംബത്തിൽനിന്ന് ഒരാൾ ഭരണ നേതൃത്വത്തിൽ സുപ്രധാന സ്ഥാനത്ത് എത്തുന്നത് സേനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അവരുടെ ആശങ്ക. നേരത്തെ തന്നെ സുഖകരമല്ലാത്ത ബന്ധമാണ് സംസ്ഥാന ബിജെപിക്ക് സേനയോടുള്ളത്. സേനാ മുഖപത്രം തുടർച്ചയായി ബിജെപിയെ വിമർശിക്കുന്നത് അവർ ചൂണ്ടിക്കാട്ടുന്നു.

ഉപമുഖ്യമന്ത്രി പദത്തിനു വേണ്ടി വിലപേശുകയും അതിനെ ബിജെപി എതിർക്കുന്ന സാഹചര്യത്തിൽ സുപ്രധാന വകുപ്പുകൾ കൈക്കലാക്കുകയും ചെയ്യുകയെന്ന തന്ത്രം സേന പയറ്റുകയാണെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയിലെത്താനിടയുണ്ടെന്ന് അവർ പറയുന്നു. അതിനിടെ ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മഹാരാഷ്ട്രയിലെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തിന് ഉദ്ധവ് താക്കറെക്ക് ഫഡ്‌നാവിസ് നന്ദി പറഞ്ഞു. ശിവസേനയുമായുള്ള പിണക്കം പരിഹരിക്കും. മഹാ സഖ്യത്തിന്റെ അവശ്യകതയെക്കുറിച്ച് അദ്ദേഹം വാചാലനായി. സൗത്ത് മുംബൈയിലെ വിധാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ 105 എംഎൽഎമാർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP